ഗ്രീക്ക് പ്രതിസന്ധി: എത്രനാള്‍ കണ്ടില്ലെന്ന് നടിക്കാനാവും ഇന്ത്യയ്ക്ക്?

അടക്കിപ്പിടിച്ച കാത്തിരിപ്പുമായി നീളന്‍ കഠാരകള്‍ നീണ്ട രാത്രി ഉണ്ടായില്ല. ഇത്തവണ കാര്യങ്ങള്‍ മടുപ്പിക്കും വിധം പ്രവചനാത്മകമായിരുന്നു. ഗ്രീസും യൂറോസോണിലെ വായ്പാ ദാതാക്കളും തമ്മില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാകും എന്നു കരുതാന്‍ ഒട്ടും കഴിയില്ലായിരുന്നു. ‘ചാഞ്ചാട്ട മാര്‍ക്സിസ്റ്റ്’ യാനിസ് വരോഫാകിസ് ഗ്രീസിന്റെ ധനമന്ത്രിസ്ഥാനം രാജിവെച്ചതോടെ ഓഹരി വിപണികള്‍ക്കും നാണയ വിനിമയ വിപണിക്കും എങ്ങനെ പ്രതികരിക്കണം എന്നു നിശ്ചയമില്ലാതായി; ഏറ്റവും മോശം സമയം കഴിഞ്ഞു എന്ന ആശ്വാസമോ ഭീതിയോ, കോപമോ സന്തോഷമോ.

ഒരു കാര്യം മാത്രം ഉറപ്പായിരുന്നു: അനിശ്ചിതത്വം തുടരും. ആഗോള സമ്പദ് വ്യവസ്ഥയുടെ മറ്റൊരു വശം കൂടി വ്യക്തമായി: 16 വര്‍ഷം മുമ്പ് സൃഷ്ടിച്ച യൂറോ എന്ന നാണയത്തിന്റെ ഭാവി മുമ്പന്നത്തെക്കാളും അനിശ്ചിതത്വത്തിലാണ്.

യൂറോപ്പിലെ 29-ല്‍ 18 രാജ്യങ്ങളെ യൂറോസോണിന്റെ ഭാഗമായുള്ളൂ എങ്കിലും പോരാട്ട നിര വ്യക്തമാണ്. ഏറ്റവും ശക്തനും ഏറ്റവും ദുര്‍ബ്ബലനും തമ്മില്‍: ജര്‍മ്മനി ഗ്രീസുമായാണ് പോരടിക്കുന്നത്. ആരാണ് ആദ്യം കണ്ണുചിമ്മുക?

സാമ്പത്തിക പ്രതിസന്ധി ഒരു പ്രത്യയശാസ്ത്ര പോരാട്ടം കൂടിയാണ്: മുതലാളിത്തവും സോഷ്യലിസവും തമ്മില്‍.

ഇന്ത്യക്ക് ആശങ്ക കൂടാതെ ഇരിക്കാമോ? ധനമന്ത്രാലയ ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “ഇത് കുറച്ചു സമയം നീളുന്നൊരു നാടകമാണ്. മൂന്നു തരത്തില്‍ നാം സുരക്ഷിതരാണ്. നമ്മുടെ സ്ഥൂല സാമ്പത്തിക സാഹചര്യം കൂടുതല്‍ ഭദ്രമാണ്. നമുക്ക് വിദേശ നാണ്യ ശേഖരമുണ്ട്. നമ്മുടേത് ഇപ്പൊഴും നിക്ഷേപം ആകര്‍ഷിക്കുന്ന സമ്പദ് രംഗമാണ്. അതുകൊണ്ടു നമ്മള്‍ താരതമ്യേന സുരക്ഷിതരാണെന്ന് ഞാന്‍ കരുതുന്നു.”

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂലധനം കൂടുതല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അത് രൂപയുടെ വിനിമയ മൂല്യത്തെ ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഗ്രീസിലെ പ്രതിസന്ധി ഇന്ത്യയെ നേരിട്ടല്ലാത്ത വഴികളില്‍ ഇന്ത്യയെ ബാധിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് മെഹ്ഋഷി സമ്മതിക്കുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലേയും വരാനിരിക്കുന്നതുമായ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ സമ്പദ് രംഗമടക്കം ആഗോള സമ്പദ് രംഗത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് വാസ്തവം.

