ബിഹാര്‍ ഒരു രാഷ്ട്രീയ പരീക്ഷയാണ്; ഇവിടെ എല്ലാവര്‍ക്കും ജയിച്ചേ പറ്റൂ

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആലങ്കാരികമായും അക്ഷരാര്‍ത്ഥത്തിലും ഒലിച്ചു പോകുന്നതില്‍ വലിയ അത്ഭുതത്തിന് അവകാശമില്ല. ഒരു ദശാബ്ദക്കാലം അധികാരത്തില്‍ നിന്നും മാറ്റി നിറുത്തപ്പെട്ടപ്പോള്‍, ബിജെപി നടപ്പിലാക്കിയ അതേ തന്ത്രങ്ങള്‍ തന്നെ തിരിച്ചുപയറ്റാന്‍ അവരുടെ രാഷ്ട്രീയ എതിരാളികള്‍ ഉറച്ചിരുന്നു. ഇനി വരുന്ന മൂന്ന് മാസങ്ങളില്‍ ഡല്‍ഹി ദര്‍ബാര്‍ രാഷ്ട്രീയത്തിന്റെ പ്രാധാന്യം കുറയുകയും ബിഹാര്‍ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. കാരണം, ദേശീയ രാഷ്ട്രീയത്തിന്റെ സമീപകാല സഞ്ചാരഗതിയില്‍ നിര്‍ണായക ചലനങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ് ബിഹാറിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്ന് നിസംശയം പറയാന്‍ സാധിക്കും.

നിലവിലുള്ള പ്രവചനങ്ങള്‍ക്ക് അതീതമായി ജനതാദള്‍ യുണൈറ്റഡ് - രാഷ്ട്രീയ ജനതാദള്‍ കൂട്ടുകെട്ടിനെ ബിജെപിയും അതിന്റെ സഖ്യകക്ഷികളും ചേര്‍ന്ന് തോല്‍പ്പിക്കുകയാണെങ്കില്‍, ഇന്ത്യയുടെ 'രണ്ടാം റിപബ്ലിക്കി'ന്റെ പരമോന്നത നേതാവായി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് മുമ്പില്ലാത്ത വിധമുള്ള ധൈര്യം ലഭിക്കും. അതേ സമയം നിലവിലെ സാധ്യതകള്‍ പ്രകാരം ബിജെപി ബിഹാറില്‍ പരാജയപ്പെടുകയാണെങ്കില്‍, തന്റെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ വലതുപക്ഷ അനുകൂല, കുത്തക സൗഹൃദപരമായ നയങ്ങള്‍ ഉടച്ചുവാര്‍ക്കാനും കൂടുതല്‍ ജനകീയനാവാനും നരേന്ദ്ര മോദി നിര്‍ബന്ധിതനാവും.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഭേദഗതിയെ, തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ വ്യാവസായിക അനുകൂലമായ ഒന്നാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് ഇപ്പോള്‍ പ്രധാനമന്ത്രിയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും തിരിച്ചറിയുന്നുണ്ട്. 'കര്‍ഷക വിരുദ്ധ'. 'ദരിദ്ര വിരുദ്ധ' മുദ്രാവാക്യങ്ങള്‍ തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുമെന്ന് അവര്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നു. രാജ്യത്തെ പൊതുവോട്ടിന്റെ ഏകദേശം പകുതിയോളം കൈയടക്കി വച്ചിരിക്കുന്ന രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ മിക്കപ്പോഴും സമാനമാണ്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിക്കുന്ന പരാജയം, ഇരു പാര്‍ട്ടികളുടെയും സാമ്പത്തിക നയങ്ങള്‍ സമാനമാണെന്ന ചിന്തയ്ക്ക് കൂടുതല്‍ പ്രാമാണ്യം നല്‍കും.

