കള്ളപ്പണത്തില്‍ കാല്‍വഴുതി മോദി; ആര്‍ക്കുവേണ്ടിയും അല്ലാത്ത പുതിയ നിയമം

'രഹസ്യാത്മകതയെ പുഷ്ടിപ്പെടുത്തുന്ന നികുതി വെട്ടിപ്പിന്റെ അഭയസ്ഥാനങ്ങളെ സഹിക്കാന്‍' ലോകം ഇനി മുതല്‍ തയ്യാറല്ലെന്ന്, മേയ് 13ന് വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും (നികുതി ഏര്‍പ്പെടുത്തല്‍) ബില്ല്, 2015, ലോക്‌സഭ പാസാക്കുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. ബില്ല് പാസായ ഉടനെ, പുതിയ നിയമം 'ചരിത്രപര'മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ഏറ്റവും മാന്യമായി പറഞ്ഞാല്‍ പുതിയ നിയമം കാര്യക്ഷമമല്ലെന്നും കുറച്ച് കൂടി കടുപ്പിച്ചാല്‍ അതൊരു തട്ടിപ്പാണെന്നും സര്‍ക്കാരിന്റെ വിമര്‍ശകര്‍ വാദിക്കുന്നു. വിദേശങ്ങളില്‍ കള്ളപ്പണവും ആസ്തിയുമുള്ള ഇന്ത്യക്കാരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും ശ്രമിക്കുമ്പോള്‍ തന്നെ, ആഭ്യന്തര സാമ്പത്തിക രംഗത്തുള്ള കള്ളപ്പണം എന്ന വലിയ ഭീഷണി നേരിടുന്നതിനെ കുറിച്ച് അത് മിണ്ടുന്നതേയില്ല എന്നതാണ് പുതിയ ബില്ലിനെതിരായ ഏറ്റവും കടുത്ത വിമര്‍ശനം.

വിമര്‍ശനങ്ങളെ നേരിടുന്നതിനായി, ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ച് ഏതാനും മണിക്കൂറിനുള്ളില്‍, അതേ ദിവസം തന്നെ സര്‍ക്കാര്‍ ലോക്‌സഭയില്‍ ബിനാമി കൈമാറ്റങ്ങള്‍ (നിരോധന) നിയമം അവതരിപ്പിച്ചു. 27 വര്‍ഷം മുമ്പ് പാസാക്കിയതും ഇപ്പോഴും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലാത്തതുമായ ഒരു നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ബില്ല്. ആഭ്യന്തര കള്ളപ്പണ സൂക്ഷിപ്പുകാരെ ലക്ഷ്യമിടുന്ന ഈ ബില്ല്, പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ബിനാമി ഒരു ഉത്തരേന്ത്യന്‍ വാക്കാണ്. കൈമാറ്റത്തിന് യഥാര്‍ത്ഥത്തില്‍ പണം നല്‍കുന്ന ആളിന് പകരം മറ്റൊരാളുടെ പേരില്‍ വസ്തു വാങ്ങുന്നതിനെയാണ് ബിനാമി ഇടപാടെന്ന് വിശേഷിപ്പിക്കുന്നത്. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ എന്തിന് നിലവിലില്ലാത്ത ഒരാളുടെയോ പേരിലൊക്കെ ഇത്തരം കൈമാറ്റങ്ങള്‍ നടക്കാറുണ്ട്. ഇത്തരം ബിനാമി ഇടപാടുകളുടെ യഥാര്‍ത്ഥ ഉടമയെ 'ഗുണഭോക്താവായ ഉടമ' എന്നാണ് നിയമപരമായി അറിയപ്പെടുന്നത്.

