Paranjoy on Facebook Paranjoy on Twitter Paranjoy on Google+ Paranjoy on LinkedIn
Paranjoy Guha Thakurta

നാം ആരെ വിശ്വസിക്കണം? മോദിയെ അതോ ജെയ്റ്റ്ലിയെയോ?

Date published: March 1, 2015Publication: Azimukham Link to original article

അരുണ്‍ ജെയ്റ്റ്ലി എന്ന ധനകാര്യമന്ത്രിയുടെ ആദ്യ സമ്പൂര്‍ണ കേന്ദ്ര ബജറ്റ് ശുഭ പ്രതീക്ഷകള്‍ എങ്ങനെ യാഥാര്‍ത്ഥ്യത്തിനു മുകളില്‍ പ്രാധാന്യം നേടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയില്‍ സമൂഹത്തിലെ എല്ലാ തട്ടിലെ ജനങ്ങളെയും ഒരേപോലെ സംതൃപ്തിപ്പെടുത്തുന്ന തരത്തില്‍ ആണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. പാവപ്പെട്ടവര്‍ക്കും, മധ്യവര്‍ഗ്ഗത്തിനും, കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും, കര്‍ഷകര്‍ക്കും, ചെറുകിട ബിസിനസ്സുകാര്‍ക്കും, യുവജനങ്ങള്‍ക്കും, വൃദ്ധര്‍ക്കും എല്ലാം സംതൃപ്തി പകരുന്ന ഒരു ബജറ്റ്. എന്നാല്‍ എല്ലാവരെയും സംതൃപ്തരാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഒടുവില്‍ ആരും തൃപ്തരല്ലാത്ത ഒരവസ്ഥയാണ് സൃഷ്ടിക്കപ്പെടുക.

അദ്ദേഹം എത്രമാത്രം ശുഭാപ്തി വിശ്വാസം വച്ച് പുലര്‍ത്തിയിരുന്നു എന്ന് നോക്കാം. നാണയപെരുപ്പം ഇപ്പോള്‍ ഉള്ള 5 ശതമാനത്തില്‍ നിന്ന് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 3 മുതല്‍ 3.5 കുറക്കാന്‍ ആകും എന്നതാണ് ഇതിലെ ഒന്നാമത്തെ പ്രതീക്ഷ. ഈ കണക്കു എങ്ങിനെ വന്നു എന്ന് പരിശോധിക്കാം. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തിലെ ജി ഡി പി വളര്‍ച്ച നിരക്ക് 11.5 ആയിരിക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. എന്നാല്‍ നാണയപെരുപ്പം വ്യവസ്ഥപ്പെടുത്തിയതിന് ശേഷം ഉള്ള യഥാര്‍ത്ഥ നിരക്ക് ഏകദേശം 8 മുതല്‍ 8.5വരെ ആയിരിക്കും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വരുന്ന സാമ്പത്തിക വര്‍ഷം വലിയ തോതിലൊന്നും വര്‍ധിക്കാന്‍ ഇടയില്ല എന്ന ഉറച്ച വിശ്വാസത്തിന്റെ പുറത്താണ് ജെയ്റ്റ്ലിയുടെ ഈ കണക്കുകൂട്ടലുകള്‍. ഇതൊരു "ധീരമായ" കണക്കുകൂട്ടല്‍ തന്നെ. എന്നാല്‍ ഈ ധീരതയെ ബി ജി പിക്കുള്ളില്‍ നിന്ന് തന്നെ പലരും അയഥാര്‍ത്ഥമെന്ന്‍ വിലയിരുത്തിയേക്കാം.

സര്‍ക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തില്‍ വര്‍ഷം തോറും ഉണ്ടാകുന്ന കുറവ് വ്യാവസായിക വളര്‍ച്ചയെയും, വിദേശ വ്യാപാരത്തെയും ദോഷകരമായി സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും, ക്രൂഡ് ഓയില്‍ വിലയിടിവില്‍ നിന്നുണ്ടായ ലാഭത്തിന്റെ മറപറ്റി നിലവിലെ ധനക്കമ്മിയെ 4.1 എന്ന മാന്ത്രിക സംഖ്യില്‍ തന്നെ പിടിച്ചു കെട്ടാം എന്നാണ് ധനമന്ത്രിയുടെ വാദം. ഇന്ത്യ, നിലവില്‍ രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് . അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവു ഇന്ത്യക്ക് ഏറെ ലാഭം നേടിത്തരും.

ഇത്തരത്തില്‍ വിലക്കുറവിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു മൂന്നില്‍ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് വിലക്കുറവെന്ന പേരില്‍ നല്‍കുന്നു. മറ്റു രണ്ടു ഭാഗവും സര്‍ക്കാര്‍ തങ്ങളുടെ കയ്യില്‍ സൂക്ഷിക്കുകയും ചെയുന്നു. നാണയപെരുപ്പത്തിന്റെ തോത് കുറക്കാന്‍ പെട്രോളിയം ഉത്പന്നങ്ങളില്‍ വന്ന ഈ വിലക്കുറവു ഏറെ സഹായകമായി എന്ന വസ്തുതയും നിലനില്‍ക്കുന്നു. ഇങ്ങനെ നോക്കിയാല്‍ ഈ സര്‍ക്കാറിന് ഭാഗ്യദേവതയുടെ തുണ ധാരാളം ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി ജെയ്റ്റ്ലിയും ഭാഗ്യദേവതയുടെ കടാക്ഷം നിലനില്ക്കുമെന്ന പ്രതീക്ഷയില്‍ ആണ്.

