ഇന്നത്തെ ഇന്ത്യയിലും ബാക്കി ലോകത്തും രാഷ്ട്രീയ, സാമ്പത്തിക പ്രത്യയശാസ്ത്ര മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാല്‍ ഇടത്, വലത്, മധ്യം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? മുതലാളിത്തവും സോഷ്യലിസവുമായി ബന്ധപ്പെട്ട ഈ വാക്കുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു ചിലര്‍ വാദിക്കുന്നു. ലോകത്തെ സകല രാഷ്ട്രീയക്കാരും ആണയിടുന്നത് തങ്ങള്‍ പാവപ്പെട്ടവരുടെ കൂടെയാണെന്നാണ്. പക്ഷേ ദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയില്‍ ചില നയങ്ങള്‍ ധനിക-ദരിദ്ര അന്തരം കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നു. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതും സ്വകാര്യ മൂലധന ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിപണി സൌഹൃദ നയങ്ങള്‍ നടപ്പാക്കുന്നതിലുള്ള സര്‍ക്കാര്‍ പങ്കും തമ്മിലുള്ള വ്യത്യാസത്തെ അവസരവാദവും വാചകമടിയും കൂടി അവ്യക്തമാക്കുന്നു. രണ്ടും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ലെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ നിഷേധിക്കാന്‍ കഴിയാത്ത ഒരു വസ്തുത, അധികാരത്തിലിരിക്കുന്നവരുടെ നയങ്ങള്‍ ഭൂരിപക്ഷത്തിന്റെ സാമ്പത്തിക, സാമൂഹ്യ ക്ഷേമത്തെ വിപുലമാക്കുന്നതോ അല്ലെങ്കില്‍ ഹനിക്കുന്നതോ ആണെന്നാണ്.
മെയ് 2014-നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വന്നതു മുതല്‍ ഇന്ത്യ മുമ്പില്ലാത്തവണ്ണം പ്രത്യയശാസ്ത്രപരമായി ധ്രൂവീകരിക്കപ്പെട്ടിരിക്കുന്നു. വ്യാവസായികാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതിനുള്ള പ്രധാന കാരണം. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും എതിരാണ് ഈ നീക്കമെന്ന വാദത്തെ തളിക്കളയാന്‍ മോദി പരമാവധി ശ്രമിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കാനായില്ലെങ്കില്‍ വ്യവസായം വരില്ലെന്നും രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നാല്‍കാനാവില്ലെന്നും മോദിയും അയാളുടെ വക്താക്കളും വാദിക്കുന്നു. എന്നാല്‍ നിയമഭേദഗതിയിലൂടെ ഭൂമി, സമ്മതമോ ന്യായമായ നഷ്ടപരിഹാരമോ കൂടാതെ ഏറ്റെടുക്കാന്‍ വഴിയൊരുക്കുന്നത് ദരിദ്രജനതയുടെ ഏക ഉപജീവനമാര്‍ഗത്തെ ഇല്ലാതാക്കുമെന്ന് എതിരാളികളും വാദമുയര്‍ത്തുന്നു.
അടുത്തകാലത്തായി ഉണ്ടായ ഏത് സംവാദത്തെക്കാളും ആഴത്തില്‍, ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഇന്ത്യയെ വിഭജിച്ചിരിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍-യു പിയില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും, ബംഗാളില്‍ കോണ്‍ഗ്രസും, തൃണമൂലും, ഇടതുപക്ഷവും- ഇക്കാര്യത്തില്‍ ഒരേ തട്ടിലാണ്. നിയമ ഭേദഗതിയിലൂടെ കോണ്‍ഗ്രസിന്റെ 43-കാരനായ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന് പുതിയ ഊര്‍ജം നല്കിയിരിക്കുകയാണ് മോദി എന്നാണ് പലരും പറയുന്നത്. കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ തകര്‍ച്ചയില്‍ നിന്നും പുറത്തുവരാനാകാതെ നട്ടം തിരിയുകയായിരുന്നു അയാളും കോണ്‍ഗ്രസും. പക്ഷേ ഇപ്പോള്‍- സ്യൂട്, ബൂട്ട് സര്‍ക്കാരിനെതിരെ- തീപ്പൊരി പ്രതിഷേധവുമായി കളം നിറയുകയാണ് രാഹുല്‍ ഗാന്ധി. തനിക്കെതിരെയുള്ള കനത്ത ആക്രമണങ്ങള്‍, കര്‍ഷകരുടെയും ദരിദ്രരുടെയും താത്പര്യങ്ങള്‍ ഒരിയ്ക്കലും അവഗണിക്കില്ലെന്ന് എല്ലാ വേദികളിലും ആവര്‍ത്തിക്കാന്‍ മോദിയെ നിര്‍ബന്ധിതനാക്കി.
