രാഷ്ട്രീയ, കച്ചവട, മാധ്യമ ശത്രുതകള്‍ വന്യജീവി സംരക്ഷണവുമായി ഇടകലരുമ്പോള്‍ കൈപ്പേറിയ വരുംവരായ്കകളാണ് ഉണ്ടാവുന്നത്. ഇന്ത്യയില്‍ സിംഹത്തെ അതിന്റെ സ്വഭാവിക ആവാസ വ്യവസ്ഥിതിയില്‍ കാണാവുന്ന ഏക ഇടം ഗുജറാത്തിലെ ഗീര്‍ വനങ്ങളാണെന്ന് നമുക്കെല്ലാം അറിയാം. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്തെ കുറിച്ച് ആര്‍ക്ക് തന്നെ അറിയില്ല? പക്ഷെ രാഷ്ട്രീയത്തിനും കച്ചവടത്തിനും മാധ്യമങ്ങള്‍ക്കും ഇതിലൊക്കെ എന്താണ് ചെയ്യാനുള്ളത്?
കടുവയ്ക്ക് പകരം സിംഹത്തിനെ രാജ്യത്തിന്റെ ദേശീയ മൃഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനമായ ദേശീയ വന്യജീവി ബോര്‍ഡിന് (എന്‍ബിഡബ്ലിയുഎല്‍) ഒരു രാജ്യസഭാംഗം നിര്‍ദ്ദേശം സമര്‍പ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഒരു വ്യക്തി തലവനായുള്ള സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനിയുമായുള്ള ബന്ധത്തിന്റെ പേരില്‍ അറിയപ്പെടുന്ന ആളാണ് ഈ എംപി എന്നതാണ് ഏറ്റവും രസകരം.
ഇന്ത്യയിലെ വന്യജീവി സംഖ്യ കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് 1952ല്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഇന്ത്യന്‍ വന്യജീവി ബോര്‍ഡ് എന്ന ഉപദേശക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. 1972ല്‍ വന്യജീവി (സംരക്ഷണ) നിയമം നടപ്പിലാക്കി. നാല് ദശാബ്ദങ്ങള്‍ക്ക് ശേഷം 2002ല്‍, നിയമം ഭേദഗതി ചെയ്യുകയും ഉപദേശക സമിതിയുടെ സ്ഥാനത്ത് ദേശീയ വന്യജീവി ബോര്‍ഡ് എന്ന ഭരണഘടനാ സ്ഥാപനം നിലവില്‍ വരികയും ചെയ്തു. 2003 സെപ്തംബറിലാണ് എന്‍ബിഡബ്ലിയുഎല്‍ ഔദ്ധ്യോഗികമായി നിലവില്‍ വന്നത്.
കഴിഞ്ഞ മാര്‍ച്ച് പതിനാലിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ അദ്ധ്യക്ഷതയില്‍ ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ഒരു യോഗം കൂടി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന യോഗത്തിന്റെ മിനിട്ട്‌സ് പ്രകാരം, 'ഏഷ്യന്‍ സിംഹങ്ങളെ ഇന്ത്യയുടെ ദേശീയ മൃഗമാക്കുന്നത് പരിഗണിക്കണം' എന്ന് ആവശ്യപ്പെടുന്ന പരിമള്‍ നത്വാനി എംപിയുടെ ഒരു നിര്‍ദ്ദേശം മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്ന് എന്‍ബിഡബ്ലിയുഎല്‍ മെമ്പര്‍ സെക്രട്ടറി യോഗത്തെ അറിയിച്ചു.
മിനിട്ട്‌സില്‍ ഇങ്ങനെ തുടരുന്നു: 'ഇന്ത്യയുടെ ദേശീയ മൃഗത്തെ പ്രഖ്യാപിക്കുന്ന തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ വന്യജീവി ബോര്‍ഡ് (ഇപ്പോള്‍ ദേശീയ വന്യജീവി ബോര്‍ഡ്) ആയതിനാല്‍ വിഷയം എന്‍ബിഡബ്ലിയുഎല്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരുന്നു. കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം, അവസാന തീരുമാനം എടുക്കുന്നതിന് മുമ്പ് വിഷയം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിടണമെന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ വ്യാപക ചര്‍ച്ചകള്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയത്തോട് കമ്മിറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.'
