66 എ റദ്ദാക്കല്‍: ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരുടെ വലിയ വിജയം

2000-ലെ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66എ വകുപ്പ് എടുത്ത് കളയാനുള്ള സുപ്രീം കോടതിയുടെ മാർച്ച് 24-ലെ തീരുമാനം പെട്ടെന്ന് ഒരു ദിവസം ഉണ്ടായതല്ല. ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന അവകാശമായ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പോരാടിയവരുടെ വലിയ വിജയത്തെ മാത്രമല്ല സുപ്രീം കോടതി വിധി ഉയർത്തിപ്പിടിക്കുന്നത്. 'അപരാധം' ചെയ്യുന്നവർക്കെതിരെ അല്ലെങ്കിൽ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, കോർപ്പറേറ്റ് തലവർ തുടങ്ങി അധികാരത്തിൽ ഇരിക്കുന്നവരുടെ കാഴ്ചപ്പാടുകളുമായി യോജിച്ച് പോകാത്തവർക്കെതിരെ ധാർഷ്ട്യപൂർണവും ഏകപക്ഷീയവുമായ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും അത് സർക്കാർ അധികാരികളെ, പ്രത്യേകിച്ചും പോലീസുകാരെ വിലക്കുകയും ചെയ്യുന്നു.

ആവിഷ്കാരസ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമായ ഒന്നല്ല. ഒരു അവകാശവും അനിയന്ത്രിതമല്ല. ഭരണഘടനയുടെ 19(1)(എ) വകുപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്, 'ന്യായമായ' നിയന്ത്രണങ്ങൾ എന്ന് വിശദീകരിച്ചുകൊണ്ട് ഭരണഘടനയുടെ 19(2) വകുപ്പ് ചില അതിർവരമ്പുകൾ ഇടുന്നുണ്ട്.

1949ൽ രൂപംകൊണ്ട ഇന്ത്യൻ ഭരണഘടനയുടെ 19(1)(എ) വകുപ്പ് പറയുന്നത് ഇങ്ങനെ: 'എല്ലാ പൗരന്മാർക്കും
(എ) ആവിഷ്കാരത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശം;
(ബി) സമാധാനപരമായും ആയുധങ്ങളില്ലാതെയും യോഗം ചേരാനുള്ള സ്വാതന്ത്ര്യം;
(സി) അസോസിയേഷനുകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം;
(ഡി) ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം;
(ഇ) ഇന്ത്യയിലെവിടെയും വസിക്കാനും സ്ഥിരമായി താമസിക്കാനുമുള്ള അവകാശം; എന്നിവ ഉണ്ടായിരിക്കുന്നതാണ്.'

19(2) വകുപ്പിൽ ഇപ്രകാരം കൂട്ടിച്ചേർത്തിരിക്കുന്നു: '......വകുപ്പ് (1) ലെ ഉപവകുപ്പ് (എ) നിലവിലുള്ള ഏതെങ്കിലും നിയമങ്ങളുടെ പ്രവർത്തനത്തിനോ അല്ലെങ്കിൽ സർക്കാരിന് ഏതെങ്കിലും നിയമങ്ങൾ ഉണ്ടാക്കുന്നതിനോ തടസമാകാൻ പാടില്ല. ഇന്ത്യയുടെ പരമാധികാരവും ദേശീയോദ്ഗ്രഥനവും, രാജ്യത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങൾ, നിയമവാഴ്ച, മാന്യതയോ ധാർമികതയോ കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ മാനഹാനിയോ കുറ്റകരമായി മാറാവുന്ന തരത്തിലുള്ള പ്രേരണകളിലോ ഉള്ള താൽപര്യങ്ങൾ മുൻനിറുത്തി, മുൻ പ്രഖ്യാപിച്ചിരിക്കുന്ന ഉപവകുപ്പുകളിലുള്ള അവകാശങ്ങളിന്മേൽ ഈ നിയമങ്ങൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.'

