ദീദിയും ദാദയും തമ്മില്‍ ഇപ്പോള്‍ പൊരിഞ്ഞ യുദ്ധത്തിലാണ്. പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ ചോദ്യം ചോദിക്കാന്‍ തന്റേടം കാണിച്ചിരിക്കുന്നു: ആരാണീ അമിത് ഷാ? ഇതിനുള്ള മറുപടി കൊല്‍ക്കത്തയുടെ ഹൃദയത്തില്‍ ഞായറാഴ്ച നടന്ന ബഹുജന റാലിയില്‍ ഉണ്ടായി. ഒരു താഴേ തട്ടിലുള്ള ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പഞ്ചിമ ബംഗാളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ തുടച്ച് മാറ്റാന്‍ താന്‍ നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് തിരിച്ചടിച്ചു. വാചാടോപമാണെങ്കിലും, 40 കളില്‍ തെക്കന്‍ ഏഷ്യ കണ്ട ഏറ്റവും വലിയ സാമുദായിക കലാപത്തിന് ശേഷം താരതമ്യേന സൗഹാര്‍ദപരമായ ഹിന്ദു-മുസ്ലീം ബന്ധം നിലനില്‍ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇരു പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ ശണ്ഠ അസ്വസ്ഥതകള്‍ വിളിച്ചു വരുത്തുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
ശാരദ ചിട്ടി കമ്പനി കുംഭകോണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുമായി അടുപ്പമുള്ളവരെ അറസ്റ്റ് ചെയ്ത് കൊണ്ടും ബര്‍ദ്വാന്‍ ജില്ലയില്‍ സമീപകാലത്ത് നടന്ന സംഭവങ്ങള്‍ അന്വേഷിച്ചു കൊണ്ടും സംസ്ഥാന സര്‍ക്കാരിനും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ഇന്ത്യ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ആരംഭിച്ച ദ്വിമുഖ ആക്രമണ തന്ത്രങ്ങള്‍ക്ക് ശേഷം, ഇന്ത്യയുടെ കിഴക്കന്‍ പ്രദേശത്തെ രാഷ്ട്രീയത്തില്‍ ഉണ്ടായിരിക്കുന്ന വളവുകളും തിരിവുകളും അത്ഭുതാവഹമാണ്. ശാരദ ഗ്രൂപ്പിന്റെ കള്ളപ്പണം മുഖ്യമന്ത്രിയുടെ അടുത്ത അനുയായികള്‍ക്ക് മാത്രമല്ല ലഭിച്ചിട്ടുള്ളതെന്നും ബംഗ്ലദേശില്‍ നിന്നും നുഴഞ്ഞുകയറിയവര്‍ക്ക് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായും വിതരണം ചെയ്തിട്ടുണ്ടെന്ന് ഷാ ആരോപിക്കുമ്പോള്‍ മോദിയുടെ വിശ്വസ്തന് ഇതില്‍ കൂടുതല്‍ നേരിട്ട് ആക്രമിക്കാന്‍ സാധിക്കുമായിരുന്നില്ല.
ബംഗാളില്‍ കൂടുതല്‍ കലാപങ്ങള്‍, പ്രത്യേകിച്ച് ഹിന്ദു-മുസ്ലീം കലാപങ്ങള്‍ പടരാനുള്ള സാധ്യതയിലേക്കാണ് ഈ വൈരുദ്ധ്യഘടകങ്ങള്‍ പരസ്പരബന്ധം വിരല്‍ ചൂണ്ടുന്നത്. ഒരാളുടെ അനുമാനങ്ങള്‍ തെറ്റായിരുന്നെങ്കില്‍ എന്ന് അയാള്‍ തന്നെ ആഗ്രഹിക്കുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്നാണിത്. പക്ഷെ, വര്‍ഗ്ഗീയ കലാപങ്ങള്‍ ദീര്‍ഘ ചരിത്രം ബംഗാളിനുണ്ടെന്നുള്ളതും അത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സംസ്ഥാനത്തെ ദരിദ്രരും ശുദ്ധരും എല്ലാ കാലത്തും സാമ്പത്തിക സ്രാവുകളുടെ ഇരകളായിട്ടുണ്ട് എന്നത് കഴിഞ്ഞ നാലു ദശകങ്ങളുടെ കാര്യത്തിലെങ്കിലും ശരിയാണ്. ഓവര്‍ലാന്റ് ഗ്രൂപ്പ് കാരുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ജനമനസ്സുകളില്‍ പച്ചയായി നില്‍ക്കുന്നു. ഗ്രൂപ്പിന്റെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്താവുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ദുരൂഹ സാചര്യങ്ങളില്‍ ആത്മഹത്യ ചെയ്ത സഞ്ചയിത ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാരില്‍ ഒരാളായിരുന്ന ശംഭു മുഖര്‍ജിയെ ബംഗാളിന് പുറത്തുള്ളവര്‍ക്ക് ഇപ്പോള്‍ ഓര്‍മ്മയുണ്ടാവില്ല.
