ലോകമാകെ അമ്പരപ്പ് പടരവേ ശുഭകാര്യങ്ങള്‍ ഇന്ത്യയ്ക്ക് മാത്രമോ?

ഒരു കലണ്ടര്‍ വര്‍ഷം കൂടി അവസാനിക്കാന്‍ മൂന്ന് മാസങ്ങള്‍ കൂടി ബാക്കിയിരിക്കെ ആഗോള രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 2015 സമകാലിക ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക ഒരു നിര്‍ണായ വര്‍ഷമായിട്ടായിരിക്കും. ചൈനയിലുണ്ടായ മാന്ദ്യം, ഗ്രീസ് പ്രതിസന്ധി, എണ്ണയുടേയും മറ്റു ചരക്കുകളുടേയും വിലകളിലുണ്ടായ ഇടിവ്, യുറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം തുടങ്ങി എല്ലാം ഈ വര്‍ഷത്തെ സംഭവവികാസങ്ങളെ സുപ്രധാനമാക്കുന്നു. കൃത്യം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ മാസമാണ് ആഗോള മാന്ദ്യം ന്യൂയോര്‍ക്കിലെ വോള്‍സ്ട്രീറ്റിന്റെ തകര്‍ച്ചയോടെ ലോകത്താകെ അലയടിച്ചത്. രണ്ടാം ലോക യുദ്ധത്തിനു മുമ്പ് ലോകത്തൊട്ടാകെ വിവിധ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ മഹാ മാന്ദ്യത്തിനു ശേഷം ഏഴു പതിറ്റാണ്ടുകളും പിന്നിട്ടിരിക്കുന്നു.

എല്ലായിടത്തും അമ്പരപ്പ് നിലനില്‍ക്കെ അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന് വലിയ നേട്ടമൊന്നുമുണ്ടാക്കില്ലെങ്കിലും ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ശുഭാപ്തി വിശ്വാസികള്‍ക്ക് ഇവിടെ ഇന്ത്യയില്‍ ഒരു പഞ്ഞവുമില്ലെന്നത് ആശ്ചര്യകരം തന്നെ. മുംബൈയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായ മുകറം ഭഗത് എഴുതിയത് നോക്കൂ: 'ത്വരിതപ്പെട്ടുവരുന്ന ആഗോള സാമ്പത്തിക പ്രശ്‌നം കാര്യമായി ഗുണം ചെയ്യുന്ന രാജ്യമായി ഇന്ത്യ വേറിട്ട് നില്‍ക്കുന്നു. ഒരു പക്ഷേ ഈ ഗുണം ലഭിക്കുന്ന ഏക വലിയ വികസ്വര വിപണി സമ്പദ് വ്യവസ്ഥയായിരിക്കും ഇന്ത്യ' (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, 17 സെപ്തംബര്‍, 2015)

'തൊഴിലവസരങ്ങളിലും വിലസ്ഥിരതയിലും തുടര്‍ച്ചയായി ഉണ്ടായ പുരോഗതിക്ക് ബലമേകാന്‍' പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതില്ലെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചതിനു തൊട്ടു പിറകെ ലോകത്തൊട്ടാകെ ഓഹരി വിലകളില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യയുടെ ഓഹരി വിപണികള്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയാണുണ്ടായത്. ഒരു പ്രഭാഷണത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു: 'ലോകത്തൊട്ടാകെയുള്ള അവസ്ഥ എടുത്താല്‍ കാര്യങ്ങളുടെ കിടപ്പ് ആശാവഹമല്ലെന്ന് കാണാം. വ്യവസായിക രാജ്യങ്ങള്‍ ചുരുക്കം ചിലതിനെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാം വളര്‍ച്ച കൈവരിക്കാന്‍ ഇപ്പോഴും പൊരുതുകയാണ്. യുഎസിലേയും അതുപോലെ ലോകത്തിന്റേയും വളര്‍ച്ചയുടെ കാര്യത്തിലുള്ള അനശ്ചിതാവസ്ഥയായിരിക്കാം ഫെഡറല്‍ റിസര്‍വിനെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്...'

