ആഗോളപ്രതിസന്ധിക്ക് വഴിതെളിച്ച മഹാ മാന്ദ്യത്തിന് എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, 2008-ല്‍ സാമ്പത്തിക മാന്ദ്യം വീണ്ടും വന്നതിനു പിറകെ, ലോകം മറ്റൊരു മഹാ മാന്ദ്യത്തിലേക്കാണോ നടന്നുനീങ്ങുന്നത്? 1930-കളിലേതുപോലെ മറ്റൊരു മഹാമാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതിന് തൊട്ട് പിന്നാലെ, ഉടനടി ആഗോള സമ്പദ് വ്യവസ്ഥ മഹാമാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നല്ല അദ്ദേഹം പറഞ്ഞതെന്ന വിശദീകരണവുമായി ആര്‍ ബി ഐ എത്തുകയുണ്ടായി.
മാധ്യമങ്ങളെ പഴിചാരിയെങ്കിലും ലോകത്തെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ തുടരുന്ന നയങ്ങള്‍ 1930-കളില്‍ ഉണ്ടായ അയല്‍ക്കാരനെ പിച്ചക്കാരനാക്കി രക്ഷപ്പെടുന്നതരം തന്ത്രങ്ങളിലേക്ക് (beggar-thy -neighbour policy) ലോകത്തെ എത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായി സമ്മതിക്കുന്നു.
പരസ്പരം മത്സരിക്കുന്ന വിധത്തില്‍ പണലഭ്യത കൂട്ടുന്ന വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍ അന്താരാഷ്ട്ര സംവിധാനത്തിന്റെ ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് ഡോ.രാജന്‍ പറയുന്നത് ഇതാദ്യമല്ല. ജൂണ്‍ 26-നു ലണ്ടന്‍ ബിസിനസ് സ്കൂളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തിലെ ഒരു ഭാഗമാണ് താഴെ നല്‍കുന്നത്:
“വളര്‍ച്ച കൂട്ടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നാം സാവധാനത്തില്‍ 1930-കളില്‍ ഉണ്ടായിരുന്നതിന് സമാനമായ പ്രശ്നങ്ങളിലേക്ക് വഴുതിവീഴുകയാണ്. ഇത് ലോകത്തിനൊരു പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നു. വ്യാവസായിക രാഷ്ട്രങ്ങള്‍ക്കും വളരുന്ന വിപണികള്‍ക്കും മാത്രമല്ല നമുക്കെല്ലാവര്‍ക്കും. ശൂന്യതയില്‍ നിന്നു വളര്‍ച്ച ഉണ്ടാക്കാനാണോ, വളര്‍ച്ച സൃഷ്ടിക്കാതെ വളര്‍ച്ചയെ ഓരോന്നില്‍നിന്നും വേര്‍തിരിക്കാനാണോ ശ്രമമെന്നാണ് ചോദ്യം. മത്സരക്ഷമമായി വിനിമയമൂല്യം കുറച്ച മഹാമാന്ദ്യ കാലത്തെ ചരിത്രം നമുക്ക് പിന്നിലുണ്ട്...”
ഡോ.രാജന്റെ വാക്കുകള്‍ക്ക് കൃത്യമായ ഒരു മുന്നറിയിപ്പിന്റെ സാംഗത്യം മുന്‍കാലങ്ങളിലുമുണ്ടായിരുന്നു. 2005-ല്‍ യു എസില്‍ അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായി അദ്ദേഹം അവതരിപ്പിച്ച പ്രബന്ധത്തിന്റെ തലക്കെട്ട് “സാമ്പത്തിക വികാസം ലോകത്തെ കൂടുതല്‍ അപായസാധ്യതയുള്ളതാക്കിയോ?” എന്നതായിരുന്നു. അദ്ദേഹത്തിന്റെ ഉത്തരം ‘ഉവ്വ്’ എന്നും.
ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടവ് വീഴ്ച്ചയിലെ നഷ്ടം നികത്താനുള്ള ഉറപ്പുകള്‍ വാങ്ങുന്ന തരത്തില്‍ സങ്കീര്‍ണമായ സാമ്പത്തിക സംവിധാനങ്ങള്‍ ഉണ്ടാക്കുകയും അവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്തതോടെ ലോക ബാങ്കിങ് സംവിധാനം അങ്ങേയറ്റം അപായസാധ്യതയുള്ളതായി എന്ന്‍ ആ പ്രബന്ധത്തില്‍ ഡോ.രാജന്‍ വാദിക്കുന്നു. “അന്തര്‍-ബാങ്ക് വിപണി മരവിക്കുകയും പൂര്‍ണതോതില്‍ ഒരു സാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെടുകയും ചെയ്യാം.”
എന്നാല്‍ ആ സമ്മേളനത്തില്‍ മറ്റുള്ളവര്‍ ഡോ.രാജന്റെ ആശങ്കകള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് ആരോപിച്ചു. ഇതിനെക്കുറിച്ച് അദ്ദേഹം എഴുതി,“പാതി പട്ടിണിയായ സിംഹക്കൂട്ടത്തിലേക്ക് കടന്നുചെന്ന ഒരാളെപ്പോലെ എനിക്കു തോന്നി എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.”
എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം ഇതേ മുന്നറിയിപ്പ് എത്ര ശരിയായിരുന്നു എന്ന്‍ ആളുകള്‍ ഉറക്കെ പറഞ്ഞു. അത്യാഗ്രഹികളായ ബാങ്കര്‍മാര്‍ക്കും, അലസരായ രാഷ്ട്രീയക്കാര്‍ക്കും, പിടിപ്പുകേട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അപ്പുറത്തേക്ക് സാമ്പത്തിക പ്രതിസന്ധി കടന്നിരിക്കുന്നു എന്ന്‍ 2005-ല്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളര്‍ച്ച നേടാന്‍, കടത്തിലായ അമേരിക്കന്‍ ഉപഭോക്താക്കളെ ആശ്രയിക്കുന്ന ലോക സാമ്പത്തിക വ്യവസ്ഥയും വര്‍ധിക്കുന്ന അസമത്വവും കൂടിയാണ് മഹാ മാന്ദ്യത്തിലേക്ക് നയിച്ചതെന്ന് ഡോ.രാജന്‍ വ്യക്തമാക്കുന്നു.
ഒക്ടോബറില്‍ ഓഹരി വിപണിയുടെ തകര്‍ച്ചയോടെ 1929-ല്‍ തുടങ്ങിയ മഹാ മാന്ദ്യം 1039-ല്‍ രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതുവരെ നീണ്ടു. ആ പതിറ്റാണ്ടില്‍ അന്താരാഷ്ട്ര വാണിജ്യം പകുതിയിലേറെ കുറഞ്ഞു. ആഗോള ജി ഡി പി 1930-കളിലെ ആദ്യ നാലു വര്‍ഷത്തില്‍ 15%-ത്തിലേറെ ഇടിഞ്ഞു. പണിശാലകള്‍ അടച്ചുപൂട്ടി. തൊഴിലില്ലായ്മ കുതിച്ചുകയറി.
ആ ദിവസങ്ങള്‍ മടങ്ങിവരുന്നത് ഭയാനകമാണ്. ഇന്ത്യയിലെ അച്ഛെ ദിന്‍ പ്രചാരണത്തിനും അന്താരാഷ്ട്ര പ്രതിസന്ധി ഒട്ടും സുഖമുള്ള വാര്‍ത്തയാകില്ല. ഒരു വശത്ത് ആഗോള എണ്ണ വില ഉയര്‍ന്നാല്‍ അത് രാജ്യത്തെ തളര്‍ത്തൂം. 2008-ല്‍ അതാണ് സംഭവിച്ചത്. എണ്ണ വില വീപ്പയ്ക്ക് $40 എണ്ണ നിരക്കില്‍ നിന്നും $147-ലെത്തി. വീണ്ടും $40-ലേക്ക് താഴോട്ട് പോന്നു.
കഴിഞ്ഞ വര്‍ഷത്തെ വീപ്പയ്ക്ക് $115 എണ്ണ നിരക്കില്‍ നിന്നും എണ്ണ വില ജനുവരിയില്‍ $50 എണ്ണ നിരക്കായി. Economist പോലുള്ള ഒരു വലതുപക്ഷ പ്രസിദ്ധീകരണം ഇതിനെ സൌദി അറേബ്യയിലെ ഷേഖുമാരും യു എസിലെ ഷെയില്‍ എണ്ണ കുഴിച്ചെടുക്കുന്ന ചെറിയ കമ്പനികളുമായുള്ള കിടമത്സരമാണ് വിലയിടിവിന് കാരണമെന്ന് വ്യാഖ്യാനിക്കുന്നു. പക്ഷേ ഭൌമ-രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രത്യേകിച്ചും ഉക്രെയിന്‍ ഇടപെടലിന് ശേഷം റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനെ ഒതുക്കാനുള്ള പടിഞ്ഞാറിന്റെ താത്പര്യവും ഇതിന് പിന്നിലുണ്ട്.
ഈ കണക്കുകൂട്ടലുകളെല്ലാം നാടകീയമായി മാറിമറിയാം. പ്രത്യേകിച്ചും ഗ്രീസ് സര്‍ക്കാരിന്റെ നടപടികള്‍ യൂറോപ്യന്‍ സാമ്പത്തിക സംഘത്തിന്റെ തകര്‍ച്ചക്ക് വഴിതെളിച്ചാല്‍. ഇത് ഡോ.രാജന്റെ ആശങ്കകകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് വഴിവെക്കുമോ? മുന്‍ ഗ്രീക്ക് ധനമന്ത്രി യാനിസ് വാറുഫകിസിനെ പോലെ ആര്‍ ബി ഐ ഗവര്‍ണര്‍ ഒരു തീവ്ര നിലപാടുകാരനല്ല. മാത്രവുമല്ല മുതലാളിത്തത്തിന്റെ ഗുണവിശേഷങ്ങളില്‍ അദ്ദേഹത്തിന് സംശയവുമില്ല. “Saving Capitalism from the Capitalists” എന്നാണ് ല്യൂങ്ങി സിങ്ഗെയില്‍സുമായി ചേര്‍ന്ന് അദേഹമെഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് തന്നെ.
ഇന്നത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി, അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിന്റെ പ്രതിസന്ധികളിലൊന്നാണ് എന്നു വിശ്വസിക്കുന്നവരില്‍ നിന്നു മാറി പ്രതിസന്ധി സംവിധാനത്തിന് അകത്താണ് എന്നു ഡോ.രാജന്‍ വാദിക്കുന്നു. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകള്‍ നാം കേള്‍ക്കുമോ? അതോ ഒരു കഷ്ടകാല പ്രവചനമായിക്കണ്ട് തള്ളിക്കളയുമോ? പ്രതീക്ഷിക്കുന്നതിനെക്കാളും വേഗത്തില്‍ ഉത്തരങ്ങള്‍ വെളിവാകും.