ഭൂമി ഇന്ത്യയിലെന്നും ഒരു വികാരപരമായ വിഷയമാണ്. ജനസംഖ്യാ വലിപ്പത്തില്‍ ലോകത്തെ രണ്ടാമത്തെ രാഷ്ട്രമായ ഇന്ത്യക്ക് (1.25 ബില്ല്യണ്‍ കോടി ജനം, ആഗോള ജനസംഖ്യയുടെ 17%) ലോകത്തെ ഭൂവിസ്തൃതിയുടെ 2.5% മാത്രമേ സ്വന്തമായുള്ളൂ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി ഡി പി) 16-17% വരുന്ന കാര്‍ഷിക മേഖലയുടെ പങ്ക് വര്‍ഷം തോറും കുറഞ്ഞുവരികയാണെങ്കിലും അതിനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം അത്രകണ്ട് കുറയുന്നില്ല. ഇപ്പൊഴും ഇന്ത്യന്‍ ജനതയുടെ ഏതാണ്ട് പകുതിയോളം പേരും കാര്‍ഷികവൃത്തിയെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. ഒരു കൃഷിയിടത്തിന്റെ ശരാശരി വിസ്തീര്‍ണം 1.3 ഹെക്ടറാണ്. പകുതിയോളം കൃഷിയിടങ്ങളിലും ജലസേചന സൌകര്യമില്ല. യു എസ് കഴിഞ്ഞാല്‍ ലോകത്ത് കൃഷിക്ക് ഉപയുക്തമായ ഭൂമി ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ജലസേചനമുള്ള ഭൂമിയുടെ കാര്യത്തില്‍ യു എസിന് മുമ്പില്‍ ഒന്നാമതാണ് ഇന്ത്യ. രാജ്യത്തു നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന കാര്‍ഷിക-കാലാവസ്ഥ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏതാണ്ട് എല്ലാ തരത്തിലുമുള്ള-മിതശീതോഷ്ണ, ഉഷ്ണമേഖല- ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതില്‍ അതിശയമില്ല.
കാലവര്‍ഷത്തിന്റെ ദേവനായ ഇന്ദ്രനാണ് ഹിന്ദു ദൈവങ്ങളില്‍ ഏറ്റവും പ്രധാനിയെന്നും അതേ ശ്വാസത്തില്‍ പറയാറുണ്ട്. മൊത്തം മഴയുടെ നാലില്‍ മൂന്നു ഭാഗവും ലഭിക്കുന്ന നാലു മാസക്കാലത്തെ കാലവര്‍ഷം നന്നാകാന്‍ സാധാരണ കര്‍ഷകന്‍ മുതല്‍ ധനമന്ത്രി വരെയുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നു. മോദി സര്‍ക്കാരിനെ സംബന്ധിച്ചു ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയുടെ സമയം ഇതിലും മോശമാകാനില്ല. പ്രത്യേകിച്ചും ധാന്യക്കലവറയായ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ് എന്നിവടങ്ങളില്‍ ശൈത്യകാല വിളയുടെ ഗണ്യഭാഗം മാര്‍ച്ച് മാസത്തില്‍ വന്ന അകാലത്തിലുള്ള മഴയും ആലിപ്പഴ വീഴ്ച്ചയും മൂലം നശിച്ച ഈ ഘട്ടത്തില്‍.
ഭൂമി ഏറ്റെടുക്കല്‍ ഇത്ര വിവാദമായ രാഷ്ട്രീയപ്രശ്നമായത് എന്തുകൊണ്ടെന്ന് കൂടുതല്‍ പരിശോധിക്കുന്നതിന് മുമ്പ് ഇന്ത്യയിലും ലോകത്തിലും പ്രത്യയശാസ്ത്രത്തിന്റെ പ്രാധാന്യം (അല്ലെങ്കില്‍ പ്രാധാന്യമില്ലായ്മ) എന്താണെന്ന് വീണ്ടും നോക്കാം. ഹിന്ദു ദേശീയവാദത്തിന്റെ വക്താക്കളായ ഭാരതീയ ജനതാ പാര്‍ടി വലതുപക്ഷ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ‘ഇടതുപക്ഷം’ എന്നു മുദ്രകുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2004-2014 കാലഘട്ടത്തിലെ യു പി എ ഭരണത്തില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ വിപണി കേന്ദ്രീകൃത മുതലാളിത്തത്തിന്റെ മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരാളായാണ് കരുതിപ്പോന്നത്. മുതലാളിത്തവും സോഷ്യലിസവും തമ്മില്‍ ഒരു സന്തുലനം ഉണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സിംഗ് ഇടക്കിടെ പറഞ്ഞിരുന്നെങ്കിലും പാര്‍ടിയിലെ തന്നെ വിമര്‍ശകര്‍ അദ്ദേഹത്തില്‍ വലതുപക്ഷവാദം ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നയങ്ങളെ വ്യാപാരി അനുകൂലം, ദരിദ്ര വിരുദ്ധം എന്നു കമ്മ്യൂണിസ്റ്റുകാര്‍ എക്കാലവും കുറ്റപ്പെടുത്തി. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, പ്രത്യയശാസ്ത്ര രാജിയുടെ (ideological spectrum) വിവിധ തലത്തിലുള്ള നിരവധി പേര്‍ക്കു കോണ്‍ഗ്രസ് വ്യത്യസ്തമായ പലതുമായിരുന്നു.
രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും പ്രതിവര്‍ഷം ചുരുങ്ങിയത് 100 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGA) യു പി എ ഭരണകാലത്ത് നടപ്പാക്കി. ഗ്രാമ പ്രദേശങ്ങളില്‍ നിന്നും കൃഷിയില്ലാത്ത കാലത്ത് നഗരത്തിലേക്കുള്ള കുടിയേറ്റം തടയലും ഇതിന്റെ ഉദ്ദേശമായിരുന്നു. ദീര്‍ഘകാല ആസ്തികള്‍ സൃഷ്ടിക്കാതെ പണം പൊടിച്ച് കളയുന്ന ഒന്നായി മോദി ഇതിനെ അവഗണിച്ചു. പാവപ്പെട്ടവരിലേക്കെത്തേണ്ട പണം കുറച്ചുകൊണ്ടുവന്ന അയാളുടെ സര്‍ക്കാര്‍ സാവധാനം ഈ പദ്ധതിയെ കൊല്ലുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമവും 1894-ലെ സര്‍ക്കാരിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന ഭൂമി ഏറ്റെടുക്കലിന് പകരം മറ്റൊരു നിയമവും സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുന:സ്ഥാപനം എന്നിവയില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശം എന്നു പേരിലാണ് 2013-ലെ നിയമം കൊണ്ടുവന്നത്. ഇത്തരത്തില്‍ അവകാശങ്ങളില്‍ അടിസ്ഥാനമാക്കിയ നിയമങ്ങള്‍ വന്നിട്ടും, ആശ്രിത മുതലാളിത്തത്തിനും, കല്‍ക്കരി, പ്രകൃതി വാതകം, സ്പെക്ട്രം എന്നിങ്ങനെയുള്ള വിഭവസ്രോതസുകള്‍ കൊള്ളയടിക്കുന്നതിനുനേരെ കണ്ണടച്ചതിന് ഇടതും വലതും പക്ഷങ്ങളിലുള്ള രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി.
മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള തര്‍ക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഈ തര്‍ക്കം പുതിയ തലത്തിലെത്തി. സര്‍വതന്ത്ര സ്വതന്ത്രമായ വിപണിയില്‍ (laissez faire ) വിശ്വസിക്കുന്നവര്‍, വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്ന പക്ഷക്കാര്‍, ഒന്നു പിറകോട്ടു വലിഞ്ഞു. വിപണിക്ക് അതിന്റേതായ തിരുത്തല്‍ സംവിധാനമുണ്ടെന്ന് കരുതിയവര്‍ പുനരാലോചിക്കാന്‍ തുടങ്ങി. സാമ്പത്തിക മാന്ദ്യം സംവിധാനത്തിനുള്ളിലെ പ്രതിസന്ധിയാണോ അതോ സംവിധാനത്തിന്റെ തന്നെ പ്രതിസന്ധിയാണോ എന്നവര്‍ അമ്പരന്നു. സ്വതന്ത്ര മുതലാളിത്തത്തിന്റെ മൂല്യങ്ങളില്‍ വിശ്വസിക്കാന്‍ പരിശീലിപ്പിക്കപ്പെട്ട യു എസില്‍ നിന്നുതന്നെയാണ് ഈ സംവാദം ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്.
ജൂണ്‍ 2009-ല്‍ ഇന്ത്യന്‍ വംശജനായ, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ പത്രപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ Newsweek മാസികയില്‍ ‘The Capitalist Manifesto’ എന്ന തലക്കെട്ടില്‍ ഒരു കവര്‍ സ്റ്റോറി ചെയ്തു. 1637 മുതല്‍ മുതലാളിത്തത്തിന്റെ അന്ത്യം പ്രവചിച്ച നിരവധി സാമ്പത്തിക നിരീക്ഷകരുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന സക്കറിയ ഇപ്പോഴത്തെ പ്രതിസന്ധി മുതലാളിത്തിന്റേതല്ലെന്നും മറിച്ച് ‘സമ്പത്തിന്റെയും, ജനാധിപത്യത്തിന്റെയും, ആഗോളവത്കരണത്തിന്റെയും, അന്തിമമായി നൈതികതയുടെയും പ്രതിസന്ധി'യാണെന്ന് വാദിക്കുന്നു. “ഇനിയും ധാരാളം പാപ്പരാകലുകള്‍ ഉണ്ടാകും... അമേരിക്കന്‍ മുതലാളിത്തത്തിന്റെ പുനഃസന്തുലനവും പുനഃസംഘടനയും അതുവഴിയുള്ള പുനഃസ്ഥാപനവും നടക്കുകയാണ്.”
