ഇന്ത്യയുടെ ഭാവി എന്ത്‌?

ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനാകില്ലെന്ന് അനുമാനിക്കുക. ഓരോ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെയും വോട്ട് സംഖ്യ വിവി പാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) യന്ത്രത്തിലേതിന് തുല്യമാണെന്ന് അനുമാനിക്കുക. ലോകത്തിലെ ഏറ്റവും ജനബാഹുല്യമുള്ള രാജ്യമാകാൻ പോകുന്നയിടത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളും പ്രക്രിയയും വിവേചനരഹിതവും സുതാര്യവുമാണെന്നും; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയിലെ ഏറ്റവും സങ്കീർണമായ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ ഭരണകക്ഷിക്കനുകൂലമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്യാറില്ലെന്ന് അനുമാനിക്കുക.
സാങ്കല്പികമായി ഈ പറഞ്ഞ എല്ലാ അനുമാനങ്ങളും സത്യമാണെങ്കിൽ (തീർച്ചയായും സത്യമല്ല എന്നത് വേറെ കാര്യം) അതിനർഥം  മോദി വീണ്ടും പ്രധാനമന്ത്രിയായി തിരിച്ചെത്തുമായിരുന്നില്ല എന്നാണോ? ഒരിക്കലുമല്ല. ഏറ്റവും ഗൗരവകരമായ പരിധിവരേക്കും തിരഞ്ഞെടുപ്പ് സാമഗ്രികളിൽ കാപട്യം കാണിക്കാനും വ്യവസ്ഥയെ കൗശലപൂർവം ‘ചൂതാടാനും’ സാധിക്കുമായിരുന്നെങ്കിൽ കൂടി, രണ്ടാംതവണയും തുടർച്ചയായി അടുത്ത അഞ്ചുവർഷക്കാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഭാരതീയ ജനതാ പാർട്ടിയിൽനിന്നുള്ള ആദ്യത്തെ നേതാവ് മോദിയാകുമായിരുന്നു.
ഇതിനർഥം സമ്മതിദായകരോട് കൂടുതൽ സുതാര്യത പുലർത്തണമെന്ന്  തിരഞ്ഞെടുപ്പ് കമ്മിഷനുമേൽ സമ്മർദം ചെലുത്തുന്നത് നാം നിർത്തണമെന്നാണോ, പ്രത്യേകിച്ചും ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങളുടെയും വിവി പാറ്റ് യന്ത്രങ്ങളുടെയും ഉപയോഗവും വിന്യാസവും സംബന്ധിച്ച വിഷയങ്ങളിൽ? എതിർ രാഷ്ട്രീയപക്ഷത്തുള്ളവർക്കെതിരായ (അവരെത്ര ദുർബലരായിരുന്നാലും) പരാതികൾ പരിഗണിക്കുമ്പോൾ സ്വീകരിക്കുന്ന കർശന നടപടികളുമായി താരതമ്യം ചെയ്യുമ്പോൾ, അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഭരണപക്ഷവുമായി ബന്ധപ്പെട്ടവർക്കെതിരേയുള്ള (പ്രധാനമന്ത്രിയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുമുൾപ്പെടെയുള്ളവർ) പരാതികൾ പരിഗണിക്കുന്നതിൽ കാണിക്കുന്ന മെല്ലെപ്പോക്കും വിവേചനവും കുറയ്ക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമ്പോൾ നമ്മൾ മൃദുസമീപനം പുലർത്തേണ്ടതുണ്ടോ? 
നമുക്ക് കുറച്ചുകൂടി പ്രായോഗികമായ മറ്റൊരു അനുമാനം നടത്താം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്ന വോട്ടർമാരെല്ലാവരും ഒരു കുടക്കീഴിലണിനിരന്ന് ഓരോ മണ്ഡലത്തിലും ബി.ജെ.പി.യോടോ അതിന്റെ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏതെങ്കിലുമൊരു പാർട്ടിയുമായോ മത്സരിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് സങ്കല്പിച്ചുനോക്കാം. ഇതിനർഥമെന്താണ്? മൊത്തം വോട്ടിന്റെ 44 ശതമാനം എൻ.ഡി.എ. സ്ഥാനാർഥിക്ക് അനുകൂലമായിട്ടുണ്ടെങ്കിൽ,  ബാക്കി 56 ശതമാനം വോട്ടും എൻ.ഡി.എ. സ്ഥാനാർഥിക്ക് എതിരായി വരുന്ന അസംഭവ്യമായ ഈ സാഹചര്യത്തിന്റെ ഫലം തികച്ചും സ്പഷ്ടമാണ്. നമുക്ക് തത്‌കാലം ഇത്തരമൊരു  സാധ്യത അവഗണിക്കാം.
