Paranjoy on Facebook Paranjoy on Twitter Paranjoy on Google+ Paranjoy on LinkedIn
Paranjoy Guha Thakurta

ഇന്ദ്രാണി മുഖര്‍ജിയും റിലയന്‍സും അഴിഞ്ഞു വീഴുന്ന കോര്‍പറേറ്റ് മുഖംമൂടിയും

Date published: October 11, 2015Publication: Azimukham Link to original article

2013 നവംബറില്‍ thehoot.org ല്‍ വന്ന ഒരു ലേഖനം വളരെ പെട്ടെന്ന് കാര്യമായ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഐഎന്‍എക്‌സ്/ ന്യൂസ് എക്‌സ് മീഡിയ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ തങ്ങളുടെ ഓഹരി പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും എങ്ങനെയാണ് വിറ്റതെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ഭീമനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഈ കമ്പനികളുടെ നിയന്ത്രണം സങ്കീര്‍ണ്ണമായ മാര്‍ഗങ്ങളിലൂടെ എങ്ങനെ നേടിയെടുത്തുവെന്നും വിശദമാക്കുന്നതായിരുന്നു ആ ലേഖനം.

കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) എങ്ങനെയാണ് ഈ നൂലാമാലകള്‍ നിറഞ്ഞ ഇടപാടുകള്‍ പരിശോധിക്കുന്നത് എന്നായിരുന്നു ഹൂട്ട് ലേഖനത്തിന്റെ ഉള്ളടക്കം. റിലയന്‍സുമായും അംബാനിയുമായും ബന്ധമുള്ള കമ്പനികള്‍ ഉള്‍പ്പെട്ട ഈ അസാധാരണ ഇടപാടുകളെ കുറിച്ചുള്ള ഒരു എസ്എഫ്‌ഐഒ കരട് റിപ്പോര്‍ട്ടും രണ്ട് പേജുള്ള ഒരു ഔദ്യോഗിക കത്തും ലേഖനത്തോടൊപ്പം thehoot.org പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ ലേഖനം പ്രസിദ്ധീകരിക്കുമ്പോള്‍ ഞാന്‍ എഴുതിയ കാര്യങ്ങളില്‍ എനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല.

ഹൂട്ട് എഡിറ്റര്‍ സെവന്തി നൈനാനും ഞാനും ആ സമയത്ത് ന്യൂ ഡല്‍ഹിയിലെ സെന്‍ട്രന്‍ ഗവണ്‍മെന്റ് ഓഫീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐഒ ഡയറക്ടര്‍ നിലിമേഷ് ബറുവയെ കാണാന്‍ ചെന്നിരുന്നു. അദ്ദേഹം വളരെ മാന്യമായും ഉപചാരങ്ങളോടെയും ഞങ്ങളെ സ്വീകരിക്കുകയും ചായ നല്‍കുകയും ചെയ്തു. റിലയന്‍സും ഐഎന്‍എക്‌സ്/ ന്യൂസ് എക്‌സ് ഗ്രൂപ്പും തമ്മിലുള്ള അസാധാരണ ഇടപാടുകളെ കുറിച്ച് തന്റെ ഓഫീസ് തയാറാക്കിയ ആ കരട് റിപ്പോര്‍ട്ടിന്റെ കാര്യം തന്റെ പദവിയില്‍ ഇരിക്കുന്ന ഏതൊരാള്‍ക്കും സ്ഥിരീകരിക്കാനോ തള്ളിപ്പറയാനോ കഴിയാത്ത അവസ്ഥയെക്കുറിച്ച് ക്ഷമയോട് കൂടി അദ്ദേഹം വിശദീകരിച്ചു തന്നു. അന്ന് ഞങ്ങളുടെ പക്കല്‍ ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഉണ്ടായിരുന്നില്ല.

എങ്കിലും വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ ലേഖനത്തിന്റെ ആദ്യഭാഗം 'ഗുരുതരമായ തട്ടിപ്പ്' എന്ന തലക്കെട്ടില്‍ 2013 നവംബര്‍ ഏഴിന് thehoot.org പ്രസിദ്ധീകരിച്ചു. 'റിലയന്‍സും ഐഎന്‍എക്‌സ് (9എക്‌സ്) മീഡിയയും തമ്മില്‍ നാലു വര്‍ഷം മുമ്പ് നടന്ന ഇടപാടില്‍ സംഭവിച്ചിരിക്കാവുന്ന തട്ടിപ്പിനെ കുറിച്ചും ഇതില്‍ സ്വകാര്യ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ന്യൂ സില്‍ക്ക് റൂട്ടിനുള്ള പങ്കിനെ കുറിച്ചും ഒരു സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കുന്നു' എന്ന മുഖവുരയും നല്‍കിയിരുന്നു.

