മെയ് 13, 2015-നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം ബാലവേല (നിരോധന, നിയന്ത്രണ) ഭേദഗതി നിയമം 2012-ല്‍ വരുത്താനുള്ള ഭേദഗതികള്‍ക്ക് അംഗീകാരം നല്കി. 6-നും 14-നും ഇടയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ഇതെന്നാണ് പുറത്തു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ന്യായം.
എന്നാല്‍, നിയമഭേദഗതിയിലെ ചില ഒഴിവാക്കലുകള്‍, കുട്ടികളെ കുടുംബത്തിലും കുടുംബ സംരംഭങ്ങളിലും പണിയെടുപ്പിക്കാന്‍ അനുവദിക്കുന്നതാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ഘടന സംരക്ഷിക്കുന്നതിനാണ് നിയമത്തില്‍ വെള്ള ചേര്‍ക്കുന്നത് പോലും. പക്ഷേ ഇത് ചൂഷണം നിറഞ്ഞ ബാലവേല തടയുന്നതിനുള്ള നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നതാണ്.
ബാലവേല (നിരോധന, നിയന്ത്രണ) നിയമം 1986-പ്രകാരം കുട്ടികളെ തൊഴിലെടുപ്പിക്കാന്‍ പാടില്ലാത്ത 18 നിശ്ചിത തൊഴിലുകളും 65 പ്രക്രിയകളും വ്യക്തമാക്കുന്നുണ്ട്. മറ്റ് തൊഴിലിടങ്ങളിലും കുട്ടികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ നിയമം അനുശാസിക്കുന്നു.
6-14 പ്രായത്തിനിടയിലുള്ളവര്‍ക്ക് സൌജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് വിദ്യാഭ്യാസ വകാശ നിയമം കൊണ്ടുവന്നത്. ഈ പ്രായത്തിലുള്ള കുട്ടികള്‍ തൊഴിലിടങ്ങളിലല്ല വിദ്യാലയങ്ങളിലാണ് എന്നുറപ്പാക്കലായിരുന്നു ലക്ഷ്യം.
അന്താരാഷ്ട്ര തൊഴില്‍ സംഘത്തിന്റെ പല കണ്‍വെന്‍ഷനുകളുമായും പൊരുത്തപ്പെടുന്നതല്ല 1986-ലെ നിയമം. തൊഴിലെടുക്കാനുള്ള കുറഞ്ഞ പ്രായം നിര്‍ബന്ധിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പ്രായത്തെക്കാള്‍ കുറവാകരുതെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘത്തിന്റെ (ILO) കണ്‍വെന്‍ഷന്‍ 138 വ്യവസ്ഥ ചെയ്യുന്നു.
കടുത്ത ചൂഷണത്തിന് വഴിവെക്കുന്നതിനാല്‍ 18 വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ടു ഏതുതരം തൊഴിലെടുപ്പിക്കുന്നതും നിരോധിക്കണമെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘത്തിന്റെ ILO കണ്‍വെന്‍ഷന്‍ 182 ആവശ്യപ്പെടുന്നത്.
കണ്‍വെന്‍ഷന്‍ 182 അംഗീകരിക്കുന്നതില്‍ നിന്നും ഇന്ത്യയെ തടയുന്ന പ്രധാന വസ്തുത, 1986-ലെ നിയമമനുസരിച്ച് 14 വയസിന് മുകളിലുള്ളവര്‍ക്ക് അപകടകരമായ തൊഴില്‍മേഖലകളില്‍ പണിയെടുക്കാം എന്നതാണ്.
ഡിസംബര്‍ 2012-ല്‍ ബാലവേല (നിയന്ത്രണ, നിരോധന) ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും പിന്നീട് പാര്‍ലമെന്റിന്റെ തൊഴില്‍ സ്റ്റാന്റിംഗ് സമിതിക്ക് അയക്കുകയും ചെയ്തു.
ഫെബ്രുവരി 2013-ല്‍ സമിതി ഇക്കാര്യത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുകയും ഡിസംബറില്‍ റിപ്പോര്‍ട്ട് നല്കുകയും ചെയ്തു. ജൂണ്‍ 2014-ല്‍ തൊഴില്‍ മന്ത്രാലയം തങ്ങളുടെ കുറിപ്പുകളിട്ടു ഭേദഗതിയില്‍ പൊതുജനങ്ങളുടെ അഭിപ്രായ, നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് 2015 മെയ് മാസത്തില്‍ കേന്ദ്ര മന്ത്രിസഭ ബാലവേല നിയമ ഭേദഗതികള്‍ക്ക് അംഗീകാരം നല്കി.