ഒരു നിമിഷം! ബിജെപിയും കോണ്‍ഗ്രസും തമ്മില്‍, പക്ഷെ, നിര്‍ണായകമായ ഒരു വ്യത്യാസം ഉണ്ട്. 'എം' ഘടകം എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ മുസ്ലീങ്ങളിലെ (രാജ്യത്തിന്റെ ജനസംഖ്യയില്‍ ഏകദേശം 14 ശതമാനത്തോളം വരും എന്ന് കണക്കുകള്‍) ഭൂരിപക്ഷവും ബിജെപിയെ വിശ്വസിക്കുന്നില്ല. ബിഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വി മോദിയെ ഒരു ഇടതുപക്ഷാധിഷ്ടിത സാമ്പത്തിക നയങ്ങളിലേക്ക് നയിച്ചേക്കാമെങ്കിലും സമാന്തരമായി അദ്ദേഹത്തെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഹിന്ദുത്വ അജണ്ടയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിലേക്കും നയിച്ചേക്കാം. തന്റെ പ്രതിഛായ കൂടുതല്‍ 'ഉള്‍ക്കൊള്ളുന്ന' ഒന്നാക്കി അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോഴും, സംഘപരിവാറിലെ തീവ്രവാദികളുടെ ഭ്രാന്തമായ പ്രയോഗങ്ങളെ കണ്ടില്ലെന്ന് നടിക്കാനാണ് അദ്ദേഹം ഇതുവരെ ശ്രമിച്ചിരുന്നത്. എന്നാല്‍, ഭാവിയില്‍ ആര്‍എസ്എസിന്റെ സാമൂഹിക അജണ്ടയെ പരിപോഷിപ്പിക്കുന്ന കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു വിവേചനബുദ്ധി അദ്ദേഹം കൈക്കൊള്ളണമെന്നില്ല.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരു കാലത്തും ബിജെപിയില്‍ മോദിയുടെ സുഹൃത്തായിരുന്നില്ല. എന്നിട്ടും ക്രിക്കറ്റിലെ സാര്‍ ചക്രവര്‍ത്തി എന്ന് വിശേഷിപ്പിക്കാവുന്ന ലളിത് മോദിയെ അവര്‍ 'സഹായിച്ച' കാര്യം പരസ്യമായിട്ടും അവരുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതുപോലെ തന്നെ, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പുത്രനും 'മറ്റെ' മോദിയും തമ്മിലുള്ള പ്രേമ ഇടപാടുകള്‍ റോബര്‍ട്ട് വധേരയുടെ ഭൂമി കുംഭകോണത്തിന് സമാനമായിട്ട് പോലും അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മോദിക്ക് സാധിക്കുന്നില്ല. സാധാരണഗതിയില്‍ വാചാലനായ നമ്മുടെ പ്രധാനമന്ത്രിയുടെ മുന്നില്‍ നിലവിലുള്ള ഒരേ ഒരു സാധ്യത അസാധാരണമായ മൗനം മാത്രമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും സര്‍ക്കാര്‍ തൊഴിലുകള്‍ലേക്കുള്ള നിയമനങ്ങള്‍ക്കും വ്യാപകമായ അഴിമതി നടന്ന, ഇപ്പോള്‍ നിയന്ത്രണാധീനമായി തീര്‍ന്നിരിക്കുന്ന വ്യാപം കുംഭകോണം വെളിയില്‍ വന്നതിന് ശേഷവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പദവിയില്‍ നിന്നും നീക്കാനും പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ല. തന്റെ മുന്‍ഗാമിയായിരുന്ന മന്‍മോഹന്‍ സിംഗിനെ പോലെ തന്നെ, സ്വന്തം പാര്‍ട്ടിയില്‍ നടക്കുന്ന ഹീനകൃത്യങ്ങള്‍ നരേന്ദ്ര മോദിയും കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല.

ഈ സര്‍ക്കാരിന്റെ കാലാവധി 2019 മേയില്‍ അവസാനിക്കും. അതിന് മുമ്പ് തീര്‍ച്ചയായും പലതും സംഭവിക്കും. കഴിഞ്ഞ മാസം 19ന് തന്റെ 45-ാം ജന്മദിനം ആഘോഷിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ആക്രമണ പാതയില്‍ തന്നെ തുടര്‍ന്നും സഞ്ചരിക്കേണ്ടി വരും. അദ്ദേഹത്തിന് മാത്രമല്ല, പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന തിരവനന്തപുരം എംപി ശശി തരൂരിന്റെ നിര്‍ദ്ദേശത്തെ പരസ്യമായി ശാസിച്ച അദ്ദേഹത്തിന്റെ അമ്മയുടെ നിയന്ത്രിത ആക്രമണ രീതിയും തുടരേണ്ടി വരും. യുവ ഗാന്ധി ഇപ്പോള്‍ ഇടതുപക്ഷ ഭാഷയിലാണ് സംസാരിക്കുന്നത്.

ലാളിച്ച് വളഷാക്കപ്പെട്ട ഒരു കുട്ടിയാണെന്ന പൊതുധാരണയില്‍ നിന്നും രക്ഷപ്പെടുകയും ഇന്ത്യയിലെ 'ബഹുമാന്യ മുത്തശ്ശി പാര്‍ട്ടി' അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനം നേരിടുമ്പോള്‍ അതിനെ ഭാഗീകമായെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യത്യസ്ത രാഷ്ട്രീയക്കാരനാണ് താനെന്ന പ്രതിഛായ നിലനിറുത്തുകയും ചെയ്യുക മാത്രമാണ് പയ്യനായ രാഹുലിന്റെ മുന്നിലുള്ള ഏക വഴി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അഴിമതി വഴികളില്‍ വിയര്‍പ്പൊഴുക്കാനുള്ള മര്‍ക്കടമുഷ്ടി എത്ര കാലം അദ്ദേഹത്തിനുണ്ടാവും? ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പിന്‍സീറ്റ് ഡ്രൈവിംഗിന്റെ ഗുണങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ച അദ്ദേഹത്തിന് നിതീഷ് കുമാറിന്റെ വക്താവായി മാറാന്‍ സാധിക്കുമോ? ബിഹാറിലെ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ കൃത്യമായി വീക്ഷിക്കപ്പെടും.