'പോണ്‍സി' പദ്ധതികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചില സമാന സ്വഭാവങ്ങള്‍ ഉണ്ട്. ശാരദ ഗ്രൂപ്പിന്റെ സുധീപ് സെന്നിനെ പോലുള്ള ഇത്തരം ഗ്രൂപ്പുകളുടെ പ്രമോട്ടര്‍മാര്‍ക്ക് പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒന്നുമില്ലെങ്കിലും, ഭരണത്തിലുള്ള ആളുകളുമായി എപ്പോഴും അടുപ്പത്തിലായിരിക്കും. കുറച്ച് കാലം മുമ്പ് വരെ ഇടതു മുന്നണിയെ പിന്തുണച്ചിരുന്ന അവര്‍ പതുക്കെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മടിയിലേക്ക് ചായാന്‍ തുടങ്ങി. ഒറീസയില്‍ അവരുടെ അനുബന്ധ സ്ഥാപനം ബിജു ജനതാദളിന്റെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി അടുപ്പം പുലര്‍ത്തുമ്പോള്‍, അസാമില്‍ അത് കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയുമായാണ്.
ശാരദ ഗ്രൂപ്പിന്റെ മുന്‍ സ്ഥാപകര്‍ ഇടതുമായി അടുപ്പമുണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നതിലൂടെ മമത ബാനാര്‍ജിക്ക് വളരെ പരിമിതമായ രാഷ്ട്രീയ ലാഭം മാത്രമേ ഉണ്ടാവുന്നുള്ളു. അതുപോലെ തന്നെ, ശാരദ കുംഭകോണത്തിനെതിരെ നടക്കുന്ന സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണങ്ങളും ബര്‍ദമാന്‍ സംഭവങ്ങളെ കുറിച്ചുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന യാഥാര്‍ത്ഥ്യത്തില്‍ ഊന്നുമ്പോഴും ഒരു പരിധിവരെയുള്ള രാഷ്ട്രീയ ലാഭമേ മമത നേടിയെടുക്കുന്നുള്ളു.
പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ട് വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. പല വിഭാഗങ്ങളും അവരുടെ പാര്‍ട്ടിയില്‍ നിന്നും അകന്ന് പോകുന്നു. കമ്മ്യൂണിസ്റ്റുകളെ ഉപേക്ഷിച്ച് അവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന സാമൂഹ്യ വിരുദ്ധ ശക്തികള്‍ ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്. സാമ്പത്തിക തിരിമറിക്കാരെ പോലെയുള്ള സാമൂഹിക വിരുദ്ധ ശക്തികള്‍ എപ്പോഴും അവസരവാദികളായിരിക്കും. അവര്‍ എപ്പോഴും അധികാരത്തില്‍ ഉള്ള ശക്തികളോടോ അല്ലെങ്കില്‍ അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള ശക്തികളോടോ ഒട്ടിനില്‍ക്കും. അതുകൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ദുര്‍ബലരായതോടെ, അതുവരെ അവരോടൊപ്പം നിന്ന ബംഗാളിലെ ഗുണ്ടകളും സാമ്പത്തിക തിരിമറിക്കാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചാഞ്ഞത്. ഇപ്പോള്‍ സംസ്ഥാന ബിജെപി വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ ബിജെപി സംസ്ഥാനത്ത് ശക്തമാകുമെന്നും ഒരു പക്ഷേ അധികാരത്തില്‍ എത്തിയേക്കുമെന്നും ഉള്ള പ്രതീക്ഷയില്‍ ഇത്തരം സാമൂഹ്യ വിരുദ്ധര്‍ ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്.