 

ചില ചോദ്യങ്ങൾ
ഇതാ കുറച്ചു ചോദ്യങ്ങൾ കൂടി. ഒരിക്കൽ രാജ്യത്തിന്റെ ‘പ്രൗഢ പുരാതന പാർട്ടി’ യായിരുന്ന, നമ്മുടെ പഴയ കൊളോണിയൽ യജമാനന്മാരായ ബ്രിട്ടീഷുകാർക്കെതിരേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട്, ധാർഷ്ട്യവും ശ്രേഷ്ഠമനോഭാവവും കുറയ്ക്കാനും മറ്റ് സഖ്യ കക്ഷികളോട് കൂടുതൽ അനുഭാവപരമായി പെരുമാറാനും നിലവിലെ നേതൃത്വത്തെ ഉടച്ചുവാർക്കാനും നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നത് നാം നിർത്തലാക്കണോ? തീർച്ചയായും പാടില്ല.
കോൺഗ്രസുകാർ, കമ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, പ്രാദേശികപാർട്ടികൾ എന്നിങ്ങനെ ബി.ജെ.പി.ക്കും അതിന്റെ ആശയ രക്ഷാകർത്താവായ രാഷ്ട്രീയസ്വയംസേവക് സംഘിനുമെതിരായ എല്ലാ ശക്തികളോടും കൂടുതൽ വിഭാഗീയത പുലർത്തുന്തോറും അപ്രസക്തമാകുകയാണ് എതിർക്കുന്നവരുടെ സാന്നിധ്യമെന്നതിനാൽ  ബോധവത്കരണം നടത്തുന്നത് നിർത്തണമെന്നാണോ, ഇതിനകം തന്നെ ഈ പ്രതിപക്ഷസ്വരങ്ങൾ പരിധിയില്ലാത്ത ആഴത്തിലേക്ക് മുങ്ങിത്താഴ്‌ന്ന  അവസ്ഥയിൽ?
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിഴൽ ചക്രവാളത്തിൽ ഉദിച്ചുയരും വരെ കാത്തിരിക്കാതെ തകർന്ന പ്രതിപക്ഷം ഉണർന്നെണീക്കേണ്ടതല്ലേ?
ആലങ്കാരികമായ ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം വളരെ വ്യക്തവും പ്രത്യക്ഷവുമാണ്. ‘ഐകമത്യം മഹാബലം’ എന്ന പഴമൊഴിയുടെ പ്രാധാന്യത്തിൽ നാം തുടർന്നും ശ്രദ്ധയൂന്നേണ്ടതുണ്ട്. ബ്രിട്ടീഷുകാർക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നു; മോദിക്കും. ഭരണപക്ഷം ഭൂരിപക്ഷ സമുദായത്തിന്റെ മൃഗീയശക്തി തിരിച്ചറിയുന്ന, ന്യൂനപക്ഷ സമുദായങ്ങൾക്ക് (പ്രത്യേകിച്ചും മുസ്‌ലിങ്ങൾക്ക്) രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഇനി നീങ്ങാൻ മറ്റൊരുവഴിയും മുന്നിലില്ല.
ജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതെങ്ങനെയെന്ന് 2019-ലെ തിരഞ്ഞെടുപ്പ് കാണിച്ചുതന്നുകഴിഞ്ഞു. സാമൂഹികമാധ്യമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്ന, നമ്മൾ ജീവിക്കുന്ന ഈ സത്യാനന്തര ലോകത്ത്, മോദിയെയും ട്രംപിനെയും പോലെ ജനങ്ങളുടെ വികാരങ്ങളും മുൻവിധികളും ദുരുപയോഗം ചെയ്യുന്ന നേതാക്കൾ വസ്തുതകളെയും വസ്തുതാപരമായ അവലോകനങ്ങളെയും പുറന്തള്ളുകയാണ്. അവരെ സംബന്ധിച്ച്;  കടുത്ത ദേശീയ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന, ജനങ്ങളെ വർഗീയമായും ജാതീയമായും വിഭജിക്കുന്ന വൈകാരിക ഉത്തേജനങ്ങൾ സാമ്പത്തികപ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ സഹായിക്കുന്നതാണ്. ഇതുവരേക്കും അവ വിജയിച്ചിട്ടുമുണ്ട്. പക്ഷേ, എത്ര കാലത്തേക്ക്, എന്ന്‌ നമുക്കറിയില്ല.