ഝാര്‍ഖണ്ടില്‍ നിന്നും രണ്ട് തവണ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക്, 2008 മാര്‍ച്ചിലും 2014 മാര്‍ച്ചിലും, തിരഞ്ഞെടുക്കപ്പെട്ട 59 കാരനായ നത്വാനിയുടെ വിക്കിപ്പീഡിയയിലെ ജീവചരിത്ര കുറിപ്പ് പ്രകാരം, 1990-കളുടെ പകുതി വരെ 'ഒരു സംരംഭകനും വ്യാപാരിയും എന്ന നിലയില്‍ ജീവിതം കരുപ്പിടിപ്പിച്ചതിന് ശേഷം' 1997ല്‍ റിലയന്‍സ് ഗ്രൂപ്പില്‍ ചേര്‍ന്നു. ഇപ്പോള്‍ അദ്ദേഹം മുകേഷ് അംബാനി നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് കാര്യവിഭാഗം അദ്ധ്യക്ഷനാണ്.
റിലയന്‍സിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായി നത്വാനിയുടെ ജീവചരിത്രക്കുറിപ്പില്‍ പറയുന്നു. അംബാനിയെ കണ്ടുമുട്ടിയതാണ് 'തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്നും' ആര്‍ഐഎല്ലിന്റെ 'ഉയര്‍ന്ന നേതൃത്വ നിരയിലെ പ്രധാന അംഗമാണ്' താനെന്നും അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പ് വിശദീകരിക്കുന്നു. കൂടാതെ, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡോയില്‍ റിഫൈനറികളില്‍ ഒന്ന് സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കലില്‍ 'നിര്‍ണായക പങ്ക് വഹിച്ച' ആളുമാണ് അദ്ദേഹം. മാത്രമല്ല, ഗുജറാത്തിലെ ആര്‍ഐഎല്ലിന്റെ മുഖമായി മാറിയ അദ്ദേഹം, ഇന്ത്യയിലെമ്പാടും നാലാം തലമുറ ബ്രോഡ്ബാന്റ് ശൃംഖല വ്യാപിക്കുുന്നതിനുള്ള അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ 'നിരവധി അഭിമാനകരമായ പദ്ധതികള്‍'ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
ഏഷ്യന്‍ സിംഹത്തെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഇതാദ്യമായല്ല നത്വാനി ആവശ്യപ്പെടുന്നത്. 2012ല്‍ അദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് അന്നത്തെ വനം, പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയില്‍ നത്വാനി ഉന്നയിച്ച ഒരു ചോദ്യത്തിന് പ്രകാശ് ജാവദേക്കറും ഇതേ മറുപടി തന്നെയാണ് നല്‍കിയത്. അതനുശേഷം സ്ഥിതിഗതികളില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.
തന്റെ സംസ്ഥാനത്തിലെ 'കാടിന്റെ രാജാവിനോട്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു പ്രത്യേക വാത്സല്യം ഉണ്ട്. ഗുജറാത്തില്‍ 12 വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു ഇഷ്ടം വളരുന്നതില്‍ അത്ഭുതത്തിന് അവകാശവുമില്ല. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നാളുകളില്‍ ഒന്നില്‍, 2013 ഏപ്രില്‍ എട്ടിന് ഒരു പൊതു സംവാദത്തിലെ ഒരു ചെറിയ ഭാഗം പരിശോധിക്കുന്നത് ഇത്തരുണത്തില്‍ രസകരമായിരിക്കും.
റിലയന്‍സ് ഗ്രൂപ്പിന്റെ വന്‍സാമ്പത്തിക സഹായത്തോടെ നെറ്റ്വര്‍ക്ക് ഗ്രൂപ്പ് (ആ സമയത്ത് രാഘവ് ബെല്ലായിരുന്നു അതിന്റെ തലവന്‍) 'ചിന്തിക്കുന്ന ഇന്ത്യ സംവാദം' എന്നൊരു പരിപാടി സംഘടിപ്പിച്ചു. ആ സംവാദത്തില്‍ കടുവ സംരക്ഷണ പദ്ധതികള്‍ക്കായി ആസൂത്രണ കമ്മീഷന്‍ (ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട) നല്‍കുന്ന സാമ്പത്തിക സഹായങ്ങളെ കുറിച്ച് മോദി ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തി. ഒരു ശത്രു മാധ്യമ ഗ്രൂപ്പായ ന്യൂഡല്‍ഹി ടെലിവിഷനെതിരായ (എന്‍ഡിടിവി) ചില ഒളിയമ്പുകളും മോദിയുടെ പരാമര്‍ശത്തില്‍ ഉണ്ടായിരുന്നു. ആ സമയത്ത് കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഒരു ടെലിവിഷന്‍ പരമ്പര എന്‍ഡിടിവി സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു.
ബെല്ലുമായി മോദി നടത്തിയ സംഭാഷണത്തിന്റെ പദാനുപദ ചിത്രം ഇവിടെ നല്‍കുന്നു (സംഭാഷണം യുടുബില്‍ ലഭ്യമാണ്): 'കടുവ സംരക്ഷണത്തെ കുറിച്ച് ആസൂത്രണ കമ്മീഷനില്‍ ഒരു ചര്‍ച്ച നടന്നു. സര്‍ക്കാര്‍ 200 കോടി രൂപ അനുവദിച്ചു. എന്‍ഡിടിവിയും ആ കാശുപയോഗിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.'
കേള്‍വിക്കാരായി ഇരുന്നവരെ ചിരിപ്പിച്ചുകൊണ്ട്, കടുവ മതേതരവാദിയും സിംഹം വര്‍ഗ്ഗീയവാദിയുമാണെന്ന് ആസൂത്രണ കമ്മീഷന്‍ വിചാരിക്കുന്നുണ്ടോ എന്ന് മോദി അത്ഭുതം കൂറുകയും ചെയ്തു. തങ്ങളുടെ 'കടുവയെ സംരക്ഷിക്കുക' പരിപാടി പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും അതിന്റെ പേരില്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും എന്‍ഡിടിവിയിലെ ചില വൃത്തങ്ങള്‍ ഈ ലേഖകനോട് വെളിപ്പെടുത്തുകയുണ്ടായി.
ഇന്ത്യന്‍ വനങ്ങളില്‍ കണ്ടുവരുന്ന വലിയ പൂച്ച വര്‍ഗ്ഗത്തില്‍ പെട്ട ഈ രണ്ട് ജീവികളെയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തിന് അവകാശമുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ തന്നെ അവിതര്‍ക്കിതമായ മറ്റ് ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയുണ്ട്. കടുവകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ കടുവകളുടെ സാന്നിധ്യം 17 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുമ്പോള്‍ ഒരു സംസ്ഥാനത്തെ വനത്തില്‍ മാത്രമാണ് സിംഹത്തിന്റെ സാന്നിധ്യമുള്ളത്. ഇന്ത്യന്‍ വനാന്തരങ്ങളില്‍ ഇപ്പോള്‍ 2200 ല്‍ ഏറെ കടുവകളാണുള്ളതെന്ന് അടുത്തകാലത്ത് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു; ഗിര്‍ വനങ്ങളില്‍ 411 സിംഹങ്ങളാണുള്ളെതന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ നത്വാനിയുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെടുകയാണെങ്കില്‍ കടുവകളെ സംരക്ഷിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ശക്തി കുറയും എന്ന് മാത്രമല്ല, കടുവ സംരക്ഷണ പ്രദേശങ്ങളോട് അനുബന്ധിച്ച് കിടക്കുന്ന വ്യാവസായിക പദ്ധതികള്‍ക്കുള്ള അനുമതികള്‍ ലഭിക്കാന്‍ കൂടുതല്‍ എളുപ്പമാകുമെന്നും ചില സംരക്ഷണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം ഒരു നീക്കം ഉണ്ടാവില്ലെന്ന് ആശ്വസിക്കാന്‍ മാത്രമേ നമുക്കിപ്പോള്‍ സാധിക്കൂ.