ഇപ്പോള്‍ നിര്‍ജീവമായ ബിനാമി കൈമാറ്റങ്ങള്‍ (നിരോധന) ചട്ടം,1988, ഭേദഗതി ചെയ്യാനാണ് ഇപ്പോഴത്തെ ബില്ല് നിര്‍ദ്ദേശിക്കുന്നത്. ബിനാമി സ്വത്ത് ജപ്തി ചെയ്യുന്നതും കണ്ടുകെട്ടുന്നതും ഉള്‍പ്പെടെയുള്ള കടുത്ത പിഴകള്‍, വസ്തുവിന്റെ 'കമ്പോള ന്യായവിലയുടെ' 25 ശതമാനം വരെ പിഴ ഈടാക്കല്‍, ഏഴ് വര്‍ഷം വരെ കഠിന തടവ് എന്നിവയാണ് പുതിയ ബില്ല് നിര്‍ദ്ദേശിക്കുന്നത്. നേരത്തെ ലാപ്‌സായ ബില്ലില്‍ പിഴ അല്ലെങ്കില്‍ തടവ് എന്ന നിര്‍ദ്ദേശമാണ് ഉള്ളതെങ്കില്‍ പുതിയ ബില്ലില്‍ ഈ രണ്ട് ശിക്ഷകളും നിര്‍ദ്ദേശിക്കുന്നു.

സ്വത്ത് ഉടമസ്ഥത സംയുക്തവും അതിനുള്ള പണം കണക്കില്‍ പെടുന്ന രീതിയിലുമാണ് കണ്ടെത്തിയിരിക്കുന്നതെങ്കില്‍, പങ്കാളിയുടെയോ മക്കളുടെയോ സഹോദരങ്ങളുടെ പേരില്‍ സമ്പാദിക്കുന്ന സ്വത്തുക്കളെ നിര്‍ദ്ദിഷ്ട നിയമത്തിലെ വകുപ്പുകളുടെ പരിധിയില്‍ നിന്നും ഒഴിവാക്കുമെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. അചഞ്ചലമായ ആസ്തികളെ മാത്രമല്ല, ധനകാര്യ പത്രങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികളെയും ബില്ലിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പുതിയ ചട്ടത്തിലെയും ബില്ലിലെയും ചില വകുപ്പുകള്‍ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇട നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവ താഴെ പറയുന്നു:

(1) വിദേശ ആസ്തികള്‍ വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാനുള്ള വകുപ്പ്;

(2) ആസ്തിയുടെ 'നേടിയെടുത്ത മൂല്യത്തിന്' പകരം അതിന്റെ 'കമ്പോള ന്യായവിലയുടെ' അടിസ്ഥാനത്തില്‍ പിഴ ഈടാക്കാനുള്ള വകുപ്പ്;

(3) ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്വമുള്ള എല്ലാ വ്യക്തികള്‍ക്കും ശിക്ഷ നല്‍കാനുള്ള വകുപ്പ്;

(4) നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥന് പതിച്ച് നല്‍കിയിരുന്നു എന്ന് ആരോപിക്കപ്പെടുന്ന കടിഞ്ഞാണില്ലാത്ത അധികാരങ്ങള്‍.

വ്യവസായ സംഘടനയായ അസോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇത്തരത്തിലുള്ള ചില ആശങ്കകള്‍ ഒരു പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുണ്ട്. അതിലൊരു ഭാഗം ഇങ്ങനെ വായിക്കാം: 'ഒരു ആസ്തിയുടെ മൂല്യം വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍, ആ അയഥാര്‍ത്ഥ വര്‍ദ്ധനയ്ക്ക് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്ന ആള്‍ നികുതി നല്‍കേണ്ടി വരും. സ്വാഭാവികമായും ഈ വര്‍ദ്ധന പ്രസ്താവന നടത്തിയ ആള്‍ നിക്ഷേപിച്ചതിനേക്കാള്‍ വളരെ ഉയരത്തിലുള്ളതായിരിക്കുകയും ചെയ്യും.'

