നരേന്ദ്ര മോദി; മായിക പരിവേഷമുള്ള കെട്ടുകഥകളുടെ വിപരീതം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കടുത്ത അനുയായികള്‍ പോലും എത്ര വേഗമാണ് അതിന്റെ പ്രകടനത്തില്‍ നിരാശരായത് എന്നത് അത്ഭുതകരമാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 31.5% വോട്ടുമായി ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 15 മാസമായിട്ടേയുള്ളൂ. എങ്കിലും കോര്‍പ്പറേറ്റ് തലവന്‍മാര്‍, വലതുപക്ഷ സൈദ്ധാന്തികര്‍, പംക്തിയെഴുത്തുകാര്‍, പൊതുസമൂഹ ബുദ്ധിജീവികള്‍- ഇവരില്‍ പലരും മോദിയുടെ വരവിന് കുരവയിട്ടവരാണ്-എന്നിങ്ങനെ നിരവധിപേര്‍ മോദിയെയും അയാളുടെ നേതൃത്വത്തെയും വിമര്‍ശിക്കാന്‍ മുന്നിലാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയതാണ് നിരാശയുടെ ഒരു കാരണമെന്നത് വാസ്തവമാണ്. “കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ ഭരണനിര്‍വ്വഹണം “ എന്ന മുദ്രാവാക്യവുമായി മോദി വന്നപ്പോള്‍ സാമ്പത്തിക രംഗത്ത് വലിയ വലതുപക്ഷ വ്യതിയാന നയങ്ങള്‍ കാത്തിരുന്നവര്‍ വിസ്മരിച്ചത്, വ്യാപാര സൌഹൃദ നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഇന്ത്യയിലെ ഏതൊരു സര്‍ക്കാരിനുമുള്ള കടമ്പകളായിരുന്നു. ഇതുവരെയായും സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ നാമമാത്രമാണ്. തൊഴിലവസരങ്ങള്‍ ഏറെയൊന്നും ഉണ്ടായിട്ടില്ല. ആഗോള എണ്ണ വിലയില്‍ സംഭവിച്ച ഇടിവുമൂലം ഇന്ത്യന്‍ സമ്പദ് രംഗത്തുണ്ടായ വലിയ നേട്ടം കണക്കിലെടുത്തിട്ടുകൂടിയാണിത്.

കഥ തീരുന്നില്ല. ഫെബ്രുവരി 27-നു മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് തെളിവായി പാര്‍ലമെന്റില്‍ അപഹസിച്ച ബി ജെ പി ജൂലായ് അവസാന ദിവസം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അധിക ചെലവിനുള്ള 40,882 കോടി രൂപ അനുവദിക്കാനുള്ള ആവശ്യം സഭക്ക് മുന്നില്‍ വെച്ചു. ബി ജെ പി നാള്‍തോറും വിമര്‍ശിച്ച പദ്ധതികള്‍ക്കുള്ള പണമായിരുന്നു ഇതില്‍ മൂന്നിലൊന്നും. തൊഴിലുറപ്പ് പദ്ധതി കൂടാതെ, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി, സമഗ്ര ശിശുക്ഷേമ പദ്ധതി എന്നിവയൊക്കെ ഇതില്‍പ്പെടും.

പ്രത്യാഘാതങ്ങള്‍ വ്യക്തമാണ്. ഗ്രാമീണ ദരിദ്രര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്കുള്ള പണം വെട്ടിക്കുറക്കാന്‍ ഒരു സര്‍ക്കാരിനുമാകില്ല. ഈ പണം മറ്റുപല വഴിക്കും കട്ടുമുടിക്കുകയും ചോര്‍ത്തുകയും ചെയ്യുന്നു എന്നത് മറ്റൊരു വിഷയം. പ്രതീകാത്മകമാണെങ്കിലും ഇവയ്ക്കുള്ള പണം വെട്ടിക്കുറയ്ക്കുന്നത് കടുത്ത രാഷ്ട്രീയ അപായ സാധ്യതകളാണ് കരുതിവെക്കുക. വൈകിയാണെങ്കിലും സര്‍ക്കാരിത് തിരിച്ചറിയുകയാണ്.