എന്നിട്ടും യുവാക്കൾക്കുള്ള തൊഴിലുകൾ സൃഷ്ടിക്കുന്നതിലും നിലനിൽപ്പിനും ഉപജീവന മാർഗത്തിനുമായി  കഷ്ടപ്പെടുന്ന കർഷകരുടെ മേലുള്ള ഭാരം ലഘൂകരിക്കുന്നതിലും സർക്കാരിനുണ്ടായ പരാജയത്തിനെതിരേ ശബ്ദമുർത്താതിരിക്കാൻ നമുക്കാവുന്നില്ല. എല്ലാവരെയും ‘ഉൾക്കൊള്ളുന്ന വികസന’ത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ നാം ചോദ്യംചെയ്യുന്നത് തുടരുക തന്നെവേണം.
17-ാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ശ്രദ്ധാർഹമായ രണ്ട് അനന്തരഫലങ്ങളുണ്ടായിട്ടുണ്ട്. ഒന്നാമത്, ഉത്തർപ്രദേശിൽ, കൂടുതൽ പ്രബലമായ ഒരു രാഷ്ട്രീയ ആഖ്യാനത്തിനുമുന്നിൽ  ഒരു പരിധിവരെ ജാതികേന്ദ്രീകൃതമായ സഖ്യത്തെ (ബഹുജൻ സമാജ്‌വാദി പാർട്ടിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ളത്) ജനങ്ങൾ തള്ളിപ്പറഞ്ഞതാണ്. ഇത്തരം സാഹചര്യങ്ങളിൽ , ‘വ്യക്തിരാഷ്ട്രീയത്തിന്റെ’ പഴയ രാഷ്ട്രീയമാതൃകകൾ തള്ളിക്കളയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്പെരുപ്പമുള്ള മേഖലയിൽ മോദി-ഷാ കൂട്ടുകെട്ട് മറ്റു പിന്നാക്ക സമുദായങ്ങളെയും ദളിതുകളെയും വീണ്ടും വിഭജനത്തിനു വിധേയരാക്കി.
രണ്ടാമതായി, സമ്മതിദായകർ വോട്ടുചെയ്യുന്ന പ്രക്രിയയിൽ പ്രാദേശികവും ദേശീയവുമായ താത്‌പര്യങ്ങളെ തമ്മിൽ വേർതിരിച്ചറിയുന്നതിൽ വിവേചനബുദ്ധിയുള്ളവരായി മാറിയിരിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, ബംഗാൾ, ഏറ്റവും പ്രധാനമായി ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നടന്നതെന്തെന്ന് ശ്രദ്ധിക്കുക. അവസാനം പറഞ്ഞ സംസ്ഥാനത്ത്, ഒരേസമയത്ത് നടന്ന നിയമ സഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തമായി വോട്ടുചെയ്തവരായി ഒട്ടേറെ വോട്ടർമാരുണ്ടെന്നത് വളരെ വ്യക്തമാണ്.

പ്രസ്ഥാനത്തെക്കാൾ വലുതാവുന്നവർ
ഇന്ന്, മോദിയും ഷായും അവർ നയിച്ച രാഷ്ട്രീയ പാർട്ടിയെക്കാളും സർക്കാരിനെക്കാളും വലുതായി മാറി, അവർ തന്നെ ആദ്യം ഇത് നിഷേധിച്ചേക്കാമെങ്കിൽ പോലും. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്രുവിനെ നിശിതമായി വിമർശിക്കുന്നത് തുടരുന്നതിനിടെ അദ്ദേഹത്തിന്റെ മകൾ ഇന്ദിരാഗാന്ധിയെ വിമർശിക്കുന്നതിൽ താരതമ്യേന മൃദുസമീപനമാണ് ഇവർ തുടരുന്നത്. 1970-കളുടെ ആദ്യകാലങ്ങളിൽ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഇന്ദിരയ്ക്കും അവരുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിക്കും ചുറ്റും അധികാരം കേന്ദ്രീകരിക്കപ്പെട്ടതിനു തുല്യമായ സ്ഥിതിവിശേഷം പിന്നീട് ഇന്ന് 
മോദി-ഷാ കൂട്ടുകെട്ടിലാണ് ദൃശ്യമാകുന്നത്.
1971-ൽ പാർട്ടിയെ പിളർത്തി, കോൺഗ്രസിലെ യാഥാസ്ഥിതികരെ ഒറ്റപ്പെടുത്തുകയും രാജകുടുംബാംഗങ്ങൾക്കും നാടുവാഴികൾക്കും നൽകിവന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കുകയും കൽക്കരി ഖനനം, സ്റ്റീൽ ഉത്പാദനം, ബാങ്കിങ്‌ എന്നീ മേഖലകളിൽ ദേശസാത്കരണം നടപ്പാക്കുകയും ചെയ്തതോടെ പ്രതിപക്ഷം മുഴുവൻ തനിക്കെതിരേ അണിനിരക്കുന്നതാണ് ഇന്ദിരാഗാന്ധി കണ്ടത്. പൊഖ്റാനിലെ ആണവ ‘സ്ഫോടനത്തിനും’ ബംഗ്ലാദേശിന്റെ രൂപവത്‌കരണത്തിനും മുൻപായിരുന്നു ഇത്.