കൂടാതെ ഒരു നികുതി പിരിക്കല്‍ ഉദ്യോഗസ്ഥന്, 'തന്റെ കൈയ്യൊപ്പിന് താഴെ നികുതിദായകന്റെ ബാധ്യതകളെ കുറിച്ചുള്ള ഒരു സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കാവുന്നതും പിന്നീട് ഓഫീസര്‍ തയ്യാറാക്കുന്ന ഏതൊരു സര്‍ട്ടിഫിക്കറ്റിന്റെയും നിജസ്ഥിതി ഏതെങ്കിലും വ്യവഹാരത്തില്‍ ബോധ്യപ്പെടുത്തുന്നതിനായി പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നികുതിദായകന് നല്‍കാതിരിക്കുന്നതിനുമുള്ള,' അധികാരം പുതിയ നിയമം നല്‍കുന്നുണ്ട്. ഇത് അമിതാധികാരമാണെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ നിയമപ്രകാരം, 2013ലെ കമ്പനി നിയമത്തില്‍ വകുപ്പുകള്‍ നിര്‍വചിക്കുന്ന തരത്തില്‍ ഒരു കമ്പനിയുടെ മാനേജരായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ നികുതി തിരിച്ചടവിന് ബാധ്യസ്ഥനായിരിക്കും. ഇത് ഇപ്പോള്‍ അനുവദിക്കുന്നില്ല. നേരത്തെ, നികുതി തിരികെ പിടിക്കുന്നവരുടെ പട്ടികയില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളവരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു.

ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട രാജ്യസഭാംഗവും പ്രശസ്ത അഭിഭാഷകനുമായ രാംജേത് മലാനി മേയ് 12 ചീഫ് ജസ്റ്റിസ് എച്ച എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചില്‍ ഇങ്ങനെ വാദിച്ചു: 'ഇരുവിഭാഗങ്ങളും (യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍) തെറ്റ് ചെയ്തിട്ടുണ്ടെന്നും ഇരുഭാഗങ്ങളും തട്ടിപ്പ് ശാശ്വതമാക്കിയിട്ടുണ്ടെന്നും ഞാന്‍ സംശയിക്കുന്നു.'

അവകാശപ്പെടാത്ത പണം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുമെന്ന് ഉറപ്പാക്കുന്ന വകുപ്പുകള്‍ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

പിറ്റെ ദിവസം രാജ്യസഭയില്‍ അരുണ്‍ ജെയ്റ്റിലിയെ 'നിഷ്‌കളങ്കനായ ധനകാര്യമന്ത്രി' എന്ന്‍ വിളിച്ച് കളിയാക്കിയ അദ്ദേഹം, രാജ്യത്തേക്ക് കള്ളപ്പണം തിരികെ കൊണ്ടുവരും എന്ന് അവകാശപ്പെട്ട് രാജ്യത്തെ ജനങ്ങളെ 'പറ്റിക്കുന്ന കാര്യത്തില്‍' മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ആരോപിക്കുകയും ചെയ്തു.

2003 ഡിസംബറിലെ അഴിമതിക്കെതിരായ യുഎന്‍ പ്രമേയത്തില്‍ ഒപ്പുവച്ച യുപിഎ സര്‍ക്കാര്‍, പക്ഷെ അതിന് നിയമസാധുത നല്‍കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് ജെയ്റ്റ്‌ലി ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ മാത്രമാണ് കള്ളപ്പണത്തിനെതിരെ പൊരുതുന്നതെന്നും അതിനാല്‍ അത് ചെയ്യുന്നതിനാല്‍ ഞങ്ങളെ സ്‌നേഹിക്കുക എന്നും അവകാശപ്പെടാന്‍ ഞങ്ങളിലാര്‍ക്കെങ്കിലുമോ അവര്‍ക്കോ സാധിക്കില്ല...'

4500 കോടി രൂപയുടെ നികുതി ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും 121 വിചാരണ കേസുകള്‍ തുടങ്ങിക്കൊണ്ടും ഫ്രാന്‍സില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ മേല്‍ ഞങ്ങളുടെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഓരോ സര്‍ക്കാരുകള്‍ക്കും അവരവരുടേതായ പ്രവര്‍ത്തന രീതിയുണ്ടെന്നും,' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ധൈര്യപ്രകടനത്തിനപ്പുറം, പുതിയ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കില്ലെന്നും അത് ഫലപ്രദമായ നടപ്പാക്കുകയില്ലെന്നും ഉള്ള കാര്യത്തില്‍ പൊതുവായ അഭിപ്രായ ഐക്യം ഉയര്‍ന്ന് വന്നിട്ടുണ്ട്. രാജ്യത്തെ അന്വേഷണ, നീതി നടപ്പാക്കല്‍ ഏജന്‍സികളുടെ ശേഷിക്കുറവാണ് ഇതിന് ഒരു കാരണം.

