പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കായ സര്‍ക്കാര്‍ നിയന്ത്രിത സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഗൗതം അദാനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണാപത്രം (Memorandum of Understanding-MOU) പിന്‍വലിക്കാന്‍ തീരുമാനിച്ചോ? ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്റില്‍, ഒരു വിവാദ കല്‍ക്കരി ഖനന പദ്ധതിക്കായി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ 6,200 കോടി ഇന്ത്യന്‍ രൂപ മൂന്‍കൂറായി വായ്പ നല്‍കാനുള്ളതായിരുന്നു ധാരണാപത്രം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ധാരണാപത്രം ഒപ്പിടുന്നത്.

എസ് ബി ഐയും അദാനി ഗ്രൂപ്പും തമ്മിലുള്ള വായ്പ ഉടമ്പടിക്ക് 'ശാന്തവും സ്വാഭാവികവുമായ അന്ത്യം' ഉണ്ടാവുമെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക അഭിപ്രായങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

ധാരണാപത്രം പിന്‍വലിക്കപ്പെടുകയാണെങ്കില്‍, അത് ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവിന്റെ നിലപാടിലുള്ള നാടകീയമാറ്റത്തിന്റെ ഉറപ്പായ സൂചനയായി കാണേണ്ടിവരും. ബാങ്കും അദാനി ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രം പിന്‍വലിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള മാധ്യമ ഊഹാപോഹം 'നുണ' യാണെന്ന് എസ്ബിഐ അദ്ധ്യക്ഷ അരുന്ധതി ഭട്ടാചാര്യ മാര്‍ച്ച് 13ന് പറഞ്ഞിരുന്നു.

പത്ത് മില്യണ്‍ ഡോളര്‍ അഥവ 62,000 കോടി രൂപ മുടക്കി, ഓസ്‌ട്രേലിയയുടെ വടക്ക്-കിഴക്കന്‍ പ്രദേശത്ത് ഒരു കല്‍ക്കരി ഖനി വികസിപ്പിക്കലും റെയില്‍വേ പാതയുടെ നിര്‍മ്മാണവും ഒരു തുറമുഖത്തിന്റെ പുനരുദ്ധാരണവും ഉള്‍ക്കൊള്ളുന്ന പദ്ധതിയില്‍ നിന്നും എസ്ബിഐ പിന്മാറുകയാണെങ്കില്‍, പ്രാദേശിക സമൂഹങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും എതിര്‍ക്കുന്ന വിവാദ പദ്ധതിക്ക് ധനസഹായം നല്‍കാന്‍ താല്‍പര്യമില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയ അന്താരാഷ്ട്ര ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പട്ടികയിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കും അണിചേരും.

മുകളില്‍ പറഞ്ഞ ബാങ്കുകളുടെ പട്ടികയില്‍ ബിഎന്‍പി പാരിബസ് എസ്എ, ക്രെഡിറ്റ് അഗ്രികോള്‍ എസ്എ, സൊസൈറ്റിയ ജെനറാലെ എസ്എ, ബാര്‍ക്ലെയ്‌സ് പിഎല്‍സി, സിറ്റിഗ്രൂപ്പ് ഇന്റര്‍നാഷണല്‍, ഡ്യൂഷെ ബാങ്ക് എജി, ഗോള്‍ഡ്മാന്‍ സാഞ്ചസ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി, ജെപി മോര്‍ഗന്‍ ചേസ് & കോ, മോര്‍ഗന്‍ സ്റ്റാന്‍ലി, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ് പിഎല്‍സി എന്നിവ ഉള്‍പ്പെടുന്നു.

സ്വാഭാവിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ ഗ്രേറ്റ് ബാറിയര്‍ റീഫിലെ ആവാസവ്യവസ്ഥയ്ക്ക് പദ്ധതി കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന വാദം നിലനില്‍ക്കെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുമായി സഹകരിക്കേണ്ടെന്ന് മിക്ക ബാങ്കുകളും തീരുമാനിച്ചത്. എന്നാല്‍ പദ്ധതിയുടെ സാമ്പത്തിക സാധ്യതകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഒരു വിദേശ പദ്ധതിക്കായി ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പിന് നല്‍കപ്പെടുന്ന ഏറ്റവും വലിയ വായ്പയില്‍ നിന്നും പിന്മാറാന്‍ എസ്ബിഐ തീരുമാനിക്കുന്ന പക്ഷം മറ്റ് സാധ്യതകള്‍ തേടാനും അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. 7.8 മില്യണ്‍ ഡോളര്‍ അടങ്കല്‍ തുക പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കല്‍ക്കരി ഖനന ഭാഗത്തിന്റെ നിര്‍മ്മാണത്തിനായി ഒരു ബില്യണ്‍ ഡോളര്‍ പങ്ക് മുതല്‍മുടക്ക് എന്ന ആശയവുമായി ചില ചൈനീസ് ബാങ്കുകളുമായും കൊറിയയിലെ എക്‌സിം ബാങ്കുമായും ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

