ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഭേദഗതിക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച രീതി രാഷ്ട്രീയമായി ഗുണം ചെയ്യുന്നതല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അഭിമാനത്തിന്റെ പേരില്‍ കടിച്ചുതൂങ്ങുന്നതിനെക്കാള്‍, ഒത്തുതീര്‍പ്പിന് തയ്യാറാവുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇനി മുതല്‍ ദുര്‍ബലവും കീറിമുറിക്കപ്പെട്ടതുമായ പ്രതിപക്ഷത്തെ മറികടക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കോര്‍പ്പറേറ്റ് അനുകൂല തീരുമാനങ്ങളിലേക്ക് എടുത്ത് ചാടുന്നതിന് പകരം ജനകീയ അഭിപ്രായം അനുകൂലമായി രൂപീകരിക്കുക എന്ന കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതമായ ഒരു നിലപാട് ഭാവിയില്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവും എന്നതിന്റെ സൂചനയായി ഇതിനെ കാണാന്‍ സാധിക്കുമോ? എന്നാല്‍ ഇത്തരം നിഗമനങ്ങള്‍ വളരെ ധൃതിപിടിച്ച ഒന്നാവാനാണ് സാധ്യത.
അസാന്നിധ്യത്തിലൂടെ ഇപ്പോഴും ജനശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷനും സ്വന്തം പുത്രനുമായ രാഹുല്‍ ഗാന്ധിയുടെ അഭാവത്തിലും സോണിയ ഗാന്ധി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ ആക്രമണോത്സുകതയും സര്‍ക്കാരിന് വൈകി ഉദിച്ച വിവേകവും തമ്മില്‍ വലിയ ബന്ധമൊന്നും ഉണ്ടാവില്ല. ചിതറി കിടക്കുന്ന പ്രതിപക്ഷത്തിന് യോജിപ്പിലെത്താന്‍ ഒരു പൊതുകാരണം ലഭിക്കുകയും, ബദ്ധവൈരികളായ തൃണമൂല്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും തമ്മിലും സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലും പോലും യോജിപ്പിലെത്തുന്ന അസാധാരണ സ്ഥിതിഗതി ഉടലെടുക്കുകയും ചെയ്തതോടെ, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത തങ്ങള്‍ക്ക് പ്രതിപക്ഷത്തെ അത്ര എളുപ്പം വിരട്ടാനാവില്ലെന്ന ബിജെപിയുടെ തിരിച്ചറിവാണ് ഇപ്പോഴത്തെ പിന്‍മാറ്റത്തിന് കാരണം എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.
2019 മേയില്‍ അവസാനിക്കുന്ന അതിന്റെ അഞ്ച് വര്‍ഷ കാലാവധിയുടെ ബാക്കി സമയത്തും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സംഖ്യം പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ന്യൂനപക്ഷമായി തുടരാനാണ് സാധ്യത. ഭാവിയില്‍ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചാലും ഈ സ്ഥിതിഗതിയില്‍ വ്യത്യാസം വരാന്‍ സാധ്യത കുറവാണ്. ഈ തിരിച്ചറിവാണ് ഒത്തുതീര്‍പ്പിന്റെ വഴികള്‍ സ്വീകരിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.
ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമവും നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്നും 49 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിയമവും ഭേദഗതി ചെയ്യുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ 2013ലെ ഭൂമി ഏറ്റെടുക്കലിലും പുനരധിവാസത്തിലും പുനഃസ്ഥാപനത്തിലും ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശവും സുതാര്യവും നിയമം ഭേദഗതി ചെയ്യുന്നത് സര്‍ക്കാരിന്റെ മുന്നില്‍ ദുര്‍ഘടമായ ദൗത്യമായി മാറി.
പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെയോ അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതിന്റെയോ ആവശ്യകത പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനുള്ള വ്യക്തമായ തന്ത്രം രൂപീകരിക്കാതെ, പൊതു ചരക്ക്, സേവന നികുതി (GST) 2016 മാര്‍ച്ചിനുള്ളില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് ഇതോടെ വ്യക്തമായി. രാജ്യത്തെ ചിതറിക്കിടക്കുന്ന കമ്പോളത്തെ ഏകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതും ഇനിയും നടപ്പിലാക്കാന്‍ ഇരിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കരണ മുന്‍കൈ എന്ന് വിശേഷിപ്പിക്കാവുന്നതുമായ ഈ നിയമം, പാസാക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ആവശ്യമായി വരും. നിര്‍ദ്ദിഷ്ട ജിഎസ്ടി പ്രവര്‍ത്തനക്ഷമമാവുന്നതിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും അംഗീകാരം ആവശ്യമാണ്. പുതിയ നികുതി സമ്പ്രദായത്തിന്റെ പരിധിക്കുള്ളില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നപക്ഷം വരുമാനത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വന്‍ ഇടിവിനെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളും ആശങ്കാകുലരാണ്. ജിഎസ്ടിയെ എതിര്‍ക്കുന്ന നിക്ഷിപ്ത താല്‍പര്യമുള്ള അഴിമതിക്കാരെ ദുര്‍ബലപ്പെടുത്തുക എന്ന തങ്ങളുടെ സ്വന്തം താല്‍പര്യങ്ങളുടെ പുറത്താണ് പുതിയ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരുകളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് പറയാന്‍ എളുപ്പമാണെങ്കിലും പ്രവര്‍ത്തിപദത്തില്‍ കൊണ്ടുവരിക അത്ര നിസാരമായിരിക്കില്ല.
14-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം കൈമാറാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാവുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൈമാറ്റത്തിന്റെ ഘടന നിശ്ചയിച്ചിരിക്കുന്ന രീതി വച്ച് ത്രിപുര പോലെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് ഹൃസ്വകാലത്തില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാവും. അതേ സമയം തന്നെ, ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ പദ്ധതികളും ഉള്‍പ്പെടെയുള്ള ക്ഷേമ പരിപാടികള്‍ക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുകൊണ്ട്, വിവിധ സാമൂഹ്യ ക്ഷേമ പരിപാടികള്‍ നടപ്പാക്കുന്നതിനുള്ള അധിക ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്ന നയവും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങള്‍ക്കും സ്വന്തം നിലയില്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനുള്ള ശേഷി ഇല്ലാത്തതിനാല്‍ ഈ നീക്കത്തിലൂടെ അഭിലഷണീയമായ ഫലങ്ങള്‍ ഉരുത്തിരിഞ്ഞ് വരാനുള്ള സാധ്യത വിരളമാണ്. മാത്രമല്ല ക്ഷേമ പദ്ധതികളിലുള്ള കേന്ദ്ര വിഹിതത്തിന്റെ വെട്ടിക്കുറവ് മിക്ക സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
'ഗൂഢമായി പരിഷ്‌കാരങ്ങള്‍' നടപ്പിലാക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെതിരെ ബിജെപി നേരത്തെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ 30ന് ഭുമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട ഭേദഗതി പ്രഖ്യാപിച്ചതിലൂടെ ഈ സര്‍ക്കാരും അതേ പാത തന്നെയാണ് പിന്തുടരുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നിയമം, ദേശീയ പാതകള്‍, മെട്രോ റയിലുകള്‍, ആണവോര്‍ജ്ജ ശാലകള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, വൈദ്യുതി പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 13 നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതിനാലാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് അവതരിപ്പിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ പൊള്ളയായ അവകാശവാദം. എന്നാല്‍ ഭേദഗതി ഓര്‍ഡിനന്‍സ് യഥാര്‍ത്ഥത്തില്‍ ചെയ്തത് മറ്റ് ചില കാര്യങ്ങളാണ്. ആരുടെ ഭൂമിയാണോ എറ്റെടുക്കുന്നത് അവരുടെ മുന്‍കൂറ് അനുമതി വാങ്ങണമെന്നും, ഏറ്റെടുക്കലിന് മുമ്പ് നിര്‍ബന്ധിത സ്വതന്ത്ര സാമൂഹിക ആഘാത വിലയിരുത്തല്‍ നടത്തണമെന്നുമുള്ള 2013 ലെ നിയമത്തില്‍ അടിസ്ഥാന പ്രമാണങ്ങളില്‍ വെള്ളം ചേര്‍ത്തു.
പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് മാത്രമല്ല, സംഘപരിവാറിന്റെ അല്ലെങ്കില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രത്യയശാസ്ത്ര പോഷക സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധത്തിന്റെ മുറവിളി ഉയര്‍ന്നതോടെ ആക്രമണമാണ് മികച്ച പ്രതിരോധതന്ത്രം എന്ന നിലപാടിലേക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാറി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ വ്യാവസായിക വികസനത്തിന് എതിരാണെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു. 2013ലെ നിയമത്തിന്റെ ചില വകുപ്പുകളില്‍ അംതൃപ്തിയുണ്ടായിരുന്ന വിവിധ മുഖ്യമന്ത്രിമാരുടെ കത്തുകള്‍ അദ്ദേഹം എതിരാളികള്‍ക്ക് നേരെ ചുഴറ്റുകയും, അന്നത്തെ ഭരണകൂടത്തില്‍ നിയമത്തില്‍ അസംതൃപ്തിയുണ്ടായിരുന്നവര്‍, പ്രത്യേകിച്ചും അന്നത്തെ വ്യവസായ, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, എഴുതിയ 'രഹസ്യ' കത്തുകള്‍ വെളിപ്പെടുത്തുകയും ചെയ്തു. എന്‍ഡിഎയിലെ ബിജെപിയുടെ സഖ്യകക്ഷികളായ ശിവസേനയുടെയും ശിരോമണി അകാലിദളിന്റെയും മാത്രമല്ല ഡല്‍ഹി തെരുവുകളില്‍ പ്രതിഷേധം നയിച്ച അണ്ണാ ഹസാരെയുടെയും പി വി രാജഗോപാലിന്റെയും എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ജെയ്റ്റ്‌ലി അപ്രതിരോധ്യനായി നിലകൊള്ളുന്നത് പോലെ തോന്നിച്ചു.
എന്നാല്‍ ഈ ആക്രമണതന്ത്രം പാളിയതോടെ, ബില്ല് പാസാക്കുന്നതിനായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് ജെയ്റ്റ്‌ലിയുടെയും മോദിയുടെയും അനുയായികള്‍ അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് അത്ര പ്രാവര്‍ത്തികമായ ഒരു തന്ത്രമല്ലെന്ന് അവര്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. രണ്ട് സഭകളോട് കൂടിയ ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍, രണ്ട് സഭകളില്‍ ഏതെങ്കിലും ഒന്ന് ബില്ല് തള്ളിക്കളഞ്ഞ് ആറുമാസത്തിന് ശേഷം മാത്രമേ, ബില്ല് പാസാക്കുന്നതിനായി സംയുക്ത സമ്മേളനം വിളിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടാന്‍ സാധിക്കൂ. നമ്മുടെ കീഴ്‌സഭയില്‍ ഉപരിസഭ അഥവാ രാജ്യസഭയില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി അംഗങ്ങള്‍ ഉള്ളതിനാല്‍ (12 നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 250 അംഗങ്ങള്‍ക്കെതിരെ 543), ബിജെപിക്ക് ബില്ല് പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് സര്‍ക്കാര്‍ ചിന്തിച്ചു.
എന്നാല്‍, നേരത്തെ വെറും മൂന്ന് തവണ മാത്രമാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന ബില്ലുകള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കിയതെന്ന കാര്യം ഇവിടെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ 1961ലെ സ്ത്രീധന നിരോധന നിയമവും മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ 1978ലെ ബാങ്കിംഗ് സര്‍വീസ് കമ്മീഷന്‍ റദ്ദേക്കല്‍ ബില്ലും, അടല്‍ ബിഹാരി വാജ്‌പെയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ 2002ലെ ഭീകരപ്രവര്‍ത്തന നിരോധന നിയമവുമായിരുന്നു ഇവ.
ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി മാര്‍ച്ച് പത്തിന് ലോക്‌സഭ അംഗീകരിക്കുമ്പോള്‍ ഒമ്പത് ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ബില്ല് കര്‍ഷകവിരുദ്ധമാണ് എന്ന ആരോപണം ചെറുക്കുന്നതിന്റെ ഭാഗമായാണ് ഇവ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ബില്ല് ഒരു പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനുള്ള തീരുമാനത്തോടെ മോദിയും ജെയ്റ്റ്‌ലിയും കുറച്ചുകൂടി യുക്തിബോധം പ്രദര്‍ശിപ്പിക്കുന്നു. പാര്‍ലമെന്ററി കമ്മിറ്റി ഒരു സമയബന്ധിതമായ രീതിയില്‍ അതിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ കാഠിന്യം കുറയ്ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യും. രണ്ടായാലും, ധനമന്ത്രിയും പ്രധാനമന്ത്രിയും പ്രദര്‍ശിപ്പിച്ച ധാര്‍ഷ്ട്യത്തിന് മേല്‍ യഥാര്‍ത്ഥ രാഷ്ട്രീയം വെന്നിക്കൊടി പാറിച്ചു എന്ന് തന്നെ പറയണം.