ബിഹാര്‍ മുഖ്യമന്ത്രിയുടെ മുഖം പാട്‌നയില്‍ എമ്പാടുമുള്ള പ്രദര്‍ശനപലകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ പാട്‌നയല്ല ബിഹാര്‍. ഇന്ത്യന്‍ ബഹുകക്ഷി ജനാധിപത്യത്തിനപ്പുറം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃകയില്‍, തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് സംഭവിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കാന്‍ 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വക്താക്കള്‍ക്ക് വിജയകരമായി സാധിച്ചു. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരുന്നു ആ കബഡി കളി. അതില്‍ ആര് ജയിച്ചുവെന്ന് നമുക്ക് വ്യക്തമായി അറിയുകയും ചെയ്യാം.

പക്ഷെ രാഷ്ട്രീയത്തെ വ്യക്തിവൈഭവ വാദത്തിലേക്ക് തരംതാഴ്ത്തുന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു ആയുധത്തെയാണ് സൃഷ്ടിക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍, വെറും ഒമ്പത് മാസത്തിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി കാവി പാര്‍ട്ടിയെ മൊത്തം വോട്ട് പങ്കിന്റെ വെറും അഞ്ച് ശതമാനം മാത്രം ലഭിക്കുന്ന തരത്തില്‍ കാഴ്ചക്കാരായി മാറ്റുമെന്ന് ആരും കരുതിയില്ല. ഇത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും, മുഖ്യമന്ത്രിക്കെതിരെ മറ്റൊരു മോദിയായ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെ ഇതുവരെ രംഗത്തിറക്കാതിരിക്കുന്ന ബിജെപിക്കും വലിയ പാഠങ്ങളാണ് നല്‍കുന്നത്.

താന്‍ നല്ലൊരു ഭരണാധികാരിയാണെന്ന് ബിഹാറിലെ വലിയൊരു ശതമാനം വോട്ടര്‍മാരെ നിതീഷ് കുമാര്‍ ബോധ്യപ്പെടുത്തി കഴിഞ്ഞു. ലാലു യാദവ് തന്റെ മുഖ്യ എതിരാളിയായിരുന്ന 17 വര്‍ഷം തന്റെ സഖ്യകക്ഷിയായിരുന്നു ബിജെപി എന്ന വസ്തുതയ്ക്കപ്പുറം അവര്‍ക്കെതിരെ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഗോധ്രാനന്തര ഹിന്ദു-മുസ്ലീം കലാപം നടന്ന 2002ല്‍ അദ്ദേഹം അദല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭയില്‍ റയില്‍വേ മന്ത്രിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. പക്ഷെ, ഇപ്പോള്‍ അദ്ദേഹം മോദിയുടെ കീഴിലുള്ള 'വര്‍ഗ്ഗീയ' ബിജെപിയെ കഠിനമായി വെറുക്കുന്നു. ഇത് മാത്രമല്ല അദ്ദേഹത്തിന്റെ 'കുറ്റം.' അദ്ദേഹത്തെ പരമാവധി വിഷമിപ്പിക്കുകയും ഇപ്പോള്‍ പ്രതീക്ഷിച്ചത് പോലെ ബിജെപി പാളയത്തില്‍ എത്തിപ്പെടുകയും ചെയ്ത നിതിന്‍ റാം മാഞ്ചിയെ ബിഹാര്‍ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള തീരുമാനത്തില്‍ ഇപ്പോള്‍ അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തുന്നു.

നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ ലാലു തയ്യാറായിട്ടുണ്ട്. എന്നാല്‍ ആര്‍ജെഡിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്നവരുടെ വോട്ടുകള്‍ പുതിയ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് 'കൈമാറ്റം' ചെയ്യുപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന തലത്തില്‍ അടിത്തട്ടില്‍ ആര്‍ജെഡിയുടെയും ജെഡി (യു) വിന്റെയും പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നുള്ളതാണ് ഈ സഖ്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. കിഴക്കന്‍ ഇന്ത്യയിലെ ഈ പിന്നോക്ക സംസ്ഥാനത്തെ ജാതി വിന്യാസങ്ങള്‍ സങ്കീര്‍ണമാണ്. എന്നിട്ടും ഒരു വലിയ ചോദ്യം ബാക്കിയാവുന്നു. ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളുടെ യോജിപ്പിനുള്ള വഴികാട്ടിയായി ബിഹാര്‍ മാറുമോ?

Featured Book: As Author
Flying Lies?
The Role of Prime Minister Narendra Modi in India's Biggest Defence Scandal
Also available:
 
Featured Book: As Publisher
Calcutta Diary