എന്നാല്‍, താന്‍ ഇപ്പോള്‍ ചിന്തിക്കുന്ന അത്രയും വലുതായി ചിന്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യവസായ ഭീമനായ ഗൗതം അദാനിക്ക് ലഭിച്ച ധൈര്യമാണ് കഥയിലെ ഏറ്റവും സങ്കീര്‍ണമായ വശം. ഈ രാജ്യത്തിലെ ഒരു വ്യവസായ പ്രമുഖനാകുക എന്നതിനപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തക ആവുക എന്ന ഉല്‍ക്കര്‍ഷേച്ഛ അദ്ദേഹം പുലര്‍ത്തിയിരുന്നു എന്ന കാര്യം വ്യക്തമാണ്.

കോളേജ് പഠനം പകുതിയില്‍ ഉപേക്ഷിച്ച കാലത്തില്‍ നിന്നും ഗൗതം അദാനി ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. ഈ ജൂണില്‍ അദ്ദേഹത്തിന് 53 വയസ് തികയും. കാല്‍നൂറ്റാണ്ട് മുമ്പ്, വജ്ര, പ്ലാസ്റ്റിക് വ്യാപാരങ്ങള്‍ ആരംഭിക്കുന്നതിനായി മുംബെയിലെ ഒരു പ്രഭാത കോളേജിലെ പഠനം അദ്ദേഹം മതിയാക്കി. വജ്ര വ്യാപാര രംഗത്ത് വിജയം കൈവരിച്ച അദ്ദേഹം, 1981ല്‍ തന്റെ ഒരു കസിനെ പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) വ്യാപാരം അരംഭിക്കുന്നതില്‍ സഹായിക്കുന്നതിനായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലേക്ക് കൂടുമാറി.

1988ല്‍ അദാനി എക്‌സപോര്‍ട്ട്‌സ് എന്ന കമ്പനിയുടെ കീഴില്‍ ചരക്ക് വ്യാപാര സംരംഭം ആരംഭിച്ച അദ്ദേഹം, സ്വന്തം സംസ്ഥാനത്തിലെ വാണിജ്യ പത്രങ്ങളിലെ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന രീതിയില്‍ വളരാന്‍ തുടങ്ങി. 1990 കളുടെ പകുതിയോടെ അദാനിയുടെ വ്യാപാരവിജയങ്ങള്‍ ശ്രദ്ധ നേടാന്‍ തുടങ്ങി. അതത്ര സ്വാഗതാര്‍ഹമായ രീതിയിലായിരുന്നില്ല എങ്കില്‍ പോലും.

പതിനെട്ട് വര്‍ഷം മുമ്പ്, അതായത് 1997ല്‍, ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഫസ്ലു റഹ്മാന്‍ എന്നറിയപ്പെടുന്ന ഫസല്‍-ഉര്‍-റഹ്മാന്‍ എന്ന അധോലോക നായകന്‍ അദാനിയെ തട്ടിക്കൊണ്ടു പോയതായി ആരോപണം ഉയര്‍ന്നു. അഹമ്മദാബാദിന്റെ പ്രാന്തങ്ങളില്‍ വച്ച് റഹ്മാനും അയാളുടെ രണ്ട് സംഘാംഗങ്ങളും ചേര്‍ന്ന് ഒരു കാറില്‍ അദാനിയെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് 15 കോടി രൂപ മോചനദ്രവ്യം വാങ്ങി വിട്ടയയ്ക്കുകയുമാണ് ചെയ്‌തെന്നാണ് ആരോപണം. ദുബായ് ആസ്ഥാനമായുള്ള ഗുണ്ടാത്തലവന്‍ ഇര്‍ഫാന്‍ ഗോഗയ്ക്ക് വേണ്ടിയാണ് ആരോപണവിധേയര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഹമ്മദാബാദിലെയും ഡല്‍ഹിയിലെയും മുംബെയിലേയും വന്‍കിട വ്യാപാരികളും വ്യവസായികളും ഉള്‍പ്പെടുന്ന പല ഉന്നത തട്ടിക്കൊണ്ടുപോകല്‍ കേസുകളിലെയും പ്രധാന പ്രതിയാണ് റഹ്മാന്‍. എന്നാല്‍ തന്റെ പ്രവര്‍ത്തനമേഖല ദുബായിലേക്ക് മാറ്റിയതോടെ ഇയാള്‍ നിയമത്തിന്റെ പിടിയില്‍ നിന്നും പുറത്ത് തുടര്‍ന്നു. 2006 ഓഗസ്റ്റില്‍, ബിഹാറിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡില്‍ എടുത്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ സംരംഭകരും അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉല്‍പാദകരുമായ കമ്പനികള്‍ അടങ്ങുന്ന ഗ്രൂപ്പിന്റെ തലവനാണ് ഇപ്പോള്‍ ഗൗതം അദാനി. കൂടാതെ, മറ്റ് നിരവധി മേഖലകളിലും അദാനി ഗ്രൂപ്പിന് പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ട്: കല്‍ക്കരി ഖനനം, ഇന്ധന, വാതക പര്യവേഷണം, വാതക വിതരണം, വൈദ്യുതി വികിരണവും വിതരണവും, പൊതുമരാമത്തും അടിസ്ഥാന സൗകര്യങ്ങളും, ബഹുമാതൃക ലോജിസ്റ്റിക്‌സ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം, ഭൂമി കച്ചവടം, ഭക്ഷ എണ്ണ, ഭക്ഷണ സംഭരണം തുടങ്ങിയ മേഖലകളില്‍ അവര്‍ താല്‍പര്യം കാണിക്കുന്നു.

ഏറ്റവും കുറഞ്ഞത് 28 രാജ്യങ്ങിലെ 30ല്‍പരം കമ്പനികളുമായി അദ്ദേഹത്തിന്റെ കമ്പനികള്‍ ഇപ്പോള്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2014 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍, അദാനി ഗ്രൂപ്പിലെ കമ്പനികളുടെ കമ്പോള മൂലധനസ്വരൂപീകരണം (കമ്പനികളുടെ നിലവിലെ കമ്പോള ഓഹരി വിലയെ മൊത്തം ഓഹരികളുമായി ഗുണിക്കുമ്പോള്‍ കിട്ടുന്ന തുക) 250 ശതമാനം കണ്ട് വര്‍ദ്ധിച്ചു! ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം അഹമ്മദാബാദില്‍ നിന്നുള്ള ഈ വ്യാപാരിക്ക് 7.1 ബില്യണ്‍ ഡോളറിന്റെ (43,000 കോടി രൂപ) വ്യക്തിഗത സ്വത്തുക്കള്‍ ഉണ്ട്.

കോര്‍പ്പറേറ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ നിസംശയ പടയോട്ടങ്ങള്‍ക്കപ്പുറം ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകം പ്രധാനമന്ത്രി മോദിയുമായുള്ള അദാനിയുടെ അടുപ്പമാണ്. ഇതത്ര ഞെട്ടിപ്പിക്കുന്ന കാര്യമൊന്നുമല്ല. ആയിരക്കണക്കിന് വാക്കുകള്‍ ഉള്ള ഒരു അന്യോപദേശ കഥ പറയുന്ന ഒരു ചിത്രം കണ്ടെത്താന്‍ ഇന്റര്‍നെറ്റില്‍ ഒന്ന് പരതിയാല്‍ മതിയാകും. ഈ നിശ്ചലചിത്രം 2014 മേയ് 14ന് ഇന്ത്യയിലെമ്പാടുമുള്ള വാര്‍ത്തമാന പത്രങ്ങളിലും വെബ്‌സൈറ്റുകളിലും നിറഞ്ഞുനിന്നതാണ്.

2001 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം താന്‍ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദില്‍ നിന്നും, ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. അദ്ദേഹം കൈയുര്‍ത്തി വീശുന്ന (സ്വന്തം നാട്ടിലെ ആവേശഭരിതരായ ജനക്കൂട്ടത്തെയാവണം) ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറക്കാന്‍ പോകുന്ന വിമാനത്തിന്റെ ബഹുവര്‍ണ ലോഗോ വ്യക്തമായി കാണാമായിരുന്നു. അതിതായിരുന്നു: അദാനി.

ഒരു വ്യവസായി എന്ന നിലയിലുള്ള അദാനിയുടെ അസൂയാവഹമായ വളര്‍ച്ചയും സംസ്ഥാനത്തുള്ള മോദിയുടെ കാര്യാധീശത്വവും തമ്മില്‍ അത്ഭുതകരമായ യാദൃശ്ചികത്വം നിലനില്‍ക്കുന്നു. 'ഗുജറാത്ത് മാതൃക' എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന, സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വ്യാവസായിക പ്രധാനമായ ശൃംഗലകളിലൂന്നിയുള്ള മോദിയുടെ സമ്പത്തിക വികസന കാഴ്ചപ്പാടിന് അടിസ്ഥാനമായിത്തീരുക കൂടി ചെയ്ത പരസ്പര താല്‍പര്യങ്ങളുടെ മൂശയില്‍ കെട്ടിപ്പൊക്കിയതാണ് ഈ ബന്ധം.

Featured Book: As Author
Gas Wars
Crony Capitalism and the Ambanis
Also available:
 
Documentary: Featured
Featured Book: As Publisher
Netaji
Living Dangerously