പലിശ നിരക്ക്, ധന നയം, പണപ്പെരുപ്പം എന്നിവ സംബന്ധിച്ച് സുപ്രധാനമായ ഒരു കാര്യം കൂടിയുണ്ട്. ഇന്ത്യ ആയാലും യുഎസ് ആയാലും മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ അനിശ്ചിതാവസ്ഥയില്‍ ആയാല്‍ പലിശ നിരക്കുകള്‍ കൊണ്ടോ കടമെടുക്കല്‍ ചെലവ് കൊണ്ടോ മൂലധന നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല. നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കല്‍ പോലും സത്വരമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ ഒന്നല്ല എന്നതാണ് ഊന്നിപ്പറയേണ്ട മറ്റൊരു കാര്യം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ പകുതിയോളം 'തൊഴിലില്ലായ്മ വളര്‍ച്ച' ഘട്ടത്തിലൂടെ കടന്നു പോയ നാം ഇന്ത്യക്കാര്‍ പ്രത്യേകിച്ചും ഈ വസ്തുതകളെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണം.

2013 സെപ്തംബറിലെ 9.8 ശതമാനം എന്ന നിരക്കില്‍ നിന്നും ഉപഭോക്തൃ വില സൂചിക ഓഗസ്റ്റില്‍ 3.66 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. മൊത്തവ്യാപാര വില സൂചികയും കഴിഞ്ഞ 10 മാസങ്ങളായി എതിര്‍ദിശയിലാണ്. ഈ രണ്ടു സൂചികകളും മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഒരു വര്‍ഷം മുമ്പ് ഈ സൂചികകള്‍ ഉയര്‍ന്ന തോതിലായിരുന്നതിന്റെ പ്രത്യാഘാതാമാണ് ഇപ്പോള്‍ താഴോട്ടു പോകാന്‍ കാരണമെന്ന് ഡോക്ടര്‍ രാജന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തിനിടെ കുത്തനെ നേര്‍പകുതിയായി ഇടിഞ്ഞ ക്രൂഡ് ഓയിലിന്റെ വിലയാണ് ഇന്ത്യയില്‍ പണപ്പെരുപ്പം കുറച്ച ഏറ്റവും വലിയ ഒറ്റ ഘടകം. എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ ഏതാണ്ട് മൂന്നിലൊന്ന് വരും. ഡീസലിന്റേയും പെട്രോളിന്റേയും ചില്ലറ വില്‍പ്പന വില കുറഞ്ഞത് പണപ്പെരുപ്പം കുറയ്ക്കുക മാത്രമല്ല ഇന്ത്യയുടെ വിദേശ വിനിമയത്തിലെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുകയും വിദേശ നാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയും ചെയ്തു.

വാസ്തവത്തില്‍ ഇതെല്ലാം നമുക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നു എന്നത് ശരിയാണോ? കൃത്യമായി അല്ല എന്നാണ് ഉത്തരം. ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലായതോടെ ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ ഒമ്പതു മാസങ്ങളായി ഓരോ മാസവും തുടര്‍ച്ചയായി ചുരുങ്ങി വരികയാണ്. രാജ്യത്തിന്റെ ചരക്കു കയറ്റുമതി 2015-16 കാലയളവില്‍ 265-268 ശതകോടി ഡോളറിന്റേതായിരിക്കുമെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പറയുന്നു. ഇത് തൊട്ടു മുമ്പത്തെ വര്‍ഷം നേടിയ 310.5 ശതകോടി ഡോളറില്‍ നിന്നും 2012-13, 2011-12 വര്‍ഷങ്ങളിലുണ്ടായ നേട്ടങ്ങളില്‍ നിന്നും കാര്യമായി താഴോട്ടു പോയിരിക്കുന്നു. 'ഭാവി ഉറപ്പുകള്‍ പറയാന്‍ ആരും തയാറല്ല, അതുകൊണ്ടു തന്നെ വിലകളില്‍ തകര്‍ച്ച ഉണ്ടായിട്ടുണ്ട്' ഈ വ്യവസായിക സംഘടന കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരം ഇനിയും അകലെയാണ്. വാങ്ങല്‍ ശേഷി തുല്യതയുടെ കാര്യത്തില്‍ യുഎസിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ചൈന മാറിയിരിക്കുന്നുവെന്ന 2014 ഡിസംബറിലെ ഒരു അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) കണക്കു കൂട്ടല്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നു. കറന്‍സികളുടെ വിപണി വിനിമയ നിരക്കുകളുടേയും ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റേയും (ജിഡിപി) 'നാമമാത്രമായ' കണക്കുകൂട്ടലുകള്‍ കൊണ്ട് വിവിധ രാജ്യങ്ങളുടെ ദേശീയ വരുമാനങ്ങള്‍ താരതമ്യം ചെയ്യപ്പെടുമ്പോള്‍ പൂര്‍ണത ലഭിക്കില്ല. ആനുപാതിക ജീവിത ചെലവിലും വാങ്ങല്‍ ശേഷിയിലുമുള്ള വ്യത്യാസങ്ങളെ ക്രമീകരിക്കുകയാണ് വാങ്ങല്‍ ശേഷി തുല്യതാ സൂചിക ചെയ്യുന്നത്. ഉദാഹരണമായി, ഒരു യുഎസ് ഡോളര്‍ 65 രൂപയ്ക്ക് വിനിമയം ചെയ്യപ്പെടുമ്പോള്‍ അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയില്‍ 40 ശതമാനം അധികം വസ്തുക്കള്‍ വാങ്ങാന്‍ കഴിയുന്നു.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള കറന്‍സി യുദ്ധം തുടങ്ങിയിട്ടെ ഉള്ളൂ. മത്സരബുദ്ധിയോടെയുള്ള ഈ മൂല്യം കുറയ്ക്കല്‍ വലിയ സംരക്ഷണവാദത്തിലേക്ക് നയിക്കും. ഈയിടെ ചൈനീസ് സര്‍ക്കാര്‍ ചെയ്ത പോലെ ഒരു രാജ്യം സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സ്വീകരിക്കുന്ന നയം മറ്റു രാജ്യങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്ന അവസ്ഥ വരും. തങ്ങളുടെ പക്കലുള്ള വലിയൊരു ശതമാനം യുഎസ് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ പണമാക്കി മാറ്റി ചൈന സ്വന്തം കറന്‍സിയായ യുവാന്റെ വിദേശ മൂല്യത്തെ ബലപ്പെടുത്തിയപ്പോള്‍ ഈ സെക്യൂരിറ്റികളുടെ വില ഇടിയുകയും അത് വോള്‍ സ്ട്രീറ്റിലെ കടപത്ര ഇടപാടുകാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

മന്ദഗതിയിലായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ സമ്പദ് വ്യവസ്ഥയെ സാമ്പത്തികമായി ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനാല്‍ വരും മാസങ്ങളിലും ചൈന കരുതല്‍ ശേഖരങ്ങളെ ഉപയോഗപ്പെടുത്തുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ഓഗസ്റ്റില്‍ മാത്രം ചൈനയുടെ വിദേശ കറന്‍സി കരുതല്‍ ശേഖരത്തില്‍ (ഹോങ്കോംഗും മക്കാവുവും ഇല്ലാതെ) 400 ശതകോടി ഡോളറിന്റെ കുറവ് ഉണ്ടായി. 2014 ജൂണില്‍ ഏറ്റവും ഉയര്‍ന്ന നാലു ട്രില്യണ്‍ ഡോളറില്‍ നിന്ന് താഴോട്ട് വന്ന് ഇപ്പോള്‍ 3.6 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. ഈ കുറവ് 355 ശതകോടി ഡോളര്‍ വരുന്ന ഇന്ത്യയുടെ വിദേശ വിനിമയ ശേഖരത്തേക്കാള്‍ വരും.

യുഎസും ചൈനയും തമ്മിലുള്ള ഈ സാമ്പത്തിക യുദ്ധം ലോകത്തിനു ക്ഷതമേല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്കു ആഹ്ലാദിക്കാന്‍ വകയുണ്ടാവില്ല. സിറിയയില്‍ നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇവിടെ നമ്മില്‍ ചിലര്‍ക്ക് വരാനിരിക്കുന്ന ആഘോഷ സീസണിനപ്പുറം കാത്തിരിക്കാന്‍ ഒന്നും ഉണ്ടായെന്നും വരില്ല.

Featured Book: As Author
Gas Wars
Crony Capitalism and the Ambanis
Also available:
 
Documentary: Featured
Featured Book: As Publisher
India: The Wasted Years