ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് പുറത്തിറക്കിയ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗം വിളിക്കുമോ എന്ന കാര്യം അടുത്ത് തന്നെ വ്യക്തമാവും. ഭേദഗതികളെ എതിര്‍ക്കുന്നവരെ തണുപ്പിക്കുന്നതിനായി ഏറ്റവും വിവാദപരമായ ചില നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും ചൊവ്വാഴ്ച ലോക്സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ പാസാക്കിയ ബില്ലില്‍ അതില്ലായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഉടമകളുടെ അനുവാദം വാങ്ങുക, ഏറ്റെടുക്കുന്നതിന് മുമ്പ് അതിന്റെ സാമൂഹിക ആഘാത പഠനം നിര്‍ബന്ധിതമാക്കുക തുടങ്ങിയവ മാറ്റാന്‍ പാടില്ലെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ലോക് സഭയില്‍ പാസായെങ്കിലും തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ സര്‍ക്കാരിന്റെ ചെറുത്തുനില്‍പ് ശേഷിക്കുള്ള വലിയ പരീക്ഷയായിരിക്കും ഈ ബില്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അഥവാ ഭൂമി ഏറ്റെടുക്കലിലെയും പുനരധിവാസത്തിലെയും സുതാര്യതയും ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശവും (എല്‍എആര്‍ആര്‍) നിയമത്തിന്റെ ഭേദഗതി ഇത്ര വിവാദമായി മാറുന്നതിന്റെ കാരണമെന്താണ്? 'സാമ്പത്തിക പരിഷ്‌കരണങ്ങള്‍' എന്ന് ഓമനപ്പേരിട്ട് വിളിക്കപ്പെടുന്ന, കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാരിനും സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ എളുപ്പമാക്കുന്ന തരത്തിലുള്ള ഈ നിയമഭേദഗതി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുള്ള വെല്ലുവിളിയായി മാറുന്നത് എന്തുകൊണ്ടാണ്?
ഈ നീക്കം ദരിദ്രര്‍ക്ക് എതിരായ നീക്കമാണെന്ന ആരോപണം തള്ളിക്കളയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഒരേ പോലെ ബദ്ധശ്രദ്ധരാണ്. പുതിയ ഫാക്ടറികളും അടിസ്ഥാനസൗകര്യ പദ്ധതികളും (ബഹുവിള കൃഷി നടത്തുന്ന ഭൂമി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഭൂമിയില്‍) ഉയര്‍ന്ന് വന്നില്ലെങ്കില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പുനഃരുജ്ജീവനം ഉണ്ടാവില്ലെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു. ജനങ്ങളുടെ നിഘണ്ടുവില്‍ 'വ്യവസായം', 'അടിസ്ഥാനസൗകര്യ വികസനം' എന്നിവ അശ്ലീലവാക്കുകള്‍ ആക്കാനാണ് സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് ജെയ്റ്റ്‌ലി ഒരു പടികൂടി കേറ്റിപ്പറഞ്ഞു.
നിയമത്തിന്റെ ഭേദഗതിയെ എതിര്‍ക്കുന്നത് അതിന്റെ പ്രധാന രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, ദേശീയ ജനാധിപത്യ സഖ്യത്തിലെ ബിജെപിയുടെ സഖ്യകക്ഷികളായ ശിരോമണി അകാലിദളും ശിവസേനയും റാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും അതിനെ എതിര്‍ക്കുന്നു എന്നത് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. അതുമാത്രമല്ല. ബിജെപിയുടെ പ്രത്യയശാസ്ത്ര മേലാളന്മാരായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പോഷക സംഘടനകളായ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഭാരതീയ കിസാന്‍ സംഘും സാമ്പത്തിക ദേശീയതയുടെ വക്താക്കളായ സ്വദേശി ജാഗരണ്‍ മഞ്ചും എല്‍എആര്‍ആര്‍ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. കൂടാതെ, തലസ്ഥാനത്തെ തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. മറ്റുള്ളവരോടൊപ്പം അണ്ണാ ഹസാരെയും ഏകത പരിഷത്തിന്റെ പി വി രാജഗോപാലും പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നു.
2013ല്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി പ്രവര്‍ത്തിക്കുമ്പോള്‍ എല്‍എആര്‍ആര്‍ നിയമത്തെ ബിജെപി പിന്തുണച്ചിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അന്ന് നിയമത്തില്‍ ഉള്‍പ്പെടുത്തിയ പല വകുപ്പുകളും നിര്‍ദ്ദേശിച്ചത്, ഇന്ന് സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന സുമിത്ര മഹാജന്‍ അധ്യക്ഷയായുള്ള പാര്‍ലമെന്ററി കമ്മിറ്റിയായിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. എല്‍എആര്‍ആര്‍ നിയമത്തെ എതിര്‍ത്തുകൊണ്ട് അന്നത്തെ വ്യവസായ, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ എഴുതിയ കത്ത് ജെയ്റ്റ്‌ലി 'പുറത്ത് വിട്ട'തും, നിയമത്തിലെ ചില വകുപ്പുകളെ അന്നത്തെ ധനമന്ത്രി പി ചിദംബരം എതിര്‍ത്തിരുന്നു എന്ന മുന്‍ ഗ്രാമീണവികസന മന്ത്രി ജയറാം രമേശിന്റെ വെളിപ്പെടുത്തലും ചിലരെ ഇക്കിളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2013ലെ നിയമം നടപ്പിലാക്കുമ്പോള്‍ വ്യാപകമായ രാഷ്ട്രീയ അഭിപ്രായ ഐക്യം ഉണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കാന്‍ ഇതിനാവില്ല.
ദേശീയ പാതകള്‍, മെട്രോ റയിലുകള്‍, ആണവോര്‍ജ്ജ നിലയങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, വൈദ്യുതി പദ്ധതികള്‍ എന്നിവയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ പുതിയ 13 വകുപ്പുകള്‍ എല്‍എആര്‍ആര്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ ഉള്‍പ്പെടുത്തുന്നതിനും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ എല്‍എആര്‍ആര്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
എന്നാല്‍ ഈ വാദഗതി മുഖവിലയ്‌ക്കെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. കാരണം: ഭൂമി ഏറ്റെുക്കലിന്റെ പ്രക്രിയ നിശ്ചയിക്കുന്നതില്‍ മാത്രമല്ല ഭൂമി നഷ്ടപ്പെടുന്നവരുടെ പരാതികള്‍ എങ്ങനെ പരിഹരിക്കണം എന്ന കാര്യത്തില്‍ കൂടി നിര്‍ണായക മാറ്റങ്ങള്‍ കൂടി നിര്‍ദ്ദിഷ്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, വ്യവസായ ഇടനാഴികള്‍, 'താങ്ങാവുന്ന' ഭവന പദ്ധതികള്‍, ഗ്രാമീണ വൈദ്യുതീകരണ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ, മുന്‍കൂര്‍ അനുമതിയുടെ നിയമസാധുതയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന 'തരത്തിലുള്ള' ഭൂമിയുടെ ഒരു വലിയ പട്ടികയും ഇതില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. നിരവധി പൊതു-സ്വകാര്യ സംരഭങ്ങളെയും (പിപിപി) സാമൂഹിക ആഘാത പഠന നടപടികളില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്നു സര്‍ക്കാര്‍ കൊണ്ടുവന്ന്‍ ലോക്സഭയില്‍ പാസാക്കിയ ഒമ്പത് ഭേദഗതികളില്‍, സ്വകാര്യ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കില്ല, പദ്ധതികള്‍ക്ക് ആവശ്യമായതിലധികം ഭൂമി എടുക്കില്ല, ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി, സര്‍ക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നടപ്പാക്കുന്ന വ്യവസായ ഇടനാഴികള്‍ക്ക് മാത്രം ഭൂമി ഏറ്റെടുക്കും തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാനപ്പെട്ടവയെല്ലാം വിട്ടുകളഞ്ഞിരിക്കുന്നു.
ഏറ്റെടുക്കുന്ന ഭൂമിയുടെ 'മൂല്യത്തിന്റെ' രണ്ട് മുതല്‍ നാലിരട്ടി വരെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുമെന്ന സര്‍ക്കാരിന്റെ വാദം തീര്‍ത്തും തെറ്റാണെന്ന് വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ നിരവധി ലേഖനങ്ങളില്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഡോ. രാം സിങ് ചൂണ്ടിക്കാണിച്ചിരുന്നു. കാരണം: സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുന്നതിന് വേണ്ടി മാത്രമല്ല, കൈമാറ്റം ചെയ്യപ്പെടുന്ന 'മൂല്യത്തില്‍' വലിയ പങ്കും കള്ളപ്പണം ആയതിനാലും കുറഞ്ഞ വില കാണിച്ചാണ് ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നത്; അല്ലെങ്കില്‍ ചെയ്തുപോരുന്നത്.
'ഭൂമിയുടെ കമ്പോള വിലയുടെ നാലില്‍ ഒന്നില്‍ അല്‍പം കൂടുതല്‍ മാത്രമാണ് ശരാശരി സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം' എന്നതിനാല്‍ 'കര്‍ഷകര്‍ക്ക് എപ്പോഴും നഷ്ടം സംഭവിക്കുന്നത്' എങ്ങനെയാണെന്ന് തെളിയിക്കുന്നതിനായി, 2009നും 2011നും ഇടയില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച 1,660 വിധി പ്രസ്താവങ്ങള്‍ സിങ് പഠിക്കുകയുണ്ടായി. പൊതുതാല്‍പര്യത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളും പ്രത്യേക സാമ്പത്തിക മേഖലയുമാണ് ഇത്തരം ഭൂമിയുടെ സിംഹഭാഗവും കൈക്കലാക്കുന്നതെന്ന് സിങ് ചൂണ്ടിക്കാട്ടുന്നു. 'പിപിപികളായ താജ്, ഗംഗ എക്‌സ്പ്രസ് വേകള്‍ക്ക് വേണ്ടിയുള്ള ഭവന പദ്ധതികളും ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട ഹോസ്പിറ്റാലിറ്റി പദ്ധതികളും ഇവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണെ'ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഭൂമി ദുരുപയോഗം ചെയ്യുന്ന രീതികളെ കുറിച്ച് ഒരു സിഎജി റിപ്പോര്‍ട്ട് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. 'പദ്ധതിയുടെ ഏറ്റവും നിര്‍ണായകവും ആകര്‍ഷകവുമായ ഘടകം ഭൂമിയാണെന്ന് വരുന്നു. പ്രത്യേക സാമ്പത്തിക മേഖല പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 45,635.63 ഹെക്ടര്‍ ഭൂമിയില്‍, 28,488.49 ഹെക്ടര്‍ ഭൂമിയില്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്... (എന്നാല്‍) 5,402.22 ഹെക്ടര്‍ ഭൂമി തിരികെ നല്‍കുകയും ചെയ്യുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി വഴിമാറ്റി വിടുകയും ചെയ്തിരിക്കുന്നു...'; 'പൊതു താല്‍പര്യ' വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ് ഇതില്‍ കൂടുതല്‍ ഭൂമിയും ഏറ്റെടുത്തിരിക്കുന്നത്,' എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ സ്ഥാപനങ്ങളും പിപിപികളും ഭൂമി ഏറ്റെടുക്കുന്നതിനായി ബാധിത കുടുംബത്തിന്റെ 80 ശതമാനത്തിന്റെയും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായും വാങ്ങണമെന്ന് എല്‍എആര്‍ആര്‍ നിയമം അനുശാസിക്കുന്നു. കൂടിയാലോചനയിലൂടെയും പങ്കാളിത്തത്തോടെയും ഉള്ള ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ, ഏകപക്ഷീയമായ കുടിയൊഴിപ്പിക്കലിന്റെ സാധ്യത കുറയ്ക്കുകയും പുനരധിവാസവും പുനഃപാര്‍പ്പിടവല്‍ക്കരണവും ഭൂരഹിതരാവുന്നവരുടെ നിയമപരമായ അവകാശമാക്കി മാറ്റുകയും ചെയ്യും. നിയമത്തിന്റെ ഈ സവിശേഷതകള്‍ എടുത്തുകളയാനുള്ള സര്‍ക്കാര്‍ തീരുമാനം, അക്ഷരാര്‍ത്ഥത്തില്‍ 1834-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പിലാക്കിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കോളനി വാഴ്ചയുടെ കാലഘട്ടത്തിലേക്കാണ് നമ്മളെ കൊണ്ടെത്തിക്കുന്നത്.
തന്റെ കുത്തക സൗഹാര്‍ദ പ്രതിച്ഛായ അഖണ്ഡിതമായി തെളിയിക്കുന്നതിനുള്ള 'അഭിമാന പ്രശ്‌നമായി' ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഭേദഗതി നീക്കത്തെ നരേന്ദ്ര മോദി കാണുമോ? ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലെ 'അതി സങ്കീര്‍ണത' 'ഇന്ത്യയുടെ വികസനത്തെ പരിക്കേല്‍പ്പിക്കുമെ'ന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജെയ്ലിറ്റ്ലിക്ക് സാധിക്കുമോ? ഏതായാലും സംഘട്ടനം തുടങ്ങി കഴിഞ്ഞു.