ഗുജറാത്ത് നിയമസഭയിൽ ഈ മാര്‍ച്ച് 31-നു മേശപ്പുറത്തു വെച്ച, വിവിധ സാമൂഹ്യ-സാമ്പത്തിക സൂചികകളെ കുറിച്ചുള്ള സി എ ജി (Comptroller and Auditor General of India) റിപ്പോർട്ട് പലര്‍ക്കും പൊതുവേ അറിയുന്ന കാര്യം തന്നെ അടിവരയിട്ടു പറയുന്നു-അതായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനത്തിന്റെ പൂരക്കാഴ്ചയായി അവതരിപ്പിച്ച വികസനത്തിന്റെ ഗുജറാത്ത് മാതൃക അകം പൊള്ളയായ കെട്ടുകഥയാണെന്ന്.
വികസന കാര്യത്തിൽ ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്നില്ല എന്നു മാത്രമല്ല, കൃഷി, വിദ്യാഭ്യാസം,ആരോഗ്യ സുരക്ഷ, സ്ത്രീ ശാക്തീകരണം, ശിശുക്ഷേമം എന്നിവയിലൊക്കെ സംസ്ഥാനം എത്ര പിറകിലാണെന്നു കൂടി വസ്തുതകളും കണക്കുകളും സഹിതം സി എ ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാമൂഹ്യ-സാമ്പത്തിക മേഖലകളിലെല്ലാം സംസ്ഥാനം ഇത്ര മോശം പ്രകടനം കാഴ്ചവച്ചിട്ടും ഭാരതീയ ജനതാ പാര്‍ടിയുടെ വക്താക്കള്‍ക്കും 2001 ഒക്ടോബർ മുതൽ 12 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ഇതെല്ലാം മറച്ചുവെച്ച് സമൃദ്ധിയുടെ ഒരു വ്യാജചിത്രം പ്രദര്‍ശിപ്പിക്കാനായി എന്നതാണതിശയം.
പ്രചണ്ഡമായ പ്രചാരണതന്ത്രങ്ങളും വസ്തുതകളുടെ തന്ത്രപൂര്‍വമുള്ള തെരഞ്ഞെടുപ്പും മാറ്റിനിര്‍ത്തി നോക്കിയാലും, വികസനത്തിന്റെ ഗുജറാത്ത് മാതൃക ‘രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കുള്ള കുറിപ്പടിയല്ലെന്നും” (ഇകണോമിസ്റ്റ് വാരികയുടെ പ്രയോഗം) മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച പ്രകടനം നടത്തിയെന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്നും വലിയൊരു വിഭാഗം ഇന്ത്യക്കാരെ ബോധ്യപ്പെടുത്തുന്നതിൽ ബി ജെ പി യുടെയും മോദിയുടെയും രാഷ്ട്രീയ എതിരാളികള്‍ക്ക് കഴിയാതെ പോയതാണ് അതിലേറെ അമ്പരപ്പിക്കുന്നത്.
(http://www.economist.com/news/finance-and-economics/21638147-how-modi-n…).
സി എ ജി റിപ്പോര്‍ട്ടിലെ സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള ഭാഗത്ത് 2011-ലെ ജനസംഖ്യ കണക്കെടുപ്പിലെ വിവരങ്ങൾ എടുത്തുപറയുന്നു. ദേശീയ തലത്തിൽ ആൺ-പെൺ അനുപാതം 1,000 ആണുങ്ങള്‍ക്ക് 933 പെണ്ണുങ്ങൾ എന്നതിൽ നിന്നും ഒരു ദശാബ്ദത്തിനുള്ളിൽ 943:1000 എന്നായി ഉയര്‍ന്നുവെങ്കിൽ 2001-2011-ലെ ഇതേ കാലയളവിൽ ഗുജറാത്തിൽ ഇത് 922-ൽ നിന്നും 919 ആയി കുറയുകയാണുണ്ടായത്. എന്തുകൊണ്ട്?
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ പരിശോധന തടയുന്നതിനുള്ള 1994-ലെ നിയമം നടപ്പാക്കുന്നതിലും അങ്ങനെ പെണ്‍ഭ്രൂണഹത്യ തടയുന്നതിലും ലിംഗാനുപാതം കുറയുന്നത് തടയുന്നതിലും സര്‍ക്കാർ പരാജയപ്പെട്ടു. ഗുജറാത്തിൽ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ പരിശോധന നിരോധിക്കുന്ന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട 181-പേരിൽ വെറും 6 പേരാണ് ശിക്ഷിക്കപ്പെട്ടത്.