ഇന്ത്യയുടെ നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ ബാക്കി എന്നു മോദിയും അയാളുടെ അനുചരന്മാരും കരുതുന്ന ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട് കടുത്ത വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധനായ അരവിന്ദ് പനഗരിയയെ അദ്ധ്യക്ഷനാക്കി നീതി ആയോഗ് ഉണ്ടാക്കി. പക്ഷേ ഇതിന്റെ അനന്തരഫലങ്ങള്‍ വ്യക്തമാണ്. യോജനാ ഭവനില്‍ നിന്നുമുള്ള പ്രവര്‍ത്തനരീതി ഇതുവരെയും മാറിയിട്ടില്ല-പേരുപോലും.

പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുന്നത് താഴെതട്ടിലെ കാര്യക്ഷമമായ നടത്തിപ്പിന് പകരമാകുന്നില്ല എന്ന്‍ മോദിയും കൂട്ടരും തിരിച്ചറിഞ്ഞിരിക്കണം. പുതിയ ബാങ്ക് എക്കൌണ്ടുകള്‍ തിടങ്ങുന്നതില്‍ ലക്ഷ്യം നേടുന്നതുപോലെ എളുപ്പമല്ല ആ എക്കൌണ്ടുകളില്‍ പണമുണ്ടാകുന്നു എന്ന്‍ ഉറപ്പുവരുത്തുന്നത്.

കോര്‍പ്പറേറ്റ് ഇന്ത്യയുടെ വക്താവും വ്യവസായിയും രാജ്യസഭാംഗവുമായ രാഹുല്‍ ബജാജ് ആഗസ്ത് 7-നു ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു: “2014 മെയ് 27-നു നമുക്കൊരു ചക്രവര്‍ത്തിയുണ്ടായി. ലോകത്താകെതന്നെ കഴിഞ്ഞ 20-30 കൊല്ലക്കാലത്തിനിടയില്‍ ഇത്തരമൊരു വിജയം അപൂര്‍വമാണ്. ഞാന്‍ ഈ സര്‍ക്കാരിന് എതിരല്ല. പക്ഷേ വസ്തുത അവശേഷിക്കുന്നു, ആ തിളക്കം മങ്ങുകയാണ്.”

ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയിലെ സര്‍ക്കാറിന്റെ ഉരുണ്ടുകളി ഏറെ വിമര്‍ശന വിധേയമായി. ആഗസ്ത് 5-നു തന്റെ പംക്തിയില്‍ സ്വാമിനാഥന്‍ അങ്ക്ലേശരിയ അയ്യര്‍ എഴുതി;“ഭയചകിതനായ,തീരുമാനങ്ങള്‍ എടുക്കാനാവാത്ത, അവസാനം വരെ പോരാടുന്നതിന് പകരം സന്തോഷത്തോടെ പിന്തിരിയുന്ന ഒരാളായാണ് (മോദിയെ) ഭൂമി ഏറ്റെടുക്കല്‍ കുഴപ്പങ്ങള്‍ വെളിപ്പെടുത്തിയത്. ഇതൊരു ഒറ്റതിരിഞ്ഞ ഉദാഹരണമല്ല. അയാള്‍ എപ്പോഴും തന്ത്രങ്ങള്‍ക്കുപരി അടവിന് പ്രാധാന്യം നല്കുന്നു. രാഷ്ട്രീയ വിശ്വാസത്തിന്നു പകരം, സൌകര്യത്തിന്. കാലിനിടയില്‍ വാലും ചുരുട്ടിവെച്ചാണ് മോദി ഓടിയത്. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനുള്ള എല്ലാ സുപ്രധാന വകുപ്പുകളിലും അയാള്‍ കീഴടങ്ങി.”