വിവാദപരമായ ചോദ്യം ഇതാണ്: ആരാണ് 'ന്യായമായതും' അല്ലാത്തതും നിശ്ചയിക്കുന്നത്? നിങ്ങളുടെ മുഖം ഇഷ്ടമല്ലാത്ത അയൽക്കാരനോ, ഒരു പ്രാദേശിക ഗുണ്ടയോ, ഒരു രാഷ്ട്രീയക്കാരനോ ഒരു ജൂനിയർ പോലീസുകാരനോ അല്ലെങ്കിൽ ഒരു ഉന്നത പോലീസ് ഓഫീസറോ ഒരു മതതീവ്രവാദിയോ താഴ്ന്ന കോടതിയിലെ ഒരു ജഡ്ജിയോ അല്ലെങ്കിൽ സുപ്രീം കോടതി ബഞ്ചിലെ ജഡ്ജിമാരോ ആണോ അത് നിശ്ചയിക്കുന്നത്? നിയമം സ്വന്തം കൈയ്യിലെടുക്കാനും സദാചാര പോലീസുകാരായി അഭിനയിക്കാനും ധാരാളം ആളുകൾ തയ്യാറാണ് എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

'പൊതുനിയമവാഴ്ചയിൽ' ഇടർച്ചയുണ്ടാവുന്നത് അനുവദിക്കില്ലെന്ന് വ്യക്തമായി പറയുമ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അടിസ്ഥാന അവകാശം നടപ്പിലാക്കുന്നതിൽ 'പൊതുതാൽപര്യം' ഇടപെടുന്നില്ല എന്നതാണ് 19(2) വകുപ്പിന്റെ ഏറ്റവും വലിയ പരിമിതി. ഈ ലേഖകനോട് ഇക്കാര്യം പറഞ്ഞത് പ്രമുഖ നിയമവിദഗ്ധനായ ഫാലി നരിമാനാണ്. 66എ വകുപ്പ് എടുത്ത കളയുന്ന വിധിയെഴുതിയ സുപ്രീം കോടതി ന്യായാധിപൻ റോഹിന്റൺ എഫ് നരിമാന്റെ പിതാവാണ് അദ്ദേഹം.

'കാരണങ്ങൾ എപ്പോഴും നിലനിൽക്കുമെങ്കിലും എല്ലായ്പോഴും അത് ന്യായമായ രൂപത്തിലാവണമെന്നില്ല,' എന്ന് ജർമൻ തത്വചിന്തകനായ കാൾ മാർക്സ് 1843-ൽ തന്റെ സുഹൃത്തായ ആർണോൾഡ് റൂജിന് എഴുതിയ കത്തിൽ അഭിപ്രായപ്പെടുന്നു. ഇതാണ് യഥാർത്ഥ വിഷയം. അഭിപ്രായ സ്വാതന്ത്ര്യത്തിനെ കുറിച്ചുള്ള പൊതുചർച്ചയ്ക്ക് അൽപം 'ന്യായീകരണം' പകർന്ന് നൽകാൻ സുപ്രീം കോടതി വിധിക്ക് സാധിച്ചിരിക്കുന്നു.

വ്യക്തതയില്ലാത്തതും കൃത്യമായി നിർവചിക്കപ്പെടാത്തതുമായ നിരവധി വാക്കുകൾ 66എ വകുപ്പിൽ ഉൾക്കൊള്ളുന്നു. ഉദാഹരണത്തിന് 'അലോസരപ്പെടുത്തുന്നത്' 'ഭീഷണിപ്പെടുത്തുന്നത്' തുടങ്ങിയ പദങ്ങൾ 'പൊതുനിയമവാഴ്ച' ഉറപ്പാക്കാൻ എന്ന വ്യാജേന അസൗകര്യം ഉണ്ടാക്കുന്ന കാഴ്ചപ്പാടുകളെ അടിച്ചമർത്താൻ സർക്കാരിന് അവസരം നൽകുന്നു. ഈ പ്രേരണ, കോൺഗ്രസും ഭാരതീയ ജനതപാർട്ടിയും ഉൾപ്പെടെയുള്ള ദേശീയ പാർട്ടികളിലെയും തൃണമൂൽ കോൺഗ്രസ് പോലെയുള്ള പ്രാദേശിക പാർട്ടികളിലെയും അധികാര ശ്രേണിയിലുള്ള ആളുകളെല്ലാം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