ബാലവിവാഹങ്ങൾ തടയുന്നതിൽ സംസ്ഥാന സര്‍ക്കാർ വിജയിച്ചില്ലെന്നും, വിദ്യാഭ്യാസ അവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നും ഉച്ചഭക്ഷണ പദ്ധതി വളരെ മോശമായാണ് നടപ്പാക്കിയതെന്നും ചൂണ്ടിക്കാട്ടുന്ന സി എ ജി, ഗുജറാത്തിലെ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം ഒട്ടും ആശാസ്യമല്ലെന്നും പറയുന്നു. സംസ്ഥാനത്തെ ലിംഗാനുപാതം കുറഞ്ഞതിന്റെ കാരണങ്ങളിലേക്ക് ഇതെല്ലാം വെളിച്ചം വീശുന്നുണ്ട്.
(http://timesofindia.indiatimes.com/india/CAG-rips-into-famed-Gujarat-gr…).
ഗുജറാത്ത് സര്‍ക്കാർ മാത്രമല്ല അതിന്റെ കാര്‍ഷികരംഗത്തെ വളര്‍ച്ചാ നേട്ടങ്ങൾ പാടിപ്പുകഴ്ത്താൻ കച്ചകെട്ടിയിറങ്ങിയത്. അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ ഗവേഷണ സമിതിയിലെ കാര്‍ഷിക വിഭാഗം തലവനും, കാര്‍ഷിക ചെലവുകളും വിലയും സംബന്ധിച്ച കമ്മീഷന്റെ മുൻ തലവനുമായ അശോക് ഗുലാതി ഏപ്രിൽ 2014-ൽ ടൈംസ് ഓഫ് ഇന്‍ഡ്യയിൽ എഴുതിയത് നോക്കൂ;
“സംസ്ഥാന തലത്തിൽ 2000-മാണ്ടുകളിൽ കാര്‍ഷിക-മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ വളര്‍ച്ച നോക്കിയാൽ 9.8% വാര്‍ഷിക വളര്‍ച്ചയുമായി ഗുജറാത്ത് പട്ടികയിൽ മുന്നിലാണെന്ന് കാണാം; 1990-കളിലെ വെറും 2% വളര്‍ച്ചയിൽ നിന്നാണ് ഈ മുന്നേറ്റം. ദേശീയതലത്തിലെ വളര്‍ച്ചയുടെ ഏതാണ്ട് മൂന്നിരട്ടിയിലേറെയാണ് ഗുജറാത്തിന്റെ വളര്‍ച്ചാ നിരക്ക്. അപ്പോൾ, ഗുജറാത്ത് വികസന മാതൃക ചർച്ച ചെയ്യുമ്പോൾ അതൊരു ‘കാര്‍ഷിക മുന്നേറ്റ മാതൃക’കൂടിയാണ്. ഇതേ കാലയളവിൽ കാര്‍ഷിക ജി ഡി പി പൂജ്യത്തിലെത്തിയ കേരള മാതൃകയുമായാണ് ( 1990-കളിൽ 1.3%) ഇതിനെ താരതമ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ 3 ശതമാനത്തിൽ കുറവ് വളര്‍ച്ച രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശ്, തമിഴ് നാട്, പശ്ചിമ ബംഗാൾ മാതൃകകകളുമായി.”
(http://timesofindia.indiatimes.com/edit-page/If-one-takes-agriculture-a…)
എന്നാൽ ഓക്സ്ഫോഡ് സര്‍വ്വകലാശാല 2014-ൽ പ്രസിദ്ധീകരിച്ച Growth or Development: Which way is Gujarat going? (ഇന്ദിര ഹിര്‍വായ്, അമിതാ ഷാ, ഘന്‍ശ്യാം ഷാ,) എന്ന പുസ്തകത്തിൽ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തിന്റെ മറ്റൊരു ചിത്രമാണ് വരച്ചു കാണിക്കുന്നത്.