2009ല്‍ സംസ്ഥാനത്ത് വെറും ആറ് ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന ബിജെപി, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അത് 17 ശതമാനമായി വര്‍ദ്ധിച്ചു. വോട്ട് ശതമാനത്തില്‍ വന്ന ഈ ഇരട്ടിപ്പില്‍ നിന്നും തൃണമൂലിന്റെ ഏറ്റവും അടുത്ത എതിരാളി ബിജെപിയാണെന്ന് വ്യക്തം. മൂന്നര വര്‍ഷം മുമ്പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും അതിനുശേഷം 2014ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ഏറ്റ ദാരുണ പരാജയങ്ങളില്‍ നിന്നും ഇടതു മുന്നണി ഇതുവരെ കരകയറിയിട്ടില്ല. തൃണമൂലിനും ബിജെപിക്കുമെതിരെ വ്യക്തമായ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനുള്ള കെല്‍പ്പില്ലാതെ, ഇപ്പോഴും മുറിവുകള്‍ നക്കി ഇരിക്കുകയാണ് ഇടതുപക്ഷം. കോണ്‍ഗ്രസാകട്ടെ ഇപ്പോഴും പ്രാന്തവല്‍ക്കരിക്കപ്പെട്ട അവസ്ഥയിലാണ്.
കാര്യക്ഷമമായ ഭരണം നിര്‍വഹിക്കുന്നതിലുള്ള അവരുടെ കഴിവില്ലായ്മയെ കുറ്റപ്പെടുത്തുന്ന നഗരങ്ങളിലെ മധ്യവര്‍ഗ്ഗം ദീദിയില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. ഭദ്രലോക് ബുദ്ധിജീവികള്‍ എന്ന് വിശേപ്പിക്കപ്പെടുന്ന ഇവര്‍ക്ക്, ഇപ്പോള്‍ ദീദിയുടെ നാടകീയ ശൈലി അത്രകണ്ട് പിടിക്കുന്നില്ല. ഗ്രാമീണ ബംഗാളിലെ മുസ്ലീം കര്‍ഷക ജനത തന്നെ പിന്തുണയ്ക്കുമെന്നാണ് മമതയുടെ പ്രതീക്ഷ. അക്കാര്യത്തില്‍ അവരുടെ കണക്കുകൂട്ടല്‍ ശരിയുമായിരിക്കാം. ഇത് തിരിച്ചറിയുന്ന ബിജെപി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ആര്‍എസ്എസ് അജണ്ട ഉറപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കൊല്‍ക്കത്ത പ്രസംഗത്തില്‍ അമിത് ഷാ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് പരാമര്‍ശിച്ചത്. ബംഗാളിലെ മുസ്ലീം ജനസംഖ്യ ഏകദേശം 27 ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും അത് മൂന്നിലൊന്നോ അതില്‍ അധികമോ ആണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള ഇത്തരം പ്രദേശങ്ങളില്‍ ബിജെപി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പ്.
ന്യൂഡല്‍ഹിയിലെ അധികാര സിംഹാസനത്തിലേക്കുള്ള മോദിയുടെ ആരോഹണത്തില്‍ ഉത്സുകരായ, സംഘപരിവാറിന്റെ 'സന്നദ്ധ സംഘടനകള്‍,' ഇപ്പോള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് സജീവമാണ്. ആദിവാസികള്‍, പ്രാന്തവല്‍കൃതരായ കീഴ്ജാതിക്കാര്‍ എന്നിവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ ഇതുവരെ നിശബ്ദരായിരിക്കുകയായിരുന്നു. വനവാസി കല്യാണ്‍ ആശ്രമം, സേവഭാരതി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള യേല്‍ സര്‍വകലാശാലയിലെ താരിഖ് താച്ചിലിന്റെ നിരീക്ഷണം ഇവിടെ വളരെ പ്രസക്തമാണ്. 'പ്രത്യയശാസ്ത്ര താല്‍പര്യങ്ങളുള്ള ഈ സംഘടനകളുടെ സേവന പ്രവര്‍ത്തനങ്ങള്‍, സമ്പന്ന വര്‍ഗ്ഗങ്ങളെ കൂടെ നിറുത്തുമ്പോള്‍ തന്നെ ദരിദ്രരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ബിജെപിയുടെ ആവശ്യവുമായി ഒത്തുപോകുന്നതാണ്,' എന്ന് അദ്ദേഹം ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു (70 കളുട അവസാനവും 80കളിലും ജ്യോതി ബാസുവിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷവും ഇതേ തന്ത്രം പയറ്റിയിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്).
ബംഗാളിനെ സാമുദായിക അടിസ്ഥാനത്തില്‍ വിഭജിക്കുക എന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ആവശ്യമാണ്. ചുവരെഴുത്തുകള്‍ വ്യക്തമാണ്. എന്റെ നിരീക്ഷണം തെറ്റായി തീരട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.