വിദ്യാഭ്യാസ അവകാശ നിയമവുമായുള്ള പൊരുത്തക്കേടൊഴിവാക്കാന്‍ ‘കുട്ടി’ (Child) എന്നതിന് 14 വയസ് പൂര്‍ത്തിയാകാത്തതോ അല്ലെങ്കില്‍ RTE നിയമം വ്യവസ്ഥ ചെയ്യുന്നതോ ഏതാണോ ഉയര്‍ന്നത് അത് എന്ന ഭേദഗതി ബില്‍ ശുപാര്‍ശ ചെയ്യുന്നു. ഈ നിര്‍വചനവും 1948-ലെ ഫാക്ടറി നിയമവുമായി പൊരുത്തപ്പെടുന്നില്ല.
‘കൌമാരക്കാരന്‍/ക്കാരി’ എന്നത് 14 വയസ് തികയുകയും എന്നാല്‍ 18 കഴിയാത്തവരും ആണ് എന്നാണ് നിര്‍വചനം. ഇതും ഫാക്ടറി നിയമത്തില്‍ നിന്നും അല്പം വ്യത്യസ്തമാണ്.
പുതിയ നിയമം കുട്ടികളെ തൊഴിലെടുപ്പിക്കുന്നത് പൂര്‍ണമായി വിലക്കുന്നു, രണ്ടു സന്ദര്‍ഭങ്ങളിലൊഴികെ:
കുട്ടികളെ അവരുടെ കുടുബത്തിലോ കുടുംബ സംരംഭങ്ങളിലോ, അത് അപകടകരമായ പ്രക്രിയകളുള്ളതല്ലെങ്കില്‍, വിദ്യാലയ സമയത്തിന് ശേഷമോ അവധിക്കാലത്തോ, ജോലി ചെയ്യാന്‍ അനുവദിക്കാം.
പരസ്യങ്ങള്‍, ചലച്ചിത്രം, ടെലിവിഷന്‍ പരമ്പര തുടങ്ങിയ ദൃശ്യ ശ്രാവ്യ വിനോദ പരിപാടികള്‍, സര്‍കസ് ഒഴിച്ചുള്ള മറ്റ് കായിക,വിനോദ പരിപാടികള്‍ എന്നിവയില്‍, നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നില്ല എന്നുറപ്പാക്കിയും കുട്ടികളെ ജോലി ചെയ്യാന്‍ അനുവദിക്കാം.
അപകടകരമായ തൊഴിലുകളിലോ പ്രക്രിയകളിലോ കൌമാരക്കാരെ തൊഴിലെടുപ്പിക്കുന്നത് ഭേദഗതി ബില്‍ വിലക്കുന്നു.
നിയമം ലംഘിച്ച് കുട്ടികളെയോ കൌമാരക്കാരെയോ ജോലിക്കുവെച്ചാല്‍ തൊഴിലുടമക്കെതിരെ നേരിട്ടു കുറ്റം ചുമത്താം. അതായത് കോടതി ഉത്തരവ് കൂടാതെതന്നെ FIR രേഖപ്പെടുത്തുകയും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യുകയുമാകാം എന്നാണ്.
ശിക്ഷയും ഉയര്‍ത്തിയിട്ടുണ്ട്. തൊഴിലുടമകള്‍ക്കുള്ള ശിക്ഷ ഗണ്യമായി ഉയര്‍ത്തി. എന്നാല്‍ മാതാപിതാക്കളുടെ സാമൂഹ്യ/സാമ്പത്തിക സാഹചര്യങ്ങളാണ് അവരെ ഇതിന് നിര്‍ബന്ധിതരാക്കുന്നത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്കുള്ള ശിക്ഷയില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
തൊഴിലുടമക്ക് നിയമലംഘനത്തിന് 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവോ 20,000 മുതല്‍ 50,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കാം. 1986-ലെ നിയമത്തില്‍ കൌമാരക്കാരെ അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുത്താന്‍ അനുവദിച്ചിരുന്നു.