2000-മാണ്ടിന് ശേഷമുള്ള ഗുജറാത്തിലെ കാര്‍ഷിക വളര്‍ച്ച പ്രധാനമായും വിളവെടുപ്പ് ക്രമത്തിലെ മാറ്റങ്ങൾ, ഉയര്‍ന്ന ഉത്പാദനക്ഷമത, വിലകളിലെ മാറ്റം എന്നിവയെ ആശ്രയിക്കുന്നു (അമിതാ ഷാ, ഇതിശ്രീ പട്നായിക്). ഈ മാറ്റങ്ങളെല്ലാം നല്ലതാണെങ്കിലും ഇതിന്‍റെയൊന്നും ഗുണഫലങ്ങൾ സംസ്ഥാനത്തെ ദരിദ്ര മേഖലകളിലേക്ക് എത്തിയിട്ടില്ല എന്ന് ഇവർ നിരീക്ഷിക്കുന്നു. ഭൂഗര്‍ഭജലം ഊറ്റിയെടുക്കാനുള്ള സംവിധാനവും തോടുകളിലൂടെയുള്ള ജലസേചന സംവിധാനവും ലഭ്യമായവർക്കു മാത്രമാണ് ഈ വളര്‍ച്ചയുടെ നേട്ടങ്ങൾ ലഭിച്ചത്.
ചെറുകിട കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഈ ഉയര്‍ന്ന വരുമാനത്തിലൂടെയുള്ള വളര്‍ച്ച സഹായിച്ചിട്ടില്ലെന്ന് പ്രാഥമിക കണക്കെടുപ്പുകൾ കാണിക്കുന്നു.; സംസ്ഥാനത്തിന്റെ പൊതു സമ്പദ് രംഗത്തിന് അത് ഗുണം ചെയ്തിട്ടുണ്ടെങ്കിലും.
മാതൃ, ശിശു മരണ നിരക്കുകളിൽ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ നേടുക ഗുജറാത്തിന് ബുദ്ധിമുട്ടായിരിക്കുമെന്നും ഇതേ പുസ്തകത്തിലെ മറ്റ് ലേഖനങ്ങളും പടങ്ങളും വ്യക്തമാക്കുന്നു.
കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പുകളിൽ കാര്യമായ പുരോഗതിയില്ലെന്നും, 2011 വരെയുള്ള ഒരു ദശാബ്ദക്കാലത്ത് കാലത്ത് പോഷകാഹാരക്കുറവും, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ, മെച്ചപ്പെട്ടില്ലെന്നും ലീല വിസാരിയ കണ്ടെത്തുന്നു. പോഷകാഹാര സൂചികയുടെ കാര്യത്തിൽ ഇന്ത്യയിലെ 17 പ്രമുഖ സംസ്ഥാനങ്ങളിൽ ഗുജറാത്തിന്റെ സ്ഥാനം 13-ആണ്. ഒഡീഷക്കും ഉത്തര്‍പ്രദേശിനും താഴെ. ഉയര്‍ന്ന വരുമാനമുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും താഴെയും. സംസ്ഥാനത്തെ 5 വയസിനു താഴെയുള്ള 45% കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
പ്രാഥമിക വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യങ്ങളിൽ (കെട്ടിടങ്ങളുടെ അവസ്ഥയും വൈദ്യുതി ബന്ധവും) ഗുജറാത്ത് ദേശീയ ശരാശരിയെക്കാൾ മുന്നിലാണെങ്കിലും കുടിവെള്ളം, ശൌചാലയങ്ങൾ, വായനശാലകൾ എന്നിവയുടെ കാര്യത്തിൽ മറ്റുള്ളവര്‍ക്ക് പിറകിലാണ്.
വിദ്യാര്‍ത്ഥി-അധ്യാപക അനുപാതത്തിലെ പോരായ്മ, വായന, എഴുത്ത്, കണക്ക് എന്നിവയിലെ വിദ്യാര്‍ത്ഥികളുടെ മോശം പ്രകടനത്തിൽ തെളിഞ്ഞു കാണാം. പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ദേശീയ ശരാശരിയെക്കാൾ ഉയര്‍ന്നതാണ്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം വര്‍ദ്ധിച്ചെങ്കിലും അത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൂട്ടിയില്ല.
(http://www.frontline.in/columns/Jayati_Ghosh/gujarat-model-the-real-sto…)
മോദിയും അയാളുടെ അനുയായികളും എപ്പോഴും ചൂണ്ടിക്കാട്ടുന്ന ഒന്നാണ്, മോദി മുഖ്യമന്ത്രിയായിരുന്ന 2001-2012 കാലത്ത് സംസ്ഥാനത്തിന്റെ ജി ഡി പി പ്രതിവര്‍ഷം 10 ശതമാനത്തോളം വളര്‍ന്നെന്നും ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ വേഗത്തിലാണെന്നും.
ആകര്‍ഷകമായ നിരക്കിൽ വ്യവസായശാലക്കാവശ്യമായ സ്ഥലം വാഗ്ദാനം ചെയ്തുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി മോദിയിൽ നിന്നും ടാറ്റ ഗ്രൂപ് അദ്ധ്യക്ഷൻ രത്തൻ ടാറ്റക്ക് മൊബൈൽ ഫോണിൽ ഒരു ചെറു സന്ദേശം ലഭിച്ചതും തുടര്‍ന്ന് 2008-ൽ പശ്ചിമ ബംഗാളിലെ സിംഗൂരിൽ നിന്നും മാറ്റി ഗുജറാത്തിലെ സാനന്ദിൽ നാനോ കാർ നിര്‍മ്മാണശാല തുടങ്ങിയതുമെല്ലാം കാണിച്ചു സാമ്പത്തിക രംഗത്തെ സംസ്ഥാനത്തിന്റെ ചടുലമായ തീരുമാനങ്ങളെക്കുറിച്ച് ഏറെ പ്രചരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തൊഴിലാളികളുടെ പരിതാപകമരമായ അവസ്ഥയിലും മാറ്റമുണ്ടായിട്ടില്ലെന്ന് പുസ്തകത്തിൽ പറയുന്നു. ഉയര്‍ന്ന ജി ഡി പി നിരക്കില് സംസ്ഥാനത്തെ തൊഴിൽ രംഗം ഏതാണ്ട് നിശ്ചലമായിരുന്നു എന്നും, തൊഴിലിന്റെ അനൌപചാരികവത്കരണം (informalization) തൊഴിലുകളിലെ ഗുണം നഷ്ടപ്പെടുത്തിയെന്നും (ജീമോൾ ഉണ്ണി, രവികിരൺ നായിക്) നിരീക്ഷണമുണ്ട്.
National Sample Survey Organisation കണക്കുകൾ കാണിക്കുന്നത് ഗുജറാത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയെക്കാൾ 20% കൂടുതലാണെങ്കിലും ഗ്രാമീണ മേഖലയിലെ കൂലി ദേശീയ ശരാശരിയെക്കാൾ 20% കുറവും, നഗരം മേഖലയിൽ 15% കുറവുമാണെന്നാണ്. ഇത് കാണിക്കുന്നത് ഗുജറാത്തിൽ, ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലാളികളുടെ വിലപേശൽ ശേഷി വളരെ കുറവാണെന്നാണ്.
അസമമായ വളര്‍ച്ചാ ക്രമം നഗരവത്കരണത്തിലെ അസന്തുലിതത്വത്തിലും പ്രതിഫലിക്കുന്നുണ്ട്. വലിയ വ്യാവസായിക നിക്ഷേപങ്ങളും വരുമാനവും അതിനോടു ചേര്‍ണ്ണ നഗരവത്കരണമായി പ്രതിഫലിച്ചിട്ടില്ല. കാരണം മൂലധന കേന്ദ്രീകൃതമായ വ്യവസായവത്കരണം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടില്ല.
ചേരികൾ പൊളിച്ചുനീക്കിയും പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചുമാണ് നഗര സൌന്ദര്യവത്കരണം നടപ്പാക്കിയത്. അഹമ്മദാബാദിലെ സബര്‍മതി നദീതീര വികസന പദ്ധതി ഒരുദാഹരണമാണ്. പദ്ധതിബാധിതരായ പാവപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതി നഗരത്തിന് പുറത്താണ്. അതുവരെ തങ്ങളുടെ തൊഴിലിടങ്ങളിൽ നിന്നും പുറന്തള്ളുന്നു.
മറ്റ് ഇന്ത്യൻ നഗരങ്ങളെപ്പോലെ ഗുജറാത്തിലെ നഗരങ്ങളുമുയര്‍ന്ന വളര്‍ച്ചയുടെയും താഴ്ന്ന മനുഷ്യ ക്ഷേമത്തിന്റെയും ചിത്രമാണ് കാണിക്കുന്നത്. പ്രത്യേകിച്ചും ബഹുഭൂരിപക്ഷം വരുന്ന അനൌപചാരിക തൊഴിലാളികളുടെ കാര്യത്തിൽ (മഹാദേവിയ).
തുണി മില്ലുകളുടെ കാര്യത്തിൽ ഗുജറാത്തിന് വലിയ പാരമ്പര്യമുണ്ട്. ചരിത്രപരമായിത്തന്നെ കടൽ വഴിയുള്ള വ്യാപാരം നടന്നിരുന്നതിനാൽ ആളുകള്‍ക്ക് കച്ചവടത്തോട് ആഭിമുഖ്യവുമുണ്ട്. സംസ്ഥാനത്തെ പല വ്യാപാരികളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാൻ മുന്‍കൈ എടുത്തവരാണ്.
വന്‍കിട വ്യവസായ ശാലകള്‍ക്കും ബൃഹദ് പദ്ധതികള്‍ക്കും അവയുടെ തൊഴിൽദാന ശേഷി പരിഗണിക്കാതെ മുന്‍ഗണന നല്‍കിയതിനാൽ തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കുന്ന ചെറുകിടവ്യവസായ സംരംഭങ്ങളെ തഴഞ്ഞതായും ഈ പുസ്തകത്തിൽ പറയുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ (ലോകത്തെ തന്നെ വലിയവയിൽ ഒന്നായ) എണ്ണശുദ്ധീകരണശാല ജാംനഗറിലാണ്. ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളത്.
എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചാണ് മുന്ദ്രയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം നിര്‍മിക്കാൻ ഗൌതം അദാനിയുടെ അദാനി ഗ്രൂപ്പിന് ചുളുവിലക്ക് വന്‍തോതിൽ ഭൂമി ഗുജറാത്ത് സര്‍ക്കാർ പതിച്ചുനല്‍കിയത്.
നിഷേധിക്കപ്പെടാത്ത മാധ്യമ വാര്‍ത്തകൾ കാണിക്കുന്നത് മുന്ദ്രയ്ക്ക് ചുറ്റുമായി 7350 ഹെക്ടർ ഭൂമിയാണ് 30 കൊല്ലാതെ പാട്ടത്തിന് അദാനി ഇങ്ങനെ തട്ടിയെടുത്തതെന്നാണ്. ഒരു ചതുരശ്ര മീറ്ററിന് ഒരു സെന്‍റ് എന്ന നിലക്ക് പാട്ടത്തിനെടുത്ത ഭൂമി ഒരു ചതുരശ്ര മീറ്ററിന് 11 ഡോളർ നിരക്കിലാണ് അവർ വീണ്ടും പാട്ടത്തിന് മറിച്ച് നല്കിയത്.
ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഇറക്കൽ സൌകര്യം മുന്ദ്രയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ്- അവിടെ പദ്ധതി നടത്തിപ്പുകാര്‍ക്ക് നികുതി അടക്കേണ്ടതില്ല. ജനുവരിയിൽ കേന്ദ്രസര്‍ക്കാർ പ്രത്യേക സാമ്പത്തിക മേഖലയിലെ ഭൂവിനിയോഗ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ അതിന്റെ പ്രധാന ഗുണഭോക്താവ് അദാനി ഗ്രൂപ്പ് ആയിരുന്നു.
വൈദ്യുതി നിലയവും, തീവണ്ടിപ്പാളങ്ങളും, സ്വകാര്യ വിമാനത്താവളവുമാടക്കം മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ കോടതി ഉത്തരവിനെ തുടര്‍ന്ന് നിലച്ചിരുന്നു. എന്നാൽ മോദി പ്രധാനമന്ത്രിയായതിന് ശേഷം സുപ്രീം കോടതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്കി.
റിലയന്‍സ്, അദാനി, എസ്സാർ എന്നീ കമ്പനികള്‍ക്ക് 1500 കോടിയോളം വരുന്ന അന്യായമായ ആനുകൂല്യങ്ങൾ സംസ്ഥാന സര്‍ക്കാർ നല്‍കിയതായി 2014 ജൂലായിൽ ഗുയാജ്രാത് നിയമസഭയിൽ വെച്ച ഒരു സി എ ജി റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.
റിലയന്‍സ് പെട്രോളിയം ലിമിറ്റഡുമായി ഒത്തുകളിച്ച് ഗുജറാത്ത് സമുദ്രഗതാഗത സമിതി സര്‍ക്കാരിന് കിട്ടേണ്ട 649.29 കോടി രൂപ നഷ്ടമാക്കി എന്നും സി എ ജി ചൂണ്ടിക്കാണിച്ചു.
ഏതാണ്ട് ഇതേ രീതിയിൽ വൈദ്യുതി വാങ്ങൽ കരാറിൽ പാലിക്കേണ്ട വിഷയങ്ങൾ വ്യക്തമാക്കാതെ ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ്, എസ്സാർ കമ്പനിക്ക് 587.50 കോടി രൂപയുടെ കൊള്ളലാഭമാണ് ഉണ്ടാക്കിക്കൊടുത്തത്.
അദാനി ഗ്രൂപ്പിന്റെ മുന്ദ്ര തുറമുഖത്തിൽ നിര്‍മ്മാണപ്രവര്‍ത്തനത്തിൽ മേല്‍നോട്ടം നടത്താതിരുന്നതുമൂലം സര്‍ക്കാരിന് ലഭിക്കേണ്ട 118.12 കോടി രൂപ നഷ്ടമായി.
സൌരോര്‍ജ നയത്തിൽ അധിക ശേഷി ഏറ്റെടുത്ത് സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് മേൽ 473.20 കോടി രൂപയുടെ ഭാരം അടിച്ചേല്‍പ്പിച്ചതിനും സി എ ജി ഗുജറാത്ത് സര്‍ക്കാരിനെ ശാസിച്ചു.
(http://timesofindia.indiatimes.com/india/Gujarat-govt-unduly-favoured-R…)
പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നതുപോലെ, ഗുജറാത്തിൽ വലിയ വ്യവസായ പദ്ധതികള്‍ക്ക് നല്കിയ ആനുകൂല്യങ്ങളും ഇളവുകളും ആശ്രിത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ഭരണകൂടത്തിന്റെ പിന്തുണയാൽ ചില വേണ്ടപ്പെട്ട വ്യവസായികൾ ദേശീയതലത്തിൽ വലിയ കളിക്കാരാവുകയും ചെയ്തു.
വലിയ വ്യവസായ സംരംഭങ്ങള്‍ക്ക് നല്കിയ പലതരം ആനുകൂല്യങ്ങൾ തൊഴിൽ,മൂലധന, വിഭവ സ്രോതസ് വിപണികളെ വികലമാക്കുകയും, സ്വകാര്യ സംരംഭകർ വിഭവസ്രോതസുകളെ തെറ്റായി തിരിച്ചുവിടുന്നതിലേക്കും നയിച്ചു. ഇത് മറ്റ് മേഖലകളിലേക്ക്, പ്രത്യേകിച്ചും ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് കിട്ടേണ്ട പൊതുനിധിയുടെ സഹായം പോലും ഇല്ലാതാക്കി.
ഗുജറാത്തിനെക്കാൾ വളരെക്കുറവ് പ്രതിശീര്‍ഷ വരുമാനവും, കുറഞ്ഞ വളര്‍ച്ചാ നിരക്കുമുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാൽ പോലും സാമൂഹ്യമേഖലകളിലെ പ്രതിശീര്‍ഷ ചെലവ് വളരെ കുറവാണ്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളാണ് ഇതിന് വഴിവെച്ചത്.
വന്‍കിട വ്യവസായികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് കനത്ത കടബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. ഇതെല്ലാം ഒടുവിൽ വന്നുചേരുന്നത് സാധാരണ പൌരന്റെ ചുമലിലും.
സാമ്പത്തിക വികസനത്തിന്റെ പേര്പറഞ്ഞ് കൂലി താഴ്ത്തി നിര്‍ത്തിയും തൊഴിലാളികളുടെ സംഘടിത മുന്നേറ്റങ്ങളെ തടഞ്ഞും വന്‍കിട വ്യാപാരികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ആനുകൂല്യങ്ങൾ നല്‍കുന്ന ആശ്രിത മുതലാളിത്തത്തിന്റെ ഒരു മാതൃകയാണിത്.
എന്തായാലും ചില കാര്യങ്ങൾ മോദിയുടെ ഗുജറാത്തിൽ ഭംഗിയായി നടന്നു എന്നു പറയാതെ വയ്യ. അതിലൊന്ന് ഗ്രാമപ്രദേശങ്ങളിൽ 24 മണിക്കൂറും വൈദ്യുതി നാല്‍കാനായി മോഡി അധികാരത്തിലെത്തിയപ്പോൾ തുടങ്ങിയ ജ്യോതിഗ്രാം യോജനയാണ്. ആനുകൂല്യങ്ങളും ഇളവുകളും ഇല്ലാതെ നടപ്പാക്കിയ ഒരു പ്രായോഗിക മാതൃക എന്ന നിലക്ക് പദ്ധതി പ്രകീര്‍ത്തിക്കപ്പെട്ടു.
(http://www.livemint.com/Politics/jidgEODmTuivukTLuJHSTN/The-Narendra-Mo…)
2014-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി സാധാരണ ഇന്ത്യക്കാര്‍ക്ക് മുന്നിൽ, ഇന്നുവരെ ഗുജറാത്ത് കാണാത്ത അനേകമാളുകളും അതില്‍പ്പെടും, ഈ ഗുജറാത്ത് മാതൃക വിജയകരമായി വില്‍ക്കാൻ മോദിക്ക് കഴിഞ്ഞതായി നിരവധി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ദിവസം മുഴുവനും വൈദ്യുതി ലഭിക്കുന്ന ഒരു സ്ഥലം, ഏതാണ്ട് വേറൊരു രാജ്യം എന്ന നിലയ്ക്കാണ് ഗുജറാത്ത് അവതരിക്കപ്പെട്ടത്.
ഇക്കണോമിസ്റ്റ് എഴുതി; “തെരഞ്ഞെടുപ്പിന് മുമ്പുള്ള ചൂടുപിടിച്ച കാലത്ത്, അടിസ്ഥാന സൌകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തപ്പെടുത്തിയുമുള്ള കാര്യക്ഷമമായ ഉറച്ച ഭരണത്തിന്റെ മാതൃകയായി സംസ്ഥാനത്തിനെ വ്യാപകമായി ഉയര്‍ത്തിക്കാട്ടി. നിക്ഷേപകര്‍ക്ക് മുന്നിൽ വിപണനത്തിന്റെ മികവോടെ അതിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പേരിൽ സംസ്ഥാനം പ്രകീര്‍ത്തിക്കപ്പെട്ടു.”
വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക ഉച്ചകോടിയെപ്പറ്റി വലിയ പ്രചാരണമായിരുന്നു. ജനുവരിയിലാണ് ഏഴാമത് ഉച്ചകോടി ഗാന്ധിനഗറിൽ നടന്നത്. സംസ്ഥാനം ഹിന്ദു-മുസ്ലീം കലാപത്തിന് സാക്ഷ്യം വഹിച്ച 2003-ലാണ് ഉച്ചകോടി തുടങ്ങിയത്. ഒപ്പുവെച്ച ധാരണാപത്രങ്ങളിൽ എത്രയെണ്ണം നിക്ഷേപമായി മാറിയെന്നത് മറ്റൊരു കാര്യമാണ്.
കലാപത്തിന് ശേഷം Confederation of Indian Industry-യില്‍പ്പെട്ട വ്യവസായികൾ വിമര്‍ശന ഉയര്‍ത്തുകയുണ്ടായി. ആ സമയത്ത് ഗൌതം അദാനിയാണ് ഗുജറാത്തിൽ നിന്നുള്ള സംരഭകരെ മോദിക്ക് പിന്നിൽ ഒന്നിപ്പിക്കാൻ നേതൃത്വം നല്കിയത്. മറ്റൊരു സമാന്തര സംഘടന ഉണ്ടാക്കും എന്നുവരെ അദാനി ഭീഷണി മുഴക്കിയിരുന്നു.
മോദി എപ്പോഴും വലിയ മാനങ്ങളിൽ ചിന്തിക്കാൻ ഇഷ്ടപ്പെടുന്നു, അത് ബുള്ളറ്റ് ട്രെയിനായാലും, സര്‍ദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയായാലും. പക്ഷേ അടിസ്ഥാന സാമൂഹ്യ സൌകര്യങ്ങൾ നല്‍കുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനചരിത്രം ഒട്ടും തിളക്കമുള്ളതല്ല.