81 കൊല്ലങ്ങള്‍ക്ക് മുമ്പ്, ഇതേ ആഴ്ച്ച നാസി ജര്‍മ്മനിയുടെ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ യാഥാസ്ഥിതികരും ഇടതുപക്ഷക്കാരും അടങ്ങുന്ന തന്റെ എതിരാളികളെ ഉന്മൂലനം ചെയ്തു. Night of the Long Knives ജര്‍മ്മനില്‍ പറഞ്ഞാല്‍ Rohm Putsch എന്ന രഹസ്യദൌത്യം. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോക മഹായുദ്ധം തുടങ്ങി.

ഒറ്റയടിക്ക് വര്‍ത്തമാനകാലത്തിലെത്താം: നാടകീയമായ ഒന്നും സംഭവിച്ചിട്ടില്ല. അന്തരാഷ്ട്ര നാണയ നിധി (IMF), യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ കമ്മീഷന്‍ എന്നിവ ചേര്‍ന്ന ത്രിമൂര്‍ത്തി സംഘം ഗ്രീസിന് ഇനിയും സഹായം ചെയ്യേണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ പൊതുജനാഭിപ്രായമായി പറയുകയായിരുന്നു.

സോഷ്യല്‍ ഡെമോക്രാറ്റായ ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍ ഞായറാഴ്ച്ച പറഞ്ഞത് യൂറോസോണുമായി ഒത്തുതീര്‍പ്പിനുള്ള അവസാന പാലവും ഗ്രീക് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ് കത്തിച്ചുകളഞ്ഞു എന്നാണ്.

ഈ രണ്ടു ജര്‍മ്മന്‍ നേതാക്കള്‍ക്കും വെറുക്കപ്പെട്ട വില്ലന്‍ കഴിഞ്ഞ ദിവസം രാജിവെച്ച ഗ്രീക് ധനമന്ത്രി വരോഫാകിസ് ആയിരുന്നു. തന്റെ നീണ്ട, ആക്രമണോത്സുകമായ പ്രഭാഷണങ്ങള്‍ക്കൊണ്ട് അയാളവരെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഗ്രീസിന്റെ വായ്പാദാതാക്കളെ ‘ഭീകരവാദികള്‍’ എന്നയാള്‍ വിളിച്ചതോടെ അത് പൂര്‍ത്തിയായി. “എന്റെ അസാന്നിധ്യത്തിനുള്ള ചില ആവശ്യങ്ങള്‍ എന്നെ മനസിലാക്കിതന്നിട്ടുണ്ട്. ഒരു ഒത്തുതീര്‍പ്പിലെത്താന്‍ അത് തന്നെ സഹായിക്കും എന്നു സിപ്രാസ് കരുതുന്നു.”

ഗ്രീക്കുകാര്‍ യൂറോപ്പിനെ ‘ജനാധിപത്യത്തിന്റെ ഒരു പാഠം’ പഠിപ്പിച്ചെന്നും ഇനി കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷാ പദ്ധതിക്കായി ആവശ്യമുന്നയിക്കണമെന്നും തന്റെ ബ്ലോഗില്‍ അദ്ദേഹം പറയുന്നു.

സിപ്രാസും വാരോഫാകിസും വലിയ അകല്‍ച്ചയിലാണെന്ന് കരുതാന്‍ വയ്യ. ആവേശഭരിതരായ തന്റെ അനുയായികളോട് സിപ്രാസ് പറഞ്ഞു: “നിങ്ങള്‍ തന്ന (61.3%) വലിയ സമ്മതി യൂറോപ്പുമായി തെറ്റിപ്പിരിയാനല്ല, ഒരു സാധ്യമായ പരിഹാരത്തിനുള്ള നമ്മുടെ ഒത്തുതീര്‍പ്പ് നില ശക്തമാക്കാനാണ്.”

ഗ്രീസിലെ ബാങ്കുകള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ നില കൂടുതല്‍ മോശമാക്കാനാണോ അവര്‍ വോട്ട് ചെയ്തത്? ഒരിക്കലുമല്ല.

(കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഗ്രീസിന്റെ ദേശീയ വരുമാനം നാളിലൊന്നായി ചുരുങ്ങി. കൂലിയും അതേ നിലവാരത്തില്‍ താഴ്ന്നു. തൊഴിലില്ലായ്മ 26%. യുവാക്കള്‍ക്കിടയില്‍ ഇത് 60%)

ചോദ്യം വളരെ വ്യക്തമാണ്. ഗ്രീസ് തങ്ങളുടെ വായ്പാദാതാകളുടെ അടിമപ്പണിക്കാരനായി മാറണോ അതോ അവര്‍ക്കെതിരെ പോരാടണോ?