ഇതേ കുറ്റം രണ്ടാം തവണയും ആവര്‍ത്തിച്ചാല്‍ ഭേദഗതിയനുസരിച്ച് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാം. രക്ഷിതാക്കളോ മാതാപിതാക്കളോ ആദ്യതവണ കുറ്റം ചെയ്താല്‍ അവര്‍ക്ക് ശിക്ഷയില്ല. എന്നാല്‍ രണ്ടാം തവണയും കുറ്റം ചെയ്താല്‍ 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കും.
ഭേദഗതി ചെയ്ത നിയമം വേണ്ടവിധത്തില്‍ നടപ്പാക്കുന്നു എന്നുറപ്പുവരുത്താന്‍ ബില്ലില്‍ ജില്ലാ മാജിസ്ട്റേറ്റിന് അധികാരങ്ങള്‍ നല്കിയിരിക്കുന്നു. കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കുമായുള്ള ഒരു പുനരധിവാസ നിധിക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്.
അപകടകരമായ തൊഴിലുകളില്‍ നിന്നും 18 വയസിന് താഴെയുള്ളവരെ വിലക്കുന്നതും ശിക്ഷകള്‍ വര്‍ദ്ധിപ്പിച്ചതും പരക്കെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും 14 വയസിന് താഴെയുള്ള കുട്ടികളെ കുടുംബ സംരഭങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചതിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയം വഴി ഇതിനെ ന്യായീകരിച്ചു; (http://pib.nic.in/newsite/PrintRelease.aspx?relid=121636)
“... ബാലവേല പൂര്‍ണമായും നിരോധിക്കുന്നത് പരിഗണിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ സാമൂഹ്യ ഘടനയും സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. വലിയ വിഭാഗം കുടുംബങ്ങളില്‍ കുട്ടികള്‍ അവരുടെ മാതാപിതാക്കളെ കൃഷി കൈത്തൊഴില്‍ മുതലായ മേഖലകളില്‍ സഹായിക്കുന്നു. അതിനൊപ്പം ആ തൊഴിലുകളുടെ അടിസ്ഥാനപാഠങ്ങളും അവര്‍ ഹൃദിസ്ഥമാക്കുന്നു. അതിനാല്‍, കുട്ടിയുടെ വിദ്യാഭ്യാസത്തിനും രാജ്യത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളും സാമൂഹ്യഘടനക്കുമിടയില്‍ സന്തുലനം പാലിക്കാന്‍, ഒരു കുട്ടിക്ക് തന്റെ കുടുംബത്തെയോ കുടുംബ സംരഭത്തെയോ, അത് അപകടകരമായ തൊഴിലല്ലെങ്കില്‍, വിദ്യാലയ സമയത്തിനുശേഷമോ അവധിക്കാലത്തോ സഹായിക്കുന്നതിന് മന്ത്രിസഭ അനുമതി നല്കുന്നു.”
ഒട്ടും ആലോചനയില്ലാതെ എടുത്ത തീരുമാനമെന്നാണ് Vellore Institute of DevelopmentStudies ഇതിനെ വിശേഷിപ്പിച്ചത്. http://www.thehindu.com/news/national/tamil-nadu/proposed-amendments-to…
ഡി എം കെ, പി എം കെ, റിപ്പബ്ലിക്കന്‍ പാര്‍ടി എന്നീ കക്ഷികളും ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്. ‘കുടുംബം’ എന്ന സംജ്ഞ വ്യക്തമാക്കിയില്ലെങ്കില്‍ ഇത് ദുരുപയോഗം ചെയ്തേക്കാം എന്നു നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി പറയുന്നു. ഒരിക്കല്‍ ഒരു ബാലതൊഴിലാളിയെ രക്ഷിക്കാനെത്തിയപ്പോള്‍ അവന്‍ തന്റെ മരുമകനാണെന്നും തന്റെ കുടുംബകാര്യത്തില്‍ തലയിടണ്ടെന്നും പറഞ്ഞു തന്നെ ആക്രമിച്ച കാര്യം സത്യാര്‍ത്ഥി ഓര്‍ത്തെടുക്കുന്നു. http://www.hindustantimes.com/bhopal/bhopal-amendments-to-child-labour-…
നിയമങ്ങളുണ്ടെങ്കിലും രാജ്യത്തു പലയിടത്തും വായുവും വെളിച്ചവും കടക്കാത്ത ചേരികളിലും മുറികളിലുമാണ് കുട്ടികളെക്കൊണ്ട് നെയ്ത്തും തുന്നലും, തീപ്പെട്ടി നിര്‍മാണവും, ബീഡി തെറുപ്പും, പടക്കനിര്‍മാണവുമെല്ലാം ചെയ്യിക്കുന്നത്. അവര്‍ ചായക്കടകളിലെ സഹായികളാണ്. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളെ കീടനാശിനികളും രാസവളങ്ങളുമെല്ലാം പ്രതികൂലമായി ബാധിക്കുന്നു.
ഇതൊക്കെയറിഞ്ഞിട്ടും കുട്ടികളെ ജോലിക്കെടുക്കുന്നത് കൂലിക്കുറവുകൊണ്ട് മാത്രമല്ല, അവര്‍ അനുസരണയോടെ നില്ക്കും എന്നതുകൊണ്ടുമാണ്. നിയമ ഭേദഗതി ഇതിന് ആക്കം കൂട്ടും എന്നാണ് ആശങ്ക. ഈ പഴുത് മനപൂര്‍വം വരുത്തിയതാണ് എന്നും ആക്ഷേപമുണ്ട്.
സ്റ്റാന്റിംഗ് സമിതിയുടെ 40-ആം റിപ്പോര്‍ടില്‍ ഭേദഗതിയെ ശക്തമായി എതിര്‍ക്കുന്നുണ്ട്: “വീടുകളില്‍ ജോലി ചെയ്യുന്ന കുട്ടികളെ മന്ത്രാലയം എങ്ങനെ നിരീക്ഷിക്കും എന്ന കാര്യം സമിതിക്ക് മനസിലാകുന്നില്ല. ഇത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നതിനാല്‍ മന്ത്രാലയം ഇത് തിരുകികയറ്റി പഴുതുണ്ടാക്കുകയാണ്.”
“കൂടാതെ വിദ്യാലയത്തില്‍ നിന്നും തിരികെ വരുന്ന കുട്ടികള്‍ക്ക് അവരുടെ പൂര്‍ണ വളര്‍ച്ചയ്ക്ക് വിശ്രമവും വിനോദവും ആവശ്യമാണെന്നിരിക്കെ കുട്ടികളെ വിദ്യാലയ സമയത്തിന് ശേഷം ജോലിചെയ്യാന്‍ അനുവദിക്കുന്നത് അവരുടെ ശാരീരിക,മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും... ഈ ഭേദഗതിയുടെ ആവശ്യമില്ലെന്ന് സമിതി കരുതുന്നു.” http://164.100.47.134/lsscommittee/Labour/15_Labour_40.pdf
“ജാതി സമ്പ്രദായത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്” ഭേദഗതിയെന്ന് HAQ-Centre for Child Rights-ലെ ഏനാക്ഷി ഗാംഗുലി പറയുന്നു. “അങ്ങനെ ഒരു കുശവന്റെ മകനും തോട്ടിയുടെ മകനുമൊക്കെ അപകടകരമായ തൊഴിലിന് പുറത്താകും.” http://zeenews.india.com/exclusive/centres-proposed-amendments-in-child…
പല കുട്ടികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നന്ത് എന്നതുകൊണ്ടു അത് നിയന്ത്രിക്കാന്‍ പാടാണ് എന്നാണ് Save the Children-ല്‍ പ്രവര്‍ത്തിച്ച ഷിറീന്‍ വകീല്‍ മിളരുടെ അഭിപ്രായം. http://www.dnaindia.com/india/report-children-can-now-work-in-family-bu…
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഇന്ത്യയിലെ കുട്ടിതൊഴിലാളികളുടെ എണ്ണം 12.6 ദശലക്ഷത്തില്‍ നിന്നും 4.3 ദശലക്ഷമായി കുറഞ്ഞു. വിദ്യാലയത്തില്‍ ചേരുന്നവരുടെ എണ്ണം കൂടിയതാണ് കാരണം. ഈ ഭേദഗതിയോടെ വിദ്യാഭ്യാസം നിര്‍ബന്ധിതമല്ലാതാകും, ആവശ്യമുണ്ടെങ്കില്‍ എടുക്കാവുന്ന ഒന്നായി മാറും. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മറ്റൊരുതരത്തില്‍ ഭേദഗതി ബാലവേലയെ അനൌപചാരികമാക്കും. http://terranullius.nationalinterest.in/amendment-to-the-child-labour-l…
മന്ത്രിസഭയുടെ അനുമതിയിലൂടെ ഉയരുന്ന മറ്റൊരു വലിയ പ്രശ്നം അത് അപകടകരവും, അപകടരഹിതവുമായ തൊഴിലുകളെ വ്യക്തമായി വേര്‍തിരിക്കുന്നില്ല എന്നതാണ്. ഇതിനായുള്ള ഒരു ശ്രമവും നടത്താതെ ഫാക്ടറി നിയമത്തില്‍ നിന്നും പകര്‍ത്തുക മാത്രമാണു തൊഴില്‍ മന്ത്രാലയം ചെയ്തതെന്ന് സ്റ്റാന്റിംഗ് സമിതി അഭിപ്രായപ്പെട്ടിരുന്നു.
1986-ലെ നിയമത്തില്‍ 16 തൊഴിലുകളും 65 പ്രക്രിയകളും അപകടകരമായ വിഭാഗത്തില്‍ പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത് ഖനികള്‍, സ്ഫോടക വസ്തുക്കള്‍, കത്തിപ്പിടിക്കുന്നവ, പിന്നെ ഫാക്ടറി നിയമത്തിലെ Clause (cb)-യില്‍ പരാമര്‍ശിച്ചവ എന്നിവയാക്കി ചുരുക്കിയിരിക്കുന്നു.
പ്രത്യക്ഷത്തില്‍ അപകടകരമല്ലാത്ത തൊഴിലുകളില്‍ കൌമാരക്കാര്‍ ഏര്‍പ്പെടുന്നത്, ഉദാഹരണത്തിന് വീട്ടുവേല, അവരില്‍ തൊഴിലുടമകളില്‍ നിന്നുള്ള പെരുമാറ്റം മൂലം അപകടവും പീഡനവും ഉണ്ടാക്കുന്നതാണ്. ചൂഷണവും ക്രൂരതയും പലപ്പോഴും ആരോഗ്യം, സുരക്ഷാ, കൌമാര ധാര്‍മികത എന്നിവയെയും ബാധിക്കാമെന്ന് സ്റ്റാന്റിംഗ് സമിതി ചൂണ്ടിക്കാട്ടുന്നു.
1986-ലെ നിയമത്തിന് ശേഷം കൂട്ടിചേര്‍ത്ത തൊഴിലുകളില്‍ മാത്രമല്ല കൂടുതല്‍ അപകടകരമായ പുതിയ തൊഴിലുകളിലും അവരെ ഉപയോഗിക്കാം എന്നതാണ് പുതിയ നിര്‍വചനങ്ങളിലെ ദൌര്‍ബല്യം. ഈ പോരായ്മ പരിഹരിക്കണമെന്ന് സമിതി ആവശ്യപ്പെടുന്നുണ്ട്.
ബാലവേലയ്ക്ക് കുട്ടിക്കടത്തുമായി ഇഴപിരിക്കാനാകാത്ത ബന്ധമുണ്ട്. വീട്ടുവേലക്കായി കുട്ടികളെ ഇങ്ങനെ ധാരാളമായി കടത്തുന്നു. യാചനക്കും, മയക്കുമരുന്നു കള്ളക്കടത്തിനും, ലൈംഗിക ചൂഷണത്തിന്നുമൊക്കെയും ഇങ്ങനെയെത്തിക്കുന്ന കുട്ടികളെ ഉപയോഗിക്കുന്നു.
എന്തുകൊണ്ടാണ് കുട്ടിക്കടത്തിനെ കുറിച്ചു ബില്ലില്‍ പറയാതിരുന്നത് എന്ന ചോദ്യത്തിന് അത് വനിതാ,ശിശു ക്ഷേമ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കീഴിലാണെന്ന മറുപടിയാണ് തൊഴില്‍ മന്ത്രാലയം നല്കിയത്. ഈ മറുപടിയെ സമിതി രൂക്ഷമായി വിമര്‍ശിച്ചു. നഗരകേന്ദ്രങ്ങളില്‍ യാചനയിലും,വീട്ടുവേലയിലും, ചവറ്പെറുക്കുന്നതിലുമൊക്കെ പണിയെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. വിവിധ മന്ത്രാലയങ്ങളുടെ ഒരു സമഗ്ര പദ്ധതിയാണ് ഇതിന് വേണ്ടതെന്നും സമിതി നിര്‍ദ്ദേശിച്ചു.
ബാല, കൌമാര തൊഴില്‍ (നിരോധന, നിയന്ത്രണ)നിയമം എന്നാണ് പുതിയ നിയമം അറിയപ്പെടുക. നിയമം മാറ്റുന്നതിന് മുമ്പ് ഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സര്‍വെ 2009-10 പ്രകാരം ഇന്ത്യയില്‍ 4.9 ദശലക്ഷം കുട്ടിതൊഴിലാളികളുണ്ട്. 2001-ലെ ജനസംഖ്യ കണക്കെടുപ്പില്‍ ഇത് 12.6 ദശലക്ഷമായിരുന്നു. ഉച്ചഭക്ഷണ പദ്ധതിയടക്കം കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ട്. എന്നിട്ടും ബാലവേല അവസാനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ വിദൂരമാണ്. ഇപ്പൊഴും ലക്ഷക്കണക്കിനു കുട്ടികള്‍ വിദ്യാലയത്തിന് പുറത്താണ്. ഈ വസ്തുത മന്‍സൈല്‍വെച്ചു വേണം കുട്ടികളെ തൊഴിലെടുക്കാന്‍ അനുവടിച്ചാല്‍ അവര്‍ക്ക് പഠിക്കാന്‍ പോകാനാകുമോ എന്നു നാം ചോദിക്കേണ്ടത്. രണ്ടും ഒരുമിച്ച് കൊണ്ടുനടക്കാന്‍ കുട്ടികള്‍ക്കാവുമോ?
പാവങ്ങളായതുകൊണ്ടല്ല കുട്ടികള്‍ തൊഴിലാളികളാകുന്നതെന്നും മറിച്ചാണ് വാസ്തവമെന്നും കൈലാഷ് സത്യാര്‍ത്ഥി പറയുന്നു. എന്നാലിപ്പോള്‍ സത്യാര്‍ത്ഥി തന്റെ നിലപാടൊന്നു അയച്ചു കൊടുത്തിട്ടുണ്ട്. കുടുംബം എന്നത് നിയമപരമായുള്ള മാതാപിതാക്കളും രക്ഷിതാക്കളും എന്നും തൊഴില്‍ മൂലം കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം, വിനോദസമയം എന്നിവയെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പാക്കിയാല്‍ 14 വയസിന് താഴെയുള്ള കുട്ടികളെ കുടുംബ സംരഭങ്ങളില്‍ ജോലിചെയ്യാന്‍ അനുവദിക്കാമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്.
“കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുകയും ശേഷി പരിശീലനം നേടുകയുമാണ്. സഹായമാണ്, സമ്പാദിക്കുകയല്ല എന്നതാണ് ഞങ്ങളുടെ ഉപാധി. അത് കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നിവയെ ബാധിക്കരുത്. ലോകത്തെങ്ങുമുള്ള കുട്ടികള്‍-സമ്പന്ന കുടുംബങ്ങളിലെ കുട്ടികള്‍ വരെ- മാതാപിതാക്കളുടെ തൊഴിലിടങ്ങളില്‍ അവരെ സന്ദര്‍ശിക്കുകയും പരിശീലനം തേടുകയും ചെയ്യുന്നു. പക്ഷേ അവ്യക്തത പാടില്ല. കുടുംബം എന്നത് നിയമപരമായ രക്ഷിതാക്കളോ മാതാപിതാക്കളോ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതില്‍ വ്യാഖ്യാനത്തിന് അവസരം നല്‍കരുത്. നിയമത്തിന് കീഴില്‍ തൊഴിലാളി-തൊഴിലുടമ ബന്ധം കൃത്യമായി നിര്‍വചിക്കണം.” http://economictimes.indiatimes.com/news/politics-and-nation/changes-in…
എന്നാല്‍ കുട്ടികളെയും കൌമാരക്കാരെയും കുടുംബങ്ങള്‍ക്കായി തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന ഭേദഗതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉടനടി പിന്‍വലിക്കുകയാണ് വേണ്ടത്. അത്തരമൊരു മാറ്റം തീര്‍ത്തും പിന്തിരിപ്പനും പുരോഗമനവിരുദ്ധവുമാണ്.
(ഷിന്‍സാനി ജെയിനും ചേര്‍ന്നാണ് തകുര്‍ത്ത ഈ ലേഖനം എഴുതിയത്)