തങ്ങളുടെ തന്നെ അളവുകോൽ ഉപയോഗിച്ച് 'ന്യായമല്ലാത്തത്' എന്ന് തോന്നുന്ന തരത്തിൽ അസ്വീകാര്യമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയോ അല്ലെങ്കിൽ ശിക്ഷിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ചൂഷണത്തിന് അതാത് കാലത്തെ സർക്കാരുകളെ അനുവദിക്കുന്ന ഒന്നായി അങ്ങനെ 66എ വകുപ്പ് മാറുന്നു. ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും സ്വതന്ത്രമായ ഒഴുക്കിനായി മാനവരാശി നടത്തിയ ഏറ്റവും വലിയ കണ്ടുപിടിത്തമായ സൈബർ ഇടങ്ങളിൽ ഉണ്ടാവുന്ന അഭിപ്രായങ്ങളെയും സ്വാതന്ത്ര്യങ്ങളെയും അടിച്ചമർത്താൻ ഇത്തരം നിയമസാധ്യതകൾ ഭരണവർഗം ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

2000 ലെ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66 എ വകുപ്പ് (2008 ൽ ഭേദഗതി ചെയ്യപ്പെടുകയും 2009 ഫെബ്രുവരിയിൽ പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ചെയ്തു) പറയുന്നത് എന്താണ്? “കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിനിമയ ഉപകരണങ്ങൾ ഉപയോഗിച്ചോ ഏതെങ്കിലും വ്യക്തി:

(എ) അങ്ങേയറ്റം കുറ്റകരമോ അല്ലെങ്കിൽ ഭീഷണിയുടെ സ്വഭാവമുള്ളതോ ആയ വിവരങ്ങൾ; അല്ലെങ്കിൽ
(ബി) അതേ കമ്പ്യൂട്ടർ വിഭവങ്ങളോ അല്ലെങ്കിൽ വിനിമയ ഉപകരണങ്ങൾ ഉപയോഗിച്ചോ തനിക്ക് പൂർണമായും തെറ്റാണെന്ന് അറിയാവുന്നതും എന്നാൽ ഉപദ്രവം ഉണ്ടാക്കുന്നതോ അസൗകര്യപ്പെടുത്തുന്നതോ അപകടകരമോ തടസ്സമുണ്ടാക്കുന്നതോ അപമാനകരമായതോ അപകടപ്പെടുത്തുന്നതോ ക്രിമിനൽ ഉദ്ദേശ്യത്തോട് കൂടിയതോ ശത്രുതയോ വെറുപ്പോ ഉണ്ടാക്കുന്നതോ അല്ലെങ്കിൽ ദുഷ്ടലാക്കോട് കൂടിയതോ ആയ ഏതെങ്കിലും വിവരങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കുക.
(സി) മേൽവിലാസക്കാരന് അല്ലെങ്കിൽ ലഭിക്കുന്ന ആൾക്ക് ശല്യമോ അസൗകര്യമോ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതോ അല്ലെങ്കിൽ വഞ്ചിക്കുകയോ തെറ്റിധരിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഏതെങ്കിലും ഇലക്ട്രോണിക് സന്ദേശങ്ങളോ ഇലക്ട്രോണിക് മെയിൽ സന്ദേശങ്ങളോ അയയ്ക്കുന്നത് മൂന്ന് വർഷം വരെ നീളാവുന്ന തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായിരിക്കും.