ഈ സംവാദത്തെ കൂടുതല്‍ ആളിക്കത്തിച്ചുകൊണ്ട് പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി ജര്‍മ്മന്‍ പത്രം Die Zeit-നു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് ചരിത്രത്തെക്കുറിച്ചുള്ള അവരുടെ തികഞ്ഞ അജ്ഞത മൂലം ജര്‍മ്മന്‍ യാഥാസ്ഥിതികര്‍ യൂറോപ് എന്ന ആശയത്തെ തകര്‍ക്കുകയാണ് എന്നാണ്. (https://medium.com/@gavinschalliol/thomas-piketty-germany-has-never-rep…)

ഇപ്പോള്‍ ഗ്രീസിന് ഉള്ളതിനെക്കാള്‍ എത്രയോ വലിയ കടക്കാരായിരുന്നു ബ്രിട്ടനും ജര്‍മ്മനിയും ഫ്രാന്‍സും എന്ന് പിക്കറ്റി ചൂണ്ടിക്കാട്ടുന്നു. 2004-ല്‍ ഗ്രീസിന്റെ പൊതുകടം രാജ്യത്തിന്റെ ജി ഡി പിയുടെ 127 ശതമാനമായിരുന്നു. ഇപ്പോഴത് 175% ആണ്.

പിക്കറ്റി പറയുന്നു,“ഒരിയ്ക്കലും തങ്ങളുടെ കടം തിരിച്ചടക്കാത്ത രാജ്യമാണ് ജര്‍മ്മനി. മറ്റ് രാജ്യങ്ങളെ ഉപദേശിക്കാന്‍ അവര്‍ക്കൊരു അര്‍ഹതയുമില്ല.”

“തങ്ങളുടെ വിദേശ കടം ചരിത്രത്തില്‍ ഒരിയ്ക്കലും തിരിച്ചടക്കാത്ത രാജ്യത്തിനുള്ള മികച്ച ഉദാഹരണമാണ് ജര്‍മ്മനി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കു ശേഷം ഇത് തന്നെ സംഭവിച്ചു. എന്നാല്‍ മറ്റ് രാജ്യങ്ങളോട് പണത്തിനായി അവര്‍ നിരന്തരം ആവശ്യമുന്നയിച്ചു. 1870-ലെ ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തിനുശേഷം ഫ്രാന്‍സില്‍ നിന്നും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ലഭിക്കുകയും ചെയ്തു. ഈ കടത്തിന്റെ ഭാരം ഫ്രാന്‍സ് പതിറ്റാണ്ടുകളോളം പേറി. പൊതുകടത്തിന്റെ ചരിത്രം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. നമ്മുടെ നിയമത്തിന്റെയും നീതിയുടെയും ആശയങ്ങളെ അത് അപൂര്‍വമായേ പിന്തുടരുന്നുള്ളൂ.”

പണപ്പെരുപ്പം, സ്വകാര്യ സമ്പത്തിന് മേലുള്ള പ്രത്യേക നികുതി, വായ്പാ ഇളവ് എന്നിങ്ങനെ ഇന്ന് ഗ്രീസിന് നിഷേധിക്കുന്ന നടപടികളുടെ അടിത്തറയിലാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ജര്‍മ്മനിയുടെ Wirtschafts wunder സാമ്പത്തിക അത്ഭുതം സംഭവിച്ചത്.

“1953-ലെ ലണ്ടന്‍ വായ്പാ ഉടമ്പടി നോക്കൂ. ജര്‍മ്മനിയുടെ വിദേശകടത്തിന്റെ 60%-വും റദ്ദാക്കി, ആഭ്യന്തര കടങ്ങള്‍ പുന സംഘടിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധാനന്തരം നടന്നതുപോലെ നമുക്ക് യൂറോപ്പിലെ കടങ്ങളെ കുറിച്ചു ഒരു സമ്മേളനം നടത്തേണ്ടതുണ്ട്. ഗ്രീസില്‍ മാത്രമല്ല, നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ എല്ലാ കടവും പുനസംഘടിപ്പിക്കണം.”

കനത്ത പലിശ മൂലം ഗ്രീസില്‍ നിന്നും ജര്‍മ്മനി ലാഭം കൊയ്യുകയാണെന്നും യൂറോസോണില്‍ നിന്നും ഗ്രീസ് പോകുന്നതിനു പിറകെ താരതമ്യേന ദുര്‍ബ്ബലമായ സമ്പദ് വ്യവസ്ഥകളുള്ള പോര്‍ച്ചുഗല്‍, സ്പെയിന്‍, അയര്‍ലന്‍ഡ്, ഇറ്റലി എന്നിവയും പോകുമെന്നും പിക്കറ്റി കൂട്ടിച്ചേര്‍ക്കുന്നു.