രാജ്യത്ത് ഇപ്പോള്‍ തന്നെ നിലവിലുള്ള നികുതി വെട്ടിപ്പും പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം വളരെ ദയനീയമായാണ് നടപ്പിലാക്കപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ അവിശ്വാസത്തിന് ആക്കം കൂട്ടുന്നുണ്ട്.

2002ലെ പണം വെളിപ്പിക്കല്‍ നിരോധിക്കല്‍ നിയമം, 1999ലെ വിദേശ നാണ്യവും പരിപാലനവും നിയമം, 1961 ലെ ആദായ നികുതി നിയമം എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. ഈ നിയമങ്ങളുടെ ശക്തമായ നടപ്പാക്കലിന് നിയമങ്ങള്‍ക്കുള്ളിലെ പഴുതുകള്‍ തന്നെ വിഘാതമായി നില്‍ക്കുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

ഉദാഹരണത്തിന്, ഓഹരി കമ്പോളത്തിലുള്ള വിദേശ സ്ഥാപന നിക്ഷപകരുടെ 'പങ്കാളിത്ത കുറിപ്പുകള്‍' (participatory notes) പലപ്പോഴും അസ്പഷ്ടമോ അല്ലെങ്കില്‍ ഓഹരികളും മറ്റ് ധനകാര്യ ഉപകരണങ്ങളും വാങ്ങുന്നതിനായി രാജ്യത്തേക്ക് ഒഴുകുന്ന പണത്തിന്റെ യഥാര്‍ത്ഥ സ്‌ത്രോതസ് മറച്ചുവച്ചതോ ആയിരിക്കും.

പിഎംഎല്‍എയുടെയും ഫെമയുടേയും ലംഘനത്തിന് നിയമനടപടികള്‍ സ്വീകരിക്കുന്നതിലും പിഴ ചുമത്തുന്നതിലുമുള്ള സര്‍ക്കാര്‍ ചരിത്രം പരമദയനീയമാണെന്ന് പറയേണ്ടി വരും.

2005 ജൂലൈ ഒന്നിനാണ് പിഎംഎല്‍എ നിലവില്‍ വന്നത്. 2012 മേയ് 21ന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച ധനമന്ത്രാലയത്തിന്റെ 'കള്ളപ്പണത്തെ കുറിച്ചുള്ള ധവളപത്രത്തില്‍' ഇങ്ങനെ പറയുന്നു:

'പിഎംഎല്‍എയുടെ കീഴില്‍ അന്വേഷണത്തിനായി ഇതുവരെ 1437 കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനിടയില്‍, 22 പേരെ അറസ്റ്റ് ചെയ്യുകയും 1214 കോടി വിലമതിക്കുന്ന 131 ആസ്തികളുടെ ഇടക്കാല കണ്ടുകെട്ടല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പിഎംഎല്‍എ കോടതികളില്‍ 38 കേസുകളാണ് ഡയറക്ടറേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.'

2000 ജൂണ്‍ ഒന്ന് മുതല്‍ വിദേശ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) നിലവിലുണ്ട്. 2000 ജൂണ്‍ ഒന്ന് മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 12 വര്‍ഷ കാലയളവിനുള്ളില്‍ ഫെമ ലംഘനം ആരോപിച്ച് 23,118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 4819 കാരണം കാണിക്കല്‍ നോട്ടീസുകള്‍ മാത്രമാണ് പുറപ്പെടുവിച്ചത്, ഇതില്‍ 3259 കേസുകള്‍ തീര്‍പ്പാക്കുകയും 1678 കോടി രൂപയുടെ പിഴകള്‍ ചുമത്തപ്പെടുകയും ചെയ്തു.

ഇന്ത്യക്കാര്‍ കള്ളപ്പണം വിദേശത്തേക്ക് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വശം ഉപഭോക്തൃ ഉടമസ്ഥതയുടെ പ്രശ്‌നങ്ങളാണ്. വിവരങ്ങളുടെ രഹസ്യാത്മകതയും സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളാണ് എല്ലാ സര്‍ക്കാരുകളും ചൂണ്ടിക്കാട്ടുന്നത്.