വിനിമയ സേവനങ്ങളിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിന് ശിക്ഷ നൽകാൻ 66എ വകുപ്പ് അനുവദിക്കുന്നു. ഒരു കമ്പ്യൂട്ടറിലോ അനുബന്ധവിഭവങ്ങളിലോ അല്ലെങ്കിൽ ഉപകരണത്തിലോ സൃഷ്ടിക്കപ്പെട്ട അറ്റാച്ച്മെന്റ് ഉൾപ്പെടെയുള്ള താഴെ പറയുന്ന ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ ഇതിൽ ഉൾപ്പെടാം:

എഴുത്ത്, ബിംബങ്ങൾ, ശബ്ദം, ചലനദൃശ്യം, സന്ദേശത്തോടൊപ്പം അയയ്ക്കപ്പെടുന്ന മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് രേഖകൾ.

കടുത്ത രീതിയിൽ കുറ്റകരമോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നതോ ആയ, ശല്യമോ അസൗകര്യമോ ഭയപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റേതെങ്കിലും ലക്ഷ്യമുള്ള തെറ്റായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന, വിലാസക്കാരനിൽ സന്ദേശത്തിന്റെ ഉത്ഭവത്തെ കുറിച്ച് തെറ്റിധാരണയുണ്ടാക്കുന്ന തരം സന്ദേശങ്ങളെയാണ് ഈ വകുപ്പ് ലക്ഷ്യമിടുന്നത്.

66എ വകുപ്പ് ഏകപക്ഷീയമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം മുംബൈയിലെ പാർഗറിലെ ഷാഹീൻ ദാദയുടെയും റിനു ശ്രീനിവാസന്റെയും കേസാണ്. 2012ൽ ശിവസേന തലവൻ ബാൽ താക്കറെയുടെ മരണത്തിന് ശേഷം ഫേസ്ബുക്കിൽ ദാദ ഇങ്ങനെ ഒരു സന്ദേശം എഴുതി: 'എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു. എന്നിട്ടും ലോകം ചലിക്കുന്നു....ബഹുമാനം സ്വാഭാവികമായി ലഭിക്കേണ്ടതാണ്, അല്ലാതെ ബലപ്രയോഗത്തിലൂടെ നേടിയെടുക്കാവുന്നതല്ല. ഇന്ന് മുംബെ നിശ്ചലമായത് പേടി മൂലമാണ്. അല്ലാതെ ബഹുമാനം കൊണ്ടല്ല.'

പോസ്റ്റ് 'ഇഷ്ടപ്പെട്ട' റിനു ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തി: 'ഭയം മൂലമാണ് ഇത് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം!!! അദ്ദേഹം നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് നമ്മൾ സമ്മതിക്കുന്നു. നമ്മൾ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാ അടച്ചുപൂട്ടുന്നതിൽ ഒരു അർത്ഥവുമില്ല! ബഹുമാനം പ്രകടിപ്പിക്കാൻ മറ്റ് നിരവധി വഴികളുണ്ട്!'