“രാഷ്ട്രങ്ങളെ ചവിട്ടിപ്പുറത്താക്കാന്‍ തുടങ്ങിയാല്‍, യൂറോസോണ്‍ ഇന്ന് അഭിമുഖീകരിക്കുന്ന വിശ്വാസ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. സമ്പദ് വിപണി പെട്ടെന്നു അടുത്ത രാജ്യങ്ങളിലേക്ക് പോകും. ഇത് നീണ്ടുനില്‍ക്കുന്ന വേദനയുടെ ദിനങ്ങളുടെ ആരംഭമായിരിക്കും. അതില്‍ നാം യാഥാസ്ഥിതിക, യുക്തിരഹിത ചെലവുചുരുക്കല്‍ നയത്തിന്റെ അള്‍ത്താരയില്‍ ബലികഴിക്കേണ്ടിവരിക യൂറോപ്പിന്റെ സാമൂഹ്യ മാതൃക, ജനാധിപത്യം, അതിന്റെ നാഗരികത എന്നിവയായിരിക്കും.”

“ജര്‍മ്മനി രൂപപ്പെട്ടത് അതിന്റെ പുനരേകീകരണം വഴിയാണെന്ന് ഞാന്‍ കരുതുന്നു. അത് സാമ്പത്തിക ജഡത്വത്തിന് കാരണമാകുമെന്ന് ഏറെനാള്‍ ഭയന്നിരുന്നു. പക്ഷേ പ്രവര്‍ത്തനക്ഷമമായ സാമൂഹ്യ സുരക്ഷാ ശൃംഖലയും ഭദ്രമായ വ്യാവസായിക മേഖലയും പുനരേകീകരണത്തെ വലിയ വിജയമാക്കി. സ്വന്തം വിജയത്തില്‍ അഭിമാനിക്കുന്ന ജര്‍മ്മനി മറ്റെല്ലാ രാജ്യങ്ങളോടും പ്രഭാഷണം നടത്തുകയാണ്. ഇത് ഒട്ടു ബാലിശമാണ്. വിജയകരമായ പുനരേകീകരണം ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ വ്യക്തി ചരിത്രത്തില്‍ എത്ര പ്രധാനമാണെന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷേ ഇപ്പോള്‍ ജര്‍മ്മനി കാര്യങ്ങള്‍ പുനാരാലോചിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വായ്പാ പ്രതിസന്ധിയിലേ അതിന്റെ നിലപാട് യൂറോപ്പിന് കനത്ത ഭീഷണിയാകും.”

“ഇന്ന് ഗ്രീസിനെ യൂറോസോണില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെടുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലായിരിക്കും എത്തുക...”പിക്കറ്റി മെര്‍ക്കലിന് മുന്നറിയിപ്പ് നല്കുന്നു.

മറ്റ് പല നിരീക്ഷകരും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്.

ഒരുതരം ചെഗുവേര തരം സ്വപ്നം കളിക്കുന്നതിനിടെ നിയമങ്ങള്‍ ലംഘിക്കാമെന്ന് ആകൃത്തുകരുതുന്ന ഒരുകൂട്ടം ഇടതു കാല്‍പനികരുടെ സര്‍ക്കാരാണ് സിപ്രാസിന്‍റേതെന്ന് കരുതിയ മെര്‍ക്കലിനെ പോലുള്ള യാഥാസ്ഥിതികര്‍ക്കുള്ള മറുപടിയാണ് ഗ്രീസിലെ ഹിതപരിശോധന ഫലമെന്ന് Business Insider-ലെ ലേഖനത്തില്‍ ജിം എഡ്വാര്‍ട്സ് പറഞ്ഞു. (http://www.businessinsider.in/GREECE-JUST-TAUGHT-CAPITALISTS-A-LESSON-A…)

വായ്പാ എന്നത് ഭാവിയില്‍ മുഴുവനായും കിട്ടുമെന്ന ഉറപ്പല്ലെന്നും പലിശ സഹിതം തിരിച്ചു കിട്ടുന്നതിന് എടുക്കുന്ന ഒരു സാഹസമാണെന്നും എഡ്വാര്‍ഡ്സ് വാദിക്കുന്നുണ്ട്. ‘ഇങ്ങനെയാണ് മുതലാളിത്തം പ്രവര്‍ത്തിക്കുന്നത്’ എന്നെഴുതിയ എഡ്വാര്‍ഡ്സ്,“ലെനിന്‍, ഏംഗല്‍സ്, ചേ ഗുവേര എന്നിവരുടെ ചിത്രങ്ങള്‍ സ്വന്തം കാര്യാലയത്തില്‍ വെച്ച ഒരു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വേണ്ടിവന്നു ജര്‍മ്മനിയെ ഇത് പഠിപ്പിക്കാന്‍ എന്നത് വിസ്മയജനകമാണ്,” എന്നും പറയുന്നു.