നാലു ദിവസങ്ങള്‍ക്കു ശേഷം നവംബര്‍ 11-ന് ഉദ്വേഗജനകമായ ഈ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സന്നദ്ധ സംഘടനയ്ക്കു വേണ്ടി ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് പുതിയൊരു അന്വേഷണത്തിന് ഉത്തരവിടണമെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്‌വി, വി ഗോപാല്‍ഗൗഡ എന്നിവരടങ്ങുന്ന ബഞ്ചിനോട് ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പ് ചോര്‍ത്തിയ കോര്‍പറേറ്റ് ലോബിയിസ്റ്റ് നീര റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ വെളിപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടക്കുന്ന വിശാലമായ അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഇത്. റാഡിയയുടെ ഇടപാടുകാരില്‍ ഏറ്റവും പ്രധാനികളില്‍ ഒരാള്‍ മുകേഷ് അംബാനിയായിരുന്നു.

നവംബര്‍ 13-ന് ലേഖനത്തിന്റെ രണ്ടാം ഭാഗം 'ഒരു നിഗൂഢ ഇടപാട്' എന്ന തലക്കെട്ടില്‍ thehoot.org പ്രസിദ്ധീകരിച്ചു. 'വില്‍പ്പനക്കാരും വാങ്ങുന്നവരും റിലയന്‍സ് തന്നെയായിരുന്നുവെന്ന് വ്യക്തമാകുന്നു. 'പണമിടപാടില്‍ ഉണ്ടായ വിവിധ കമ്പനികളുടെ സങ്കീര്‍ണമായ കെട്ടുപാടുകള്‍ റിലയന്‍സിന്റെ പങ്ക് മറച്ചുവയ്ക്കാനായിരുന്നു' എന്നായിരുന്നു മുഖവുര.

ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ പദവി വിട്ട ഉടന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞ ഒരു കാര്യവും ഇവിടെ പ്രസക്തമാണ്. 'രാജിവച്ച ദിവസം, റിലയന്‍സ്, മുകേഷ് അംബാനി, ഒരു സ്വകാര്യ മാധ്യമ കമ്പനി എന്നിവരുള്‍പ്പെടുന്ന ഒരു കിടിലന്‍ അന്വേഷണാത്മക വാര്‍ത്ത എഡിറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഇനി ആ വാര്‍ത്തയോ കോര്‍പറേറ്റുകള്‍ക്കെതിരായ മറ്റേതെങ്കിലും ശക്തമായ അന്വേഷണാത്മക റിപ്പോര്‍ട്ടുകളോ എന്നെങ്കിലും അച്ചടിക്കപ്പെടുമന്ന് എനിക്കുറപ്പില്ല. എനിക്കു തെറ്റുപറ്റിയെന്ന് തെളിയക്കപ്പെടുകയാന്നെങ്കില്‍ അത് എന്നെ ഏറെ സന്തോഷവാനാക്കും,' 2013 ഒക്ടോബര്‍ 23-ന് തെഹല്‍ക്ക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സോഗത് ദാസ്ഗുപ്തയോട് അദ്ദേഹം പറഞ്ഞതാണിത്.

ഇനി വര്‍ത്തമാന കാലത്തേക്ക് വരാം. ഐഎന്‍എക്‌സ്/ ന്യൂസ് എക്‌സ് ഗ്രൂപ്പിന്റെ ഇടപാടിനെ കുറിച്ചുള്ള എസ്എഫ്‌ഐഒ അന്വേഷണത്തിന് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ച് സഹപത്രപ്രവര്‍ത്തകരില്‍ നിന്നും എനിക്ക് നിരവധി ഫോണ്‍വിളികളാണ് ഇപ്പോള്‍ വരുന്നത്. ഇവരിലേറെയും മുംബൈയിലെ പത്രപ്രവര്‍ത്തകരാണ്. എന്റെ അറിവനുസരിച്ച് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെടുന്ന എസ്എഫ്‌ഐഒ കരട് റിപ്പോര്‍ട്ടിന്മേല്‍ 2012 ഒക്ടോബര്‍ മുതല്‍ യുപിഎ സര്‍ക്കാര്‍ കാലവധി അവസാനിച്ച 2014 മേയ് വരെ കോര്‍പറേറ്റ്കാര്യ മന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും ഞാന്‍ മറുപടി നല്‍കി. എന്നെ വിളിച്ച് അന്വേഷിക്കുന്നതിനു പകരം റിലയന്‍സിന് ഐഎന്‍എക്‌സ്/ ന്യൂസ് എക്‌സ് ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന് എന്തു സംഭവിച്ചെന്ന് ഇപ്പോഴത്തെ വകുപ്പു മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിളിച്ച് അന്വേഷിക്കണമെന്നും എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളോട് നിര്‍ദേശിച്ചു.

മുഖര്‍ജി ദമ്പതികളുമായി ബന്ധപ്പെട്ട ഏതുകാര്യവും മാധ്യമ ശ്രദ്ധപിടിച്ചു പറ്റുന്നു എന്നതില്‍ ആശ്ചര്യപ്പെടേണ്ടതായി ഒന്നുമില്ല. മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയയുടെ പൊടുന്നനെയുള്ള സ്ഥാനചലനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് ശക്തമായ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിലും അസാധാരണമായി ഒന്നുമില്ല. ഷീന ബോറ (ഇന്ദ്രാണിയുടെ മകള്‍. സഹോദരി എന്നായിരുന്നു നേരത്തെ ഇവര്‍ അവകാശപ്പെട്ടിരുന്നത്) വധക്കേസ് അന്വേഷണത്തില്‍ വ്യക്തിപരമായി മരിയ ഏറെ താല്‍പര്യമെടുത്തുവെന്നു മാത്രമല്ല ഈ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചും അദ്ദേഹം അന്വേഷണം നടത്തിയിരുന്നു.

പീറ്റര്‍ മുഖര്‍ജിയുടെ ബിസിനസ് ഇടപാടുകളില്‍ ഉള്‍പ്പെട്ട ഉന്നതരിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ മരിയ കാണിച്ച അത്യാവേശവും ഐഎന്‍എക്‌സ് ഗ്രൂപ്പ് കമ്പനികള്‍ക്കു പിന്നിലെ സാമ്പത്തിക ഇടപാടുകളെ ചൂഴ്ന്നന്വേഷിക്കാന്‍ ശ്രമിച്ചതുമാണ് മരിയയുടെ പെട്ടെന്നുള്ള സ്ഥാന ചലനത്തിനിടയാക്കിയതെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദി വീക്ക് വാരികയുടെ 2015 സെപ്തംബര്‍ 20 ലക്കത്തില്‍ കവര്‍ സ്റ്റോറിയോടൊപ്പം നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നു: 'മുഖര്‍ജി ദമ്പതിമാരുടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തോട് ആവശ്യപ്പെട്ടത് മരിയ ആയിരുന്നു. ഒരു വന്‍കിട കോര്‍പറേറ്റ് സ്ഥാപനത്തിന്റെ പങ്ക് സൂചിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എസ്എഫ്‌ഐഒ നിര്‍ദേശിച്ചിരുന്നെങ്കിലും അത് ഒരിക്കലും നടന്നില്ല. ഈ ചാനലുകള്‍ക്ക് ലഭിച്ച പണ സ്രോതസ്സിന്റെയും മുഖര്‍ജി ദമ്പതിമാര്‍ ഇവ വില്‍പ്പന നടത്തിയതിന്റേയും എല്ലാ വിശദാംശങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അന്വേഷിക്കാന്‍ മരിയ തയാറെടുത്തിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.'

ഭാര്യ ഇന്ദ്രാണിയോടൊപ്പം പുതിയൊരു മാധ്യമ സ്ഥാപനം ആരംഭിക്കാനാണ് പീറ്റര്‍ മുഖര്‍ജി സ്റ്റാര്‍ ടിവിയുടെ ഇന്ത്യാ മേധാവി പദവി ഉപേക്ഷിച്ചത്. ഏതാനും വര്‍ഷങ്ങളായി ഈ ദമ്പതിമാരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടന്നു വരുന്നുണ്ടായിരുന്നു. ഈ അടുത്ത കാലംവരെ ഇതു രഹസ്യമായിരുന്നെന്ന് മാത്രം. നിക്ഷേപകരായ സിംഗപ്പൂര്‍ ഗവണ്‍മെന്റ് സ്ഥാപനമായ ടെമാസെക് ഹോള്‍ഡിംഗ്‌സ് ഐഎന്‍എക്‌സ്/ ന്യൂസ് എക്‌സ് മീഡിയ ഗ്രൂപ്പില്‍ നടത്തിയ ഒരു ആഭ്യന്തര ഓഡിറ്റില്‍ മുഖര്‍ജി ദമ്പതിമാര്‍ പലപ്പോഴായി ഫണ്ട് വകമാറ്റുകയും തിരിമറി നടത്തിയതായും സൂചനകള്‍ ലഭിച്ചിരുന്നു. ഒടുവില്‍ ഗ്രൂപ്പിലുള്ള തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ ടെമാസെകിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു.

മൂന്ന് മൊറീഷ്യസ് കമ്പനികള്‍ ഐഎന്‍എക്‌സ് മീഡിയയില്‍ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട് വിദേശ വിനിമയ നിയമം ലംഘിച്ചതിന് 2010-ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഈ അന്വേഷണം 2012-ല്‍ പൊടുന്നനെ നിലച്ചുവെന്ന് സെപ്തംബര്‍ 17-ലെ ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഈ ഇടപാടിന് (ന്യൂസ് എക്‌സ് വില്‍പ്പന) പ്രധാനമായും രണ്ട് വശങ്ങളുണ്ട്. ഒന്ന് ഐഎന്‍എക്‌സ് മീഡിയ വിദേശ വിനിമയ നിയമം ലംഘിച്ചതും മറ്റൊന്ന് ഓഹരിയെടുക്കല്‍ മാതൃകയില്‍ വരുത്തിയ മാറ്റങ്ങളുമാണ്,' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ന്യൂസ് എക്‌സ് ചാനല്‍ ഇന്‍ഡി മീഡിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിറ്റ ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സംശയത്തിന് ഇടനല്‍കാത്ത വിധം തെളിഞ്ഞിട്ടുണ്ടെന്ന് 2013-ലെ എസ്എഫ്‌ഐഒ കരട് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഐഎന്‍എക്‌സ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 92 ശതമാനം വരെ വിഹിതം സ്വന്തമാക്കിയത് ഒരു തട്ടിപ്പ് ഇടപാടിലൂടെ ആണെന്നും ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയാറക്കിയ പദ്ധതി പ്രകാരമായിരുന്നെന്നും ആ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെ കുറിച്ച് ഇതുവരെ വിശദമായി പുറത്തു വന്ന വിവരങ്ങള്‍ 2013 നവംബറില്‍ thehoot.org പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ മാത്രമാണ്. തട്ടിപ്പിടപാടുകള്‍ക്ക് നീര റാഡിയയുടെ നിയന്ത്രണത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മൌറീഷ്യസ് ആസ്ഥാനമായ ബഹുരാഷ്ട്ര നിക്ഷേപസ്ഥാപനമായ ന്യൂ സില്‍ക്ക് റൂട്ടുമായും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സഹസ്ഥാപനമായ ഒരു ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയുമായും ബന്ധമുണ്ടെന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പറയുന്നു. നിരവധി കണ്ണികള്‍ മുഖേനെയുള്ള ഈ ഇടപാടുകള്‍ ആസൂത്രിത തട്ടിപ്പിന്റെ ക്ലാസിക് ഉദാഹരണമായും എസ്എഫ്‌ഐഒ വിശേഷിപ്പിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കോര്‍പറേറ്റ് ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ ആര്‍ രാജയെ അന്വേഷണത്തിനിടെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ചുരുക്കം ചില പത്രങ്ങളേയും മാഗസിനുകളേയും മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ മാധ്യമങ്ങളും വാര്‍ത്തകളില്‍ റിലയന്‍സ് എന്ന പേര് വെളിപ്പെടുത്താതെ നോക്കി. ഒരു വലിയ കമ്പനിക്ക് ഈ ഗൂഢ ഇടപാടുകളില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നതായി മാത്രം മറ്റു മാധ്യമങ്ങള്‍ പരാമര്‍ശിച്ചു. ഐഎന്‍എക്‌സുമായി ബന്ധപ്പെട്ട ഗൂഢ ഇടപാടുകളിലുള്‍പ്പെട്ട ഒരു 'കോര്‍പറേറ്റ്' എന്നാണ് റിലയന്‍സിനെ ഓഗസ്റ്റ് 29-ലെ ഇന്ത്യാ ടുഡേ പരോക്ഷമായി പരാമര്‍ശിച്ചത്. ഇതേ ദിവസം തന്നെ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഴുതിയത് ഒരു വലിയ കോര്‍പറേറ്റ് സ്ഥാപനം എന്നായിരുന്നു. ഇക്കണോമിക് ടൈംസും ഐഎന്‍എക്‌സ് ഗ്രൂപ്പ് ഇടപാടുകളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ റിലയന്‍സിന്റെ പേര് പരാമര്‍ശിച്ചില്ല.

എങ്കിലും ഔട്ട്‌ലുക്ക് തങ്ങളുടെ കവര്‍ സ്റ്റോറിയില്‍ (ഓഗസ്റ്റ് 29) തുറന്നെഴുതി: 'മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരുടെ ഒരു ഗ്രൂപ്പുമാണ് യഥാര്‍ത്ഥത്തില്‍ ന്യൂസ് എക്‌സ് വാങ്ങിയതെന്ന് പിന്നീട് വെളിപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനികളില്‍ നിന്നു കൈപ്പറ്റുന്നതായി പറയുന്ന ലോണ്‍ കരാറുകളില്‍ ഇന്ദ്രാണി മുഖര്‍ജിയാണ് ഒപ്പുവച്ചത്. 10 രൂപ വിലയുള്ള ഓഹരിക്ക് 208 രൂപയായിരുന്നു പ്രീമിയം വില...'

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേര് പരാമര്‍ശിക്കുന്നതില്‍ ഡിഎന്‍എയും (ഓഗസ്റ്റ് 21) മടികാണിച്ചില്ല. 'ഒരു വലിയ കോര്‍പറേറ്റ് സ്ഥാപനത്തിനു വേണ്ടി ഐഎന്‍എക്‌സ് ഇടപാടില്‍ ധാരണയുണ്ടാക്കാന്‍ ഒരു വന്‍കിട ലോബിയിസ്റ്റിനെ കൊണ്ടു വന്നു. വ്യവസായ വൃത്തങ്ങളും അന്വേഷണ റിപ്പോര്‍ട്ടുകളും 2013-ല്‍ പുറത്തായ ഒരു എസ്എഫ്‌ഐഒ റിപ്പോര്‍ട്ടും പറയുന്നത് ആ ലോബിയിസ്റ്റ് നീരാ റാഡിയയും വലിയ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ആണെന്നാണ്.'

തെഹല്‍ക്ക (സെപ്തംബര്‍ 12) ഒരു പാരഗ്രാഫ് മുഴുവന്‍ അംബാനിയും ഈ ഇടപാടുകളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നു. 'വിനയ് ഛജ്‌ലാനി ഗ്രൂപ്പ്, സുവി ഇന്‍ഫോ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, നയിദുനിയ മീഡിയ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് മുകേഷ് അംബാനി ഗ്രൂപ്പ് 100 കോടി വായ്പ നല്‍കിയതായി 2010-ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അനില്‍ അംബാനി നല്‍കിയ പരാതിയില്‍ പറയുന്നു. സുവി ഇന്‍ഫോ മാനേജ്‌മെന്റും ഇവരുടെ 100 ശതമാനം സഹസ്ഥാപനമായ നയിദുനിയയും വിനയ് ഛജ്‌ലാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഈ മുന്നു കമ്പനികളും പരസ്പര ബന്ധമുള്ള കമ്പനികളാണെന്നും' തെഹല്‍ക റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒന്നടങ്കം മുഖര്‍ജി ദമ്പതിമാരെ കുറിച്ചും കൊല്ലപ്പെട്ട ഷീന ബോറ, അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഭാഗമായ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നെന്നുമെല്ലാം വള്ളിപുള്ളി വിടാതെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പല പത്രങ്ങളും ചാനലുകളും മുഖര്‍ജി ദമ്പതിമാരുമായുള്ള റിലയന്‍സിന്റെ ബന്ധം പരാമര്‍ശിക്കുന്നത് ജാഗ്രതയോടെയാണ്.

Date posted: October 13, 2015Last modified: October 29, 2015Posted byEeshaan Tiwary
Featured Book: As Author
Thin Dividing Line: India, Mauritius and Global Illicit financial flows
Paranjoy Guha Thakurta, with Shinzani Jain
Penguin Random House India
304 pages
December 2017
Documentary: Random
Koyla Ya Kaala Shaap
Date: June 2016Duration: 00:43:06
Featured Book: As Publisher
Sue the Messenger: How legal harassment by corporates is shackling reportage and undermining democracy in India
Co-authored with Subir Ghosh
Paranjoy
254 pages
May 2016
Video: Random
Dinesh C Sharma discusses "Know Your Heart" on LSTV Part 3
Date: October 27, 2014Duration: 10:48