ആദ്യം, വിദ്വേഷം പകർത്തുന്നതിനുള്ള ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ഇവർക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് ചുമത്തുകയായിരുന്നു. ദാദയെയും ശ്രീനിവാസനെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഡൽഹിയിലുള്ള നിയമവിദ്യാർത്ഥിനിയും 24-കാരിയുമായ ശ്രേയ സിംഗാൾ ആണ് വകുപ്പിന്റെ സാധുതയെ ആദ്യം ചോദ്യം ചെയ്തത്. സുപ്രീം കോടതി വിധിയെ തുടർന്ന് സിംഗാൾ കുടുംബത്തിലെ ഈ അഞ്ചാം തലമുറ അഭിഭാഷക അതിപ്രശസ്തയായി മാറിയിരിക്കുകയാണ്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കളിയാക്കുന്ന കാർട്ടൂൺ പ്രചരിപ്പിച്ചതിന് കൊൽക്കത്ത സ്വദേശിയും ജാവേദ്പൂർ സർവകലാശാലയിലെ രസതന്ത്രം അദ്ധ്യാപകനുമായ അംബികേഷ് മഹാപാത്രയേയും അദ്ദേഹത്തിന്റെ അയൽക്കാരനായ സുബ്രത സെൻഗുപ്തയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സത്യജിത് റായുടെ 'സോണാർ കെല്ല' അഥവാ 'സുവർണ ഗോപുരം' എന്ന ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയുള്ള കാർട്ടൂണിൽ, ഇന്ത്യൻ റയിൽവേയുടെ ലോഗോയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് തന്റെ പാർട്ടി സഹപ്രവർത്തകനായ മുകുൾ റോയിയോട് മമത ബാനർജി പറയുന്നു: 'നോക്കൂ മുകുൾ, സോണാർ കെല്ല.' കാർട്ടൂൺ കൊളാഷിൽ, അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദിയെ (എല്ലാവരും തൃണമൂൽ കോൺഗ്രസുകാർ) റോയി ബംഗാളിയിൽ പറയുന്നു: 'അയാ: ഒരു ദുഷ്ടമനുഷ്യനാണ്!!!', 'ദുഷ്ടമനുഷ്യൻ അപ്രത്യക്ഷനാവട്ടെ!' എന്ന് മമത ഉത്തരവിടുന്നു.

ഈ കാർട്ടൂൺ മെയിൽ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിന്, തൃണമൂലിന്റെ പിന്തുണക്കാരായ ഗുണ്ടകൾ മഹാപാത്രയെ തല്ലി എന്നു മാത്രമല്ല, അദ്ദേഹത്തെ അഴിക്കുള്ളിലാക്കുകയും ചെയ്തു. അദ്ദേഹത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഈ അടുത്ത കാലത്താണ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.

സംസ്ഥാനത്തെ ശക്തനായ മന്ത്രി അസം ഖാനുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പരാമർശം നടത്തിയതിന്റെ പേരിൽ 2015 മാർച്ചിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ പതിനൊന്നാം ക്ലാസുകാരനെ റാംപൂർ പോലീസ് അറസ്റ്റ് ചെയ്തു. അസം ഒരു സാമുദായിക പരാമർശം നടത്തിയെന്നാണ് വിദ്യാർത്ഥിയുടെ പോസ്റ്റിൽ ഉളളത്. ശത്രുത പ്രോത്സാഹിപ്പിക്കുകയും സാമുദായിക സംഘർഷത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ വിദ്യാർത്ഥിക്കെതിരെ ഐപിസിയും 66എ വകുപ്പും ചുമത്തി ജയിലിൽ ആക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.

2014 ജൂണിൽ തൃശ്ശൂരിലെ ശ്രീകൃഷ്ണ കോളേജജിലെ പതിനൊന്ന് വിദ്യാർത്ഥികൾക്കെതിരെയും അവരുടെ പ്രിൻസിപ്പാളിനെതിരെയും 66എ വകുപ്പ് ലംഘിച്ചതിന്റെ പേരിൽ കേസെടുക്കുകയും അവരിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ച പദപ്രശ്ന ചോദ്യത്തിന്റെ രൂപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ആക്ഷേപാർഹവും നീരസം ഉളവാക്കുന്നതുമായ' ഭാഷ ഉപയോഗിച്ചു എന്നതായിരുന്നു വിദ്യാർത്ഥികൾക്കെതിരെ കണ്ടെത്തിയ കുറ്റം. പദപ്രശ്നത്തിൽ നരേന്ദ്ര മോദിയുടെ ഇരട്ടപ്പേരായ നമോ ഒരു പദപ്രശ്നത്തിന്റെ സൂചനയായി ഉപയോഗിക്കുകയായിരുന്നു. ചോദ്യത്തിന്റെ ഉത്തരം ആക്ഷേപകരമായ ഒരു വാക്കായതാണ് കുട്ടികൾക്ക് വിനയായത്.

കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് എംപി ശശി തരൂർ, ആത്മീയ നേതാവ് മാതാ അമൃതാനന്ദമയി എന്നിവരെയും അപമാനിച്ചതായി കുട്ടികൾക്കെതിരെ ആരോപണം ഉണ്ടായിരുന്നു എന്നതാണ് കൗതുകകരം. എന്നാൽ, തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ് തങ്ങൾക്കെതിരായ പരാതികൾ നൽകിയതെന്ന് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരായ വിദ്യാർത്ഥികൾ പറയുന്നു.

മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ പുത്രൻ കാർത്തി റോബർട്ട് വാധ്രയെക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് 2012 ഒക്ടോബറിൽ, പുതുച്ചേരിയിൽ ഒരു ചെറിയ പ്ലാസ്റ്റിക് ഉൽപ്പന്ന നിർമാണശാല നടത്തുന്ന രവി ശ്രീനിവാസൻ ട്വിറ്ററിൽ അഭിപ്രായം രേഖപ്പെടുത്തി. ട്വീറ്റ് ഇട്ടതിന് പിന്നാലെ വെളുപ്പിനെ അഞ്ചുമണിക്ക് അദ്ദേഹത്തെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ആ സമയത്ത് അദ്ദേഹത്തിന് ട്വിറ്ററിൽ വെറും 16 പിന്തുടർച്ചക്കാരാണ് ഉണ്ടായിരുന്നതെങ്കിൽ അൽപ സമയത്തിനുള്ളിൽ അത് 2,000 ൽ കൂടുതലായി ഉയർന്നു.

കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരാണ് വിവരസാങ്കേതികവിദ്യ നിയമം പാസാക്കിയത്. ആ സമയത്ത് പ്രതിപക്ഷമായിരുന്ന ബിജെപി ബില്ലിനെ ആക്രമിച്ചിരുന്നു. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ട്വിറ്ററിലെ തന്നെ പ്രദർശന ഫോട്ടോ മാറ്റുന്ന തരത്തിലേക്ക് നരേന്ദ്ര മോദിയുടെ എതിർപ്പ് വളരുകയും ചെയ്തു. എന്നാൽ ഭരണത്തിലെത്തിയതോടെ അദ്ദേഹത്തിന്റെ സർക്കാർ നിലപാടിൽ മലക്കംമറിയുകയും നിയമത്തിൽ മാറ്റമൊന്നും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുമെന്നും സുപ്രീം കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു.

കിരാതം എന്ന് ഭൂരിപക്ഷത്തിനും തോന്നുന്ന ഒരു നിയമത്തിന് സ്തുതി പാടാൻ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ പ്രേരിപ്പിച്ചതെന്ത് എന്നതിനെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മാധ്യമപ്രവർത്തകനായ മിഹിർ ശർമ്മ ബിസിനസ് സ്റ്റാൻഡാർഡിൽ ഇങ്ങനെ വാദിക്കുന്നു: 'കഴിഞ്ഞ സർക്കാരിന്റെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട ഊളത്തരങ്ങളോടുള്ള ഈ സർക്കാരിന്റെ യഥാർത്ഥ അഭിപ്രായത്തിന്റെ ഏറ്റവും നല്ല സൂചകമാണ് ഗുൽഷൻ റായുടെ വിധി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയന്ത്രണങ്ങളും സെൻഷർഷിപ്പുകളും ഉദ്ദേശിച്ചു കൊണ്ടുവന്ന വിവിധ നിയമങ്ങളുടെ എല്ലാ ചുമതലയും ഡൽഹിയിൽ ഉദ്യോഗസ്ഥനായ ഡോ റായിക്കായിരുന്നു. വിവാദപരമായ 2008ലെ ഐടി നിയമത്തിന് രൂപം നൽകിയ കമ്മിറ്റിയിൽ അംഗമായിരുന്ന സുപ്രീം കോടതി അഭിഭാഷകനായ വാകുൽ ശർമ്മ 'ഐടി നിയമത്തിന്റെ പിതാവ്' എന്നാണ് ഡോ റായിയെ വിശേഷിപ്പിച്ചത്.

പുതിയ സർക്കാർ ഡോ റായിയെ ചുമതലയിൽ നിന്നും നീക്കിയോ? ഇല്ല. മറിച്ച് അദ്ദേഹത്തിന് വേണ്ടി പ്രത്യേക സൃഷ്ടിച്ച തസ്തികയിലേക്ക് റായിക്ക് സ്ഥാനക്കയറ്റം നൽകുകയാണ് അവർ ചെയ്തത്. ഡോ റായിയുടെ നിയന്ത്രണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ട്വിറ്ററിലെ തന്റെ മുഖചിത്രം കറുപ്പിച്ച നരേന്ദ്ര മോദി, അതേ റായിയെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുവരികയും, ആയിരം കോടി രൂപ ബജറ്റുള്ള പദ്ധതിയുടെ തലവനാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സൈബർ സുരക്ഷ സാറായി അദ്ദേഹത്തെ ഉയർത്തുകയും ചെയ്തു. സർക്കാരിന്റെ ഈ നിലപാടുകളുടെ വെളിച്ചത്തിൽ, വളരെ കാലമായി മറന്നുപോയ ഒരു ചുമതല നമ്മുടെ കോടതികൾ പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു: 'സർക്കാർ നടപടികൾക്കെതിരെ നമ്മുടെ സ്വതന്ത്ര അവകാശങ്ങളുടെ സംരക്ഷകനായിരിക്കുക എന്ന ചുമതല.'

സുപ്രീം കോടതിയിലെ വാദത്തിൽ 66എ വകുപ്പിനെ കുറിച്ചുള്ള ബിജെപി സർക്കാരിന്റെ നിയമാഭിപ്രായവും യുപിഎ സർക്കാരിന്റെ കാലത്തെ വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രിയായിരുന്ന കപിൽ സിബലിന്റെ നിലപാടുകളും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല.

അപ്പോൾ എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും 66എ വകുപ്പ് എടുത്തുകളയാൻ പരമോന്നത നീതിപീഠം തയ്യാറായിട്ടുണ്ടാവുക?

നിയമത്തെ 'തുറന്നതും ഭരണഘടനാവിരുദ്ധമായ രീതിയിൽ അവ്യക്തവും,' എന്ന് വിശേഷിപ്പിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വറും നരിമാനും അടങ്ങുന്ന ബഞ്ച്, വകുപ്പ് 'മൊത്തത്തിൽ' തന്നെ എടുത്തുകളയേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. കാരണം, 66എ വകുപ്പ്, 'ഏകപക്ഷീയവും അമിതമായും ക്രമാതീതമായും,' അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിർക്കാനുള്ള അവകാശത്തെയും അറിയാനുള്ള അവകാശത്തെയും ആക്രമിക്കുകയും ഭരണഘടനാപരമായ കൽപനകളോട് 'തണുത്ത സമീപനം' പുലർത്തുകയും ചെയ്യുന്നതായി കോടതി ചൂണ്ടിക്കാട്ടി.

'ഇന്റർനെറ്റ് വഴി കൈമാറപ്പെടുന്ന വിവരങ്ങളെ 66എ വകുപ്പ് വൻതോതിൽ വെട്ടിക്കുറയ്ക്കുക മാത്രമല്ല, ആ വിവരങ്ങൾ കുറ്റകരമായതോ, ശല്യപ്പെടുത്തുന്നതോ അസൗകര്യപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ ഭരണഘടനയുടെ 19(2) വകുപ്പിന്റെ കീഴിൽ വരുന്ന വിഷയങ്ങളുമായി ബന്ധമില്ലാത്തതിനാലും അത് 19(1)(എ) വകുപ്പിന്റ ലംഘനമായി കണക്കാക്കുകയും അതിനാൽ അത് ഭരണഘടനാ വിരുദ്ധവും അസാധുവാണെന്നും പ്രഖ്യാപിക്കുന്നു,' എന്ന് ബഞ്ച് വിധിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുകയും സാമൂഹിക നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചും രാഷ്ട്രീയ നേതാക്കളെ കുറിച്ചും വിമർശനാത്മകമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ നിഷ്കളങ്കരായ വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് 66എ വകുപ്പ് അസ്ഥിരപ്പെടുത്തുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളിൽ പ്രധാനമാണ്. ചിന്തകളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം 'മൗലികമാണ്' എന്ന് വിശേഷിപ്പിച്ച കോടതി ഇങ്ങനെ ചൂണ്ടിക്കാട്ടി: 'പൊതുജനങ്ങളുടെ വിവരാവകാശത്തെ ഐടി നിയമത്തിലെ 66എ വകുപ്പ് നേരിട്ട് ബാധിക്കുന്നു.'

എന്നാൽ സാമുദായിക അസ്വസ്ഥതകൾ സൃഷ്ടിക്കുകയോ പൊതു നിയമവാഴ്ചയെയോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെയോ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഉള്ള വെബ്സൈറ്റുകൾ നിരോധിക്കാൻ സർക്കാരിന് കോടതി അനുമതി നൽകി. 'എന്താണ് അനിഷ്ടകരമെന്നും എന്താണ് കടുത്ത രീതിയിൽ അനിഷ്ടകരമെന്നും ഒരു നിയമം നടപ്പാക്കൽ സംവിധാനത്തിനോ മറ്റുള്ളവർക്കോ എങ്ങനെയാണ് നിശ്ചയിക്കാൻ സാധിക്കുക? ഒരാൾക്ക് അനിഷ്ടമായത് മറ്റൊരാൾക്ക് അനിഷ്ടകരമായിരിക്കണം എന്ന് നിർബന്ധമില്ലല്ലോ?' കോടതി ചോദിച്ചു.

കുറ്റത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് നിയമം നടപ്പാക്കൽ സംവിധാനത്തിനും ആരോപണവിധേയർക്കും തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാൽ, വകുപ്പിൽ ഉപയോഗിച്ചിരിക്കുന്ന 'അസഹ്യം,' 'അസൗകര്യം,' 'കടുത്ത അനിഷ്ടം ഉണ്ടാക്കുന്നത്' തുടങ്ങിയ പ്രയോഗങ്ങൾ അവ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാദമായ ഒരു പരാമർശം അനിഷ്ടകരമോ അല്ലെങ്കിൽ കടുത്ത രീതിയിൽ അനിഷ്ടകരമോ ആണെന്നത് സംബന്ധിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളിൽ എത്തിയ രണ്ട് വ്യത്യസ്ത യുകെ കോടതികളുടെ വിധികൾ ബഞ്ച് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ പൌരന്മാരുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിൽ സുപ്രീം കോടതി ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നു. അധികാരം നൽക്കുന്ന ധിക്കാരത്തിനും ധാർഷ്ട്യത്തിനുമെതിരെയാണ് നമ്മുടെ പരമോന്നത നീതിപീഠം വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

Featured Book: As Author
Loose Pages
Court Cases That Could Have Shaken India
  • Authorship: Co-authored with Sourya Majumder
  • Publisher: Paranjoy
  • 376 pages
  • Published month:
  • Buy from Amazon
 
Featured Book: As Publisher
The Russian Revolution
And Storms Across A Century (1917-2017)