മുകേഷ് അംബാനിയുടെ സ്വന്തം കമ്പനിക്ക് സര്‍ക്കാര്‍ സഹായത്തിന്റെ കുത്തൊഴുക്ക്

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (RIL) ഉടമ മുകേഷ് അംബാനി നിയന്ത്രിക്കുന്ന, നഷ്ടത്തിലോടുന്ന ഒരു സ്ഥാപനം ബാങ്ക് വായ്പ തിരിച്ചടക്കുന്നത് പുനക്രമീകരിച്ചിരിക്കുന്നു. ഓഹരി വിപണിയില്‍ ക്രയവിക്രയം നടക്കാത്ത (closely-held company), Reliance Gas Transportation Infrastructure Limited (RGTIL) വിവാദങ്ങള്‍ നിറഞ്ഞ ഭൂതകാലം സൂക്ഷിക്കുന്നുണ്ട്. സംശയാസ്പദമായ നിരവധി ഇടപെടലുകള്‍ അത് നടത്തിയിട്ടുണ്ട്.

ജൂണ്‍ 12-നു Business Standard-ല്‍ ദേവ് ചാറ്റര്‍ജി നല്കിയ ഒരു വാര്‍ത്തയില്‍നിന്നും വ്യക്തമാകുന്നത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നും ഇതാദ്യമായാണ് ഒരു കമ്പനി ഇന്ത്യയിലെ പൊതുമേഖല ബാങ്കുകള്‍ നല്കിയ വായ്പയില്‍ പുനക്രമീകരണം ആവശ്യപ്പെടുകയും അവര്‍ക്കത് ലഭിക്കുകയും ചെയ്യുന്നത്. (http://www.business-standard.com/article/companies/ambani-company-gets-…)

2015 മാര്‍ച്ച് 31-നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ RGTIL-ന്റെ നഷ്ടം 436 കോടി രൂപയായിരുന്നു (ആകെ വരുമാനം 1,357 കോടി രൂപ). മുന്‍ വര്‍ഷം നഷ്ടം ഇതിലും 8 മടങ്ങ് കൂടുതല്‍-3,403 കോടി (വരുമാനം 1412 കോടി). മാര്‍ച്ച് അവസാനം കമ്പനിയുടെ കടം 16,000 കോടി രൂപയിലെത്തി.

RGTIL പറയുന്നതനുസരിച്ച് 2019-20-ല്‍ തിരിച്ചടക്കണം എന്നത് പുനക്രമീകരിച്ച് മൂലധന വായ്പയുടെ തിരിച്ചടവ് 2030-31-ലേക്ക് നീട്ടിനല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നു. വലിയ ഉദാരതയാണിത്.

എന്തിനാണ് കമ്പനി ഇത്തരമൊരു പുനക്രമീകരണം ആവശ്യപ്പെട്ടത്? RIL എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍ ഈ സ്ഥാപനത്തിന്റെ പങ്കെന്താണ്?

മുകേഷ് അംബാനിക്ക് 42.5% സ്വകാര്യ ഓഹരിയുള്ള ഒരു കമ്പനിയാണ് RGTIL. ഇത്തരത്തില്‍ സ്വന്തം നിയന്ത്രണത്തിലുള്ള ഒരു കമ്പനി എന്ന നിലക്ക് അതിന്റെ കണക്കുകള്‍, ഓഹരി വിപണിയില്‍ പട്ടികയില്‍ പെടുത്തിയ RIL-ന്റെ കണക്കുകള്‍ക്കൊപ്പം വെളിപ്പെടുത്താറില്ല. എന്നാല്‍ അംബാനി കുടുംബത്തിന്റെ വ്യവസായ സാമ്രാജ്യത്തില്‍ ഈ കമ്പനിക്ക് നിര്‍ണായക സ്ഥാനമുണ്ട്.

ആന്ധ്രപ്രദേശിലെ കാക്കിനാഡ തൊട്ട് കര്‍ണാടകയും മഹാരാഷ്ട്രയും അടക്കം നാല് സംസ്ഥാനങ്ങളിലൂടെ ഗുജറാത്തിലെ ബറൂച്ച് വരെ നീളുന്ന 1400 കി.മീ പ്രകൃതിവാതക കുഴല്‍ സ്വന്തമായുള്ള, അത് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് RGTIL.

റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു കമ്പനി സര്‍ക്കാരില്‍ നിന്നും കരാറിനെടുത്ത് പ്രകൃതിവാതക പര്യവേഷണം നടത്തുന്ന ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്ണ-ഗോദാവരി(KG) തടത്തിലെ D6 ബ്ലോക്കില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതാണ് കമ്പനിയുടെ നഷ്ടത്തിന് കാണാവുന്ന ഒരു കാരണം. വാടക ഉത്പാദനം കുറഞ്ഞത് കുഴല്‍ശൃംഖലയുടെ ശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയാതാക്കി.

1999-ല്‍ D6 ബ്ലോക്കിലെ പര്യവേഷണത്തിനുള്ള അനുമതി RIL നേടിയപ്പോള്‍ വാതക ഉത്പാദനം പ്രതിദിനം 40 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേഡ് ക്യുബിക് മീറ്റര്‍ (mmscmd)ആയിരിയ്ക്കും എന്നാണ് കണക്കാക്കിയത്. പിന്നീട് ഇത് ഇരട്ടിയാക്കി കണക്കാക്കുകയും ഉത്പാദനം 80 mmscmd എന്നു കണക്കാക്കി വാതകക്കുഴല്‍ നിര്‍മ്മിക്കുകയും ചെയ്തു. ഉത്പാദനം ഏതാണ്ട് 70 mmscd എത്തിയ 2010 മാര്‍ച്ചില്‍ ഈ കണക്കുകള്‍ യുക്തിസഹമാണെന്ന് തോന്നിയിരുന്നു. എന്നാല്‍ അതിനുശേഷം ഉത്പാദനം കുറഞ്ഞുവന്നു. 2010-11-ല്‍ ശരാശരി ഉത്പാദനം 56 mmscd-യില്‍ കുറവായിരുന്നു. അടുത്തവര്‍ഷം അത് 43 mmscd-യില്‍ താഴെയായി. വീഴ്ച്ച അവിടെയും നിന്നില്ല, 2012-13-ല്‍ അത് 26 mmscd-യില്‍ എത്തുകയും 2014 ഡിസംബര്‍ ആയപ്പോഴേക്കും D6 ബ്ലോക്കില്‍ നിന്നുള്ള ഉത്പാദനം വെറും 10 mmscd ആയി ചുരുങ്ങി. ആദ്യം കണക്കാക്കിയതിന്റെ വെറും എട്ടിലൊന്ന്.

ഇത് സ്വാഭാവികമാണെന്നും പ്രതീക്ഷിക്കാത്ത ചില കാരണങ്ങള്‍ കൊണ്ടാണെന്നും റിലയന്‍സ് ഗ്രൂപ് അവകാശപ്പെട്ടു. എന്നാലിതില്‍ സി എ ജിയും പാര്‍ലമെന്‍ററി സമിതിയും തൃപ്തരായിരുന്നില്ല.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാതകത്തിന് ഉയര്‍ന്ന വില പ്രതീക്ഷിച്ച് ഉത്പാദനം മന:പൂര്‍വം കുറച്ചതാണെന്ന് അവര്‍ ആരാഞ്ഞു. RIL പ്രതിഷേധിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി എണ്ണ, പ്രകൃതിവാതക മന്ത്രാലയം, RIL-നു കീഴിലുള്ള കരാര്‍ കമ്പനിക്കു 2.4 ബില്ല്യണ്‍ യു.എസ് ഡോളറോളം വരുന്ന (ഇന്നത്തെ വിപണി വിനിമയമൂല്യത്തില്‍ ഏതാണ്ട് 15,000 കോടി രൂപ) ചെലവായ തുക തിരിച്ചു പിടിക്കാന്‍ അനുവദിക്കാതെ പിഴ ഈടാക്കുകയാണ്. RIL വീണ്ടും പ്രതിഷേധിച്ചു.

ഇതും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുമായി സംബന്ധിച്ച നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലാണ്. ആര്‍ബിട്രേഷന്‍ നടപടികളും നടന്നുവരുന്നു.

വാതക ഉത്പാദനത്തിലെ വലിയ ഇടിവ് RGTIL-നെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്തത്. വാതകം ഉപയോഗിക്കുന്ന വൈദ്യുതോത്പാദന കേന്ദ്രങ്ങള്‍ സ്ഥാപന ശേഷിയിലും കുറവാണ് ഉത്പാദിപ്പിക്കുന്നത്. ഡിസംബര്‍ 2013-ലെ ഒരു പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട് പ്രകാരം വാതകം ലഭ്യമല്ലാത്തതിനാല്‍ 40,000 കോടി രൂപയുടെ വൈദ്യുത പദ്ധതികളാണ് പ്രതിസന്ധിയിലായത്.

മാര്‍ച്ചില്‍, ഈ പദ്ധതികളെ സഹായിക്കാന്‍ ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.

RGTIL-ലേക്ക് മടങ്ങിവരാം. 2003 മാര്‍ച്ചില്‍ പൂര്‍ണമായു ഒരു RIL സബ്സിഡിയറി ആയാണ് ഈ കമ്പനി സൃഷ്ടിക്കപ്പെട്ടത്. ആഗസ്റ്റ് 2004-ല്‍ കാക്കിനഡയില്‍ നിന്നും ബറൂച്ചിലേക്ക് വാതക കുഴല്‍ പണിയാനുള്ള സര്‍ക്കാര്‍ അനുമതിയും ലഭിച്ചു.

നവംബര്‍ 2004നും ജൂണ്‍ 2005-നും ഇടയില്‍ അംബാനി സഹോദരന്മാരായ മുകേഷും അനിലും കുടുംബ വ്യവസായ ആസ്തികളുടെ നിയന്ത്രണത്തിനായി പരസ്യമായിത്തന്നെ കടുത്ത പോരാട്ടം നടത്തി.

ഏപ്രില്‍ 21, 2005-ല്‍ അസാധാരണമായൊരു സംഭവമുണ്ടായി. വെറും അഞ്ചു ലക്ഷം രൂപക്ക് RGTIL –നെ RIL പരിധിയില്‍ നിന്നും മാറ്റി മുകേഷ് അംബാനിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ഒരു സ്വതന്ത്ര കമ്പനിയാക്കി മാറ്റി.

സങ്കീര്‍ണമായ പരസ്പര നിയന്ത്രണമുള്ള ഒരു പറ്റം കമ്പനികളിലൂടെയും, വിശ്വസ്തരായ ജീവനക്കാരെയും സഹായികളെയും ഈ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരായി വെച്ചും അംബാനി കുടുംബാംഗങ്ങള്‍ എങ്ങനെ തങ്ങളുടെ സ്വകാര്യസ്വത്തുക്കള്‍ കെട്ടിപ്പോക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

RGTIL കഥ അവിടെനിന്നും കൌതുകമുള്ള വഴിയിലേക്ക് തിരിയുന്നു. 2009-10-ല്‍ അന്നത്തെ ധനമന്ത്രി (ഇപ്പോള്‍ രാഷ്ട്രപതി) 2009,ജൂലായ് 6-നു അവതരിപ്പിച്ച ബജറ്റില്‍ 1961-ലെ ആദായനികുതി നിയമത്തില്‍ 365AD എന്ന വകുപ്പ് തിരുകിച്ചേര്‍ക്കുന്നു. പ്രകൃതി വാതകം, ക്രൂഡ് ഓയില്‍ കുഴലുകള്‍ സ്ഥാപിക്കുന്നതിനുള്ള മൂലധനച്ചെലവ് പ്രവര്‍ത്തനത്തിന്റെ 100 ശതമാനവും ആദ്യ വര്‍ഷത്തില്‍ തന്നെ നികുതി ഇളവായി നല്കാന്‍ അനുമതി നല്‍കുന്നതായിരുന്നു അത്.

മുഴുവന്‍ മൂലധനച്ചെലവും പ്രവര്‍ത്തനത്തിന്റെ ആദ്യവര്‍ഷം തന്നെ റെവന്യൂ ചെലവായി കണക്കാക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു അത്. ഇതുവഴി RGTIL ഉണ്ടാക്കിയ നേട്ടം 20,000 കോടി രൂപയാണ്!

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിഭാഗം NewsX ചാനല്‍ നിയന്ത്രിച്ചിരുന്ന ഒരു കമ്പനിയുടെ നിയന്ത്രണത്തിനായി റിലയന്‍സ് ഗ്രൂപ്പിലെ സ്ഥാപനങ്ങള്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് ഒരു റിപ്പോര്‍ട്ട്‌ നല്കി.

ഒരു പൊതു താത്പര്യ ഹര്‍ജിയുടെ ഭാഗമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണു സുപ്രീം കോടതിയില്‍ ഈ റിപ്പോര്‍ട് സമര്‍പ്പിച്ചത്. കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ, ബഹുരാഷ്ട്ര നിക്ഷേപക കമ്പനി മൌറീഷ്യസ് ആസ്ഥാനമായ ന്യൂ സില്‍ക് റൂട്ട് (സാമ്പത്തിക തട്ടിപ്പിന് അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ട രജത് ഗുപ്ത, രാജ് രാജരത്നം എന്നിവര്‍ ഇതിന്റെ സ്ഥാപകരില്‍ ഉള്‍പ്പെടുന്നു), RGTIL എന്നിവര്‍ നടത്തിയ തട്ടിപ്പ് ഇടപാടുകളെക്കുറിച്ച് റിപ്പോര്‍ടില്‍ പറയുന്നുണ്ട്.

തികഞ്ഞ കുതന്ത്രങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ സബ്സിഡിയറിയായ RGTIL-നെ RIL തലവന്‍ ഒരുകൂട്ടം സ്വകാര്യ കമ്പനികള്‍ വഴി എങ്ങനെ തന്റെ സ്വകാര്യ സ്വത്താക്കി മാറ്റി എന്നു റിപ്പോര്‍ടില്‍ വിശദമാക്കുന്നുണ്ട്.

ബയോമെട്രിക്സ് കേസിലും RGTIL-നു കുറ്റകരമായ പങ്കുണ്ട്. 2013-ല്‍ സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെട്രിക്സ് കോര്‍പ്പറേഷന്‍ എന്ന കമ്പനിക്കു ICCI ബാങ്കിന്റെ ഒരു വിദേശ ശാഖ 6530 കോടി രൂപ (1.62 ബില്ല്യണ്‍ ഡോളര്‍) വായ്പ നല്കിയതിലെ നിയമസാധുത പരിശോധിക്കണം എന്നാവശ്യപ്പെട്ടു ധനകാര്യ വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിസര്‍വ് ബാങ്കിന് എഴുതി. കാരണം ഈ പണം പിന്നീട് RGTIL അടക്കം നാല് റിലയന്‍സ് കമ്പനികളിലൂടെ നേരിട്ടുള്ള വിദേശ നിക്ഷേപമായി ഇന്ത്യയിലേക്ക് എത്തിയിരുന്നു.

ഈ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ മനുഷ്യന്റെ വ്യാപാര സാമ്രാജ്യത്തില്‍ അതിനുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു.

RGTIL ഘടന

ഏപ്രില്‍ 2005-ല്‍ RGTIL നിയന്ത്രണഘടനയില്‍ മൂന്നു തട്ടുകളുണ്ടായിരുന്നു. ആദ്യത്തേതില്‍ 8 കമ്പനികള്‍, അവയില്‍- Vayudoot Finance & Leasing Pvt. Ltd., Vicraze Investment & Trading Co. Pvt. Ltd. and Yashasvi Holding Pvt. Ltd- എല്ലാത്തിനും ഒരേ ഓഫീസ് വിലാസം (84A മിത്തല്‍ കോര്‍ട്, നരിമാന്‍ പോയന്‍റ്, മുംബൈ 400 021) ഒരേ ഡയറക്ടര്‍മാരും (തുഷാര്‍ മേത്ത, വി ആര്‍. ശശികുമാര്‍).

രണ്ടു കമ്പനികള്‍ക്ക് കൂടി (Proline Investment Pvt. Ltd. and Jigna Fiscal Services Pvt. Ltd)അതേ വിലാസമായിരുന്നു. പക്ഷേ ഡയറക്ടര്‍മാരില്‍ തുഷാര്‍ മേത്തക്ക് പകരം മുകേഷ് ജൊബാലിയ. ആറാമത്തെ കമ്പനി Lordwest Investment & Trading Co. Pvt. Ltd അതേ വിലാസം പക്ഷേ ഡയറക്ടര്‍മാര്‍ വേറെ-ഹരേഷ് മിസ്രയും നവീന്‍ കലവാടിയയും.

ഏഴാമത്തെ കമ്പനി Shangrila Investment & Trading Co. Pvt. Ltd ആദ്യത്തെ ആറ് കമ്പനികളുടെ അതേ ഡയറക്ടര്‍മാര്‍ (മേത്തയും ശശികുമാറും), പക്ഷേ വിലാസം മാറി (505 ദലാമല്‍ സ്ട്രീറ്റ്, നരിമാന്‍ പോയന്‍റ്) എട്ടാമത്തെ കമ്പനി Anumati Mercantile Pvt. Ltd (147 അറ്റ്ലാന്‍റ, നരിമാന്‍ പോയന്‍റ്) സന്ദീപ് ടണ്ടനും സതീഷ് പരീഖും ഡയറക്ടര്‍മാര്‍.

ഈ എട്ട് കമ്പനികളും ചേര്‍ന്ന് രണ്ടാം തട്ടിലുള്ള Reliance Utilities Pvt.Ltd-ന്റെ എല്ലാ ഓഹരികളും കൈവശം വെച്ചു. ഈ കമ്പനി വിലാസം മോതിഘാവ്ടി പി ഒ, ഡിവിജയ് ഗ്രാം, ജംനാനഗര്‍, ഗുജറാത്ത്. കമ്പനിയുടെ അഞ്ചു ഡയറക്ടര്‍മാരില്‍ ഒരാള്‍ ആദ്യ തട്ടിലെ ഒരു കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ ടാണ്ടന്‍ (ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഇയാളുടെ വിധവ ആണ് ടാണ്ടന്‍ കോണ്‍ഗ്രസ് എം.പിയായിരുന്നു) കെ ആര്‍ രാജ, വി കെ ഗാന്ധി, സന്ദീപ് ജൂന്നാര്‍കാര്‍, കിരിത് ബ്രഹ്മഭട്ട് എന്നിവരാണ് മറ്റ് നാല് ഡയറക്ടര്‍മാര്‍.

RGTIL-നു മേല്‍ സമ്പൂര്‍ണ നിയന്ത്രണം റിലയന്‍സ് യൂട്ടിലിറ്റീസിനായിരുന്നു. അതിന്റെ വിലാസം 101 ശിവം അപ്പാര്‍ട്മെന്‍റ്സ്, 9 പട്ടേല്‍ കോളനി, ബേദി ബുന്ദര്‍ റോഡ്, ജംനാനഗര്‍, ഗുജറാത്ത്. RGTIL നുള്ള അഞ്ചു ഡയറക്ടര്‍മാരില്‍ രണ്ടു പേര്‍-സന്ദീപ് ടാണ്ടനും കെ ആര്‍ രാജയും- റിലയന്‍സ് യൂടിലിറ്റീസിന്റെയും ഡയറക്ടര്‍മാര്‍.

RGTIL മറ്റ് നാല് ഡയറക്ടര്‍മാര്‍-മഹേഷ് കംദാര്‍, രജിന്ദര്‍ കുമാര്‍ ധാഡ,രാജ് പാല്‍ ശര്‍മ, മധുസൂദന്‍ പാണ്ട. അനില്‍ അംബാനിയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ ഈ ലേഖകനോടു പറഞ്ഞത് ഇവരെല്ലാം മുകേഷ് അംബാനിയുടെ സഹായികളോ അടുപ്പമുള്ളവരോ ആണെന്നാണ്. ഇങ്ങനെയാണ് അയാള്‍ സങ്കീര്‍ണമായ രീതിയില്‍ കമ്പനികളെ നിയന്ത്രിക്കുന്നത്.

Featured Book: As Author
Flying Lies?
The Role of Prime Minister Narendra Modi in India's Biggest Defence Scandal
Also available:
 
Documentary: Featured
Featured Book: As Publisher
Grand Illusion
The GSPC Disaster and the Gujarat Model
  • Authorship: Subir Ghosh
  • Publisher: Paranjoy
  • 260 pages
  • Published month:
  • Buy from Amazon