ഒരുകാലത്ത് റൊണാള്‍ഡ് റീഗന്‍റെ അനുകൂലിയായിരുന്ന സക്കറിയയെ യു എസ് മാധ്യമങ്ങളിലെ ഏറ്റവും സ്വാധീനമുള്ള 25 ഉദാരവാദികളില്‍ ഒരാളായി ഫോബ്സ് മാസിക വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ടുതന്നെ 1848-ല്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ നിന്നും എടുത്തതാണ്. ആ പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്; “യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുകയാണ്-കമ്മ്യൂണിസത്തിന്റെ ഭൂതം.” അത് തുടരുന്നു... “ആധുനിക വ്യവസായത്തിന്റെ വികാസം... അതിന്റെ കാല്‍ക്കീഴില്‍ നിന്നും ബൂര്‍ഷ്വാസിയുടെ ഉത്പാദനത്തിന്റെയും ഉത്പന്നങ്ങളുടെ വ്യവഹാരത്തിന്റെയും അടിത്തറ തന്നെ ഇളക്കുന്നു...” ചപ്രതലമുടിയും താടിയുമുള്ള ആ ജര്‍മ്മന്‍ സാമ്പത്തിക വിദഗ്ധന്‍- തത്വചിന്തകന്‍ മണ്‍മറഞ്ഞിട്ടു ഒന്നേകാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നത്തെ ലോക സമ്പദ് വ്യവസ്ഥയെ വിശകലനം ചെയ്യുന്നതില്‍ അയാളുടെ കാഴ്ച്ചപ്പാടുകള്‍ എത്രത്തോളം പ്രസക്തമാണെന്നുള്ള ചോദ്യം അവശേഷിക്കുന്നു. സക്കറിയയുടെ ലേഖനത്തിന്റെ ഉപശീര്‍ഷകം 1987-ലെ ഒലിവര്‍ സ്റ്റോണ്‍ സംവിധാനം ചെയ്ത Wall Street എന്ന ചലച്ചിത്രത്തില്‍ നിന്നും പ്രചോദനം കൊണ്ടതാണ്. അതില്‍ സകല കള്ളക്കളികളും കളിക്കുന്ന കോര്‍പ്പറേറ്റ് ഇടനിലക്കാരന്‍ (മൈക്കല്‍ ഡഗ്ലസ്) പറയുന്നുണ്ട്, “അത്യാര്‍ത്തി, ഒരു നല്ല ലോകത്തിന് വേണ്ടിയാണെങ്കില്‍, നല്ലതാണ്.” “ആര്‍ത്തി നല്ലതാ"ണെന്ന് പറഞ്ഞ ഇയാന്‍ ബോസ്കി എന്ന ഒരു കച്ചവടക്കാരനെയാണ് ഇതിന് സംവിധായകന്‍ മാതൃകയാക്കിയത്.
സക്കറിയയുടെ അഭിപ്രായങ്ങളുമായി വിയോജിപ്പുള്ളവര്‍ യു എസിലുണ്ട്. സ്വതന്ത്ര വിപണി മൌലികവാദികളുടെ കടുത്ത വിമര്‍ശകനും 2001-ലെ സാമ്പത്തിക നോബല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് അതിലൊരാളാണ്. ലോകത്തിപ്പോള്‍ നടക്കുന്നത് “ഭൂരിഭാഗം ആളുകള്‍ക്കും കൂടുതല്‍ ഗുണം ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക സംവിധാനം ഏതെന്ന –ആശയങ്ങളുടെ പേരിലുള്ള ആഗോള സംഘര്‍ഷമാണ്”; മൂന്നാം ലോക രാഷ്ട്രങ്ങളിലാണ് ഇതേറ്റവും അധികം എന്നു നിരീക്ഷിക്കുന്ന സ്റ്റിഗ്ലിറ്റ്സ് കൂട്ടിച്ചേര്‍ക്കുന്നു, “ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ വിജയികളാരും ഉണ്ടാകില്ലെങ്കിലും, പരാജിതര്‍ ഉണ്ട്. അതിലേറ്റവും വലിയ നഷ്ടം വരുന്നത് അമേരിക്കന്‍ ശൈലിയിലുള്ള മുതലാളിത്തത്തെ പിന്തുണക്കുന്നവര്‍ക്കായിരിക്കും.”
റീഗനോമിക്സിന്റെ വക്താക്കളിലൊരാളും ചരിത്രം അവസാനിച്ചു എന്ന പ്രഖ്യാപനവും നടത്തിയ ഫ്രാന്‍സിസ് ഫുകുയാമയെ വിമര്‍ശിച്ചുകൊണ്ട് : "വിപണി സമ്പദ് വ്യവസ്ഥ എക്കാലവും വിജയിക്കുമെന്ന് കരുതുന്നത് ശരിയല്ല” എന്നും സ്റ്റിഗ്ലിറ്റ്സ് പറയുന്നു. മുഖ്യമായും അമേരിക്കയുടെ ഇടപെടലുകള്‍ സൃഷ്ടിച്ച ആഗോള സാമ്പത്തിക മാന്ദ്യം ഉദാര ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് മറ്റേത് സമഗ്രാധിപത്യ ഭരണകൂടവും ഏല്‍പ്പിച്ചതിനേക്കാള്‍ ആഘാതം ഉണ്ടാക്കിയെന്ന് സ്ട്ഗ്ലിറ്റ്സ് ചൂണ്ടിക്കാട്ടുന്നുണ്ട്.
അപ്പോള്‍ ഇന്നത്തെ കാലത്ത് മുതലാളിത്തം, സോഷ്യലിസം എന്നീ വാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? 2008 അവസാനത്തില്‍ ജനറല്‍ മോടോര്‍സിലെ ഏറ്റവും വലിയ ഓഹരി ഉടമ യു എസ് സര്‍ക്കാരായിരുന്നു. അപ്പോള്‍ GM കോര്‍പ്പറേഷന്‍ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ? ദേശീയ വരുമാനത്തിന്റെ ഗണ്യമായ പങ്ക് സാമൂഹ്യക്ഷേമ മേഖലകളില്‍ ചെലവഴിക്കുന്നതുകൊണ്ടും, നികുതി-ജി ഡി പി അനുപാതം ഉയര്‍ന്നതായതുകൊണ്ടും സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ്റോ സോഷ്യല്‍ ഡെമോക്രാറ്റിക്കോ ആവുന്നുണ്ടോ? ചൈനീസ് ജനകീയ റിപ്പബ്ലിക് രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റും സാമ്പത്തികമായി മുതലാളിത്തവാദിയുമാണോ?
ഈ സംവാദത്തില്‍ ഇന്ത്യ എവിടെ നില്ക്കുന്നു? സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങളെ രാജ്യം സ്വാശീകരിക്കണം എന്നാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ആഗ്രഹിച്ചത്. ആറര പതിറ്റാണ്ടിന് ശേഷം വിധി ഏതാണ്ട് ഏകകണ്ഠമാണ്; നാം രണ്ടു ലോകങ്ങളുടെയും ഏറ്റവും മോശം വശങ്ങളെയാണ് ഉള്‍ക്കൊണ്ടത്. നാടുവാഴിത്തവും, മുതലാളിത്തവും സോഷ്യലിസവുമെല്ലാം ഇന്ത്യയില്‍ തൊട്ടുരുമ്മി നില്‍ക്കുന്നു. 1990-കള്‍ വരെ മുതലാളിത്തത്തിന്റെ മുഖമുദ്രയായ സ്വകാര്യസംരംഭങ്ങളെ അന്യായമായ ഉദ്യോഗസ്ഥ നിയന്ത്രണം കൊണ്ട് കഴുത്ത് ഞെരിച്ചിട്ടു. അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷം ജനതയ്ക്കും ആരോഗ്യ രക്ഷയോ, പ്രാഥമിക വിദ്യാഭ്യാസമോ പോലും (ക്യൂബ, സോവിയറ്റ് യൂണിയന്‍, വിയറ്റ്നാം എന്നിവടങ്ങളിലേത് പോലെ) ഉറപ്പുവരുത്താന്‍ ആയില്ല. ഈ രണ്ടു മേഖലകളും പരിതാപകരമായ അവസ്ഥയിലാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പ്രതിശീര്‍ഷ അനുപാതത്തില്‍ ഇന്നത്തെക്കാള്‍ കൂടുതല്‍ തുക ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ 1950-60 കാലത്ത് ചെലവഴിച്ചിരുന്നു. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുള്ള രാജ്യമാണ് ഇന്ത്യ. എന്നിട്ടും രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലോകത്തെ ഏറ്റവും മികച്ച ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരൊക്കെ ഉണ്ടാകുന്നുണ്ട്.
