ലക്ഷ്മീനാരായണ്‍ യാദവ് ഒരു ധനിക കര്‍ഷകനാണ്. ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഖുമനേര ഗ്രാമത്തിലാണ് താമസം. ജലസേചന സൗകര്യമുള്ള അഞ്ചര ഏക്കര്‍ ഭൂമിയില്‍ ഗോതമ്പും കടുകും വളര്‍ത്തുന്നു. കാലം തെറ്റി പെയ്ത മഴ അയാളുടെ ശൈത്യകാല വിളവിനുള്ള കൃഷിയുടെ 40% നശിപ്പിച്ചു. ബാക്കി ധാന്യത്തിന് നിറം കേറി; വില താഴ്ന്നു. അയാള്‍ സന്തോഷവാനല്ല. പക്ഷേ കടുത്ത നിരാശയിലുമല്ല. കാരണം ദല്‍ഹി സര്‍ക്കാര്‍ അയാള്‍ക്ക് ഒരേക്കറിന് 13,999 രൂപ വെച്ചു നഷ്ടപരിഹാരം നല്കും. 'ലാഭമൊന്നുമില്ലെങ്കിലും ചെലവ് കാശ് തിരിച്ചുകിട്ടും,' അയാള്‍ പറഞ്ഞു.
യാദവ് ഭാഗ്യവാനാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അങ്ങനെയല്ല. ഉപജീവനത്തിന് മറ്റുള്ളവരുടെ കൃഷിഭൂമിയെ ആശ്രയിക്കുന്ന ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ ഈ വേനലെങ്ങനെ കടന്നുകൂടും എന്ന ആശങ്കയിലാണ്. വരും ദിനങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്കാന്‍ ആഹാരമുണ്ടാകുമോ എന്നുപോലും അവര്‍ക്കുറപ്പില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മൂന്നു ലക്ഷം വിധവകളും ഇക്കൂട്ടത്തില്‍പ്പെടും.
കത്തുന്ന ചൂടില്‍ എട്ട് മണിക്കൂര്‍ പണിയെടുത്താലും നിയമപ്രകാരമുള്ള കുറഞ്ഞ കൂലി കിട്ടുന്ന കാര്യം സംശയമാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിലുള്ള കൂലി പല സംസ്ഥാനങ്ങളിലും കുടിശികയാണ്. നഗരങ്ങളിലേക്ക് ചേക്കേറി ഇഷ്ടികയും സിമന്റ് കൊട്ടയും തലയില്‍ ചുമക്കുകയാണ് അവര്‍ക്കിനിയുള്ള മറ്റൊരു വഴി.
മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ചു വിപുലമായി വാര്‍ത്തകളെഴുതിയ ടെലഗ്രാഫ് പത്രത്തിലെ ജയ്ദീപ് ഹാര്‍ദികര്‍ യാവത്മാല്‍ ജില്ലയിലെ ഹിവ്ര ഗ്രാമത്തിലെ രാം റാവു എന്ന കര്‍ഷകനെ കുറിച്ചു പറയുന്നു. ഫെബ്രുവരിയില്‍ രണ്ടു കുപ്പി കീടനാശിനി കുടിച്ചു ആത്മഹത്യ ചെയ്യാന്‍ റാവു ശ്രമിച്ചു. കീടനാശിനി മായം കലര്‍ത്തിയതായിരുന്നോ എന്നറിയില്ല. എന്തായാലും അയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റാവു ഇപ്പോള്‍ വിലപിക്കുന്നു, 'മരണം ഏറെ വിലക്കുറവാണ്; ജീവിതം ഏറെ ചെലവേറിയതായിരിക്കുന്നു.'
കര്‍ഷകര്‍ മാത്രമല്ല വറുതിയിലായിരിക്കുന്നത്. വിദര്‍ഭയിലെ പൊടി നിറഞ്ഞ കുരുതിപ്പാടങ്ങളില്‍ നിന്നും ഏറെ ദൂരത്തുള്ള മുംബൈയിലെ ശീതീകരിച്ച മുറികളിലിരിക്കുന്ന, ഉപഭോഗ വസ്തുക്കള്‍ വില്‍ക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്യോഗസ്ഥരും അസ്വസ്ഥരാണ്. അവരുടെ വില്‍പ്പന ലക്ഷ്യത്തിലെത്തുന്നില്ല.
ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് ചുമരെഴുത്ത് വ്യക്തമാണ്. എസ്‌കോര്‍ട്‌സ് വില്‍പ്പന മാര്‍ച്ചില്‍ 31% കുറഞ്ഞു. മഹീന്ദ്ര & മഹീന്ദ്രയുടെ ട്രാക്ടര്‍ വില്‍പ്പന ഏപ്രിലില്‍ 13% കുറഞ്ഞു. ട്രാക്ടറും ടൂത്ത്‌പേസ്റ്റും മാത്രമല്ല ഗ്രാമീണ ഇന്ത്യയിലെ വൈദ്യുതി ഉപഭോഗം പോലും വളര്‍ച്ചയില്ലാതെ കെട്ടിനില്‍ക്കുകയാണ്. വരള്‍ച്ച സാധ്യതയുള്ള പ്രദേശങ്ങളില്‍ അത് താഴേക്കും പോകുന്നു.
'മോശം കാലവര്‍ഷം ആയിരിക്കുമെന്ന തോന്നല്‍ കൊണ്ട് ഗ്രാമീണര്‍ ട്രാക്ടറും മോട്ടോര്‍ സൈക്കിളും വാങ്ങുന്നില്ല എന്നല്ല,' ഭാരത് കര്‍ഷക് സമാജ് അദ്ധ്യക്ഷന്‍ അജയ് ജാക്കാര്‍ പറഞ്ഞു. 'വര്‍ഷങ്ങളായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്ത സാഹചര്യത്തിന്റെ അനന്തരഫലമാണ് ഈ സാഹചര്യം.'
കഴിഞ്ഞ 12-18 മാസങ്ങള്‍ക്കുള്ളില്‍ വിവിധ കാര്‍ഷികോത്പന്നങ്ങളുടെ വിലകളില്‍ 25% മുതല്‍ 75% വരെ വിലയിടിവ് സംഭവിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരുത്തി, കരിമ്പ്, നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, റബ്ബര്‍ എന്നിവ ഇവയില്‍ ചിലതാണ്.
ജൂണ്‍ 17-നു സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില ഗ്രാമീണ ദുരിതം കണക്കിലെടുത്താല്‍ ഇനിയും ഉയരേണ്ടതായിരുന്നു എന്നും ജാക്കര്‍ പറഞ്ഞു. രാജ്യത്തെ അഞ്ചിലൊന്ന് കര്‍ഷകരെ മാത്രമേ കുറഞ്ഞ താങ്ങ് വില സഹായിക്കൂ. കാരണം വില്‍ക്കാന്‍ മാത്രം അധിക വിള അവരുടെ പക്കലെ ഉള്ളൂ. കൂടാതെ രണ്ടു ഡസന്‍ വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചപ്പോള്‍ കഷ്ടി ആറെണ്ണം മാത്രമാണു അവര്‍ വാങ്ങുന്നത്. 'കഴിഞ്ഞ വര്‍ഷം ചോളത്തിന്റെ വില താങ്ങുവിലയേക്കാള്‍ കുറവായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ചോളം വാങ്ങിയില്ല.'
ദീര്‍ഘകാല ശരാശരിയുടെ 88 ശതമാനമായിരിക്കും കാലവര്‍ഷം എന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വരും ആഴ്ചകളില്‍ ഈ കണക്ക് മാറിയേക്കാം. പല പ്രദേശങ്ങളിലും മഴ കൂടുന്നുണ്ട്. എല്ലാം ആശ്രയിച്ചിരിക്കുന്നത് രാജ്യത്തിന്റെ വിവിധ കാര്‍ഷിക-കാലാവസ്ഥാ മേഖലകളിലെ മഴയേയും സമയത്തേയും അനുസരിച്ചാണ്. അത് എപ്പോഴും വാസ്തവത്തിലുള്ള ചിത്രം തരികയുമില്ല. അസമിലെ വെള്ളപ്പൊക്കവും ബീഹാറിലെ വരള്‍ച്ചയും ഒരേ സമയം ഉണ്ടാകാം.
മോശം കാലാവസ്ഥ മൂലം ഭക്ഷ്യോത്പാദനം കുറയുമ്പോള്‍, ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോള്‍ വിളകളുടെ വില കൂടുന്നതിന് പകരം കുറയുന്നതെന്തുകൊണ്ടാണ്? ഈ കുഴപ്പം പിടിച്ച ചോദ്യത്തിനുള്ള ഉത്തരം ആഭ്യന്തര വിലകളുടെ താഴേക്കുള്ള പതനത്തില്‍ സമ്മര്‍ദം ചെലുത്തുന്ന ചരക്കുകളുടെ അന്താരാഷ്ട്ര വിലകളിലെ കുറവില്‍ കാണാം. വില കൂട്ടിയാല്‍ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി നടക്കുകയും തങ്ങള്‍ വിപണിയില്‍ നിന്നു പുറത്താവുകയും ചെയ്യുമെന്നു കര്‍ഷകര്‍ മാത്രമല്ല കച്ചവടക്കാര്‍ പോലും ഭയക്കുന്നു.
ഇന്നത്തെ അത്യധികം പരസ്പര ബന്ധിതമായ ഊഹക്കച്ചവടം പൊടിപൊടിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ ആഗോള വിപണിയില്‍ എങ്ങനെ ഇറങ്ങണം എന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇപ്പോഴും നിശ്ചയമില്ല. കൃഷി ഭവനിലെയും ഉദ്യോഗ് ഭവനിലെയും സാറന്മാര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എപ്പോള്‍ പ്രഖ്യാപിച്ചാലും ആ ഉത്പന്നത്തിന്റെ ആഗോള വില കുതിച്ചുയരും.
ഈ പരിചിത കഥ ആവര്‍ത്തിക്കുകയാണ്. പലതരം പരിപ്പുകളുടെ വില കഴിഞ്ഞ വര്‍ഷം 50-64% വരെ ഉയര്‍ന്നു. ജൂലായ് 2013-നും ജൂണ്‍ 2014-നും ഇടയ്ക്ക് ഉത്പാദനം 19.25 ദശലക്ഷം ടണ്ണില്‍ നിന്നും 17.38 ദശലക്ഷം ടണ്ണായി കുറഞ്ഞതുകൊണ്ടാണിത്. വിലക്കയറ്റം ഉത്പാദനത്തിലെ കുറവുമായി പൊരുത്തപ്പെടുന്നില്ല.
ജൂണ്‍ 10-നു ആവശ്യമുള്ളത്ര പയര്‍ ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭ അനുമതി നല്കി. തൊട്ട് മുമ്പും പിമ്പുമായി ആഗോളവില 30-40% ഉയര്‍ന്നു.
ഇത് ഇന്ത്യന്‍ കര്‍ഷകരുടെ ഒരു നിരന്തര പരാതിയാണ്. അവര്‍ കൂടുതല്‍ ഉത്പാദിക്കുമ്പോള്‍ വില കുറയുന്നു. എന്നാല്‍ ഉത്പാദനം കുറയുമ്പോഴോ, ഇറക്കുമതി ഉദാരമാക്കി സര്‍ക്കാര്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. കര്‍ഷകന് എപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെ.
അവസാനമായി സര്‍ക്കാര്‍ വരള്‍ച്ച പ്രഖ്യാപിച്ചത് 2009-10ലാണ്. അക്കൊല്ലവും മൊത്തം കാര്‍ഷികോത്പാദനം ഒരു ശതമാനം ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം എന്തായാലും തുടര്‍ച്ചയായ രണ്ടു കാലവര്‍ഷങ്ങള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ഉത്പാദനത്തില്‍ കുറവുണ്ടാകും എന്നാണ് കരുതുന്നത്.
'കര്‍ഷകര്‍ അല്ലെങ്കിലെ വലിയ വിഷമത്തിലാണ്. ജലസേചനത്തിനും വളം പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കാനുമുള്ള പണവും അവരുടെ കയ്യില്‍ ഇപ്പോഴില്ല,' കാര്‍ഷിക ചെലവ്, വില കമ്മീഷന്‍ അദ്ധ്യക്ഷന്‍ അശോക് ഗുലാത്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കാര്‍ഷിക വളര്‍ച്ച പതുക്കെയാകുന്നതും സ്തംഭിക്കുന്നതും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും തൊഴിലവസരങ്ങള്‍ കൂട്ടാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഗുലാത്തി പറയുന്നു. വ്യവസായവും സേവനങ്ങളും വളര്‍ച്ച കാണിച്ചാലും ഇതായിരിക്കും അവസ്ഥ. കാര്‍ഷിക മേഖലയിലെ ഓരോ പോയന്റ് വളര്‍ച്ചക്കും കാര്‍ഷികേതര മേഖലയിലെ വളര്‍ച്ചയെക്കാള്‍ ദാരിദ്ര്യം കുറക്കുന്നതിന് രണ്ടോ മൂന്നോ ഇരട്ടി ഗുണം ചെയ്യാനാകും. വൈകി വിതക്കാവുന്ന ഉയര്‍ന്ന ഫലം തരുന്ന വിത്തുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കിലെ വായ്പകളും കാര്‍ഷികാവശ്യത്തിനുള്ള വെള്ളമെടുക്കാനുള്ള പമ്പുകള്‍ക്കുള്ള ഡീസലിന് വിലയിളവ് നല്‍കലുമാണ് മറ്റ് ചില മാര്‍ഗങ്ങള്‍.
പയര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്ത അന്നുതന്നെയാണ് പഞ്ചസാര കര്‍ഷകര്‍ക്ക് 6,000 കോടി രൂപയുടെ കുറഞ്ഞ പലിശ നിരക്കിലെ വായ്പ പ്രഖ്യാപിച്ചത്. തിരിച്ചടവ് ഒരു വര്‍ഷം കഴിഞ്ഞുമതി. പലിശ ഇളവിനുള്ള 600 കോടി വരെയുള്ള ബാധ്യത സര്‍ക്കാര്‍ സഹിക്കും.
ബാങ്കുകള്‍ പഞ്ചസാര മില്ലുകളില്‍ നിന്നും വായ്പാ തിരിച്ചടവുള്ള കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും. അങ്ങനെ കരിമ്പ് വാങ്ങുമ്പോള്‍ പണം മില്ലിന്റെ പേരില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തും. ബാക്കി എന്തെങ്കിലുമുണ്ടെങ്കില്‍ അത് മില്ലിന് നല്കും.
ഇത് കരിമ്പ് കര്‍ഷകരെ സഹായിക്കുമെന്ന് എല്ലാവര്‍ക്കും ബോധ്യമാകുന്നില്ല. കര്‍ഷകരല്ല, മില്‍ മുതലാളിമാരാണ് ഇത്തരം പദ്ധതി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴും നേട്ടം കൊയ്തതെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന പ്രസിഡണ്ട് വി എം സിംഗ് ആരോപിക്കുന്നു.
ഉത്തര്‍ പ്രദേശിലെ പഞ്ചസാര മില്‍ മുതലാളിമാര്‍ കനത്ത പ്രതിസന്ധിയിലാണെന്ന് അവര്‍ പറയുമെങ്കിലും സംസ്ഥാനത്തെ മില്ലുകളുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ 35-ല്‍ നിന്നും 95 ആയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയും ഭൂമിയും എക്കാലത്തും കടുത്ത വൈകാരിക വിഷയങ്ങളാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കുള്ള മോദി സര്‍ക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിതെളിച്ചതില്‍ അതുകൊണ്ടുതന്നെ അത്ഭുതമില്ല. ആഗോള ജനസംഖ്യയുടെ 17 ശതമാനത്തോളം പേരുള്ള ഈ രാജ്യത്തിന് ലോകത്തെ ഭൂവിസ്തൃതിയുടെ വെറും 2.5% മാത്രമാണു സ്വന്തമായുള്ളത്. ഇന്ത്യയില്‍ ഏതാണ്ട് പകുതിയോളം പേര്‍ ഉപജീവനത്തിന് കൃഷിയെയാണ് ആശ്രയിക്കുന്നത്. ഒരു കൃഷിയിടത്തിന്റെ ശരാശരി വിസ്തൃതി 1.3 ഹെക്ടറാണ്. പകുതിയോളം കൃഷിയിടങ്ങള്‍ക്കും ജലസേചന സൗകര്യമില്ല. കര്‍ഷകര്‍ മുതല്‍ ധനമന്ത്രി വരെയുള്ളവര്‍ മഴയുടെ ദൈവം ഇന്ദ്രനോടുള്ള പ്രാര്‍ത്ഥനയിലാണ്.
ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന വടക്കേ ഇന്ത്യയില്‍ താഴ്ന്ന പോലെ ലോകത്തൊരിടത്തും ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നിട്ടില്ലെന്നാണ് നാസ (NASA) ഉപഗ്രഹ ചിത്രങള്‍ തെളിയിക്കുന്നത്. വലിയ തോതിലുള്ള ജലസേചനം ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി 2002-നും 2008-നും ഇടക്ക് 108 ക്യുബിക് കിലോമീറ്റര്‍ ഭൂഗര്‍ഭജല ശോഷണത്തിന് ഇടവരുത്തി. സ്ഥിതി അതിനുശേഷം കൂടുതല്‍ വഷളായി.
ജൂലായ് 12-നു ഗ്രിഡ് തകരാറ് മൂലം രാജ്യത്തെ പകുതിയോളം ജനതയ്ക്കും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയപ്പോള്‍ ഇത് ജലവൈദ്യുതി പദ്ധതികളില്‍ നിന്നുള്ള കുറഞ്ഞ വിതരണം മൂലമാണെന്ന് പലരും പറഞ്ഞു. വരള്‍ച്ചയും ഡീസല്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് കര്‍ഷകര്‍ കൂടുതല്‍ വെള്ളം വലിച്ചെടുത്തതുമെല്ലാം ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കാര്‍ഷിക രംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ ഘടനാപരമാണ്. ഹ്രസ്വകാല പരിഹാരങ്ങള്‍ ഫലം ചെയ്യില്ല. ജി ഡി പി യില്‍ കൃഷിയുടെ പങ്ക് ഇപ്പോള്‍ 16-17% ആണ്. ഇത് ക്രമമായി കുറഞ്ഞുവരികയുമാണ്. എന്നാല്‍ ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്നവരുടെ അളവ് ഇതേ തോതില്‍ കുറഞ്ഞിട്ടില്ല.
Farmer's Forum (ജൂണ്‍-ജൂലായ് 2014) അഭിമുഖത്തില്‍ ഴാന്‍ ദ്രെസ് ഈ ലേഖകനോടു പറഞ്ഞ പോലെ, 'മൊത്തം തൊഴിലുകളില്‍ സേവനങ്ങള്‍ക്കുള്ള വലിയ പങ്കും നിര്‍മാണ മേഖലയുടെ കുറഞ്ഞ പങ്കാളിത്തവുമാണ് ഇന്ത്യയിലെ ഒരു പ്രത്യേകത. നിര്‍മാണ മേഖലയില്‍ പ്രത്യേകിച്ച് തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങളില്‍ വേഗത്തിലുള്ള വളര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ കൃഷിയിലെ തൊഴില്‍ പങ്കാളിത്തം കുറവായേനെ എന്നതില്‍ സംശയമില്ല. പക്ഷേ ഇന്ത്യ ഒരു മധ്യവരുമാന രാജ്യമാണ് എന്ന മായയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കെ ഇന്ന് മൊത്തം തൊഴിലുകളില്‍ കാര്‍ഷികരംഗത്തിന്റെ പങ്ക് അസാധാരണമാം വിധം ഉയര്‍ന്നതാണെന്ന തോന്നലുണ്ടാകൂ. ആ മായികത വ്യാപകമാണ്, പക്ഷേ, അടുത്ത കാലത്തെ വളര്‍ച്ചയുടെ കണക്കുകള്‍ ഉണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും ഒരു ദരിദ്ര രാജ്യമാണ് എന്നതാണു വാസ്തവം.'
ജനസംഖ്യ കൂടിയിട്ടും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന കുറവാണ് ഉണ്ടായത്; 2005-നും 2010-നും ഇടക്ക് 23 ദശലക്ഷത്തിന്റെയും 2010-12ല്‍ വീണ്ടും 13 ദശലക്ഷത്തിന്റെയും കുറവാണ് ഉണ്ടായത്. എന്തുകൊണ്ടാണ് ആളുകള്‍ കൃഷി ഉപേക്ഷിക്കുന്നത്? ഒന്നാമത്തെ കാരണം കൃഷി എക്കാലത്തും ഏറ്റവും നഷ്ട സാധ്യതയുള്ള ഒരു തൊഴിലാണ് എന്നതുതന്നെ. രണ്ടാമതായി, കാര്‍ഷിക തൊഴിലുകള്‍ ഉപേക്ഷിച്ചു നഗരങ്ങളിലേക്കും ചെറു പട്ടണങ്ങളിലേക്കും കുടിയേറുന്ന ആളുകള്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കുന്നു. അവര്‍ക്ക് കിട്ടുന്ന പണികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലെ അല്‍പ്പകാലത്തേക്കുള്ളതും അപായകരവും ആണെങ്കില്‍ക്കൂടി.
'തുടര്‍ച്ചയായ സര്‍ക്കാര്‍ നയങ്ങള്‍ കൃഷിയെ ഒട്ടും ആശ്രയിക്കാന്‍ കഴിയാത്ത ഒന്നാക്കി മാറ്റി,' ജെ എന്‍ യുവിലെ സാമ്പത്തിക വിഭാഗം അദ്ധ്യാപകന്‍ ബിശ്വജിത്ത് ധര്‍ പറയുന്നു. 'കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞാല്‍ ഇന്ത്യ ഒരു വികസിത രാജ്യമാകും എന്നു കരുതുന്ന കുറേപ്പേര്‍ സര്‍ക്കാരിലുണ്ട്. തലവേദനയ്ക്ക് തല വെട്ടിമാറ്റുന്ന പോലെയാണിത്.'
'നാം നമ്മുടെ മനോഭാവം മാറ്റണം. വാങ്ങല്‍ ശേഷി കുറഞ്ഞ വലിയൊരു വിഭാഗം ആളുകള്‍ രാജ്യത്തുള്ളതുകൊണ്ടാണ് നമുക്ക് ഭക്ഷ്യധാന്യം മിച്ചമുണ്ടാകുന്നത്. നാം ഒരു വികസിത രാജ്യമായിരുന്നെങ്കില്‍ നമുക്ക് ഭക്ഷ്യ ദൗര്‍ലഭ്യം അനുഭവപ്പെടുകയും ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുമായിരുന്നു.'
ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. അങ്ങനെയാണ് രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി പറഞ്ഞത്. 1960-കളില്‍ അന്നത്തെ പ്രധാനമന്ത്രി സൈനികനെയും കര്‍ഷകനെയും ആദരിക്കുന്ന ആ മുദ്രാവാക്യം ഉയര്‍ത്തി; ജയ് ജവാന്‍ ജയ് കിസാന്‍.
പക്ഷേ കാലങ്ങളായി മാറിവന്ന രാഷ്ട്രീയ നേതൃത്വം വറുതിയുടെയും ദുരിതത്തിന്റെയും ഭീതിയൊഴിയാത്ത കര്‍ഷകരോട് വെറും പഞ്ചാരവര്‍ത്തമാനം പറഞ്ഞതല്ലാതെ മറ്റൊന്നും ചെയ്തില്ല. കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവങ്ങള്‍ ആകുമ്പോഴും കുരുതിപ്പാടങ്ങളില്‍ വീണ വായിക്കുകയാണ് ഉപരിവര്‍ഗത്തിന്റെ ഏമാന്‍മാര്‍.
കാര്‍ഷികോത്പാദന വളര്‍ച്ച നിരക്ക് (വന, മത്സ്യ മേഖലകള്‍ അടക്കം)
പട്ടിക:1
2005-06: 5.5%
2006-07: 4.1%
2007-08: 6.3%
2008-09: (-) 0.3%
2009-10: (-) 0.4%
2010-11: 9.5%
2011-12: 5.3%
2012-13: 1.2%
2013-14: 3.7%
2014-15: 1.1% (മുന്‍കൂട്ടിയുള്ള കണക്ക്)
പട്ടിക 2
ജനസംഖ്യയില്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ ശതമാനം (സെന്‍സസ് കണക്കുകള്‍)
1951: 82.7%
1961: 82.0%
1971: 80.1%
1981: 76.9%
1991: 74.5%
2001: 72.2%
2011: 68.9%
സ്രോതസ്സ്: ഇന്ത്യ ഗവണ്‍മെന്‍റ്