ജര്‍മ്മനിയിലെ വായ്പാദാതാക്കള്‍ക്കുതന്നെ ഗ്രീസിന് ഇപ്പോള്‍ തിരിച്ചടവ് ശേഷിയില്ലെന്ന് അറിയാമെങ്കിലും മെര്‍ക്കല്‍ കടുംപിടിത്തം തുടരുകയാണ്.

തങ്ങളുടെ പൊതുകടം, വാസ്തവത്തില്‍ Goldman Sachs പോലുള്ള സ്വകാര്യ ബാങ്കുകളോടാണ് എന്ന് ഗ്രീക്കുകാര്‍ക്കറിയാമെന്നും എഡ്വാര്‍ഡ്സ് ഓര്‍മ്മിപ്പിക്കുന്നു. “പക്ഷേ ഗ്രീസിനെ രക്ഷിക്കാനായി ഈ കടം യൂറോപ്യന്‍ യൂണിയനും IMF-നുമായി കൈമാറാന്‍ സ്വകാര്യ ബാങ്കുകളെ അനുവദിക്കാനുള്ള ആത്മഹത്യാപരമായ തീരുമാനമാണ് IMF-ഉം ECB-യും എടുത്തത്.”

എന്നാല്‍ നികുതിദായകരുടെ പണത്തെ ആശ്രയിക്കുന്ന കേന്ദ്ര ബാങ്കുകളിലേക്ക് കടഭാരം മാറ്റാനുള്ള തീരുമാനത്തോടെ വലിയൊരു അബദ്ധമാണ് ECB പ്രസിഡണ്ട് ഴാന്‍ ക്ലോദ് ടിഷെറ്റ് ചെയ്തതെന്നും എഡ്വാര്‍ഡ്സ് പറയുന്നു.

അങ്ങനെയല്ലായിരുന്നെങ്കില്‍ ഇത് Goldman ഓഹരി ഉടമകളുടെയും ഉപയോക്താക്കളുടെയും ഒരു പ്രശ്നം മാത്രമായി ഇത് ഒതുങ്ങുമായിരുന്നു. അതൊരു ഇ യു പ്രതിസന്ധി ആകുമായിരുന്നില്ല.

“ബാങ്ക് ഇടപാടുകളെ സ്തംഭിപ്പിച്ചും പൊതുകുഴപ്പം കാട്ടിയും ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ചു ഗ്രീക്കുകാരെ ഭീഷണിപ്പെടുത്താനുള്ള ഈ ശ്രമം ജനാധിപത്യ തത്വങ്ങളില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന യൂറോപ്പിന് അപമാനകരമാണ്,” എന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പോള്‍ ക്രൂഗ്മാന്‍ ന്യൂയോര്‍ക് ടൈംസില്‍ എഴുതിയത്. (http://mobile.nytimes.com/2015/07/06/opinion/paul-krugman-ending-greece…)

ഗ്രീസിലെ പ്രതിസന്ധി യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പടര്‍ന്നാല്‍ ഇന്ത്യക്ക് അതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാം എന്നുകരുതാനാവില്ല.

ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് യൂറോപ്പ്. കയറ്റുമതി കഴിഞ്ഞ മെയില്‍ അഞ്ചിലൊന്ന് ഇടിഞ്ഞു. രൂപയുടെ മൂല്യം കുറഞ്ഞിട്ടും ഈ പ്രവണത കഴിഞ്ഞ ഒരു വര്‍ഷമായി തുടരുകയാണ്.

ഗ്രീസിലെ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്ന് Engineering Export Promotion Council of India പറയുന്നു. എഞ്ചിനീയറിംഗ് കയറ്റുമതി ഏറ്റവും കൂടുതലുള്ളത് യൂറോപ്പിലേക്കാണ്. കമ്പ്യൂട്ടര്‍ സോഫ്ട് വെയര്‍ കയറ്റുമതിയെയും ഇത് ബാധിക്കും.

റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതാണ് ശരി. ഒരു വലിയ മാന്ദ്യം മറ്റന്നാള്‍ സംഭവിക്കില്ല. പക്ഷേ ഗ്രീസും ജര്‍മ്മനിയും കൂടി ലോകത്തെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥ നാടകീയമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.

Featured Book: As Author
Gas Wars
Crony Capitalism and the Ambanis
Also available:
 
Documentary: Featured
Featured Book: As Publisher
Idea of India Hard to Beat
Republic Resilient