ഇന്ത്യക്കുറിച്ച് പറയാവുന്ന ഒരു സാമാന്യവത്കരണം ഒരു സാമാന്യവത്കരണവും സാധ്യമല്ല എന്നാണ്. തല പെരുപ്പിക്കുന്ന വൈരുദ്ധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്നു എപ്പോഴും പറഞ്ഞുകേള്‍ക്കുന്നതാണ്. ദരിദ്രവും ധനികവും; ഉന്നത വിദ്യാഭ്യാസവും നിരക്ഷരതയും. പല വെല്ലുവിളികളുമുണ്ടായിട്ടും ഒന്നിച്ചുനിന്നു എന്നതാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ നേട്ടം. ബഹുതലങ്ങളിലുള്ള അസമത്വവും ജാതി വിഭജനവും ഉണ്ടായിട്ടും അത് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
കെന്നഡിയുടെ കാലത്തെ-1960കളില്‍- ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയും എഴുത്തുകാരനുമായ കെന്നത്ത് ഗാല്‍ബ്രെയിത് വിശേഷിപ്പിച്ചപ്പോലെ ഇന്ത്യ ശ്രദ്ധയാകര്‍ഷിക്കാനുള്ള ഒരു ചലിക്കുന്ന അരാജകത്വമാണ്. ഇന്ത്യയുടെ വിജയം സര്‍ക്കാരിലല്ല, അവിടുത്തെ ജനതയുടെ ഊര്‍ജത്തിലും ശേഷിയിലുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏപ്രില്‍ 2004-ല്‍ ഗോള്‍ഡ്മാന്‍ സാഷെ റിപ്പോര്‍ടില്‍ പറയുന്നു; ‘ഇന്ത്യയെ വൈരുദ്ധ്യങ്ങളുടെ നാടായാണ് വിശേഷിപ്പിക്കാറ്. ലോകത്തെ മൂന്നിലൊന്ന് സോഫ്ട്വെയര്‍ എഞ്ചിനീയര്‍മാരും പോഷകാഹാരക്കുറവുള്ളവരില്‍ നാലിലൊന്നും ഇന്ത്യയിലാണെന്നും ഓര്‍ക്കണം.”
പൊതുമേഖലയും സ്വകാര്യമേഖലയും തമ്മില്‍ ഇന്ത്യയില്‍ ഒരു വ്യാജ വിഭജന രേഖയുണ്ട്. പൊതുമേഖല രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വെള്ളാനയാണ്. ഭരണകൂടം ഏതാനും വിശേഷാവകാശങ്ങളുള്ളവരുടെ സ്വകാര്യ സ്വത്തായി മാറുന്നു. അതേസമയം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയ്യയച്ചു സഹായിക്കുന്നതിനാല്‍ സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തഴച്ചു വളരുന്നു. പൊതു മേഖലയുടെ നഷ്ടം സ്വകാര്യമേഖലയുടെ ലാഭമായി മാറുന്നു. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ വലതും ഇടതും തമ്മില്‍ വ്യത്യാസമില്ലാതാകുന്നു.
ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി വഴികളെ നിശ്ചയിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കോര്‍പ്പറേറ്റ് അനുകൂല നിയമഭേദഗതികളില്‍ മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും രൂക്ഷമായ എതിര്‍പ്പ് നേരിട്ടത് ഈ വിഷയത്തിലാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തത് സര്‍ക്കാരിന്റെ ശേഷിയെ ഇക്കാര്യത്തില്‍ അല്പം ദുര്‍ബ്ബലമാക്കുന്നു.
