201-16 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി 28 ശനിയാഴ്ച ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ എത്തുമ്പോള്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ രാജ്യത്ത് വ്യാപാരം നടക്കുന്ന രീതി കുറച്ചു കൂടി ലളിതമാക്കുമെന്ന വസ്തുതയ്ക്കായിരിക്കും അദ്ദേഹം ഊന്നല്‍ നല്‍കുക. നരേന്ദ്ര മോദിയുടെ 'കുറഞ്ഞ അളവിലുള്ള സര്‍ക്കാര്‍, കൂടുതല്‍ ഭരണനിര്‍വഹണം,' എന്ന തിരഞ്ഞെടുപ്പ് പൂര്‍വ മുദ്രാവാക്യത്തിന് അനുസൃതമായി ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തില്‍ സര്‍ക്കാരിന്റെ പങ്ക് കുറയ്ക്കുന്നതിനുള്ള നയങ്ങളും പരിപാടികളും അദ്ദേഹം പ്രഖ്യാപിക്കുമെന്നുള്ളത് ഉറപ്പാണ്.
തുടക്കക്കാര്‍ക്കുള്ള ഭാഗ്യത്തിന്റെ പങ്ക് ഇത്ര ലഭിച്ചിട്ടുള്ള മറ്റൊരു സര്‍ക്കാര്‍ ഉണ്ടാവില്ല. മൊത്തം ക്രൂഡോയില്‍ ആവശ്യത്തിന്റെ ഏകദേശം 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്തിനെ സംബന്ധിച്ചിടത്തോളം, അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയിലുണ്ടായ 50 ശതമാനത്തിലേറെയുള്ള ഇടിവ് വലിയ അനുഗ്രഹമായി ഭവിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരാകട്ടെ പെട്രോളിന്റെയും ഡീസലിന്റെയും വില 20 ശതമാനം കണ്ട് കുറച്ചപ്പോള്‍, എക്‌സൈസ്, കസ്റ്റംസ് തീരുവകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ബാക്കിയുള്ള 30 ശതമാനം അടിച്ചുമാറ്റി.
എന്നാല്‍, ആഗോള ചോദനത്തില്‍, പ്രത്യേകിച്ചും, യൂറോപ്പ്, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളിലെ ചോദനത്തില്‍, ഉണ്ടായ ഇടിവാണ് ഈ പ്രതിഭാസത്തിന് കാരണം എന്നതാണ് ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വിലയിടിവിന്റെ മറുവശം. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച നിരക്ക് സാവാധനത്തിലാവുകയാണ്. ഇതെല്ലാം ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. അതായത്, ഇന്ത്യയുടെ ഇറക്കുമതി ചിലവുകള്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ തന്നെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തിലും ഇടിവ് സംഭവിച്ചു. ഇന്ത്യയുടെ വിദേശ തിരച്ചടവ് മിച്ചത്തെയും (external balance of payments), കറണ്ട് അക്കൗണ്ട് കമ്മിയിലും സമ്മര്‍ദം ചെലുത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തില്‍ ഉണ്ടാകുന്ന ഇടിവാണ്.
015 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍, ധന കമ്മി നിയന്ത്രിക്കാനും ഏകദേശം 3.6 ശതമാനമായി കുറയ്ക്കാനും ജെയ്റ്റ്‌ലി ആഗ്രഹിക്കുന്നുണ്ട്. എണ്ണ വിലയിടിവ് മൂലം ഈ സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം താതമ്യേന ഭാഗ്യവാനായിരുന്നു എന്ന് പറയാം. നേരിട്ടുള്ള നികുതികളും (എക്‌സൈസ്, കസ്റ്റംസ് തീരുവകള്‍) നേരിട്ടുള്ളതല്ലാത്ത നികുതികളും (വ്യക്തിഗത വരുമാന നികുതിയും കോര്‍പ്പറേറ്റ് നികുതിയും) പറയത്തക്ക വളര്‍ച്ചയൊന്നും കാണിക്കാത്തത് മൂലം മൊത്തം നികുതി പിരിവ് വിചാരിച്ച തരത്തിലായില്ലെങ്കില്‍ പോലും, 2014-15 വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 4.1 ശതമാനം എന്ന പ്രതീക്ഷിത ലക്ഷ്യം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
എങ്ങനെയായിരിക്കും അദ്ദേഹം ഇത് നേടിയെടുക്കുക? ആരോഗ്യരക്ഷ, വിദ്യാഭ്യാസം, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പോലെയുള്ള മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവയിലൂടെയം കൃഷി, ഗ്രാമീണ വികസനം എന്നിവയിലൂടെയും ഉണ്ടാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചിലവുകള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ് ഒരു വഴി. എന്നാല്‍ പ്രത്യക്ഷവും നിര്‍ലജ്ജവുമായ രീതിയില്‍ ഇത്തരം വെട്ടിക്കുറവുകള്‍ നടത്താന്‍ ജയ്റ്റ്‌ലിക്ക് സാധിക്കില്ല. നിഗൂഢവും സൂക്ഷ്മവുമായ ചില മാര്‍ഗ്ഗങ്ങളാവും ഇതിന് വേണ്ടി അദ്ദേഹം അവലംബിക്കുക. അല്ലാത്തപക്ഷം, ദരിദ്രര്‍ക്ക് എതിരാണെന്ന രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇത്തരം ചിലവ് ചുരുക്കലുകള്‍, പ്രതിപക്ഷത്തെയും ബിജെപിയില്‍ തന്നെയുള്ള ചില വിഭാഗങ്ങളെയും സ്വദേശി ജാഗരണ്‍ മഞ്ച് പോലെയുള്ള സംഘപരിവാര്‍ സംഘടനകളെയും അത്ര എളുപ്പം ബോധ്യപ്പെടുത്താന്‍ ജയ്റ്റ്‌ലിക്ക് സാധിക്കില്ല.
എന്നിരുന്നാലും, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൈകളില്‍ നിന്നും ബിജെപിക്ക് ഏറ്റ കനത്ത പരാജയം, 'സാമ്പത്തിക പരിഷ്‌കരണ' നടപടികളുടെ വേഗത കുറയ്ക്കില്ല എന്ന അദ്ദേഹത്തിന്റെ വാഗ്ദാനത്തില്‍ ജയ്റ്റ്‌ലിക്ക് ഉറച്ച് നില്‍ക്കേണ്ടതുണ്ട്. അധികാരത്തിലേറി എട്ട് മാസമായിട്ടും മോദി സര്‍ക്കാര്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് കോര്‍പ്പറേറ്റ് നായകന്‍ ദീപക് പരേഖിനെ പോലെയുള്ള വന്‍കിട വ്യവസായികള്‍ ഇപ്പോള്‍ തന്നെ പരാതി പറയാന്‍ തുടങ്ങിയിട്ടുണ്ട്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈ അയച്ച് സഹായിച്ചതിന്റെ പേരില്‍ മാത്രമല്ല, പ്രധാനമന്ത്രിയുടെ 'ഇന്ത്യയില്‍ നിര്‍മ്മിക്കു' പ്രചാരണം വിജയിപ്പിക്കുന്നതിനായി സര്‍ക്കാരിന് സ്വകാര്യ വ്യവസായികളെ ആശ്രയിക്കേണ്ടിയിരിക്കുന്നു എന്നതിനാലും കോര്‍പ്പറേറ്റ് മേഖലയെ പ്രീണിപ്പിക്കാന്‍ ധനമന്ത്രി നിര്‍ബന്ധിതനാകും.
രാജ്യത്തിന്റെ ഭൗതീക അടിസ്ഥാന സൗകര്യങ്ങളുടെയും (വൈദ്യുതി, ഗതാഗതം, ജലം) സാമൂഹ്യ സൗകര്യങ്ങളുടെയും (വിദ്യാഭ്യാസം, ആരോഗ്യം) നിലവാരം കണക്കിലെടുക്കുമ്പോള്‍, നിക്ഷേപ കാലാവസ്ഥ പുനരുജ്ജീവിപ്പിക്കും എന്നൊക്കെ പറയാന്‍ എളുപ്പമായിരിക്കുമെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ അത്ര എളുപ്പമായിരിക്കില്ല. ചില വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്തംഭനാവസ്ഥയില്‍ നില്‍ക്കുന്ന ഓട്ടോമൊബൈല്‍ മേഖലയ്ക്കുള്ള നികുതി ഇളവുകള്‍ ധനമന്ത്രി തുടര്‍ന്നേക്കും. അതേസമയം തന്നെ, ഓഹരി വിപണിയെ സന്തോഷിപ്പിക്കുന്നതിനായി വിദേശനിക്ഷേപകരെ പ്രത്യേകിച്ചും പൊതു നിക്ഷേപകരെയും വിദേശ സ്ഥാപന നിക്ഷേപകരെയും അനുനയിപ്പിക്കുന്നതിനുള്ള പ്രത്യേക ശ്രമങ്ങള്‍ നടത്താന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. 'നഷ്ടപ്പെട്ട നികുതികളുടെ കണക്കുകള്‍' എന്ന് ബജറ്റ് രേഖകളില്‍ പരാമര്‍ശിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നികുതി ഇളവുകളുടെ നീളം കൂടുമെന്ന് സാരം.
നികുതി നിരക്കുകള്‍ കുറച്ചുകൊണ്ടോ അല്ലെങ്കില്‍ പരിധി വര്‍ദ്ധിപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ രണ്ടിന്റെയും മിശ്രിതം സ്വീകരിച്ചുകൊണ്ടോ ഇടത്തരക്കാരുടെ വ്യക്തിഗത വരുമാന നികുതി ഭാരം കുറയ്ക്കാന്‍ ധനമന്ത്രി നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത. മോദിയെയും ബിജെപിയെയും പിന്തുണയ്ക്കുന്ന എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിഭാഗം ജനങ്ങളുടെ അഭിനന്ദനം ഇതുവഴി അദ്ദേഹത്തിന് നിസംശയം ലഭിക്കും. പതിവ് പാപാരോപിത വസ്തുക്കളായ സിഗരറ്റ് പോലുള്ളവയുടേത് ഒഴികെ മറ്റ് ഉല്‍പന്നങ്ങളുടെ നികുതിയില്‍ അദ്ദേഹം വലിയ വര്‍ദ്ധന വരുത്താന്‍ സാധ്യതയില്ല. എന്നാല്‍ ബജറ്റ് കണക്കുകൂട്ടലുകളില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പന്ന വളര്‍ച്ച ഊര്‍ജ്ജസ്വലമായും (ഏകദേശം 8 ശതമാനം) പണപ്പെരുപ്പം നിശ്ചലമായും (ഏകദേശം അഞ്ച് ശതമാനം) നില്‍ക്കുന്നതായി അദ്ദേഹം സങ്കല്‍പിക്കും.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഖജനാവിലേക്ക് വരുമാനം എത്തുമെന്ന് അദ്ദേഹം അവകാശപ്പെടുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇത് സര്‍ക്കാരിന്റെ വലതുപക്ഷ നയങ്ങളുമായി യോജിച്ച് പോകുന്ന ഒന്നാണ് താനും. ബജറ്റ് കമ്മി നികത്തുന്നതിനായി ഓഹരി വിറ്റഴിക്കല്‍ വഴി വിഭവങ്ങള്‍ കണ്ടെത്തുക എന്ന ഈ തന്ത്രം ഇടക്കാല, ദീര്‍ഘകാല പരിപ്രേക്ഷ്യത്തില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാക്കുമെന്നത് മൊത്തത്തില്‍ മറ്റൊരു വിഷയമാണ്. കുടുംബ സ്വത്ത് വീണ്ടും വീണ്ടും വില്‍കാന്‍ കഴിയില്ല. കൂടുതല്‍ പ്രധാനം ഈ സ്വത്ത് വില്‍പന മകളുടെ വിദ്യാഭ്യാസത്തിനോ അല്ലെങ്കില്‍ വീട് കൂടുതല്‍ വലുതാക്കുന്നതിനോ ആയിരിക്കണം എന്നുള്ളതാണ്. അല്ലാതെ പച്ചക്കറി വാങ്ങാനാവരുത്. എന്നാല്‍ ഇത്തരം യുക്തികളൊന്നും ജയ്റ്റ്‌ലിയെ പോലുള്ളവര്‍ക്ക് ഇതുവരെ മനസിലായിട്ടില്ല. ഇനിയൊട്ട് മനസിലാക്കാനും പോകുന്നില്ല. എന്നാല്‍, ഭക്ഷ്യ, വളം സബ്‌സിഡികള്‍ വര്‍ദ്ധിപ്പിക്കുന്നത് പോലുള്ള 'ജനപ്രിയ' നയങ്ങള്‍ നടപ്പിലാക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയരുന്ന സമ്മര്‍ദ്ദങ്ങളെ അദ്ദേഹം ചെറുക്കുമെന്ന് ഉറപ്പാണ്.
ഒരു ധനകാര്യ കണക്കെടുപ്പിനേക്കാള്‍ പ്രാധാന്യം ഇന്ത്യയിലെ ബജറ്റുകള്‍ക്കുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രധാനപ്പെട്ട വിധി പ്രസ്താവങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്ന ബജറ്റുകള്‍. അദ്ദേഹത്തിന്റെ ജൂലൈ ബജറ്റ് ഒരു സൂചകമായി എടുക്കാമെങ്കില്‍, ഈ ബജറ്റും വിശദാംശങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും എന്ന് മാത്രമല്ല, അദ്ദേഹം രണ്ടാമനായ മോദി സര്‍ക്കാരിന്റെയും ജയ്റ്റ്‌ലിയുടെ തന്നെയും വ്യാപാര സൗഹൃദനയങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമായിരിക്കും. സാമ്പത്തികരംഗത്തിന്റെ അവസ്ഥയെ സംബന്ധിച്ചിടത്തോളം ധനമന്ത്രിയും പ്രധാനമന്ത്രിയും ഈ സമയം വരെ അതിഭാഗ്യവാന്മാരാണ്. ഈ ഭാഗ്യം സമീപഭാവിയിലൊന്നും തങ്ങളെ വിട്ടുപോവില്ലെന്ന് ഇരുവരും തീര്‍ച്ചയായും ആഗ്രഹിക്കുന്നുമുണ്ടാവും.