'ഉടമ്പടി വാണിജ്യം' (treaty shopping) എന്ന് കൂടി അറിയപ്പെടുന്ന, നിരവധി നികുതി വിടവുകളിലൂടെ ഫണ്ടുകളുടെ ചുറ്റുനൃത്തം (round tripping) നടത്തുന്നു എന്നു കൂടി അറിയപ്പെടുന്ന നികുതിയില്ലാത്ത അല്ലെങ്കില്‍ നികുതി കുറയ്ക്കുന്ന നിയമവ്യവസ്ഥകളിലൂടെ മിക്കപ്പോഴും കടന്നു പോകുന്ന കൈമാറ്റങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താവിനെ തിരിച്ചറിയുന്നതിനായി കോര്‍പ്പറേറ്റുകളുടെ മുഖംമൂടി ഉയര്‍ത്തിനോക്കാനുള്ള ശേഷി മിക്ക ഉദ്യോഗസ്ഥര്‍ക്ക് ഇല്ല എന്നതാണ് മറ്റൊരു കാര്യം.

ഉദ്യോഗസ്ഥര്‍ക്ക് ദുരുപയോഗം ചെയ്യാവുന്ന തരത്തില്‍ പുതിയ നിയമം അനുവദിച്ചിരിക്കുന്ന അധികാരങ്ങളെ കുറിച്ച് ഗൗരവതരമായ ആശങ്കകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ബിശ്വജിത് ഭട്ടാചാര്യ ഡയ്‌ലിഒയില്‍ എഴുതുന്നു: 'നിയമപരമോ അല്ലാതെയോ വിദേശ ആസ്തി (അല്ലെങ്കില്‍ സമ്പാദ്യം) വരുമാനം ഉള്ള എല്ലാ വ്യക്തികളെയും നിയമം ഭയപ്പെടുത്തി ഓടിക്കുന്നു എന്നതാണ് ആദ്യ വശം.'

'തങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരാകുകയും നിയമത്തിന്റെ വലയില്‍ കുടുങ്ങുകയും ചെയ്യുമെന്ന ഭയത്താല്‍, ഒരനിശ്ചിത കാലത്തേക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വിദേശ ഇന്ത്യക്കാരും വിദേശികളും മടിക്കും. നിയമപരമായി പോലും വിദേശ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളെയും നിയമം ഭയപ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിനും അന്താരാഷ്ട്ര ബാങ്കിംഗിനും ഇളക്കം തട്ടും. ഇന്ത്യയിലെ നിക്ഷേപ സാഹചര്യങ്ങളെ പോലും ബില്ല് പ്രതികൂലമായി ബാധിച്ചേക്കാം.' (See: http://www.dailyo.in/politics/black-money-bill-nris-fema-fera-rbi-remit…)

നിയമം, 'രാജ്യത്ത് നില്‍ക്കുന്ന ദയനീയമായ നികുതി നിര്‍വഹണത്തെ പൂര്‍ണമായും അവഗണിക്കുന്നു,' എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചൂണ്ടിക്കാണിക്കുന്നു. 'എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന നിരവധി തസ്തികകള്‍ ഉള്‍പ്പെടെയുള്ള ശേഷി പ്രശ്‌നം,' അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു.

ആദായ നികുതി ചട്ടപ്രകാരം വിദേശത്ത് കള്ളപ്പണമുള്ളവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ട അവസാന തീയതിയായ മാര്‍ച്ച് 31ന് അത് ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. എച്ച്എസ്ബിസി പട്ടികയില്‍ ഉണ്ടായിരുന്ന നിയമനടപടികള്‍ സ്വീകരിക്കാവുന്ന 427 കേസുകളില്‍, പ്രത്യേക അന്വേഷണ സംഘം (സുപ്രീം കോടതി നിയമിച്ച) വിചാരണ നടപടികള്‍ സ്വീകരിച്ചത് 200 എണ്ണത്തില്‍ മാത്രമാണ്.

ഇന്ത്യക്കാര്‍ അനഃധികൃതമായി വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന പണം, ദീര്‍ഘ കാലത്തേക്ക് അവിടെ തന്നെ തുടരാനാണ് സാധ്യത. ചളിയില്‍ പുതഞ്ഞ ഫണ്ടുകള്‍ നിതീന്യായ വ്യവസ്ഥകള്‍ക്ക് കുറുകെ സംശയമില്ലാത്ത വിധം സഞ്ചരിക്കുകയും ഇന്ത്യയിലേക്ക് തിരികെ എത്തുന്ന സമയമാവുമ്പോഴേക്കും 'ചുറ്റു നൃത്തങ്ങളെല്ലാം' 'അലക്കപ്പെടുകയോ' അല്ലെങ്കില്‍ 'വെള്ളപൂശപ്പെടുകയോ' ചെയ്യപ്പെടുകയും ചെയ്യും.

വിദേശത്തേക്ക് കടത്തപ്പെട്ട കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനായി, ഇത്തരം ഫണ്ടുകള്‍ അനഃധികൃതമായി കടത്താന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത വഴികള്‍ തിരിച്ചറിയുകയും അടയ്ക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. പറയാന്‍ എളുപ്പമാണെങ്കില്‍ നടപ്പിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണിത്.

നവംബറില്‍, ഓസ്‌ട്രേലിയയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി മോദി ഒരു ബ്ലോഗില്‍ ഇങ്ങനെ എഴുതി: 'കള്ളപ്പണം നിലനില്‍ക്കുന്നതിന്റെയും അത് മടക്കികൊണ്ടുവരേണ്ടതിന്റെയും പ്രശ്‌നങ്ങള്‍ ഇന്ത്യ ആഗോള സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചു....കാരണം, ഇത് ഒരു രാജ്യത്തെ മാത്രം പ്രത്യേകമായി ബാധിക്കുന്ന പ്രശ്‌നമല്ല.....ആഗോള സമാധാനത്തെയും സൗഹൃദത്തെയും തന്നെ അസ്ഥിരപ്പെടുത്താന്‍ കഴിവുള്ളതാണ് കള്ളപ്പണമെന്ന ഭീഷണി....കള്ളപ്പണം അതിന്റെ ഒപ്പം തീവ്രവാദത്തെയും പണം വെളുപ്പിക്കലിനെയും മയക്കുമരുന്ന് വ്യാപാരത്തെയും സഹചാരികളാക്കുന്നു.'

യുഎസ് വിദേശ നിക്ഷേപ നികുതി ഏര്‍പ്പെടുത്തല്‍ ചട്ടത്തിന്റെ (US Foreign Accout Tax Compliance Act-FACTA) വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന ധന നിക്ഷേപ വിവരങ്ങള്‍ സ്വാഭാവികമായി കൈമാറുന്നതിനുള്ള (Automatic Exchange of Financial Accout Information) ബഹുകക്ഷി അംഗീകൃത അധികാരി കരാറില്‍ (Mulitilateral Competent Authority Agreement) ഇന്ത്യ സര്‍ക്കാര്‍ പങ്കാളിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നാല് ദിവസത്തിന് ശേഷം, അതായത് കഴിഞ്ഞ മേയ് 26ന്, സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കള്ളപ്പണം അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. മുന്‍ സുപ്രീം കോടതി ജഡ്ജി എം പി ഷാ തലവനായ എസ്‌ഐടിയില്‍ മറ്റൊരു മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അരിജിത് പസ്യാതും ഉള്‍പ്പെടുന്നു.

എന്നാല്‍, ലിച്ചെറ്റെന്‍സ്റ്റെയ്ന്‍ ബാങ്കിലും എച്ച്എസ്ബിസിയിലും അക്കൗണ്ടുകള്‍ പേരുകള്‍ എസ്‌ഐടിക്ക് കൈമാറാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോള്‍, മുന്‍ കാല സര്‍ക്കാരുകളെ പോലെ തന്നെ ജര്‍മ്മനിയുമായുള്ള ഇന്ത്യയുടെ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ (ഡിടിഎഎ) സ്വകാര്യതയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ പേരുകള്‍ ഒന്നും വെളിപ്പെടുത്താന്‍ തന്റെ സര്‍ക്കാരിനാവില്ല എന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.

എന്നു മാത്രമല്ല, സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിരോധാഭാസം എന്ന് പറയട്ടെ, ഇതേ നിലപാട് സ്വീകരിച്ചതിന് മുന്‍ യുപിഎ സര്‍ക്കാരിനെ പ്രതിപക്ഷത്തിരുന്നുകൊണ്ട് എല്‍ കെ അദ്ധ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നതാണ്.

ഈ അടുത്തകാലത്ത്, ഏപ്രില്‍ ആറിന്, ഇന്ത്യന്‍ വ്യവസായ കോണ്‍ഫഡറേഷന്റെ (സിഐഐ) വാര്‍ഷീക സമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു: 'ഇന്ത്യയ്ക്ക് ഒരു ശക്തമായ നികുതി ഭരണമാണ് ആവശ്യം....അല്ലാതെ നികുതി വെട്ടിപ്പല്ല...നികുതി എന്നത് മടക്കി നല്‍കേണ്ട കടം തന്നെയാണ്.'

എന്നാല്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകളുടെ ആനുകൂല്യങ്ങള്‍ എന്ന നിലയില്‍ കുറഞ്ഞ പരിവര്‍ത്തന നികുതി (Minimum Alternative Tax-MAT) നല്‍കുന്നതില്‍ നിന്നും സിംഗപ്പൂര്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദേശ സ്ഥാപന നിക്ഷേപകരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.

അതോറിറ്റി ഓണ്‍ അഡ്വാന്‍സ്ഡ് റൂളിംഗ് എന്ന നികുതി ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന്, മാറ്റ് ഇനത്തില്‍ 602.83 കോടി രൂപ വരുന്ന കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 68 വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു.

നികുതി വെട്ടിപ്പ് കേന്ദ്രങ്ങളായ മൗറീഷ്യസും സിംഗപ്പൂരും വഴിയുള്ള കൈമാറ്റങ്ങള്‍ ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന്, നേരത്തെ കണക്കാപ്പെട്ടിരുന്ന കുടിശ്ശികയായ 30,000 കോടി എന്നത് നാടകീയമായി കുറഞ്ഞു.

വിദേശത്ത് നിയമവിരുദ്ധമായി പണവും ആസ്തികളും സൂക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കെതിരായ പുതിയ നിയമമോ ബിനാമി കൈമാറ്റം തടയുന്നതിനുള്ള നിര്‍ദ്ദിഷ്ട നിയമമോ ഫലപ്രദമാവില്ലെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു.

തീരെ സുതാര്യമല്ലാത്ത ഒരു സംവിധാനവുമായി മുന്നോട്ട് പോകുന്നതില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. അനഃധികൃത കൈമാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധന ഒഴുക്കുകളെ കുറിച്ചള്ള വിവരങ്ങള്‍ ഇന്ത്യ നിയമ നിര്‍വഹണ അധികാരികള്‍ക്ക് നിഷ്പ്രയാസം ലഭ്യമാകുന്നതിന് ഇനിയും വര്‍ഷങ്ങള്‍ എടുക്കും.

നിഗൂഢമായി ഇന്ത്യയില്‍ നിന്നും പണം പുറത്തേക്ക് കൊണ്ടുപോവുകയും അതില്‍ ഒരു ഭാഗം വെള്ളയാക്കി മടക്കി കൊണ്ടുവരികയും ചെയ്യുന്നവരെ കൃത്യമായി പിന്തുടരുന്നതിനുള്ള സന്നദ്ധതയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഏറ്റവും പ്രധാനമായി സത്യസന്ധതയും കൈവരിക്കുന്നതിന് നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ അതിലുമേറെ സമയം എടുത്തേക്കും.

നമ്മള്‍, ഇന്ത്യക്കാര്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കന്മാരായിരിക്കാം എന്നാല്‍ അത് നടപ്പാക്കുന്നതില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുന്നവരാണ്. ഈ കഥ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

Featured Book: As Author
Gas Wars
Crony Capitalism and the Ambanis
Also available:
 
Documentary: Featured
Featured Book: As Publisher
Sue the Messenger
How legal harassment by corporates is shackling reportage and undermining democracy in India