യു പി എ സര്‍ക്കാരിന്റെ 10 വര്‍ഷക്കാലം പാവപ്പെട്ടവരെ ദുരിതത്തിലാഴ്ത്തിയ ഭക്ഷ്യ വിലക്കയറ്റവും പണ്ടേ അസമത്വം നിറഞ്ഞ സമൂഹത്തില്‍ അവ വീണ്ടും വര്‍ധിക്കുകയുമായിരുന്നു. വിലക്കയറ്റവും അഴിമതിയും തീരുമാനങ്ങളെടുക്കുന്നതിലെ മരവിപ്പും എല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നകറ്റി. തെരഞ്ഞെടുപ്പില്‍ മോദി ഇത് മുതലെടുക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വലിയ തിരിച്ചടിക്ക് ശേഷം ഡിസംബര്‍ 30-നു പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഉടമസ്ഥരുടെ സമ്മതവും സാമൂഹികാഘാത പഠനവും വേണമെന്ന മുന്‍ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നു എന്ന് ഭേദഗതികളെ എതിര്‍ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.
എതിരാളികള്‍ മാത്രമല്ല, എന്‍ ഡി എ സഖ്യകക്ഷികളായ ശിരോമണി അകാലിദളും ശിവസേനയും ഭേദഗതികളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു എന്നത് സര്‍ക്കാരിനെ കൂടുതല്‍ വിമ്മിട്ടത്തിലാക്കുന്നു. ചില സംഘപരിവാര്‍ സംഘടനകളും ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍ എസ് എസ് അനുകൂല ബി എം എസ്, തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി പരിഷ്കരിക്കുന്നതിനെതിരെ എതിര്‍പ്പുയര്‍ത്തിക്കഴിഞ്ഞു.
2013-ല്‍ പ്രധാന പ്രതിപക്ഷമായിരുന്നപ്പോള്‍ ബി ജെ പി ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ അനുകൂലിച്ചിരുന്നു. നിയമത്തിലുള്‍പ്പെടുത്തിയ പല നിര്‍ദേശങ്ങളും നല്കിയത് ഇന്നത്തെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്‍ററി സമിതിയാണ്. എന്നാല്‍ ധൃതിയില്‍ തട്ടിക്കൂട്ടിയ നിയമമാണിതെന്നും ഇതിലെ വകുപ്പുകള്‍ വ്യവസായാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് അസാധ്യമാക്കിയിരിക്കുകയാണെന്നും മോദി വാദിക്കുന്നു. ഇന്ത്യയില്‍ ഭൂമി ഭരണഘടനയുടെ സംയുക്ത പട്ടികയിലാണ്. അതായത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഒരേപോലുള്ള വിലയിരുത്തലിന് വിധേയമാണ് നിയമം എന്നര്‍ത്ഥം. കേന്ദ്രം നിയമം കൊണ്ടുവന്നാലും അത് ഏതളവില്‍ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളുടെ വിവേചനാധികാരമാണ്. അപ്പോള്‍പ്പിന്നെ ഇങ്ങനെ തിരക്കുപിടിക്കാനുള്ള കാര്യമെന്താണ്?
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നിശ്ചയിക്കുക മാത്രമല്ല ഭൂമി നഷ്ടമാകുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാനും ഭേദഗതികള്‍ സഹായിക്കും എന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഇത് സമ്മതിച്ചു കൊടുക്കുന്നില്ല. ഇതിനുള്ള ഓര്‍ഡിനനസ് ഇതിനകം രണ്ടുതവണ പുറപ്പെടുവിച്ചു. പാര്‍ലമെന്റിലെ സര്‍വകക്ഷി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. തര്‍ക്കങ്ങള്‍ ഉടനെയൊന്നും തീരാനും പോകുന്നില്ല.
ഇന്ത്യയിലിത് നീണ്ട ഉഷ്ണക്കാറ്റുള്ള ഒരു വേനലാണ്. ചൂടുകാറ്റില്‍ നിരവധി പേര്‍ മരിച്ചു വീണു. തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടുകളെ കുറിച്ചുള്ള പൊതുധാരണ മാറ്റുക എന്ന കഠിനമായ വെല്ലുവിളിയാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്. ധനിക മുതലാളിമാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതല്ല തങ്ങളുടെ നയങ്ങള്‍ എന്നു തെളിയിക്കുക മോദി സര്‍ക്കാരിനെ സംബന്ധിച്ച് ഒട്ടും എളുപ്പമാവില്ല.