നിയമത്തിന്റെ നീണ്ട കൈകള്‍ക്ക് അത്രയും നീളം എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് നീതിയുടെ ചക്രങ്ങള്‍ ഇന്ത്യയിലേതുപോലെ ഇത്ര പതുക്കെ ഉരുളുന്നത്?‘വൈകിയ നീതി നിഷേധിക്കപ്പെട്ട നീതിയാണ്’ എന്നത് പറഞ്ഞുകേട്ടു മടുത്തിരിക്കുന്നു. എന്തുകൊണ്ടാണ് ചിലര്‍ മറ്റുള്ളവരുടെ പ്രശ്നങ്ങളോട് ഇത്രയും നിസ്സംഗത പുലര്‍ത്തുന്നത്?
അഞ്ചു വര്‍ഷം മുമ്പ് ഏതാനും മുസ്ലീം മതമൌലികവാദി ഗുണ്ടകള്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ വലതുകൈ കൈവെട്ടിമാറ്റിയ സംഭവം കേരള സമൂഹത്തിന്റെ ചില നികൃഷ്ടമായ വശങ്ങളെ എടുത്തുകാട്ടുന്നുണ്ട്. എന്നിട്ടും, കേരളീയര്‍ ഇപ്പൊഴും ന്യായമായും തങ്ങളെ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലുള്ളവരെക്കാള്‍ ‘പുരോഗമനവാദികളും’‘സഹിഷ്ണുതയുള്ളവരും’‘ഉദാരവാദികളും’ 'അഹിംസാവാദികളും’ ഒക്കെയായാണ് കണക്കാക്കുന്നത്. ആരോഗ്യ സുരക്ഷയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും കേരള മാതൃക അനുകരണീയമായി എടുത്തുകാട്ടുന്നുമുണ്ട്.
‘ദൈവത്തിന്റെ സ്വന്തം നാടിനെ’ കുറിച്ചുള്ള നമ്മുടെ ധാരണകളെ ഈ സംഭവം തകിടം മറിച്ചുകളഞ്ഞു. ഏപ്രില്‍ 30-നു ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (വിചിത്രം!) എന്ന തീവ്രവാദ ഇസ്ളാമിക സംഘടനയില്‍ പെട്ട 13-പേരെ ഈ കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം –യു എ പി എ- അനുസരിച്ച് ശിക്ഷിച്ചു. ഒരു ചോദ്യക്കടലാസിലെ ചോദ്യങ്ങളില്‍ മുസ്ലീംങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് മലയാളം അദ്ധ്യാപകനായ ജോസഫിന്റെ കൈവെട്ടിക്കളഞ്ഞ നിഷ്ഠൂരമായ ആക്രമത്തില്‍ പങ്കെടുത്തവരും അതിനു ഗൂഡാലോചന നടത്തിയവരുമാണിവര്‍ എന്നായിരുന്നു ചുമത്തിയ കുറ്റം.
തൊടുപുഴയിലെ ന്യൂമാന്‍ കോളേജില്‍ മലയാളവിഭാഗം മേധാവിയായിരുന്നു ജോസഫ്. 2010 ജൂലായ് 4-നു മുവ്വാറ്റുപുഴയില്‍ പള്ളിയില്‍ നിന്നും ഞായറാഴ്ച്ച കുര്‍ബാന കഴിഞ്ഞു അദ്ദേഹം മടങ്ങും വഴിക്കാണ് ആക്രമണമുണ്ടായത്. 2013 ജൂലായിലാണ് വിചാരണ തുടങ്ങിയത്. 300 പ്രോസിക്യൂഷന്‍ സാക്ഷികള്‍, 4 പ്രതിഭാഗം സാക്ഷികള്‍, ആയിരത്തോളം രേഖകള്‍, 200-ലേറെ വസ്തുക്കള്‍. എന്‍ ഐ എ കുറ്റപത്രത്തില്‍ 37 പേരുണ്ടായിരുന്നു. പക്ഷേ 31 പേരെ മാത്രമേ വിചാരണ ചെയ്തുള്ളൂ. ഒന്നാം പ്രതിയടക്കം 6 പേര്‍ ഒളിവിലാണ്.
വിവാദത്തെ തുടര്‍ന്ന് ജോസഫിനെ ജോലിയില്‍ നിന്നും താത്ക്കാലികമായി പുറത്താക്കിയിരുന്നു. ചോദ്യക്കടലാസില്‍ വ്യാകരണശേഷി അളക്കാനുള്ള ഒരു ചോദ്യത്തെ കുറിച്ചായിരുന്നു വിവാദം. സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിച്ചിട്ടും അദ്ദേഹത്തെ ജോലിയില്‍ നിന്നും താത്ക്കാലികമായി പുറത്താക്കി.
സ്വയം ദൈവമായി കരുതുന്ന ഒരു ഭ്രാന്തന്‍ തന്നോടുതന്നെ നടത്തുന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കല്‍പിതകഥയില്‍ നിന്നെടുത്ത ഒരു ഖണ്ഡികയില്‍ ചിഹ്നങ്ങളിടാനായിരുന്നു ചോദ്യം. ഭ്രാന്തന്റെ പേര് മൊഹമ്മദ്. അത് മതിയായിരുന്നു വ്രണപ്പെട്ട മതവികാരങ്ങളുടെ പേരില്‍ ജോസഫ് ആക്രമിക്കപ്പെടാന്‍.
മൂന്നു പതിറ്റാണ്ട് മുമ്പ് 1986 ഡിസംബറില്‍ ബംഗളൂരുവിലും സമാനമായ ഒരു സംഭവമുണ്ടായി. ‘മൊഹമ്മദ് എന്ന മണ്ടന്‍’ എന്ന പേരില്‍ ഡെക്കാന്‍ ഹെറാള്‍ഡിന്റെ ഞായറാഴ്ച്ച പതിപ്പില്‍ ഒരു കഥ പ്രസിദ്ധീകരിച്ചു. ഒരു ദശാബ്ദം മുമ്പ് മലയാളത്തില്‍ വന്ന ഒരു ചെറുകഥയുടെ ഇംഗ്ലീഷ് തര്‍ജ്ജമയായിരുന്നു അത്. മാനസിക വൈകല്യമുള്ള, ബധിരനും മൂകനുമായ മൊഹമ്മദ് എന്ന യുവാവ് ആത്മഹത്യ ചെയ്യുന്നതായിരുന്നു കഥ.
പത്രകാര്യാലയത്തിന് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തീയിടുമെന്ന ഭീഷണി മുഴക്കി. പ്രസിദ്ധീകരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും പോലീസ് വെടിവെപ്പിലും 16 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസം കൊള്ളയും കൊള്ളിവെപ്പും നടന്നു. നഗരത്തില്‍ നിശാനിയമം പ്രഖ്യാപിച്ചു. മാപ്പപേക്ഷിച്ചെങ്കിലും പത്രാധിപരേയും പ്രസാധകനെയും പിടികൂടി, പിന്നീട് ജാമ്യത്തില്‍ വിട്ടു.
ജീവിതം വിചിത്രമായ വഴികളിലാണ് കലയെ പിന്തുടരുന്നത്. ജോസഫിനെ പുറത്താക്കിയതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയി. കടം വന്നു പെരുകി. 2014 മാര്‍ച്ച് 20-നു ജോസഫിന്റെ ഭാര്യ സലോമി (49) വീട്ടില്‍ തൂങ്ങി മരിച്ചു.
ജോസഫിന് തന്റെ ജോലി ഈ മാര്‍ച്ച് അവസാനത്തോടെയാണ് തിരികെ ലഭിക്കേണ്ടിയിരുന്നത്. ജോലിയില്‍ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങളും മറ്റും ലഭിക്കാനും മകളുടെ വിവാഹചെലവ് കണ്ടെത്താനും അതദ്ദേഹത്തെ സഹായിക്കുമായിരുന്നു. ജോസഫിനത് ലഭിച്ചു;പക്ഷേ ഭാര്യ ആത്മഹത്യ ചെയ്തതിന് ശേഷം. എന്തൊരു ദുരന്തം!
എനിക്കു ജോസഫുമായി വ്യക്തിപരമായ അടുപ്പമുണ്ട്. പ്രൊഫസര്‍ ജോസഫുമായി ബന്ധപ്പെട്ട സംഭവത്തില്‍, എത്ര ഉത്തരവാദിത്തരഹിതമായാണ്, സാമുദായിക സംഘര്‍ഷം ആളിക്കത്തിക്കുന്ന രീതിയില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയയതെന്ന് വിശദമാക്കുന്ന ഒരു പ്രബന്ധം ഞാന്‍ ഗൈഡ് ചെയ്ത ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒരു രാഷ്ട്രമീമാംസ വിദ്യാര്‍ത്ഥി അബിന്‍ തോമസ് തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് 2012-ല്‍ സമകാലിക ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് ഞാന്‍ സംവിധാന പങ്കാളിയായ , പി എസ് ബി ടി നിര്‍മിച്ച, ഒരു ഡോക്യുമെന്ററിക്ക് വേണ്ടി എന്റെ ഒരു സുഹൃത്തിന് ജോസഫ് ഒരു അഭിമുഖം നല്കിയിരുന്നു.
അതില്‍, അങ്ങയെ സംബന്ധിച്ചു എന്താണ് സ്വാതന്ത്ര്യം എന്ന ചോദ്യത്തിന് ജോസഫ് ഇങ്ങനെ ഉത്തരം നല്കി,“സ്വാതന്ത്ര്യം ആപേക്ഷികമായ ഒരു ആശയമാണ്. ഒരു തടവുകാരന് തടവറയുടെ നാലു ചുവരുകള്‍ക്ക് പുറത്തുള്ള ലോകമാണ് സ്വാതന്ത്ര്യം. കടക്കാരന് കടം വീട്ടലില്‍ നിന്നുള്ള മുക്തിയാണ് സ്വാതന്ത്ര്യം. വിശക്കുന്നവന് അത് ആഹാരമാണ്...”
‘ശത്രുവിനെ സ്നേഹിക്കാനാണ് തന്റെ ഗുരു യേശുക്രിസ്തു തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞാനും എന്റെ കുടുംബവും അദ്ദേഹത്തിന്റെ വാക്കുകളെ ശരിയായ അര്‍ത്ഥത്തില്‍ പിന്തുടര്‍ന്നു. ഞാനവര്‍ക്ക് (കൈവെട്ടിയവര്‍ക്ക്) ആക്രമണം നടന്ന നിമിഷം തന്നെ മാപ്പ് നല്കി. അതൊരിക്കലും മാറുകയുമില്ല.”
ഞാനൊരിക്കലും പ്രൊഫസര്‍ ജോസഫിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും എനിക്കദ്ദേഹവുമായി അസാധാരണമായൊരു അടുപ്പമുണ്ട്. ഒരു ചിത്രം എഡിറ്റ് ചെയ്യുമ്പോള്‍ അതിലെ ഓരോ ദൃശ്യവും പലയാവര്‍ത്തി കണ്ടിരിക്കും. ചിത്രം പൂര്‍ത്തിയായാലും അത് പലതവണ കാണും. എനിക്കദ്ദേഹത്തിന്റെ ഭാഷ സംസാരിക്കാനോ മനസിലാക്കാനോ കഴിയില്ല. എങ്കിലും ഞാന്‍ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ അദ്ദേഹം എന്റെ ഒരു ഭാഗമായി മാറി.
ചില അവസരങ്ങളില്‍ നീതി ഒരിയ്ക്കലും നടപ്പാകില്ല. ഇത് അത്തരമൊരു സന്ദര്‍ഭമാണ്. പക്ഷേ ഉറക്കെയുറക്കെ സഹിഷ്ണുതയുടെ മൂല്യഘോഷണം നടത്തുകയും ഏത് രൂപത്തിലുള്ള മതഭ്രാന്തിനേയും എതിര്‍ക്കുകയും ചെയ്യുന്ന നാം ഓരോരുത്തരും പ്രൊഫസര്‍ ജോസഫിന് നേരിട്ട ഭയാനകമായ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ നമ്മുടേത് തീരെ ദരിദ്രമായൊരു സമൂഹമായിരിക്കും.