താൻ നെഹ്രുവിന്റെ കളിപ്പാവയാണെന്ന പ്രതിപക്ഷത്തിന്റെ കളിയാക്കലുകളോട്  അനുരസപ്പെടാൻ ഇന്ദിര വിസമ്മതിച്ചു. തന്റെ ലക്ഷ്യം ‘ഗരീബി ഹഠാവോ’(ദാരിദ്ര്യം നിർമാർജനം ചെയ്യുക) എന്നതായിരിക്കെ തന്റെ  എതിരാളികൾക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ‘ഇന്ദിര ഹഠാവോ’(ഇന്ദിരയെ നിർമാർജനം ചെയ്യുക) എന്ന്‌ അവർ സ്ഥാപിച്ചു. ഇന്ദിരയുടെ പ്രശസ്തമായ ആപ്തവാക്യം മോദി തട്ടിയെടുത്തു കഴിഞ്ഞു. എന്നാൽ, സാമ്യതകൾ ഇവിടംകൊണ്ട് അവസാനിക്കുന്നുണ്ടോ?
1975-ൽ ഇന്ദിരാഗാന്ധി 19 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തിയ അവർ, നീതിന്യായ വ്യവസ്ഥയുൾപ്പെടെയുള്ള സ്ഥാപനങ്ങളെ മുൻപെങ്ങുമില്ലാത്ത വിധം ദുർബലപ്പെടുത്തി (ഈ പാതയാണ് മോദിയും പിന്തുടരുന്നത്). 1977 മാർച്ചിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇതേത്തുടർന്ന്  സംഭവിച്ച ‘അതിക്രമങ്ങൾക്ക്’ മാപ്പ് ചോദിച്ചു. 1980-ൽ അവർ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
അടിയന്തരാവസ്ഥക്കാലത്ത് ‘സോഷ്യലിസം’ ‘മതേതരത്വം’ എന്നീവാക്കുകൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർക്കപ്പെട്ടു.വരും വർഷങ്ങളിൽ ഹിന്ദുരാഷ്ട്രം (രാജ്യം) എന്ന പദ്ധതി നടപ്പാക്കുന്നതിനിടയിൽ, മോദിസർക്കാർ വാക്യത്തിലല്ലെങ്കിലും ഭരണഘടനയുടെ ആത്മാവിൽനിന്ന്‌ ഈ വാക്കുകൾ എടുത്തുകളഞ്ഞേക്കുമോ?
വിവിധ ജാതികളും മതങ്ങളും ഒന്നിച്ച് പുലരുന്ന, നാനാവിഭാഗങ്ങളും ഭാഷകളുമുള്ള ഒരു ദേശമായ ‘ഇന്ത്യ എന്ന ആശയത്തിന്റെ’ ഭാവി അടുത്ത അഞ്ചു വർഷങ്ങളിൽ തീരുമാനിക്കപ്പെടുമെന്നത് പതിവ് ക്ലീഷേയാണെങ്കിലും സത്യമാണ്. പറഞ്ഞു പഴകിയ, പലപ്പോഴും മൗലികത നഷ്ടപ്പെടുമ്പോഴും  സ്വയം വെളിപ്പെടുത്തുന്ന സത്യം.
2019-ലെ തിരഞ്ഞെടുപ്പ് ഫലമെന്ന യാഥാർഥ്യം, ‘ഇടതുപക്ഷ’മെന്നും ‘ലിബറൽ’ എന്നും സ്വയം ആഭിമാനത്തോടെ വിളിക്കുന്നവരിലേക്ക് (ലേഖകനടക്കമുള്ളവർ) തുളച്ചുകയറുമ്പോൾ, നമുക്ക് നമ്മളുടെ ആശയങ്ങളും സ്വരങ്ങളും മാത്രം പ്രതിധ്വനിക്കുന്ന ചുവരുകളുള്ള മുറിവിട്ട് പുറത്തിറങ്ങേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് ആത്മപരിശോധന നടത്താനാവശ്യപ്പെടും മുമ്പേ നമ്മൾ സ്വയം ചികഞ്ഞുനോക്കേണ്ടിയിരിക്കുന്നു.
 (മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമാണ്‌ ലേഖകൻ)

Featured Book: As Author
Media Ethics
Truth, Fairness and Objectivity
 
Featured Book: As Publisher
India's Long Walk Home
  • Authorship: Ishan Chauhan (Author), Zenaida Cubbinz (Author), Ashok Vajpeyi (Foreword)
  • Publisher: Paranjoy Guha Thakurta
  • 248 pages
  • Published month:
  • Buy from Amazon
  • Buy from Flipkart