മന്ത്രാലയങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍- പരഞ്ചോയ് ഗുഹ തകൂര്‍ത്ത എഴുതുന്നു

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തില്‍ നിന്നും അനധികൃതമായി രഹസ്യരേഖകള്‍ സംഘടിപ്പിച്ചതിന് ഒരു സംഘം ആളുകളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെ, ഈ രാജ്യത്ത് വ്യവസായികളും രാഷ്ട്രീയവും തമ്മിലുള്ള അഴിമതി നിറഞ്ഞ ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് തെളിയിക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് സംരംഭമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഒരു ജീവനക്കാരനും കണ്‍സള്‍ട്ടെന്റുമാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനും ഒരു ജൂനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു അരിപ്പയിലെന്ന പോലെ വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുമെന്നത് ആര്‍ക്കാണറിയാത്തത്? വളരെ ചെറിയ കൈക്കൂലിക്ക് പോലും ഏറ്റവും 'ക്ലാസിഫൈഡ്' എന്ന വിശേഷണത്തില്‍ വരുന്ന സര്‍ക്കാര്‍ രേഖകളും 'വിലപ്പെട്ട' ഫയലുകളും ഫോട്ടോകോപ്പിയോ സ്‌കാനോ ചെയ്യാന്‍ ലഭ്യമാകുമെന്ന് ഏത് സാധാരണക്കാരനും അറിയാം. അപ്പോള്‍ പിന്നെ നിലവില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഈ കോര്‍പ്പറേറ്റ് ചാരവൃത്തിയില്‍ എന്താണ് പുതുമ?

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് ധീരുഭായി അംബാനി നയിക്കുന്ന കോര്‍പ്പറേറ്റ് ശൃംഖലയ്ക്ക് അന്യായമായ പിന്തുണ നല്‍കുന്നില്ല എന്ന ധാരണ സൃഷ്ടിക്കപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രസാദും ആഗ്രഹിക്കുന്നു എന്നതാണ് ഇതില്‍ ആദ്യത്തെതും പ്രധാനവുമായ ഘടകം. അതുകൊണ്ട് തന്നെയാണ് പോലീസ് കടുത്ത നടപടിക്ക് തയ്യാറായതും.

റിലയന്‍സ് ഗ്രൂപ്പിനോട് മോദി സര്‍ക്കാര്‍ അതിവിനയം കാണിക്കുന്നു എന്ന നിരീക്ഷണം നിലനില്‍ക്കുന്ന പക്ഷം, അംബാനിയും അദ്ദേഹത്തിന്റെ ചങ്ങാതിമാരുമാണ് രാജ്യം യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നതെന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഏറെയായി ആവര്‍ത്തിച്ച് ആരോപിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെയും അതിന്റെ നേതാവ് അരവിന്ദ് കെജ്രിവാളിന്റെയും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പാത്രമാവുമെന്ന് തീര്‍ച്ചയാണ്.
 

സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ വര്‍ഷങ്ങളായി കമ്പനി പ്രതിനിധികളും ലോബിയിസ്റ്റുകളും ചോര്‍ത്തുന്നുണ്ട്. പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എന്തിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്ന് അറിയാന്‍ ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് ഇത്രയും താല്‍പര്യം എന്തുകൊണ്ടാണ് എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം. മന്ത്രാലയവുമായി ബന്ധപ്പെട്ട നാല് വിവാദ പ്രശ്‌നങ്ങളെങ്കിലും ഇതെഴുതുമ്പോള്‍ മനസിലേക്ക് കടന്നുവരുന്നുണ്ട്.

'ആഴത്തിലുള്ള ജലത്തില്‍ നിന്ന്' അല്ലെങ്കില്‍ 'അത്യാഴത്തിലുള്ള ജലത്തില്‍ നിന്ന്' ഉള്ള പര്യവേഷണങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പര്യവേഷണങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രകൃതി വാതകത്തിന് എന്ത് പ്രീമിയമാണ് ഈടാക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. റിലയന്‍സ് നേതൃത്വം നല്‍കുന്ന കരാര്‍ കമ്പനി പ്രവര്‍ത്തനം ഏറ്റെടുക്കും എന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണ-ഗോദാവരി നദീതടത്തില്‍ നിന്നുള്ള പര്യവേഷണങ്ങളും ഇതില്‍ ഉള്‍പ്പെടും.

അംബാനി നയിക്കുന്ന ഗ്രൂപ്പും സര്‍ക്കാരുമായുള്ള ഇടപാട് സംബന്ധിച്ച് മൂന്ന് വിവാദപരമായ വ്യവഹാരങ്ങള്‍ കോടതികളിലോ അല്ലെങ്കില്‍ മധ്യസ്ഥതയുടെ വിവിധ ഘട്ടങ്ങളിലോ ആണ്.

കൃഷ്ണ-ഗോദാവരി തടത്തിലെ ചില നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ നിന്നുള്ള വാതകത്തിന്റെ ഉല്‍പ്പാദനം കുറയ്ക്കാനും സര്‍ക്കാരും റിലയന്‍സും തമ്മില്‍ 2000 ഏപ്രിലില്‍ ഒപ്പുവച്ച ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട കരാറിലെ ചില വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വില വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരും റിലയന്‍സും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്ന ഒരു പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

'ഭൗമശാസ്ത്രപരമായ അത്ഭുതങ്ങള്‍' മൂലമാണ് വാതക ഉല്‍പാദനം കുറഞ്ഞതെന്നാണ് കമ്പനിയുടെ ഭാഷ്യം. എന്നാല്‍ സ്വകാര്യ കരാറുകാരന്‍ ആവശ്യത്തിന് കിണറുകള്‍ കുഴിക്കാതിരിക്കുകയും നിശ്ചയിക്കപ്പെട്ടിരുന്ന പ്രദേശം മുഴുവന്‍ പര്യവേഷണം നടത്താതിരിക്കുകയും ചെയ്തത് മൂലമാണ് വാതക ഉല്‍പാദനം പ്രതീക്ഷ നിലയില്‍ നിന്നും താഴ്ന്ന് പോയതെന്നാണ് സിഎജിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

'ചിലവ് തിരിച്ചടയ്ക്കല്‍ നിരസിക്കപ്പെട്ടതിന്' (disallowance of cost recovery) പിഴ എന്ന നിലയില്‍ പെട്രോളിയം മന്ത്രാലയം റിലയന്‍സ് അധീനതയിലുള്ള കരാര്‍ കമ്പനിക്ക് എതിരെ ചുമത്തിയ 2.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 15,000 കോടി രൂപ) സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുകയാണ്. വാതക വില്‍പനയിലൂടെ വന്ന ചിലവുകളില്‍ കുറച്ച് തിരിച്ചെടുക്കാന്‍ റിലയന്‍സിന് അര്‍ഹതയുണ്ട്. എന്നാല്‍ അവര്‍ക്ക് തിരിച്ചെടുക്കാന്‍ അര്‍ഹതയുള്ള തുക എത്രയാണെന്നത് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുകയാണ്. അര്‍ഹമായതിനേക്കാള്‍ വളരെ അധികം തുക ഈടാക്കാന്‍ കമ്പനി ശ്രമിക്കുന്നതായി സര്‍ക്കാര്‍ ആരോപിക്കുന്നു.

ഇത് മാത്രമല്ല, കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നും അഞ്ച് ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ 30,000 കോടി രൂപയുടെ പ്രകൃതി വാതകം മോഷ്ടിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ എണ്ണ, പ്രകൃതി വാതക കമ്മീഷനും (ഒന്‍ജിസി) ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍) തമ്മില്‍ കീഴ്‌വഴക്കമില്ലാത്ത ഒരു തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ ഒരു യുഎസ് കമ്പനി മധ്യസ്ഥത വഹിക്കുന്ന ഈ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്നാണ്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ തര്‍ക്കങ്ങളെയും പ്രശ്‌നങ്ങളെയും സംബന്ധിച്ച സര്‍ക്കാര്‍ ആലോചനകളില്‍ നിരവധി താല്‍പര്യങ്ങളുടെ ഇടപെടല്‍ ഉണ്ടാവുമെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ രഹസ്യ രേഖകള്‍ കൈവശപ്പെടുത്തുന്നത് വലിയ 'ഉത്തേജനം' ആയിത്തീരും.

വലിയ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ഇപ്പോള്‍ ഒരു രഹസ്യമേ അല്ല. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാരില്‍ ഭൂരിപക്ഷവും മോദിയെയും ഭാരതീയ ജനത പാര്‍ട്ടിയെയും തുറന്ന് പിന്തുണയ്ക്കുന്നവരാണെന്ന കാര്യവും എല്ലാവര്‍ക്കും അറിവുള്ളതാണ്.

റിലയന്‍സ് ഗ്രൂപ്പിനോട് അമിത കടപ്പാടില്ല എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ഊഹാപോഹങ്ങള്‍ ഉണ്ട്. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ തലവനായ ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അടുപ്പം ഏറെപ്പേരുടെ നെറ്റി ചുളിപ്പിക്കുന്നുണ്ട്.

Featured Book: As Author
Gas Wars
Crony Capitalism and the Ambanis
Also available:
 
Featured Book: As Publisher
The Queen of All Nations