ധനകമ്മിയെ വരുതിയില്‍ നിര്‍ത്തി വൈദുതി, വെള്ളം, റോഡ്‌ മുതലായ ആവശ്യ വസ്തുക്കളുടെ വികസനത്തിനും, വിദ്യാഭ്യാസം, ആരോഗ്യം, മുതലായ സാമൂഹ്യ വികസനത്തിനും, കൂടുതല്‍ പണം വകയിരുത്താനും സാധിക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതിലേക്കാവശ്യമായ 69,500 കോടി രൂപ സമാഹരിക്കാനായി പൊതുമേഖലാ സ്ഥാപങ്ങളില്‍ നടത്തിയുള്ള ഷെയറുകള്‍ വില്പന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതിനു പുറമേ ഏകദേശം 28,500 കോടി രൂപ " തന്ത്രപരമായ ഓഹരി വില്പനയിലൂടെ" നേടുമെന്നും പറയുന്നു. എന്നാല്‍ ഈ നടപടികള്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കുന്നതിന്റെ ഭാഗമാണോ എന്ന് കാത്തിരുന്ന് കാണണം.

ഈ സാമ്പത്തിക വര്‍ഷം ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 63425 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്‌ഷ്യം വയ്ക്കുന്നത്. എന്നാല്‍ റെസിപ്റ്റ് ബജറ്റിലെ മൂലധന വരവുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് പറഞ്ഞിരിക്കുന്നതനുസരിച്ചു സര്‍ക്കാര്‍ ഈ വില്പനയില്‍ നിന്നും പ്രതീക്ഷിക്കുന്ന പണം 31,350 കോടി മാത്രമാണ്. ഈ പണത്തിന്റെ സിംഹ ഭാഗവും സംഘടിപ്പിക്കാന്‍ ലക്ഷ്യം വച്ചിരിക്കുന്ന കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ പകുതിയോളം വരുന്ന ഓഹരിയും വാങ്ങിയിരികുന്നത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ആണ്. സര്‍ക്കാരിന്റെ ഒരു കീശയിലെ പണം മറ്റേ കീശയിലേക്ക്‌ മാറ്റുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണിത്. ഇതൊരു തുടര്‍ക്കഥയാകുമോ? പോകെ പോകെ എല്ലാം തെളിഞ്ഞു വരും.

ഈ കഴിഞ്ഞ വെള്ളിയാഴ്ച മോദി ലോക സഭയില്‍ തൊഴിലുറപ്പ് പദ്ധതിയെ അധിക്ഷേപിച്ചു സംസാരിച്ചു. തൊട്ടടുത്ത ദിവസം, അദ്ദേഹത്തിന്റെ മന്ത്രി തന്നെ തൊഴിലുറപ്പുപദ്ധതിക്കുള്ള വിഹിതം; ഈ ബജറ്റ് അനുസരിച്ച് ഏകദേശം 700 കോടി അധികം നീക്കി വച്ചു. നികുതി വര്‍ധനവിന്റെ തോതനുസരിച്ച് ഇത് 5000 കോടി വരെ ആയേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ "പ്രതിബദ്ധരാണെന്നും", "പദ്ധതിയുടെ ഗുണതയിലും, ഫലത്തിലും" കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ ഏറ്റവും അവശ വിഭാഗങ്ങള്‍ക്ക്, പ്രതേകിച്ചു, ചെറുകിട കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും, താങ്ങായ ഒരു പദ്ധതി എന്നാണ് വെള്ളിയാഴ്ച അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ തൊഴിലുറപ്പുപദ്ധതിയെ വിശേഷിപ്പിച്ചത്‌. ഈ പദ്ധതി കൃത്യമായി ആസൂത്രണം ചെയ്തു അവതരിപ്പിച്ചു എന്നും അതില്‍ പറഞ്ഞിരിക്കുന്നു.

അതോടൊപ്പം, ഗ്രാമത്തിലെ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, ജലസേചനത്തിനും, ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗപ്രദമാകുന്ന വിധത്തില്‍ ഈ പദ്ധതിയെ ഉപയുക്തമാക്കാനും അതിലൂടെ ഗ്രാമങ്ങളിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചു വരുമാനം വര്‍ധിപ്പിക്കാനും എത്രത്തോളം സാധിക്കുന്നു എന്നതാണ് ഇതിലെ ഒരു വെല്ലുവിളി. എന്നും സര്‍വേ പറയുന്നു. നാം ആരെയാണ് വിശ്വസിക്കേണ്ടത്? മോദിയേയോ? ജെയ്റ്റ്ലിയേയോ? അതോ സര്‍ക്കാരിന്റെ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യനെയോ?

ബി ജെ പിയുടെ എതിര്‍ ചേരിയിലുള്ളവര്‍ പറയുന്ന ഈ സര്‍ക്കാര്‍ പണമുള്ളവരുടെ സര്‍ക്കാര്‍ ആണ്, കോര്‍പറേറ്റുകള്‍ ആണ് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്‌, ഇത്തരം പണച്ചാക്കുകള്‍ നികുതി വെട്ടിക്കുന്നവരാണ് എന്നൊക്കെയുള്ള സ്ഥിരം പല്ലവികള്‍ ഇല്ലാതാകാനുള്ള നുണുക്ക് വിദ്യകള്‍ ഒക്കെ ഈ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായിരുന്നു. കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യന്‍ നികുതി വ്യവസ്ഥയെ പൊളിച്ചെഴുതും എന്നൊക്കെ പറയുന്നതിനൊപ്പം കോര്‍പറേറ്റുകളുടെ മേല്‍ ചുമത്തുന്ന നികുതി വരും വര്‍ഷങ്ങളില്‍ കുറയ്ക്കും എന്ന് കൂടി അദ്ദേഹം പറഞ്ഞുവച്ചു. ഇതോടൊപ്പം സ്വിസ്സ് ബാങ്കില്‍ കോടികള്‍ നിക്ഷേപം നടത്തുന്നവരെയും, ഈ കള്ളപ്പണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരെയും ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യക്ഷ നികുതിയില്‍ ( അതായത് സ്വകാര്യ വ്യക്തികളുടെ വരുമാനം, കോര്‍പറേറ്റ് ലാഭം എന്നിവക്കുള്ള നികുതി) വരുത്തുന്ന മാറ്റങ്ങള്‍ മൂലം വരുന്ന ആദായ നഷ്ടം 8,315 കോടിയും, പരോക്ഷ നികുതിയില്‍ (എക്സൈസ് , കസ്റ്റംസ് നികുതികള്‍, സേവന നികുതി ) വരുന്ന ആദായ നഷ്ടം 23,383 കോടിയും ആണ്. ഇതിനാല്‍ തന്നെ 23,383 കോടിരൂപയുടെ അധിക ബാധ്യത സര്‍ക്കാരിനു നേരിടേണ്ടി വരും.

പ്രത്യക്ഷ നികുതി വളരെ പുരോഗമനപരമാണ്. എന്ന് വച്ചാല്‍ പണക്കാരന്‍ പാവപ്പെട്ടവനേക്കാള്‍ നികുതി നല്‍കണം. എന്നാല്‍ പരോക്ഷ നികുതിയില്‍ ഈ വ്യത്യാസം ഇല്ല. പവപ്പെട്ടവനും പണക്കാരനും തുല്യ നികുതി നല്‍കണം.

2015-16 കാലത്ത് പരോക്ഷ നികുതിയില്‍ നിന്ന് വന്‍ തോതില്‍ അധിക നികുതി ലഭിക്കാന്‍ ഉള്ള സാധ്യത ഉണ്ട്. കാരണം, സേവന നികുതി (വിദ്യാഭ്യാസ നികുതി ഉള്‍പ്പെടെ ) 12.36 ശതമാനത്തില്‍ നിന്നും 14 ശതമാനം ആയാണ് വര്‍ധിക്കുന്നത്. 2014-15ലെ ബജറ്റ് കണക്കുകള്‍ അനുസരിച്ച് മൊത്തം സേവന നികുതി പണം കണക്കാക്കിയത് 2,15,973 കോടി എന്നായിരുന്നു. എന്നാല്‍ പുനഃപരിശോധിച്ച കണക്കുകളില്‍ ഇത് വെറും 1,68,132 കോടി ആയിരുന്നു. 47,841 കോടി രൂപയുടെ കുറവ്. ഇതിനോട് താരതമ്യപ്പെടുത്തിയാല്‍ സേവന നികുതി 41,642 കോടിയില്‍ നിന്ന് 2,09,774 കോടിയായി വര്‍ധിക്കാന്‍ ആണ് സാധ്യത.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആണ് ജെയ്റ്റ്ലി എത്രമാത്രം ശുഭപ്രതീക്ഷയോടെ ആണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്ന ചിത്രം കൃത്യമായി മനസ്സിലാവുക. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ കടമ ആണെന്ന് അദ്ദേഹം കരുതുന്നു. വരുന്ന 12 മാസം കൊണ്ട് ഇതൊക്കെ യഥാര്‍ഥമായിരുന്നോ എന്ന് നമുക്കറിയാം.

Date posted: September 9, 2015Last modified: September 12, 2015Posted byEeshaan Tiwary
Featured Book: As Author
Thin Dividing Line: India, Mauritius and Global Illicit financial flows
Paranjoy Guha Thakurta, with Shinzani Jain
Penguin Random House India
304 pages
December 2017
Documentary: Random
A Thin Dividing Line
Date: June 2016Duration: 00:51:45
Featured Book: As Publisher
Idea of India Hard to Beat: Republic Resilient
By Badri Raina
Paranjoy
286 pages
January 2016
Video: Random
Here’s What’s Eating the RBI Under Modi
Date: October 31, 2018Duration: 18:17