പ്രതാപ് ഭാനു മേത്തയും (Centre for Policy Research) തന്റെ വിമര്‍ശനങ്ങള്‍ ഒട്ടും മൃദുവാക്കുന്നില്ല: “മോദിയുടെ പ്രത്യയശാസ്ത്ര ചായിവുകള്‍ പലപ്പോഴും തര്‍ക്കവിഷയമാണ്. പക്ഷേ അയാളുടെ നേതൃ ശേഷിയും ഇപ്പോള്‍ സംശയജനകമാണ്. എതിരാളികള്‍ അത് വെറും പൊള്ളയാണെന്ന് പറയും. ശുദ്ധാത്മാക്കളെ പറ്റിക്കാന്‍ പോന്നൊരു തട്ടിപ്പെന്ന്. അനുയായികള്‍ ഒരു യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിശകലനത്തിനും തയ്യാറല്ല. പക്ഷേ മോദിയുടെ ചെയ്തികള്‍ അയാള്‍ക്ക് ചുറ്റും ഉണ്ടാക്കിയ മായിക പരിവേഷമുള്ള കെട്ടുകഥകളുടെ വിപരീതമാണ്.”

“ധീരതയ്ക്ക് പകരം നാം കാണുന്നത് പരുങ്ങിനില്‍പ്പാണ്. നേരിയ രാഷ്ട്രീയ അപായ സാധ്യതയെങ്കിലുമുള്ള, ധീരമെന്ന് വിളിക്കാവുന്ന ഒരു നയവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. വ്യക്തതയ്ക്ക് പകരം ആശയക്കുഴപ്പമാണ്. നടപ്പാക്കലിന് പകരം നിഷ്ക്രിയത്വമാണ്. ആത്മവിശ്വാസത്തിന് പകരം അരക്ഷിതാവസ്ഥയാണ്. രാഷ്ട്രീയ കൂര്‍മ്മതയ്ക്ക് പകരം രാഷ്ട്രീയ മന്ദതയാണ്. ആശയവിനിമയത്തിന് പകരം നിങ്ങള്‍ക്ക് കിട്ടുന്നത് നിശബ്ദതയാണ്. പ്രത്യാശക്ക് പകരം നിരാശയാണ്.”

റിസര്‍വ് ബാങ്ക് ഗവര്‍ണരുടെ അധികാരങ്ങളുടെ ചിറകരിയാന്‍ ധനമന്ത്രാലയം നടത്തിയ ശ്രമങ്ങള്‍ നിര്‍ത്തിവെച്ച് സര്‍ക്കാരിന് പിന്തിരിയേണ്ടിവന്നു. അതേ മന്ത്രാലയം തന്നെ ആദായ നികുതി അടവിനായി നല്‍കേണ്ട വിവരങ്ങളുടെ കാര്യത്തില്‍ ഒരു മണ്ടന്‍ പരിഷ്കാരം കൊണ്ടുവന്ന് പിന്‍വലിച്ചു. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ലാഭത്തില്‍ കുറഞ്ഞ പകരം നികുതി കൊണ്ടുവന്നതിനും ഇതേ ഗതിയായി.

ന്യൂഡല്‍ഹിയിലുള്ള ചിലരുടെ കൈകളില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് സകലര്‍ക്കും കാണാം. സര്‍ക്കാരിലും ഭരണകക്ഷിയിലും കഴിവുള്ളവരുടെ അഭാവവും പ്രകടമാണ്. തന്റെ അനുയായികള്‍ സാമൂഹ്യമായ അന്തച്ഛിദ്രമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുമ്പോള്‍ മോദിയുടെ നിശബ്ദത ആശങ്കാജനകമാണ്. ടീസ്റ്റ സെതല്‍വാദിനെപ്പോലെ ചില വ്യക്തികളെ കേന്ദ്രീകരിച്ചുള്ള മോദി സര്‍ക്കാരിന്റെ വേട്ടയും പരസ്യമാണ്. ഗുജറാത്ത് ഭരിച്ചപ്പോലെ ഇന്ത്യാ രാജ്യം ഭരിച്ചുകളയാമെന്ന മോദിയുടെ ലളിത യുക്തിയെ അയാളുടെ ഒരുകാലത്തെ അനുഭാവികള്‍ വരെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. എത്ര വേഗമാണ് കാലം കടന്നുപോകുന്നത്?

Featured Book: As Author
Flying Lies?
The Role of Prime Minister Narendra Modi in India's Biggest Defence Scandal
Also available:
 
Documentary: Featured
Featured Book: As Publisher
Flying Lies?
The Role of Prime Minister Narendra Modi in India's Biggest Defence Scandal
Also available: