നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 15 മാസക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകങ്ങളില്‍ ഒന്ന് വിവര വിനിമയത്തിനെ നിയന്ത്രിക്കാനും വിമതസ്വരങ്ങളെ ഒതുക്കാനുമുള്ള ശ്രമങ്ങളാണ്. ഏകദിശ ആശയ വിനിമയത്തിനുള്ള പ്രധാനമന്ത്രിയുടെ താത്പര്യം പ്രകടവും. പക്ഷേ തങ്ങളുടേതില്‍ നിന്നും വിഭിന്ന ചിന്താഗതിയുള്ളവരെ ഭീഷണിപ്പെടുത്താനും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുമുള്ള ബി ജെ പി യുടെയും ആര്‍ എസ് എസിന്റെയും ശ്രമങ്ങള്‍ വാസ്തവത്തില്‍ അവരുടെ രാഷ്ട്രീയ എതിരാളികളെ ശക്തിപ്പെടുത്തുകയാണ്.
ഇന്ത്യയുടെ ശബ്ദമുഖരിതമായ ജനാധിപത്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഭരിക്കുന്നവര്‍ അറിയുന്നില്ല. നിങ്ങളുടെ എതിര്‍ശബ്ദങ്ങളെയും എതിരഭിപ്രായങ്ങളെയും അടിച്ചമര്‍ത്താന്‍ നിങ്ങള്‍ എത്ര കടുത്ത ശ്രമം നടത്തുന്നുവോ അതിനേക്കാള്‍ വേഗത്തില്‍ നിങ്ങളുടെ വിമര്‍ശകര്‍ക്ക് രക്തസാക്ഷി പരിവേഷം ലഭിക്കുകയും അവര്‍ക്ക് അനുഭാവികളെ ലഭിക്കുകയും ചെയ്യും എന്നതാണ് വസ്തുത. ഇതിനേറ്റവും മൂര്‍ത്തമായ ഉദാഹരണം, 2002-ലെ ഗുജറാത്ത് വര്‍ഗീയ കശാപ്പിലെ മുസ്ലീം ഇരകള്‍ക്ക് നീതി ലഭിക്കാന്‍ മറ്റാരേക്കാളും യത്നിച്ച ടീസ്റ്റ സെതല്‍വാദിന്റെതാണ്. ഈ നീക്കത്തില്‍ സര്‍ക്കാര്‍ ഫോര്‍ഡ് ഫൌണ്ടേഷനെയും കുരുക്കിലാക്കി- ഇന്ത്യയിലെ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവര്‍ പണം നല്‍കിയതുകൊണ്ടല്ല, അവര്‍ ടീസ്റ്റ ഉള്‍പ്പെട്ട ഒരു സംഘത്തെ സഹായിച്ചു എന്നതിനാല്‍.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചു എന്നാരോപിച്ചു ചില സന്നദ്ധ സംഘടനകള്‍ക്ക് മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് പകപോക്കലല്ലെന്ന് നമുക്ക് വിശ്വസിക്കാം. ആണവോര്‍ജത്തെയും കല്‍ക്കരി ഖനന പദ്ധതികളെയും എതിര്‍ക്കുന്നതിലൂടെ ഈ സംഘടനകള്‍ രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും നമുക്ക് വിശ്വസിക്കാം. ഇത്തരം കുഴപ്പക്കാര്‍ വിദേശ പണം സ്വീകരിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും എന്നാല്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് നാം അംഗീകരിക്കണം. ബി ജെ പി മാത്രമല്ല കോണ്‍ഗ്രസിലും മറ്റ് കക്ഷികളിലും എന്‍ ജി ഒ-കളെ കുറിച്ചു സമാന അഭിപ്രായമുള്ളവര്‍ നിരവധിയുണ്ടെന്നു പറയാതെ വയ്യ. പക്ഷേ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന വിഷയം കൂടുതല്‍ ആഴത്തിലുള്ളതാണ്.
പൂനയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് വാര്‍ത്താ,വിതരണ മന്ത്രാലയം സ്വീകരിച്ച നിലപാട് അവഗണിക്കാവുന്നതല്ല. മുന്‍ സര്‍ക്കാരുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചിരുന്നു എന്നതാണ് അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ന്യായമായി പറയുന്നത്; അതിപ്പോള്‍ ഗജേന്ദ്ര ചൌഹാനെ പോലെ നിര്‍ഗുണനായ ഒരാളുടെ നിയമനമായാല്‍ പോലും. ഭരണഭാഷ്യങ്ങളെ അനുകൂലിക്കാത്തവരെ മുഴുവന്‍ ഹിന്ദു വിരോധികളും അതിലേറെ കടുപ്പത്തില്‍ ദേശ ദ്രോഹികളും ആക്കി ചിത്രീകരിക്കുന്നു.
ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടു പോയതെന്തുകൊണ്ടെന്ന് മനസിലാക്കുന്നത് ഗുണം ചെയ്യും. രാജ്യത്ത് കച്ചവടം ചെയ്യുന്നത് സുഗമമാക്കാന്‍ ഭൂ നിയമ ഭേദഗതി ആവശ്യമാണെന്ന വാദത്തോട് എന്‍ ഡി എ യിലെ ചില ഘടകകക്ഷികള്‍ മാത്രമല്ല സംഘപരിവാറിനുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടായത് മാത്രമല്ല ഇതിന് കാരണം. തന്റെ മുന്‍ഗാമിയില്‍ നിന്നും വ്യത്യസ്തമായി പറയുന്നത് ചെയ്യുന്ന, തടസങ്ങള്‍ മറികടക്കുന്ന ഒരാളായാണ് മോദി സ്വയം അവതരിപ്പിച്ചത്. ഈ അവസ്ഥയില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്ന ഒരാളായി ചിത്രീകരിക്കപ്പെടാന്‍ മോദി ആഗ്രഹിച്ചതുമില്ല.
