സമരപാതകൾ തുറക്കണം സ്വയം പുനരാവിഷ്കരിക്കണം: ഇടതിന് എന്തുപറ്റി? - 2

2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ലോക്‌സഭയിലെ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം പത്തായി കുറഞ്ഞപ്പോൾ ഈ ലേഖകനടക്കമുള്ള കുറേപ്പേരെങ്കിലും വിചാരിച്ചത് ഇനിയങ്ങോട്ടത് ശുഷ്കമാവില്ല എന്നാണ്. പക്ഷേ, ഞങ്ങൾക്കു തെറ്റിപ്പോയി. നടപ്പു ലോക്‌സഭയിലെ ഇടതുസാന്നിധ്യം ആറ് അംഗങ്ങളിലൊതുങ്ങിയിരിക്കുന്നു. എങ്ങനെയാണ് ഇതു സംഭവിച്ചത്?
ലോകത്തിന്റെ പല ഭാഗങ്ങളെയും ഗ്രസിച്ചിരിക്കുന്ന വലതുപക്ഷ, ജനപ്രിയ രാഷ്ട്രീയത്തിനും ഇന്ത്യയിൽ കഴിഞ്ഞ അഞ്ചുവർഷമായി ശക്തിപ്രാപിക്കുന്ന ഭൂരിപക്ഷമതാധിഷ്ഠിത ദേശീയവാദത്തിനും ബദലുകളുണ്ടെന്നു വിശ്വസിക്കുന്നവർക്ക് എന്താണ് മുന്നോട്ടുള്ള വഴി?

നഷ്ടപ്പെട്ട ദേശവ്യാപക സ്വഭാവം

ആത്മപരിശോധന നടത്താൻ മുതിരവേ ഇടതുപക്ഷം ആദ്യംചെയ്യേണ്ടത് അതിന്റെ ദേശവ്യാപകസ്വഭാവം വർഷങ്ങൾക്കുമുമ്പേ നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് അംഗീകരിക്കുകയാണ്.

 1951-’52-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് 16 സീറ്റുകൾ കിട്ടിയിരുന്നു. 1962-ൽ അത് 29 ആയി. 1967 ആയപ്പോഴേക്കും ലോക്‌സഭയിലെ ഇടതുസാന്നിധ്യം 42 ആയി ഉയർന്നു. പക്ഷേ, അക്കൊല്ലം അവസാനമായപ്പോഴേക്കും രാജ്യത്ത് മൂന്നു പ്രധാന കമ്യൂണിസ്റ്റ് പാർട്ടികളായിക്കഴിഞ്ഞിരുന്നു- സി.പി.ഐ., സി.പി.ഐ.-എം, പിന്നെ പാർലമെന്ററിപാത വെടിഞ്ഞ സി.പി.ഐ.- എം.എൽ. (1964-ൽ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആദ്യത്തെ പിളർപ്പുണ്ടായത്. ഈ പിളർപ്പിന് ഇന്ന് എന്തെങ്കിലും സാംഗത്യമുണ്ടോ, ഇങ്ങനെ ഒന്നിലേറെ കമ്യൂണിസ്റ്റ് പാർട്ടികൾ വേണ്ടതുണ്ടോ എന്നതൊക്കെ ആലോചനീയമാണ്. വ്യക്തിഗതമായ അഹന്തകൾ ഉയർത്തിപ്പിടിക്കാനും റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ഇപ്പോൾ ഈ വേറിട്ടുനടത്തം). 2004-ൽ 61 ലോക്‌സഭാംഗങ്ങളുമായി അതിന്റെ പാർലമെന്ററിശക്തി പരകോടിയിലെത്തിയപ്പോഴും ഇടതുപക്ഷത്തിന്റെ സാന്നിധ്യം കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ മാത്രമൊതുങ്ങുന്നതായിരുന്നു.