പക്ഷേ ഏഴു മാസം നീണ്ട കൂട്ടക്കുഴപ്പങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മോദി എത്തിപ്പെട്ടത് അതേ അവസ്ഥയിലാണ്. പ്രധാനമന്ത്രി ഗണ്യമായ തോതില്‍ രാഷ്ട്രീയ മൂലധനം ദുര്‍വ്യയം ചെയ്തതിന് ശേഷം ഇപ്പോള്‍ കേള്‍ക്കുന്നത് ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ തിരക്ക് കൂട്ടിയതുകൊണ്ടാവില്ലെന്ന് മോദിക്ക് എന്തായാലും മനസിലായിക്കാണും. അചഞ്ചലനായ നേതാവ് എന്ന നിലക്കുള്ള തന്റെ പ്രതിച്ഛായ നിലനിര്‍ത്താനാണ് എന്നിട്ടും മോദിയുടെ ശ്രമം. പക്ഷേ, മുഖം നഷ്ടപ്പെട്ടെന്ന് സകലര്‍ക്കും കാണാം.
ദൂരദര്‍ശനും ആകാശവാണിയും നടത്തിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസാര്‍ ഭാരതി സര്‍ക്കാരിനെതിരായ ഒരു നിസാര വാര്‍ത്ത പോലും നല്‍കരുതെന്ന് മോദി വിശ്വസിക്കുന്നുണ്ടാകാം. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാ ഗാന്ധിയുടെ രീതിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇതും. പക്ഷേ നാല് പതിറ്റാണ്ടുകൊണ്ട് കാര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നതിനാല്‍ അയാള്‍ക്ക് കാര്യങ്ങള്‍ അത്ര സുഗമമല്ല. അതിപ്പോള്‍ പ്രധാനമന്ത്രി ഏറെ വ്യവഹരിക്കുന്ന നവ സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളുടെ വൈപുല്യത്തിലായാലും.
അര്‍ദ്ധസത്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കി അവതരിപ്പിക്കുമ്പോള്‍ ഒരു പ്രശ്നമുണ്ട്. നിങ്ങളവയെ വിശ്വസിക്കാന്‍ തുടങ്ങുകയും-തനിക്ക് ചുറ്റുമുള്ള ഉപജാപക വൃന്ദത്തില്‍ ഇന്ദിരാഗാന്ധി വിശ്വസിച്ചതുപോലെ- നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ജനങ്ങളില്‍ നിന്നും അകലാന്‍ തുടങ്ങുകയും ചെയ്യുന്നു. മോദി ഇന്ന് നേരിടുന്ന പ്രശ്നവും ഇതാണ്. സ്വന്തം നിലക്ക് പാചകവാതക സബ്സിഡി ഉപേക്ഷിച്ചവരുടെ കണക്കുകള്‍ അദ്ദേഹം പരിശോധിക്കണം. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ജന്‍ ധന്‍ യോജന-ക്കു കീഴില്‍ തുറന്ന ബാങ്ക് എക്കൌണ്ടുകളില്‍ പകുതിയിലേറെയും കാശില്ലാത്തവയാണെന്നും. സ്വച്ച് ഭാരത് അഭിയാന് കീഴില്‍ നിര്‍മ്മിച്ച മിക്ക ശൌചാലയങ്ങളും പ്രവര്‍ത്തനക്ഷമമല്ലെന്നും.
പറഞ്ഞത് ആവര്‍ത്തിക്കാതെ തരമില്ല; ഗുജറാത്ത് ഭരിച്ച പോലെ മോദിക്ക് ഇന്ത്യ ഭരിക്കാനാവില്ല. പക്ഷേ തന്റെ രീതികള്‍ മാറുന്നു എന്ന ഒരു സൂചനയും അയാള്‍ തരുന്നില്ല. ബിഹാറിലേക്ക് ഒഴുക്കുമെന്ന് മോദി പ്രഖ്യാപിച്ച വമ്പന്‍ വാഗ്ദാനങ്ങളില്‍ ആ ദരിദ്ര സംസ്ഥാനത്തെ ജനത വിശ്വാസമര്‍പ്പിക്കുന്നുവോ എന്നാണ് കണ്ടറിയേണ്ടത്- രാജ്യത്തെ ഓരോ പൌരനും ഒരു ലക്ഷം രൂപ നല്കാന്‍ മാത്രം വരുന്ന ധനസഹായം!
അബ്രഹാം ലിങ്കണ്‍ പറഞ്ഞത് പ്രധാനമന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കും; നിങ്ങള്‍ക്ക് കുറച്ചുപേരെ എക്കാലവും മണ്ടന്‍മാരാക്കാം, എല്ലാവരെയും കുറച്ചുകാലത്തേക്കും, എന്നാല്‍ എല്ലാവരെയും എല്ലാ കാലത്തേക്കും മണ്ടന്‍മാരാക്കാനാവില്ല.