തകർച്ചയുടെ വഴികൾ

ബംഗാളിലെയും ത്രിപുരയിലെയുംപോലെ കേരളത്തിൽ ഇടതുപക്ഷം ക്ഷയിക്കാത്തത് എന്തുകൊണ്ടാവും? ഒരു പ്രധാനകാരണം കേരളത്തിൽ ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പുജയം ഒരുകാലത്തും നൂറുശതമാനം മുൻകൂട്ടി ഉറപ്പിക്കാനായിട്ടില്ല എന്നതാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. എപ്പോഴും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. ബംഗാളിലാവട്ടെ ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതടവില്ലാതെ ജയിച്ച് 34 കൊല്ലത്തെ തുടർഭരണമാണ് ഇടതുപക്ഷത്തിനു ലഭിച്ചത്. ത്രിപുരയിൽ 1977-നും 2018-നുമിടയിൽ ഒരൊറ്റത്തവണമാത്രമാണ് ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്-1988-ൽ.

ഭൂപരിഷ്കരണം, അധികാരവികേന്ദ്രീകരണം തുടങ്ങിയ ആദ്യകാല ഭരണനേട്ടങ്ങളുടെ പിൻബലത്തിൽ എക്കാലവും ഭരണത്തിൽ തുടരാമെന്ന അലസവിചാരമാണ് ബംഗാളിൽ ഇടതുപക്ഷത്തിന്റെ തകർച്ചയിൽ കലാശിച്ചത്. സ്വാതന്ത്ര്യസമരത്തിലെ പങ്കിന്റെപേരിൽ ഇന്ത്യയിലെ ജനങ്ങൾ എക്കാലവും തങ്ങളെ ഭരണത്തിലേറ്റുമെന്ന വിചാരം ആദ്യകാലത്ത് കോൺഗ്രസിനുമുണ്ടായിരുന്നു; 1967-ൽ ഹിന്ദി ഹൃദയഭൂമിയിൽ പലയിടത്തും അധികാരം കൈമോശംവരുന്നതുവരെ അതായിരുന്നു സ്ഥിതി.

ബംഗാളിലെ ഇടതുപക്ഷത്തിന്റെ പതനം 1990-കളിലെ സോവിയറ്റ് തകർച്ചയെ അനുസ്മരിപ്പിക്കുംവിധം ദ്രുതവും ദുരന്തപൂർണവുമായിരുന്നു. സംസ്ഥാനത്ത് രണ്ടാംനിരനേതൃത്വം പടുത്തുയർത്തുന്നതിൽ പരാജയപ്പെട്ടതിനാൽ, യുവാക്കളുടെ ഒരു തലമുറയോടൊന്നടങ്കം ഫലപ്രദമായി സംവദിക്കാൻ ഇടതുപക്ഷത്തിനു സാധ്യമാവാതെവന്നു. ഇടതുപക്ഷസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളായ പാട്ടക്കുടിയാന്മാരുടെ പിൻമുറക്കാരും ഇക്കൂട്ടത്തിൽപ്പെടും. തങ്ങളുടെ അഭിലാഷങ്ങൾ ഉൾക്കൊള്ളാൻ കമ്യൂണിസ്റ്റുകൾക്കു കഴിയുന്നില്ലെന്നു മനസ്സിലാക്കിയ യുവത ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ അകമഴിഞ്ഞു പിന്തുണച്ചു. നേരത്തേ അവരിൽ കുറേപ്പേർ തൃണമൂൽ കോൺഗ്രസിനൊപ്പംപോയിരുന്നു.

അഹന്ത, അലസത, അഴിമതി ഇതൊക്കെ ബംഗാളിലെ ഇടതുഭരണത്തെ ഗ്രസിച്ചിരുന്നു. അവിടത്തെ രാഷ്ട്രീയഅക്രമങ്ങളുടെ സ്വഭാവം കേരളത്തിലേതിൽനിന്നു വ്യത്യസ്തമാണ്. കേരളത്തിൽ അതത്ര വ്യാപകമോ നിരന്തരം സംഭവിക്കുന്നതോ അല്ല; സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽമാത്രമാണ് അത്തരം സംഭവങ്ങൾ അധികമുണ്ടാകുന്നത്. ബംഗാളിനാവട്ടെ ഇടതുപക്ഷത്തിന്റെ വളർച്ചയ്ക്കുമുമ്പേ രാഷ്ട്രീയ അക്രമങ്ങളുടേതായ ഒരു ചരിത്രമുണ്ട്. പ്രധാനമായും രാഷ്ട്രീയാധികാരം നേടിയെടുക്കുന്നതുമായും ഭരണകൂട ഉപകരണങ്ങളുടെ നിയന്ത്രണവുമായും ബന്ധപ്പെട്ടുനിൽക്കുന്നതുമാണ് അത്. 1940-കളിലെ ബംഗാളിന്റെ മുഖമുദ്രയായിരുന്ന വർഗീയാസ്വാസ്ഥ്യങ്ങൾ ഇന്നു പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിട്ടുമുണ്ട്.

ഇടതിന്റെ പരമ്പരാഗത അനുഭാവികളിൽ വലിയൊരുഭാഗം എന്തുകൊണ്ട് ബി.ജെ.പി. യിലേക്കു കൂടുമാറി എന്നതിനെപ്പറ്റി ഏറെ ചർച്ച നടക്കുന്നുണ്ട്. പലർക്കും, പ്രത്യേകിച്ച് ഗ്രാമീണമേഖലകളിലുള്ളവർക്ക്, അതവരുടെ ജീവൻ നിലനിർത്തേണ്ടതിന്റെയും വീട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയുമൊക്കെ പ്രശ്നമായിരുന്നു. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി. വൻമുന്നേറ്റമുണ്ടാക്കിയിട്ടും (2014-ലെ രണ്ടുസീറ്റിന്റെ സ്ഥാനത്ത് ഇക്കുറി 18 സീറ്റ്) തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം നാലുശതമാനം കൂടിയിരിക്കുകയാണ്. ബംഗാൾ രാഷ്ട്രീയം രണ്ടുചേരികളായി ധ്രുവീകരിക്കപ്പെട്ടുവെന്നും ബി.ജെ.പി.യുടെ മത്സരാധിഷ്ഠിത മതരാഷ്ട്രീയത്തോടുള്ള ബലാബലത്തിന് ഇടതുപക്ഷത്തിനു ശേഷിയില്ലെന്നുമുള്ള മുസ്‌ലിം വോട്ടർമാരുടെ തിരിച്ചറിവാണതിനു കാരണം. ഈ മുസ്‌ലിം വോട്ടർമാർ മുമ്പ് ഇടതിനോടോ കോൺഗ്രസിനോടോ കൂറുപുലർത്തിയവരായിരുന്നു.

ഗുരുതരമായ പിഴവുകൾ

ലോകത്തെങ്ങുമെന്നപോലെ ഇന്ത്യയിലും തൊഴിലാളിപ്രസ്ഥാനങ്ങൾ ദുർബലമായതോടെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയസ്വാധീനവും നേർത്തുപോയി. ഇന്ത്യയിൽ പൊതുവിലും ഹിന്ദി ഹൃദയഭൂമിയിൽ പ്രത്യേകിച്ചും ജാതിക്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനം തിരിച്ചറിയുന്നതിൽ ഇടതിന് ഗുരുതരമായ പിഴവു സംഭവിച്ചതാണ് കൂടുതൽ ദൗർഭാഗ്യകരം. വളരെ വൈകിപ്പോയെങ്കിലും ആ പിഴവ് അവർ സമ്മതിക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയും സി. പി.ഐ. നേതാവുമായ ഇന്ദ്രജിത് ഗുപ്ത ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്: ‘‘തോളിൽ ചെങ്കൊടിയേന്തിയ പ്രവർത്തകൻ പക്ഷേ, വോട്ടുചെയ്യുമ്പോൾ സ്വന്തം ജാതിയുടെ താത്പര്യങ്ങളാവുംനോക്കുക.’’ ഈ ലേഖകനും സഹരചയിതാവ് ശങ്കർ രഘുരാമനുംചേർന്നു നടത്തിയ ഈ അഭിമുഖം ഗുപ്ത അന്തരിക്കുന്നതിനു മാസങ്ങൾക്കുമുമ്പ് 2001 ഫെബ്രുവരിയിലായിരുന്നു.

1990-കളിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെയും ബി.എസ്.പി.യുടെയും വളർച്ചയോടെ ജാതിരാഷ്ട്രീയം പ്രാബല്യം കൈവരിച്ചപ്പോൾ ഇടതുപക്ഷത്തിന് അവിടെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ആർ.എസ്.എസിന്റെ പിൻബലത്തോടെ ബി.ജെ.പി. പിന്നാക്ക-ദളിത് വിഭാഗങ്ങളിലേക്കു കടന്നുകയറ്റം നടത്തുകയും ജാതിരാഷ്ട്രീയത്തിന്റെ ദുർഗങ്ങളിൽ വിള്ളൽവീഴ്ത്തുകയുംചെയ്ത നടപ്പുകാലത്തും ഇടതുപക്ഷം ആ കളിത്തട്ടിനു പുറത്തുതന്നെ.

മുന്നോട്ടുള്ള മാർഗങ്ങൾ

എന്താണ് ഇടതിനു മുന്നോട്ടുള്ള മാർഗം? സാമ്പത്തികവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തുടരണം. തൊഴിലില്ലായ്മ, അസമത്വം, കർഷകദൈന്യം എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് സമരപാതകൾ തുറക്കണം. ബി.ജെ.പി.വിരുദ്ധരായ ഇതരകക്ഷികളുമായി, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചും വിട്ടുവീഴ്ചകൾ നടത്തിയും ഒന്നിച്ചുനിന്ന് മുഖ്യശത്രുവിനെ നേരിടണം. ഇന്ത്യൻ ഇടതുപക്ഷത്തിന് ചരമക്കുറിപ്പെഴുതാൻ വ്യഗ്രതപ്പെടുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്; രാജ്യത്തെ 12 നിയമസഭകളിൽ ഇപ്പോഴും ഇടതുപ്രാതിനിധ്യമുണ്ട് എന്നതാണത്. ഇങ്ങനെ 12 നിയമസഭകളിൽ പ്രാതിനിധ്യമുള്ള വേറെ രണ്ടു രാഷ്ട്രീയചേരികൾ ബി.ജെ.പി.യും കോൺഗ്രസും മാത്രമാണ്.

എന്നിരിക്കിലും ഇടതുപക്ഷം സ്വയം പുനരാവിഷ്കരിക്കേണ്ടതുണ്ട്. സമകാലീനചരിത്രത്തിന്റെ ചില വശങ്ങളുമായും ദേശീയതലത്തിൽ മുന്നണിരാഷ്ട്രീയം ക്ഷയോന്മുഖമായി എന്ന വസ്തുതയോടും അവർ ഇപ്പോഴും താദാത്മ്യപ്പെട്ടിട്ടില്ല.

മൂന്നു ചോദ്യങ്ങൾ

1996-ൽ ജ്യോതിബസുവിന് ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ള അവസരം നിഷേധിക്കുകയെന്ന ‘ചരിത്രപരമായ വങ്കത്തം’ ഇടതുപക്ഷം കാണിക്കണമായിരുന്നോ  ഇന്ത്യ-യു.എസ്. ആണവക്കരാറിനെച്ചൊല്ലി 2008-ൽ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമായിരുന്നോ

 ബി.ജെ.പി.ക്കും നരേന്ദ്രമോദിഭരണത്തിനുമെതിരേ വീണ്ടുമൊരു അഞ്ചുകൊല്ലക്കാലത്തേക്കു പടയ്ക്കൊരുങ്ങുന്ന, ആവേശവും ആത്മവിശ്വാസവുമൊക്കെ കുറേയേറെ ചോർന്നുകഴിഞ്ഞ കോൺഗ്രസടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ കൂടെനിൽക്കാൻ ഇടതുപക്ഷം സന്നദ്ധമാണോ എന്നതാണ് മൂന്നാമത്തെ ചോദ്യം. അതിനു സന്നദ്ധമല്ലാത്തപക്ഷം സ്വന്തം രാഷ്ട്രീയപ്രസക്തി നിലനിർത്താൻ സാധിക്കുമെന്ന് ഇടതുപക്ഷം കരുതുന്നുണ്ടോ
ആദ്യത്തെ രണ്ടു ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരിക്കുകയും കഴിഞ്ഞതുകഴിഞ്ഞു എന്നുപറഞ്ഞൊഴിയുകയുംചെയ്യുന്നുവെങ്കിൽ ആവട്ടെ. പക്ഷേ, മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം സ്ഫുടവും സുവ്യക്തവുമായേതീരൂ.

 (മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ ഇ.പി.ഡബ്ല്യുവിന്റെ മുൻ പത്രാധിപരാണ്‌)

Featured Book: As Author
Sue the Messenger
How legal harassment by corporates is shackling reportage and undermining democracy in India
 
Featured Book: As Publisher
Electoral Democracy?
An Inquiry into the Fairness and Integrity of Elections in India
Also available: